എട്ടാംക്ലാസുകാരിയുടെ കൃഷിക്ക് എ പ്ലസ്

അനുജൻ ശ്രീഹാസിനൊപ്പം ഹർഷ

അമ്മയെ കൃഷിക്കാരിയാക്കിയ ഒരു മകളുണ്ട് വയനാട്ടിൽ. മാനന്തവാടിക്കടുത്ത് വാളാട് ഇരുമനത്തൂർ മഠത്തിൽ വീട്ടിൽ സുരേഷിന്റെയും സുചിത്രയുടെയും മകൾ ഹർഷ. വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനി.

മകൾ പേരെടുത്ത കൃഷിക്കാരിയാവുകയും അവാർഡുകൾ പലതും വീട്ടിലെത്തിക്കുകയും ചെയ്തപ്പോഴാണ് കൃഷിയിൽ ഒരു കൈ നോക്കാൻ അമ്മ സുചിത്രയ്ക്കും തോന്നിയത്. ജൈവകർഷകനായ ഭർത്താവിനൊപ്പം കൃഷിയിൽ ചില്ലറ സഹായങ്ങളൊക്കെ ചെയ്ത് ഒതുങ്ങിക്കഴിയുകയായിരുന്നു ഇതുവരെയും. സുരേഷാവട്ടെ, വീട്ടുകാര്യങ്ങളൊക്കെ നോക്കാനുള്ളതിനാൽ ഭാര്യ തനിക്കൊപ്പം കൃഷിയി‌ടത്തിലിറങ്ങണമെന്നു നിർബന്ധം പിടിച്ചതുമില്ല.

വായിക്കാം ഇ - കർഷകശ്രീ

എന്നാൽ മകൾ സംസ്ഥാന സർക്കാരിന്റെ 2016ലെ മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള കർഷകതിലകം പുരസ്കാരം വീട്ടിലെത്തിച്ചപ്പോൾ 'സ്ക‍ൂൾ കുട്ടികൾപോലും ആവേശത്തോടെ കൃഷിയിലിറങ്ങുന്ന ഇക്കാലത്ത് കൃഷിചെയ്യാതിരിക്കുതെങ്ങനെ'യെന്നു സുചിത്ര വിചാരിച്ചു. അതോടെ അടുക്കളയിൽനിന്നു നേരെ കുടുംബശ്രീയിലേക്ക്. സുചിത്ര ഉൾപ്പെടുന്ന കുടുംബശ്രീ യൂണിറ്റ് ഇന്ന് ഇരുമനത്തൂരിലെ മുൻനിര പച്ചക്കറികൃഷിക്കാരാണ്. അമ്മയെ മാത്രമല്ല, പഠിക്കുന്ന സ്കൂളിലെ കുട്ടികളെയെല്ലാം പച്ചക്കറി മുതൽ നെല്ലുവരെ വിളയിക്കുന്ന കുട്ടിക്കർഷകരാക്കി മാറ്റി ഈ കൊച്ചുമിടുക്കി.

രണ്ടരയേക്കർ കൃഷിയിടമുണ്ട് സുരേഷിന്. കാപ്പിയും തേയിലയും നെല്ലും പച്ചക്കറികളുമാണ് വിളകൾ. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന കാലത്തുതന്നെ അച്ഛനൊപ്പം കൊത്താനും കിളയ്ക്കാനും ഹർഷയും മുന്നിലിറങ്ങി. എന്നാൽ അന്നു തനിക്ക് അതൊരു ബുദ്ധിമുട്ടായിരുന്നെന്ന് സുരേഷ്.

അനുജൻ ശ്രീഹാസിനൊപ്പം ഹർഷ

"നമ്മളൊരു ചിട്ടയ്ക്കൊക്കെയാണ് ഓരോ പണിയും ചെയ്യുക. അതിനിടയിൽ കിളയ്ക്കാനും നടാനുമൊക്കെ പിള്ളേര് തലങ്ങും വിലങ്ങും നടക്ക‍ുമ്പോൾ ദേഷ്യം വരും. അതുകൊണ്ട് അന്നൊക്കെ ഇവള് കൃഷിയിടത്തിലേക്കു വരുമ്പോഴേ വീട്ടിലേക്ക് ഓടിക്കും. എന്നാലും പോകാതെ തട്ടിയും മുട്ടിയും നിൽക്കും. പിന്നീടാണ് കുട്ടിക്കളിക്കപ്പുറം ഇവൾക്ക് കൃഷിയിൽ താൽപര്യമുണ്ടെന്നറിയുന്നത്. ഇന്നിപ്പോൾ ഇവളുടെ ഇളയവൻ നാലാംക്ലാസ്സുകാരൻ ശ്രീഹാസ് കൃഷിപ്പണിക്കായി ഉൽസാഹത്തോടെ മുന്നിട്ടിറങ്ങുമ്പോൾ തടയാറില്ല. കൃഷിക്കിറങ്ങിയാൽ പഠനത്തിൽ ഉഴപ്പുമെന്ന പേടിയുമില്ല"–ഹർഷയെ ചേർത്തു നിർത്തി സുരേഷ് പറയുന്നു.

പോരൂർ സർവോദയം യുപി സ്കൂളിൽ പഠിക്കുമ്പോഴാണ് ഹർഷ നാലാളറിയുന്ന കൃഷിക്കാരിയാവുന്നത്. ഓരോ ക്ലാസ്സിലെയും തിരഞ്ഞെടുത്ത ഏതാനും വിദ്യാർഥികൾക്കു സൗജന്യമായി പച്ചക്കറിവിത്തുകൾ നൽകി അവ വീട്ടിൽ കൃഷിചെയ്യാൻ അധ്യാപകർ നിർദേശിച്ചു. മികച്ച വിളവെടുക്കുന്ന കുട്ടിക്കർഷകർക്ക് സമ്മാനവും പ്രഖ്യാപിച്ചു.

തിരഞ്ഞെടുത്തവരുടെ കൂട്ടത്തിൽ പക്ഷേ ഹർഷയ്ക്ക് ഇടം കിട്ടിയില്ല. അധ്യാപകരോടു സങ്കടം പറഞ്ഞപ്പോൾ മൽസരത്തിനു പരിഗണിക്കില്ലെങ്കിലും ഹർഷയ്ക്കും നൽകി ഒരുപിടി വിത്ത്.

വീട്ടിലെത്തി വിത്തിന് ഇടം ചോദിച്ചപ്പോൾ ഇല്ലെന്ന് അച്ഛൻ. എല്ലായിടത്തും കൃഷിയിറക്കിക്കഴിഞ്ഞു. ഇനിയെവിടെ സ്ഥലം. എങ്കിൽ പിന്നെ പാടത്തിന്റെ വരമ്പത്ത് ചെയ്തോട്ടെ എന്നായി മകൾ. അങ്ങനെയൊരു സാധ്യത താനും ചിന്തിച്ചത് അപ്പോഴെന്നു സുരേഷ്.

ഹർഷ പാടവരമ്പിൽ നട്ടുവളർത്തിയ കോളിഫ്ളവറും കാബേജുമെല്ലാം വിളഞ്ഞത് നൂറുമേനി. ആറാംക്ലാസ്സുകാരിയുടെ കൃഷിയെക്കുറിച്ച് ആളുകൾ പറയുന്നത് കേട്ട് അന്വേഷിച്ചെത്തിയ അധ്യാപകർ മികച്ച കുട്ടിക്കർഷകയ്ക്കുള്ള ആ വർഷത്തെ അവാർഡ് ഹർഷയ്ക്കു നൽകാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അതോടെ പുരയിടത്തിൽ 20 സെന്റ് കൃഷിയിടം സുരേഷ് മകൾക്കു 'പതിച്ചു' കൊടുത്തു. സമ്പൂർണ ജൈവകൃഷിക്കായി ഒരു പശുക്കുട്ടിയെയും വാങ്ങിനൽകി. ഗോമൂത്ര കാന്താരി മിശ്രിതം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്, വെർമിവാഷ്, വെർമി കമ്പോസ്റ്റ് തുടങ്ങി ചെടിവളർച്ചയ്ക്ക് ഉപകാരപ്പെടുന്ന ജൈവ ഉപാധികളെക്കുറിച്ചെല്ലാം ഹർഷ പഠിച്ചു. അവയെല്ലാം തയാറാക്കി കൃഷിയിടത്തിൽ പ്രയോഗിക്കുകയും ചെയ്തു.

പയറും തക്ക‍ാളിയും കോളിഫ്ലവറും മുതൽ കാരറ്റും ബീറ്റ്റൂട്ടും മുള്ളങ്കിയുംവരെ ഒട്ടേറെ പച്ചക്കറിയിനങ്ങൾ നിലത്തും ഗ്ര‍ോബാഗിലുമായി വിളഞ്ഞു. സ്ഥലം പോരാഞ്ഞ് 'അതിരുപൊളിച്ച്' അച്ഛന്റെ കൃഷിയിടം കയ്യേറി അവിടെ റെഡ് ലേഡി പപ്പായയും നട്ടു.

തേനീച്ചകൾ ചെടികളിലെ പരാഗണത്തിനു സഹായിക്കുമെന്നും അതുവഴി വിളവു വർധിപ്പിക്കാമെന്നും കേട്ടപ്പോൾ തേനീച്ച വളർത്തൽ പരിശീലിക്കാനും മുന്നിട്ടിറങ്ങി ഹർഷ. തേനീച്ചകളെ പിണക്കാതെ തേനെടുക്കാനും റാണിയീച്ചയെ കണ്ടുപിടിക്കാനും കോളനി പിരിക്കാനുമെല്ലാം പഠിച്ചതോടെ പച്ചക്കറിത്തോട്ടത്തിൽ നാലു തേൻപെട്ടികളും സ്ഥാപിച്ചു.

'പേടിക്കേണ്ട, ദേ, ഇത്രേയുള്ളൂ കാര്യം'

സുരേഷ് അംഗമായുള്ള പച്ചക്കറി മാർക്കറ്റിലായിരുന്നു വിപണനം. ഹർഷയുടെ കൃഷി കേട്ടറിഞ്ഞ് കൃഷിയിടത്തിലെത്തിയ സന്ദർശകരും ഏറെ. വയനാട് മികച്ച ടൂറിസ്റ്റ് കേന്ദ്രം കൂടിയായതിനാൽ വിനോദസഞ്ചാരികൾ പലരും വിളഞ്ഞുകിടക്കുന്ന പച്ചക്കറി കണ്ട് വാഹനം നിർത്തി. പതിമൂന്നുവയസ്സുകാരിയുടെ കൃഷിയിടമാണെന്നറിഞ്ഞപ്പോൾ ആശ്ചര്യം, അഭിനന്ദനം. ഫാം ഫ്രഷ് ഉൽപന്നങ്ങൾ വാങ്ങാൻ എല്ലാവർക്കും താൽപര്യം. യഥാർഥ വിലയ്ക്കൊപ്പം കുട്ടിക്കർഷകയ്ക്ക് തങ്ങളുടെ വക പ്രോൽസാഹന സമ്മാനംകൂടി നൽകിയതോടെ ഹർഷയുടെ പേഴ്സ് നിറഞ്ഞു. റെഡ് ലേഡി പപ്പായ ഒന്നിന് 200 രൂപവരെ കിട്ടിയ അനുഭവമുണ്ടെന്ന് ഹർഷ.

അച്ഛന്റെയും മകളുടെയും പച്ചക്കറികൃഷിയുടെ 2015ലെ വിറ്റുവരവ് കുറിച്ചുവച്ച കണക്കുപുസ്തകം ഇപ്പോഴും ഹർഷയുടെ കൈവശമുണ്ട്. നാൽപതിനായിരത്തിലേറെ രൂപ വരുന്ന ലാഭക്കണക്കിൽ നല്ലൊരു വിഹിതം തന്റെ കൃഷിയിൽനിന്നുള്ളതാണെന്നു പറയുമ്പോൾ ഹർഷയുടെ മുഖത്ത് ആത്മഹർഷം.

കൃഷിപ്പണികൾക്കെല്ലാം പിന്തുണ നൽകിയിരുന്ന അന്നത്തെ തവിഞ്ഞാൽ കൃഷി ഓഫിസർ അരുൺ കുമാറാണ് കർഷകതിലകം അവാർഡിനും നാമനിർദേശം നൽകിയത്.

കൃഷിവകുപ്പിന്റെ കർഷകതിലകം പുരസ്കാരം ലഭിച്ചതോടെ കുട്ടിക്കർഷക എന്ന മേൽവിലാസം പക്ഷേ ഹർഷ ഉപേക്ഷിച്ചു. മകൾക്കു മാത്രമായി പതിച്ചു നൽകിയ 20 സെന്റ് ഭൂമി സുരേഷ് തിരിച്ചെടുക്കുകയും ചെയ്തു. ഇന്ന്, ഈ എട്ടാംക്ലാസുകാരി കുട്ടിക്കർഷകയല്ല, മുതിർന്ന കർഷകയാണ്. കൃഷിയിടത്തിന്റെ ഒരു പങ്കിനു പകരം, രണ്ടര ഏക്കറിലെ മുഴുവൻ കൃഷിപ്പണികളിലും സുരേഷ് മകളെയും കൂടെക്കൂട്ടി.

കഴിഞ്ഞ വർഷം ഒരു തേൻപെട്ടിയിൽനിന്നു ശരാശരി മൂന്നു കിലോ തേനെടുത്തതിന്റെ ആവേശത്തിൽ ഇക്കൊല്ലം പതിനഞ്ചു പെട്ടികളാണ് ഹർഷ കൃഷിയിടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഗ്രോബാഗ് മുക്കാൽ പങ്കും ഒഴിവാക്കി നിലത്തുതന്നെയാണ് ഇപ്പോഴത്തെ കൃഷിയേറെയും. ഗ്രോബാഗിൽ കാബേജ് ശരാശരി ഒന്നര കിലോ വിളഞ്ഞപ്പോൾ നിലത്തു വളർന്നവയിൽനിന്ന് രണ്ടര കിലോ തൂക്കം ലഭിച്ചെന്ന് ഈ കുഞ്ഞുകർഷക പറയുന്നു. ഓരോ വിളയുടെ കാര്യത്തിലുമുണ്ട് ഇങ്ങനെ ഹർഷയു‌ടേതായ നിരീക്ഷണങ്ങൾ.

ഹർഷയ്ക്കു പിന്നാലെ അമ്മ സുചിത്രയും അനിയൻ ശ്രീഹാസുംകൂടി കൃഷിക്കിറങ്ങിയതോടെ മഠത്തിൽ വീ‌ട് സമ്പൂർണ കർഷകകുടുംബമായി മാറിയിരിക്കുന്നു.

ഫോൺ: 9495857349