മലയാളത്തിൽ 'ചെറുധാന്യങ്ങൾ' എന്നറിയപ്പെടുന്ന മില്ലറ്റു (Millets) കൾ പുല്ലുവർഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷിചെയ്തിരുന്നു. അന്ന് ഇവയ്ക്കു നമ്മുടെ ആഹാരക്രമത്തിൽ പ്രധാന സ്ഥാനവുമുണ്ടായിരുന്നു. എന്നാൽ ബിസ്കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയൽസ്, മൾട്ടി ഗ്രേയ്ൻ ആട്ട എന്നീ രൂപങ്ങളിൽ ഇവ വീണ്ടും വിപണിയിൽ സ്ഥാനം പിടിക്കുകയാണ്.
ചെറുധാന്യങ്ങൾ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ഇവയുടെ ധാന്യങ്ങൾ ചെറുതും ഉരുണ്ടതും പൊടിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഈ ധാന്യങ്ങളുടെ തൊണ്ട് (hull) നിറമുള്ളതായിരിക്കും. ഇവയിൽ കാലിത്തീറ്റയായി പ്രയോജനപ്പെടുത്താവുന്ന ഇനങ്ങളുമേറെ.
ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്കു വരൾച്ചയെ അതിജീവിക്കാനും കഴിയും.
ചെറുധാന്യങ്ങൾ പല തരമുണ്ട്. ഇവയുടെ പ്രാദേശിക നാമങ്ങൾ ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
ബാജ്റ (കമ്പം): പേൾ മില്ലറ്റ് എന്നറിയപ്പെടുന്ന ബാജ്റയാണ് ചെറുധാന്യങ്ങളിലെ താരം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ധാന്യം മുത്തിന്റെ ആകൃതിയിലും ഊത നിറത്തിലും കാണപ്പെടുന്നു. ഇന്ത്യയാണ് ഉൽപാദനത്തിലും കൃഷിവിസ്തൃതിയിലും ലോകത്തിൽ മുൻപന്തിയിൽ. ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിയുന്ന വിളകളുടെ കൂട്ടത്തിൽ മുന്നിലാണിത്. ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നം. മഗ്നീഷ്യം, കോപ്പർ എന്നീ ധാതുക്കളും, ഇ,ബി കോംപ്ലക്സ് വിറ്റമിനുകളും ധാരാളമായുണ്ട്. അപൂരിത കൊഴുപ്പിന്റെ അംശം മറ്റു ധാന്യങ്ങളിലേക്കാൾ അധികമായതിനാൽ ഊർജദായകശേഷി കൂടും. ഈ സവിശേഷത മൂലം സൂക്ഷിപ്പുകാലം കുറവാണ്.
സോർഗം (ചോളം): ഇന്ത്യയിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ചോളം കൃഷിയുള്ളത്. എന്നാൽ കേരളീയർ പരക്കെ ചോളം (maize / corn) എന്നു വിളിക്കുന്ന ധാന്യവും ഇതും വ്യത്യസ്തമാണ്. കൂടിയ അളവിൽ ഇരുമ്പും സിങ്കും ഉള്ളതിനാൽ ഗർഭിണികളിലും കുട്ടികളിലും കാണുന്ന അനീമിയ (വിളർച്ച) ഒഴിവാക്കാൻ ഇതു ഫലപ്രദം. തീറ്റപ്പുല്ലായും പോട്ടബിൾ ആൽക്കഹോൾ, ബീയർ, ജൈവ ഇന്ധനം എന്നിവയുടെ നിർമാണത്തിലും ഇത് ഉപയോഗിക്കുന്നു.
റാഗി: പഞ്ഞപ്പുൽ എന്നും വിളിക്കുന്ന ഫിംഗർ മില്ലറ്റ് (Finger millet) 3-4 മാസംകൊണ്ട് വിളവെടുപ്പിനു പാകമാവുന്നു. പലേടത്തും ഇന്നും റാഗി ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. കൈവിരലുകൾ പോലെയുള്ള പൂങ്കുലകളിൽനിന്നാണ് ഇവയ്ക്കു ഫിംഗർ മില്ലെറ്റ് എന്ന പേരു ലഭിച്ചത്. കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. ദീർഘകാലം കേടുകൂടാതെയിരിക്കും.
തിന (Foxtail millet), ചാമ (Little millet), വരക് (Kodo millet): ഇവ മൂന്നും വളർത്തുപക്ഷികൾക്കും കോഴികൾക്കും തീറ്റയ്ക്കായാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന. ഏതാണ്ട് 7000 വർഷങ്ങൾക്കു മുമ്പേ ചൈനയിൽ തിന കൃഷിചെയ്തിരുന്നു എന്നതിനു രേഖകളുണ്ട്. മറ്റു ധാന്യങ്ങളേക്കാൾ നാരിന്റെ അംശം കൂടുതലുള്ള കോഡോമില്ലറ്റ് അഥവാ വരക്, മധ്യപ്രദേശിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങിപ്പോയി. ഉയർന്ന ആന്റി ഓക്സിഡന്റ് അംശം ഉള്ള ഇവയിലെ അന്നജം ടൈപ്പ്–2 പ്രമേഹമുള്ളവർക്കു ഫലപ്രദമാണ്.
ആരോഗ്യദായകം ചെറുധാന്യങ്ങൾ
അറുപതുകളിൽനിന്നു 2017ലേക്കെത്തുമ്പോൾ ഗോതമ്പിന്റെ ആളോഹരി ഉപഭോഗം ഇരട്ടിയായെങ്കിലും, കൃഷി പകുതിയിൽ താഴെയായി കുറഞ്ഞു. എന്നാൽ പോഷകമൂല്യത്തിന്റെ അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. ഇന്ന് വിപണിയിലേക്ക് നാഗരിക ഉപഭോക്താക്കളെ ആകർഷിക്കുന്ന ഗുണമാണ് 'നാരുകളാൽ സമ്പന്നം' എന്നത്. ഭക്ഷണത്തിലെ നാരുകൾ ശരീരത്തിലെ ദഹനം, വിസർജന വ്യവസ്ഥകളെ സഹായിക്കുകയും രക്തത്തിലെ കൊളസ്ട്രോളിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മിൽ പലരും ഇന്ന് ഇതിനായി ആശ്രയിക്കുന്ന ഓട്സിലുള്ളതിനു സമാനമായ തോതിൽ നാരുകൾ ചെറുധാന്യങ്ങളിലുമുണ്ട്. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസ്സുകളാണ്.
ഗോതമ്പിനോളം തന്നെ മാംസ്യം ചെറുധാന്യങ്ങളിൽ കണ്ടുവരുന്നു. 100 ഗ്രാം അരിയിൽ ഏതാണ്ടു മൂന്നു ഗ്രാം മാംസ്യമുള്ളപ്പോൾ ചെറുധാന്യങ്ങളിൽ ഇത് 7 ഗ്രാം മുതൽ 13 ഗ്രാം വരെയാണ്. ധാതുക്കളുടെ അളവിൽ ഇവ അരിയെക്കാളും ഗോതമ്പിനെക്കാളും ഒരു പടി മുന്നിലാണ്.
ധാതുക്കളിൽ പ്രധാനമായ ഇരുമ്പ് ഏറ്റവുമധികമുള്ള ധാന്യങ്ങളാണ് കവടപ്പുല്ലും ബാജ്റയും. ഗോതമ്പിലുള്ളതിന്റെ അഞ്ചിരട്ടി. കാൽസ്യത്തിന്റെ അളവിൽ റാഗിയെ വെല്ലാൻ മറ്റൊരു ധാന്യമില്ലെന്നതുകൊണ്ടാണ് ഇന്നും നമ്മൾ കുഞ്ഞുങ്ങൾക്കു 'റാഗി കുറുക്ക്' നൽകുന്നത്. 100 ഗ്രാം റാഗി കഴിക്കുമ്പോൾ ഏതാണ്ട് 344 മി.ഗ്രാം കാൽസ്യമാണ് ശരീരത്തിനു ലഭിക്കുന്നത്. ഗോതമ്പ്, അരി എന്നിവയിൽനിന്നു ലഭിക്കുന്നതിന്റെ പത്തിരട്ടിക്കും മേൽ. അതായത്, പ്രായപൂർത്തിയായ ഒരാൾക്കുള്ള കാത്സ്യത്തിന്റെ പ്രതിദിന ആവശ്യകതയുടെ മൂന്നിലൊന്ന്.
'ഗ്ലൂട്ടൻ' എന്ന വസ്തു തീരെയില്ലാത്ത ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്ന രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുഗ്രഹമാണ്. ചെറുധാന്യങ്ങളുടെ 'ഗ്ലൈസ്മിക് ഇൻഡക്സ്' (GI) കുറവായതിനാൽ ചയാപചയം നടക്കുമ്പോൾ ഗ്ലൂക്കോസ് രക്തത്തിൽ കലരുന്ന പ്രക്രിയ സാവധാനത്തിലേ നടക്കുകയുള്ളൂ. അതിനാൽ ടൈപ്–2 പ്രമേഹ രോഗികൾക്ക് ഇതു മികച്ച ഭക്ഷണമാണ്.
വിലാസം: സയൻറിസ്റ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച്, ഹൈദരാബാദ്.
ഫോൺ. 8985156463
ഇ-മെയിൽ: jinu@millet.res.in