വിപ്രോ ക്യാംപസില്‍ വിളയുന്നത് സോഫ്റ്റ്‌ വെയറും ‘സോഫ്റ്റ് പയറും’

കാക്കനാട് വിപ്രോ ക്യാംപസ് പത്തു വർഷങ്ങൾക്കു മുൻപ്

കൊച്ചി കാക്കനാട് ഇൻഫോപാർക്ക് വിപ്രോ ക്യാംപസിലെ ടെക്കികൾ വാരാന്ത്യങ്ങളിൽ വീടുകളിലെത്തുക കൈ നിറയെ വിഭവങ്ങളുമായാണ്. കാബേജും കോളിഫ്ലവറും സപ്പോട്ടയും മാങ്ങയും നെല്ലിക്കയുമെല്ലാം ബാഗിലാക്കി എത്തുമ്പോൾ വീട്ടിലുള്ളവർക്കും സന്തോഷം. കംപ്യൂട്ടർ സോഫ്റ്റ‌്‌വെയർ മാത്രം വിളയുന്ന ക്യാംപസല്ല വിപ്രോയുടേത്. കംപ്യൂട്ടർ ഭാഷകൾക്കൊപ്പം കൃഷിയുടെ നൻമയും ഹരിത കാഴ്ചയും സുലഭം.കോൺക്രീറ്റ് സമുച്ചയങ്ങൾക്കിടയിലെ ചെറുകാടെന്നു വിളിക്കാം വിപ്രോ ക്യാംപസിനെ. 25 ഏക്കർ ക്യാംപസിൽ 10 ഏക്കറോളം ഫലവൃക്ഷങ്ങളും തണൽമരങ്ങളും പച്ചക്കറികളും നിറഞ്ഞു നിൽക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ഇൻഫോപാർക്കിന്റെ ശ്വാസകോശം ഇതാണെന്നു പറയാം.

ഇവിടെ വിളയുന്ന ഓർഗാനിക് ഫലങ്ങൾ ജീവനക്കാർക്കു വീതംവച്ചു നൽകുന്നുവെന്നതു മറ്റൊരു ആകർഷണം. ഓരോ തവണയും വിളവെടുപ്പിനു ലഭിക്കുന്നവ, അതു പച്ചക്കറിയോ പഴങ്ങളോ എന്തുമാകട്ടെ ഇവർക്കു വീടുകളിലേക്കു കൊണ്ടുപോകാം. പാടം നികത്തി ഇൻഫോപാർക്ക് നിർമിച്ചപ്പോൾ പച്ചപ്പ് കാണാക്കാഴ്ചയായിരുന്നു. 2005 ൽ തപസ്യ ബിൽഡിങ്ങിലാണു വിപ്രോ ആരംഭിക്കുന്നത്. 2007ൽ സ്വന്തം ക്യാംപസിലേക്കു മാറുമ്പോൾ തരിശു ഭൂമിയിൽ ഏതാനും കെട്ടിടങ്ങൾ മാത്രം. ഇന്ന് ഈ ക്യാംപസിലുള്ളത് 1500 ലേറെ മരങ്ങൾ. ഇതിൽ 275 ഫലവൃക്ഷങ്ങൾ. തേൻവരിക്ക പ്ലാവു മുതൽ നിറഞ്ഞു കിടക്കുന്ന െനല്ലി വരെയുണ്ട് ഇക്കൂട്ടത്തിൽ. 11 ഇനങ്ങളിലുള്ള ഫലവൃക്ഷങ്ങൾ. മാവ് തന്നെ അഞ്ച് ഇനം.

സപ്പോട്ട, മാതളം, അത്തി, പേര, ചാമ്പ, പപ്പായ എന്നിവയുമുണ്ട് ഇക്കൂട്ടത്തിൽ. ആഴ്ചയിൽ ഇരുന്നൂറു കിലോയോളം സപ്പോട്ടയാണു ലഭിക്കുന്നത്. കൂടാതെ പച്ചക്കറികളും. സീസൺ അനുസരിച്ചാണു കൃഷി. കഴിഞ്ഞ മാസം വരെ കോളിഫ്ലവർ, കാബേജ് തുടങ്ങിയവ സമൃദ്ധമായി ലഭിച്ചിരുന്നു. പയർ, പാവൽ, പടവലം, വഴുതന, ചീര, വെണ്ട, പപ്പായ, മുളക്, കപ്പ, തേങ്ങ, പുതിന, മല്ലി, പാലക്ക് എന്നിവയെല്ലാമുണ്ട്. ക്യാംപസിലെ കന്റീനിൽ ഉച്ചഭക്ഷണത്തിനൊപ്പം സീസണിൽ നല്ല രസികൻ തേൻവരിക്കയും മാമ്പഴവുമെല്ലാം ലഭിക്കുന്നതിന്റെ ബോണസ് വിപ്രോയിലെ ജീവനക്കാർക്കു മാത്രം.

പൂർണമായി ജൈവകൃഷി നടത്തുന്നുവെന്നതാണു മറ്റൊരു പ്രത്യേകത. ചെടികളിൽനിന്നു വെട്ടിമാറ്റുന്ന ശാഖകളും പുല്ലിന്റെ അവശിഷ്ടവും ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ വഴി സംസ്കരിച്ചു ലഭിക്കുന്ന വളമാണു കൃഷിക്ക് ഉപയോഗിക്കുന്നത്. സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള വെള്ളം ചെടികളും മറ്റും നനയ്ക്കാൻ ഉപയോഗിക്കുന്നു. കന്റീനിലെ ഭക്ഷണാവശിഷ്ടങ്ങൾ ബയോഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിലുപയോഗിക്കുന്നു. പ്ലാന്റിലെ അവശിഷ്ടങ്ങളും ചെടിക്കു വളമാകുന്നു. ക്യാംപസിലെ മാലിന്യം ഇവിടെ പൂർണമായി പുനരുപയോഗിക്കുന്നുവെന്നു ചുരുക്കം.

ക്യാംപസിന്റെ ഇപ്പോഴത്തെ കാഴ്ച

എറണാകുളം ജില്ലാ അഗ്രി ഹോൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ കൊച്ചിൻ ഫ്ലവർ ഷോയിൽ സ്വകാര്യ സെക്ടറിലെ സ്ഥാപനങ്ങളിൽ മികച്ച ഗാർഡൻ പുരസ്കാരം വർഷങ്ങളായി ഇവർക്കു സ്വന്തം. പച്ചക്കറിക്കും ഫലവൃക്ഷങ്ങൾക്കും പുറമെ, പൂന്തോട്ടം, ഔഷധ സസ്യത്തോട്ടം എന്നിവയും ക്യാംപസിലുണ്ട്. കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ കാക്കനാട് ഗവ. സ്കൂളിലെ കുട്ടികൾക്കു ക്യാംപസിൽ നിന്നു ലഭിച്ച പച്ചക്കറികളും മറ്റും വിതരണം ചെയ്തിരുന്നുവെന്നു വിപ്രോ കൊച്ചി ക്യാംപസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി സതീഷ് കുമാർ പറയുന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കു ക്യാംപസിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിത നിർമാണത്തിനുള്ള ലീഡ് സർട്ടിഫിക്കറ്റ്, കാർ പൂളിങ്, സൈക്കിളിങ് സൗകര്യങ്ങൾ, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ക്യാംപസിലുണ്ട്. പച്ചപ്പു നിറഞ്ഞ ക്യാംപസ് ജീവനക്കാരുടെ മാനസിക സന്തോഷം വർധിപ്പിക്കുന്നുവെന്നു സെന്റർ ഹെഡ് രഞ്ജി ഏബ്രഹാം പറയുന്നു. ഫൊട്ടോഗ്രഫി ക്ലബ്ബിലെ അംഗങ്ങൾ വിപ്രോ ക്യാംപസിൽ രാവിലെകളിലെത്തി പക്ഷികളുടെയും മറ്റും ചിത്രങ്ങൾ പകർത്താറുണ്ട്. ഒട്ടേറെ പക്ഷികൾക്കും മറ്റും അഭയമാണ് ക്യാംപസിലെ വൃക്ഷങ്ങൾ. ചതുപ്പായി കിടന്ന സ്ഥലത്തു 10 വർഷം കൊണ്ട് നിറയെ പച്ചപ്പു സൃഷ്ടിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും രഞ്ജി വാക്കുകൾ.