കുള്ളന്റെ കാലം

ഇൻഡസ് മംഗള മംഗളൂരുവിൽ കായ്ച്ച് നിൽക്കുന്നത്, തിരുവമ്പാടി ആമക്കാട്ട് ജോയി തന്റെ ഒരു വർഷം പ്രായമായ ഇൻഡസ് മംഗള കമുകിൻ തോട്ടത്തിൽ.

അത്യുൽപാദനശേഷിയുള്ള പുതിയ ഇനം കമുകാണ് ഇൻഡർസെ മംഗള. കുള്ളൻമംഗള എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഇനത്തിന്റെ പ്രത്യേകതകൾ കർഷകരെ ഏറെ ആകർഷിക്കുന്നു. പൊക്കമില്ലായ്മയാണ് ഈ ഇനത്തിന്റെ പൊക്കം. .അടയ്ക്കപറിക്കാനും പരിചരണത്തിനും ഇനി കമുക് കയറ്റക്കാരെ തേടി നടക്കണ്ട. നിലത്തുനിന്ന് അടയ്ക്ക പറിക്കാം. മികച്ചവിളവും നേരത്തേ കായ്ക്കുന്നതും ഈ കുഞ്ഞനെ കൂടുതൽ ആകർഷകമാക്കുന്നു. 

മംഗളൂരു പുത്തൂർപ്രദേശത്താണ് ഇൻഡർസെ മംഗള കൂടുതലായി കൃഷിചെയ്യുന്നത്. ധാരാളം മലയാളികൾ ഇവിടെ സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും കമുക് കൃഷിചെയ്യുന്നുണ്ട്. നിരവധി ആളുകൾ മംഗളൂരുവിലെ തോട്ടങ്ങൾ സന്ദർശിച്ച് ഗുണമേന്മയുള്ള വിത്തടയ്ക്ക ശേഖരിച്ച് തൈ ആക്കി ഇപ്പോൾ കൃഷി ആരംഭിച്ചു.

നേരിട്ട് തൈഇറക്കിയും കൃഷിചെയ്യുന്നവരുണ്ട്. മേയ്–ജൂൺ മാസങ്ങളിലാണ് തൈവയ്ക്കുന്നത്. 25–30 രൂപയാണ് തൈവില. മംഗളൂരുവിൽ വിത്തടയ്ക്ക ഒരെണ്ണത്തിന് എട്ട് രൂപ മുതലാണ് വില.

മൂന്നാംവർഷം കായ്ക്കുന്നു എന്നതാണ് കുള്ളൻമംഗളയുടെ പ്രത്യേകത. നന്നായി പരിപാലിച്ചാൽ 15– 20 കിലോവരെ തൂക്കമുള്ള കുലകൾ ലഭിക്കും. സാധാരണ മംഗള അടയ്ക്കയെക്കാൾ തൂക്കം ഇതിന്റെ  കൊട്ടടയ്ക്കക്ക് ഉണ്ടാകുമെന്നും മംഗളൂരുവിലെ തോട്ടങ്ങൾ സന്ദർശിച്ച കർഷകർ പറയുന്നു.

തിരുവമ്പാടി ആമക്കാട്ട് ജോയി ഒന്നര ഏക്കർ സ്ഥലത്ത് എണ്ണൂറോളും ഇൻഡർസെ മംഗള കൃഷിചെയ്തിട്ടുണ്ട്. ഒരുവർഷം ആയപ്പോൾ തന്നെ നല്ലവളർച്ച കമുകിന് കാണാനുണ്ടെന്ന് ഈ കർഷകൻ പറയുന്നു.

പരമാവധി പതിനഞ്ച് അടിവരെയാണ് ഈ കമുകിന് ഉയരം വയ്ക്കുക. എട്ടടി അകലത്തിൽ തൈ വയ്ക്കാം. പ്രധാനവളം ചാണകമാണ്. വയലിലും കരയിലും കൃഷി നടത്താമെങ്കിലും ജലലഭ്യത ഉണ്ടാകണം. 20 വർഷമാണ് കുള്ളൻ കമുകിന്റെ  ശരാശരി ആയുസ്.

മറ്റു കമുകുകൾക്ക് ബാധിച്ച രോഗങ്ങൾ ഇൻഡർസെ മംഗളക്ക് ബാധിക്കുമോ എന്ന ആശങ്ക കർഷകർക്ക് ഉണ്ടെങ്കിലും ഇത്തരം രോഗങ്ങളൊന്നും മംഗളൂരുവിൽ കുള്ളൻമംഗളയെ ബാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പൊക്കക്കുറവും നേരത്തേയുള്ള ഉയർന്ന ഉൽപാദനവും കുള്ളനെ കർഷകർക്ക് പ്രിയപ്പെട്ടതാക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9447540047, 9645254425.