Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുല്ല് = പാല്

grass

കുറഞ്ഞുവരുന്ന കൃഷിസ്ഥലവും കാലിത്തീറ്റയുടെ വർധിച്ചുവരുന്ന വിലയുമാണു കേരളം ക്ഷീരമേഖലയിൽ നേരിടുന്ന പ്രധാന പ്രശ്നം. ഈ സാഹചര്യത്തിൽ ചെലവു കുറഞ്ഞ കാലിത്തീറ്റയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഫോഡർ അഥവാ തീറ്റവിളകൾ കൃഷി ചെയ്യാം.

സങ്കര നേപ്പിയർ

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ തീറ്റപ്പുല്ലിനമാണു സങ്കര നേപ്പിയർ. കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷിചെയ്യാൻ യോജിച്ച തീറ്റപ്പുല്ലാണിത്. ധാരാളം ചിനപ്പുകളും ഇലകളും ഉണ്ടാകുകയും പെട്ടെന്നു വളരുകയും ചെയ്യുന്നു. ഉറപ്പുള്ള മണ്ണിലും സമൃദ്ധമായി വളരുന്നു. ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടി നിൽക്കാത്തതുമായ സ്ഥലമാണു കൃഷിചെയ്യാൻ അനുയോജ്യം.

സുഗുണ

കേരള കാർഷിക സർവകലാശാലയിൽ പ്രവർത്തിച്ചുവരുന്ന അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതിയിൽനിന്നും പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള സങ്കരനേപ്പിയർ ഇനമാണ് സുഗുണ. ഹെക്ടറൊന്നിന് 283 ടണ്ണോളം വിളവ് ലഭിക്കും. കാര്യമായ രോഗങ്ങളോ കീടങ്ങളോ ഇതിനെ ബാധിക്കുന്നില്ല. നാൽപതിലധികം ചിനപ്പുകളുണ്ടാകുന്നു. നടീൽവസ്തു വെള്ളായണി കാർഷിക കോളജിൽ ലഭ്യമാണ്.

കൃഷിരീതി

കാലവർഷാരംഭത്തിൽ കൃഷി ആരംഭിക്കാം. ചിനപ്പുകളോ തണ്ടോ നടാൻ ഉപയോഗിക്കാം. മൂന്നോ രണ്ടോ മുട്ടുള്ള കഷണങ്ങൾ മുറിച്ചെടുത്ത് ഒരു മുട്ട് മണ്ണിനടിയിലാക്കി നടുക.

തുറസ്സായ സ്ഥലങ്ങളിൽ 60 x 60 സെ.മീ. അകലത്തിൽ തണ്ടുകൾ നടുക. ഇടവിളയായി കൃഷി ചെയ്യുമ്പോൾ മറ്റു വിളകളുടെ സ്ഥലപരിധി കണക്കിലെടുത്ത് അകലം ക്രമീകരിക്കാവുന്നതാണ്.അടിവളമായി ഹെക്ടറൊന്നിന് 25 ടൺ ചാണകം, 50 കിലോഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ മണ്ണിൽ ചേർക്കണം. 200 കി.ഗ്രാം നൈട്രജൻ രണ്ടുമൂന്നു തവണയായി മണ്ണിൽ ചേർത്ത് ഇളക്കണം.

വിളവെടുപ്പ്

നട്ട് 70 ദിവസം കഴിയുമ്പോൾ ഒന്നാമത്തെ വിളവെടുപ്പ് നടത്തണം. തുടർന്ന് 45 ദിവസത്തിലൊരിക്കൽ വിളവെടുക്കാം. ഇങ്ങനെ വർഷത്തിൽ 6 – 8 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. ഹെക്ടറൊന്നിന് ഒരു വർഷം 200 – 250 ടൺ പച്ചപ്പുല്ല് ലഭിക്കും.

തയാറാക്കിയത്: ഡോ. ഉഷ സി. തോമസ്, ഡോ. മെറീൻ ഏബ്രഹാം, തീറ്റപ്പുൽ ഗവേഷണ പദ്ധതി, കാർഷിക കോളജ്, വെള്ളായണി.