വെള്ളത്തിൽ കൃഷിചെയ്യുന്ന അക്വാപോണിക്സ് രീതിക്ക് കൊച്ചിയിൽ അടുത്ത കാലത്ത് സാമാന്യം നല്ല പ്രചാരം ലഭിക്കുകയുണ്ടായി. എന്നാൽ കൊച്ചിയിലെ വെള്ളക്കെട്ടിൽ ജാസ്ന എന്ന ബി.കോം വിദ്യാർഥിനിയുടെ കൃഷി അധികമാരും അറിഞ്ഞിട്ടില്ല.
മോശമല്ലാത്ത തുക ചെലവിട്ടു നടത്തുന്ന ആധുനിക കൃഷിയാണ് അക്വാപോണിക്സെങ്കിൽ നയാപൈസ ചെലവില്ലാതെ നല്ലൊരു വരുമാനം വന്നുചേരുന്ന കൃഷിയാണ് ജാസ്നയുടേത്.
ഉറച്ചൊരു മഴപെയ്താൽ മുങ്ങിപ്പോകുന്ന കൃഷിയിടമാണ് കൊച്ചി നെട്ടൂർ പുത്തൻപുരയ്ക്കൽ ജാഫറിന്റെയും നജ്മിയുടെയും മൂത്തമകൾ ജാസ്നയ്ക്കുള്ളത്. എന്നാൽ വീട് ഉൾപ്പെടുന്ന ഈ പത്തു സെന്റിന്റെ പരിമിതിയിലാണ് ജാസ്ന പച്ചക്കറികളും വാഴയും കപ്പയുമെല്ലാം നട്ടുവളർത്തിയിരിക്കുന്നതും.
"കൊച്ചി, പഴയ കൊച്ചിയല്ല, മഹാനഗരമൊക്കെയായി മാറി എന്നതു ശരിതന്നെ. പക്ഷേ ഇപ്പോഴും മഴവെള്ളവും മലിനജലവുമൊന്നും ഒഴുകിപ്പോകാൻ തക്ക ഡ്രെയ്നേജ് സംവിധാനങ്ങളില്ല. സാധാരണക്കാർ താമസിക്കുന്ന പല പ്രദേശങ്ങളിലും മഴയത്ത് കനത്ത വെള്ളക്കെട്ടുണ്ടാവും. ജീവിതം ദുതിതപൂർണമാവും", ജാസ്ന പറയുന്നു.
ഇത്തരം വെല്ലുവിളികളെ നേരിട്ടാണ് ജാസ്നയും അനുജത്തി ഒമ്പതാംക്ലാസുകാരി ആഷ്നയും വീട്ടുമുറ്റത്ത് വർഷം മുഴുവൻ ജൈവ പച്ചക്കറി വിളയിക്കുകയും മുന്തിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നത്.
അമ്മ നജ്മിയാണ് കൃഷിയിൽ പ്രചോദനം. വെള്ളക്കെട്ടും തണുപ്പും ആഫ്രിക്കൻ ഒച്ചിന്റെ ശല്യവും കീടബാധയുമെല്ലാം പ്രതിബന്ധം തീർക്കുന്നതിനാൽ വാഴ, കപ്പ, പച്ചമുളക്, കോവൽ, ചേമ്പ്, ചേന തുടങ്ങി പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനിൽക്കുന്ന ഇനങ്ങളായിരുന്നു നജ്മിയുടെ കൃഷി. ബാക്കിയുള്ള ഇടങ്ങളിൽ ബൊഗെയ്ൻവില്ല പോലുള്ള പൂച്ചെടികളും ഇലച്ചെടികളും പരിപാലിച്ചു. കോഴിയേയും താറാവിനെയുമൊക്കെ വളർത്തിനോക്കിയെങ്കിലും അവയൊന്നും വെള്ളക്കെട്ടിനെയും തണുപ്പിനെയും അതിജീവിച്ചില്ല.
ചേപ്പനത്തെ ഹിറാ പബ്ലിക് സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ കൃഷിത്തോട്ടമാണ് ജാസ്നയെ കൃഷിയിലേക്കു വഴിതിരിക്കുന്നത്. വീട്ടിലെത്തി പച്ചക്കറികൃഷി തുടങ്ങുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ പ്രതിബന്ധങ്ങളെക്കുറിച്ച് അമ്മ ഓർമിപ്പിച്ചു. എങ്കിൽ പിന്നെ കൃഷി ചാക്കിലാക്കിയാലോ എന്നായി മകൾ.
കയ്യിൽക്കിട്ടിയ പഴയ പ്ലാസ്റ്റിക് ചാക്കുകൾക്കു പുറമേ, കൃഷിഭവനിൽനിന്ന് ഏതാനും ഗ്രോബാഗുകളും വാങ്ങി. ഒപ്പം, പഴയ ടയറുകളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുട്ടകളും പൊട്ടിയ ഡ്രമ്മുകളും അടുത്തുള്ള ആക്രിക്കടയിൽനിന്നു കിട്ടിയ പഴയ വാഹനങ്ങളുടെ ഫൈബർ ഭാഗങ്ങളുമെല്ലാം കൃഷിത്തടങ്ങളാക്കി ജാസ്ന മാറ്റി. ചേച്ചിയുടെ ഉൽസാഹത്തിനൊപ്പം അനുജത്തിയും കൂടിയതോടെ കൃഷി വളർന്നു.
മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും ചേർത്തിളക്കിയതാണ് നടീൽമിശ്രിതം. മരട് നഗരസഭയിൽനിന്ന് അടുക്കളമാലിന്യ സംസ്കരണത്തിന് രണ്ട് പൈപ്പ് കമ്പോസ്റ്റ് നൽകിയിരുന്നു. ആദ്യത്തെ പൈപ്പ് നിറയുമ്പോൾ മൂന്നു മാസത്തേക്ക് അടച്ചുവയ്ക്കും. പിന്നീട് തുറന്നു പുറത്തേക്കിട്ട് വെയിലത്തിട്ട് ഒന്ന് ഉണക്കിയെടുത്താൽ ഒന്നാന്തരം വളമായി. ഒന്നിലെ മാലിന്യം വളമായി മാറുന്ന കാലയളവിൽ രണ്ടാമത്തേതിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്യാം. മാലിന്യനിർമാർജനത്തിന് പരിഹാരം, കൃഷിക്ക് ഒന്നാന്തരം വളം.
ചാക്കിൽ വളർത്തിയിട്ടും കനത്ത മഴയിലും വെള്ളക്കെട്ടിലും നൂറിനടുത്ത് ചുവട് പച്ചമുളകു ചീഞ്ഞുപോയ അനുഭവമുണ്ടെന്ന് ജാസ്ന. എന്നാൽ പഠനത്തിൽ മിടുമിടുക്കിയായ ജാസ്ന അതേ സാമർഥ്യവും ഉൽസാഹവും കൃഷിയിലും പുറത്തെടുത്തതോടെ പ്രതിബന്ധങ്ങൾ പിൻതള്ളപ്പെട്ടു.
കാരറ്റും ബീറ്റ്റൂട്ടും സവാളയും ഉള്ളിയും പോലെയുള്ള ഏതാനും ഇനങ്ങളൊഴികെ അടുക്കളയിലേക്ക് ആവശ്യമുള്ള കോളിഫ്ലവർ, കാബേജ്, തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പയർ, കോവൽ, ചീര തുടങ്ങിയ മിക്ക പച്ചക്കറികളും ഇന്ന് ജാസ്നയുടെ തോട്ടത്തിൽ വിളയുന്നു.
വയലറ്റ് ഉണ്ട വഴുതന, ആനക്കൊമ്പൻ വെണ്ട, സാമാന്യത്തിലധികം വലുപ്പമുള്ള കോവയ്ക്ക എന്നിവയെല്ലാം തങ്ങളുടെ പച്ചക്കറിത്തോട്ടത്തിലെ കൗതുകങ്ങളാണെന്ന് ആഷ്ന. അടുക്കളയാവശ്യത്തിനു കുരുമുളകിനായി ഏതാനും കുറ്റിക്കുരുമുളകുചെടികളുമുണ്ട്.
മരട് കൃഷിഭവന്റെ പിന്തുണ കൃഷിയെ കൂടുതൽ ശാസ്ത്രീയമാക്കി. കൃഷിയിടത്തിൽ ചോളവും ബന്തിച്ചെടികളുമെല്ലാം നട്ടുവളർത്തുന്നത് അങ്ങനെ. കീടങ്ങളുടെ ആക്രമണം അവയുടെ നേർക്കാവും എന്നതു നേട്ടം. എന്നാൽ അതുകൊണ്ടു തൃപ്തിപ്പെടാത്ത കീടങ്ങളുണ്ട്. അവയ്ക്കായി ഫിറമോൺ കെണിയൊരുക്കി. അതിലും വീഴാത്തവയെ തുരത്താൻ വെളുത്തുള്ളി, കാന്താരി മിശ്രിതംപോലുള്ള ജൈവ ആയുധങ്ങൾ പ്രയോഗിച്ചു.
ആഫ്രിക്കൻ ഒച്ചിനെതിരെ ഉപ്പു വിതറി. പുഴുക്കളെ കൈകൊണ്ടുതന്നെ പിടിച്ചു നശിപ്പിച്ചു. തലേ ദിവസത്തെ, കൊഴുപ്പുകൂടിയ കഞ്ഞിവെള്ളം ചെടികളിൽ സ്പ്രേ ചെയ്തതോടെ കീടങ്ങൾ പലതും ഒട്ടിപ്പിടിച്ച് നശിച്ചു. രാവിലെയും വൈകുന്നേരവും ഇതിനെല്ലാമായി കുറച്ചു സമയം മാറ്റിവച്ചു.
പിതാവ് ജാഫറിന് നെട്ടൂരുതന്നെ സ്വന്തമായി പലചരക്ക്-പച്ചക്കറിക്കടയുള്ളതിനാൽ വീട്ടാവശ്യം കഴിഞ്ഞുള്ളവയുടെ വിൽപന എളുപ്പമായി. വീട്ടിൽ വിളയുന്ന ജൈവപച്ചക്കറിയെന്ന് കേട്ടതോടെ വാങ്ങാൻ ആളുകൾ കൂടിവന്നു.
പയറിന് കിലോ 70 രൂപ, കോവയ്ക്ക കിലോ 50 രൂപ എന്നിങ്ങനെ മികച്ച വില ലഭിച്ചതോടെ ചേച്ചിയുടെയും അനുജത്തിയുടെയും സമ്പാദ്യം പച്ചപിടിച്ചു. സ്ഥലത്തെ മുന്തിയ ഹോട്ടലുകാർ മികച്ച രുചിയും ഗുണമേന്മയുമുള്ള ജൈവചീരയെക്കുറിച്ച് കേട്ടറിഞ്ഞെത്തി പതിനഞ്ചു കിലോയോളം വാങ്ങിയെന്ന് ജാസ്ന. നിലവിൽ ചാണകം വാങ്ങാൻ പോലും പണച്ചെലവില്ല. ചാണകം നൽകിയിരുന്ന വീട്ടുകാർക്ക് പ്രതിഫലം പച്ചക്കറിയായി മതി.
വീട്ടിലെ ഷോകെയ്സിൽ ജാസ്നയും ആഷ്നയും നേടിയ ഒരുപിടി പുരസ്കാരങ്ങളിരിപ്പുണ്ട്. നല്ലൊരു പങ്ക് കൃഷിക്കു ലഭിച്ചവതന്നെ. മരട് നഗരസഭയുടേതു മുതൽ സംസ്ഥാന കൃഷിവകുപ്പിന്റേതു വരെ.
പ്ലസ്ടുവിന് പഠിക്കുമ്പോൾ മലയാള മനോരമയുടെ നല്ല പാഠം എഴുത്തുപെട്ടിയിലൂടെ മരട് നഗരസഭാധ്യക്ഷയ്ക്ക് നെട്ടൂർ രാജ്യാന്തര മാർക്കറ്റിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് ജാസ്ന കത്തെഴുതിയിരുന്നു.
മികച്ച മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ മാർക്കറ്റിന്റെ പരിസരപ്രദേശങ്ങളിലെ തങ്ങളുൾപ്പെടെയുള്ള താമസക്കാർക്ക് മൂക്കുപൊത്താതെ ജീവിക്കാൻ കഴിയാത്തതിനെക്കുറിച്ചായിരുന്നു കത്ത്. മാർക്കറ്റിലെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് കൃഷിയും മാലിന്യസംസ്കരണവും നടപ്പാക്കാനായിരുന്നു നിർദേശം. ജാസ്നയുടെ കത്തിലെ നിർദേശങ്ങളെല്ലാം നടപ്പാക്കിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും നടപടിയുണ്ടായി.
നഗരത്തിലെ ഓരോ വീടും സ്ഥാപനവും സ്വന്തം കൃഷിയും മാലിന്യസംസ്കരണവും തമ്മിൽ ബന്ധിപ്പിച്ചാൽ നഗരജീവിതം ആരോഗ്യകരമാവുമെന്നു ജാസ്ന പറയുന്നു. അതിനുള്ള മാതൃകാ കൃഷിത്തോട്ടമാണ് ജാസ്നയും ആഷ്നയും ചേർന്ന് ഒരുക്കുന്നത്.
ഫോൺ: 9497444843