ഏലം നഴ്സറി ആദായകരം

ഏലം

ഏലം തൈകൾക്കു വേണ്ടിയുള്ള നഴ്സറി രണ്ടു ഘട്ടങ്ങളായിട്ടാണ് സാധാരണ നടത്തിപ്പോരുന്നത്. വിത്തു വിതച്ച് ചെറുതൈകളാകുന്നിടം വരെയുള്ളത് ഒന്നാംഘട്ടവും, തുടർന്ന് തൈകൾ ഇളക്കി നിലത്തോ പോളിത്തീൻ ബാഗുകളിലോ നട്ടുവളർത്തുന്നത് രണ്ടാംഘട്ടവും. തൈകൾ വിൽപനയ്ക്കാകുമ്പോൾ പോളിത്തീൻ ബാഗുകളിൽ നട്ടുവളർത്തുന്നതാണ് അഭികാമ്യം. ഇതിനു പോളിബാഗ് നഴ്സറി എന്നു പറയപ്പെടുന്നു.

ഇത്തരം നഴ്സറികൾ തയാറാക്കാൻ:

∙ 100 ഗേജ് കനമുള്ളതും 20x20 സെ.മീ വലുപ്പമുള്ളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലുപ്പത്തിൽ മൂന്നുനാലു ദ്വ‍ാരങ്ങൾ ഇട്ടിട്ടുള്ളതുമായ കറുത്ത പോളിത്തീൻ ബാഗുകൾ ഉപയോഗിക്കണം. അതിൽ 3:1:1 അനുപാതത്തിൽ വളക്കൂറുള്ള മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ കലർന്നുള്ള മിശ്രിതം നിറയ്ക്കണം.

∙ മൂന്നുനാല് ഇലകളോടെയുള്ള തൈകൾ ഇതിലേക്കു പറിച്ചുനടാം. ഒരു ബാഗിൽ ഒരു തൈ മതിയാകും.

∙ പോളിബാഗ് തൈകൾക്ക് വളർച്ചയിലും ചിമ്പുകളുടെ കാര്യത്തിലും ഐകരൂപ്യം ഉണ്ടായിരിക്കും.

∙ ബാഗിൽ നട്ടാൽ തവാരണയുടെ കാലാവധി അഞ്ചാറു മാസം വരെ കുറയ്ക്കാനുമാകും. രണ്ടാം തവാരണയിൽ സാധാരണ 10–12 മാസം വരെ വളർത്ത‍േണ്ടിവരും.

∙ ഇത്തരം തൈകൾ പ്രധാന സ്ഥലത്തു നടുമ്പോൾ ചെടികൾക്കു നല്ല വളർച്ചയുണ്ടാകുകയും ചെയ്യും.