ചോദ്യം ഉത്തരം ∙ വിളകൾ
Q. ഞാൻ നട്ട അവക്കാഡോ(പഴവർഗച്ചെടി)യുടെ വളർച്ച മോശം. ഇലകൾ ചെറുതായി ചുരുളുന്നു. നല്ല വെയിലു കിട്ടുന്ന, നീർവാർച്ചയുള്ള സ്ഥലത്താണു നട്ടിരിക്കുന്നത്. രണ്ടു മൂന്നു ദിവസം കൂടുമ്പോൾ നനയ്ക്കുന്നുമുണ്ട്. പരിഹാരം പറഞ്ഞുതരണം.
ശിവപ്രസാദ്, തൃശൂർ
തൃശൂരിൽ ഏതു സ്ഥലത്താണ് താങ്കളുടെ കൃഷി എന്നു ചോദ്യത്തിൽ ഇല്ല. വളർച്ച മോശമാകാൻ ഒരു കാരണം കാലാവസ്ഥതന്നെ. നീർവാർച്ച ആവശ്യമെങ്കിലും കഠിനമായ വെയിൽ ചെടിക്കു ഹാനികരമാണ്. പടർന്നുപന്തലിച്ചു വളരുന്ന മരമാണ് അവക്കാഡോ. ശരിയായ വളർച്ചയ്ക്ക് നല്ല തോതിൽ വളം ആവശ്യമുണ്ട്.
പ്രതിവർഷം ചെടിയൊന്നിന് ജൈവവളം 40–45 കിലോ നൽകണം. നൈട്രജനാണ് കൂടുതൽ ആവശ്യമുള്ളത്. ഇതിന്റെ പോരായ്മ മൂലം ഇലകൾ മുരടിച്ചു മഞ്ഞളിക്കുന്നു. പ്രായം കുറഞ്ഞ ചെടികൾക്ക് എൻപികെ 1:1:1 അനുപാതത്തിലും പ്രായം കൂടിയവയ്ക്കു 2:1:2 അനുപാതത്തിലും വളങ്ങൾ ചേർക്കണം.
വളംചേർക്കലിന്റെ സമയക്രമം
മുളകിന് ഇല കുരുടിപ്പ്
Q. മുളകുചെടിയുടെ ഇലകൾ കുരുടിക്കുന്നു. കായ്കൾ ഉണ്ടാകുന്നില്ല. പൂക്കൾ ഉണ്ടാകുന്നത് കൊഴിഞ്ഞുപോകുന്നു. എന്താണു പരിഹാരം.
ഷജീർ, കിളിമാനൂർ
മുളകുകൃഷിയുടെ പ്രധാന പ്രശ്നമാണ് ഇല കുരുടിപ്പ്. ഇലകൾ ചുരുളുകയും മുരടിക്കുകയും തുടർന്നു ചെടി നശിക്കുകയും ചെയ്യുന്നു. ഇലകൾ പരിശോധിച്ചാൽ കടുകുമണി വലുപ്പമുള്ള ഇലപ്പേൻ, മുഞ്ഞ, മണ്ഡരി എന്നീ പ്രാണികളെ കാണാം. ഇവ നീരൂറ്റി കുടിക്കുന്നതുമൂലമാണ് ചെടികളിൽ കണ്ട മാറ്റങ്ങൾ.
ഇലകളിൽ ശക്തമായി വെള്ളം തളിക്കുന്നതും, തണുത്ത കഞ്ഞിവെള്ളത്തിൽ ഇലകളും ഇളംതണ്ടുകളും മുക്കി നിർത്തുകയോ, തളിക്കുകയോ ചെയ്യുന്നതും ഇവയ്ക്കെതിരെ ഫലപ്രദമാണ്. കഞ്ഞിവെള്ളം ഉണങ്ങിയൊരു പാടപോലെയാകുമ്പോൾ പ്രാണികൾ ആ പാടയിൽ ഉറച്ചു നശിക്കുന്നു.
ജൈവ കീടനാശിനികളായ വേപ്പിൻകുരുസത്ത് അഞ്ചു ശതമാനം വീര്യത്തിലോ കിരിയാത്ത് മിശ്രിതം 10 ശതമാനം വീര്യത്തിലോ തയാറാക്കി തളിക്കുന്നതും നാലു ഗ്രാം സൽഫെക്സ് ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുന്നതും മണ്ഡരികളെ നിയന്ത്രിക്കും.
ഇലപ്പേൻ ആക്രമണമെങ്കിൽ ഇലകളുടെ അരികുകൾ മുകളിലേക്കു വളഞ്ഞു കപ്പുപോലെയാകുന്നു. ഇതിനെതിരെ വേപ്പിൻകുരുസത്ത് അഞ്ചു ശതമാനം അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം തളിക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുന്നതും നന്ന്.
ഏഫിഡു(ഇലച്ചാടി)കൾ മൂലവും ഇലമുരടിപ്പുണ്ടാകാം. തവിട്ടുനിറത്തിലോ കറുത്ത നിറത്തിലോ ഏഫിഡുകൾ കൂട്ടമായി നീരൂറ്റി കുടിക്കുന്നതുകൊണ്ടും ഇല ചുരുളാം. ഇവയെ വിരലുകൾകൊണ്ടു ഞെരടിയോ, പുകയിലക്കഷായം തളിച്ചോ നിയന്ത്രിക്കാവുന്നതാണ്.
ചെടികളുടെ ആരോഗ്യവും വിളവുശേഷിയും കുറയ്ക്കുന്ന വൈറസുകളുടെ വാഹകരുമാണ് ഇലമുരടിപ്പിനു കാരണമായ പ്രാണികൾ. അതിനാൽ നിയന്ത്രണം ഒട്ടും വൈകരുത്. ഉജ്വല, കീർത്തി ഇനങ്ങൾക്കു വൈറസ് പ്രതിരോധശേഷിയുണ്ട്.
പൂന്തോട്ടത്തിനു പറ്റിയ പൂമരങ്ങൾ
Q. ഞങ്ങളുടെ പുതിയ വീടിന്റെ പണി തുടങ്ങി. ഇതിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കാൻ പറ്റിയതും വേഗത്തിൽ വളരുന്നതുമായ പൂമരങ്ങൾ ഏതൊക്കെ.
സി.കെ. ഷാജഹാൻ, മലപ്പുറം
കാലാവസ്ഥയും സ്ഥലലഭ്യതയും കണക്കിലെടുത്തു വേണം പൂമരങ്ങൾ തിരഞ്ഞെടുക്കാൻ. സ്ഥലലഭ്യത അനുസരിച്ചു വലുപ്പം കൂടിയതും കുറഞ്ഞതുമായ മരങ്ങൾ നടുക. തണലിനും ഔഷധാവശ്യങ്ങൾക്കുമൊക്കെ ഉപകരിക്കുന്ന മരങ്ങളും വേണം. കണിക്കൊന്ന, മന്ദാരം, വാക, ചെമ്പകം, പൂമരുത്, അമ്പലപ്പാല, ഗുൽമോഹർ, അശോകം, പനകൾ, മുളകൾ, കാറ്റാടി, അരണമരം, ആര്യവേപ്പ് തുടങ്ങിയവ നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച മരങ്ങളാണ്.
ബയോഗ്യാസ് സ്ലറി ഉപയോഗിക്കുമ്പോള്‍
Q. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി പച്ചമുളക്, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ ചുവട്ടിൽ ഒഴിച്ചപ്പോൾ ഇലകളുടെ വലുപ്പവും പൂക്കളുടെ എണ്ണവും കുറഞ്ഞു. കാരണവും പരിഹാരവുമെന്ത്.
ബയോഗ്യാസ് പ്ലാന്റിൽനിന്നു പുറന്തള്ളുന്നതാണു സ്ലറി. ഇതിൽ ചെടികൾക്കാവശ്യമായ ഒട്ടേറെ സസ്യമൂലകങ്ങൾ അടങ്ങിയിരിക്കുന്നു. കുഴമ്പു പരുവത്തിലുള്ള ഈ വളത്തിനു മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനാകും.
നനയ്ക്കുന്നതിനുള്ള വെള്ളത്തിൽ കലർത്തിയോ വെള്ളമൊഴിച്ചു നേർപ്പിച്ചോ ആണ് സ്ലറി നൽകേണ്ടത്. പൂവാളിയിൽ കൂടി തളിച്ചുകൊടുക്കുന്നതും കൊള്ളാം. സ്ലറി അതേ രൂപത്തിൽ അധിക അളവിൽ നൽകുന്നതു വിപരീത ഫലങ്ങൾ ഉണ്ടാക്കാം. താങ്കളുടെ സ്ലറിപ്രയോഗരീതി തെറ്റിപ്പോയെന്നു തോന്നുന്നു. സ്ലറിയുടെ അളവും ചേർക്കുന്ന തവണകളും ഇടവേളകളുടെ ദൈർഘ്യവും കുറയ്ക്കുക.
ബയോഗ്യാസ് സ്ലറിയിൽ നൈട്രജൻ 1.5 – 2.0 ശതമാനവും ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഒരു ശതമാനം വീതവും അടങ്ങിയിരിക്കുന്നു. ഇതിലുള്ള നാകം, മാംഗനീസ്, ഇരുമ്പ് എന്നിവയും വിളവളർച്ചയെ സഹായിക്കുന്നു.
പരിഹാരം: തൽക്കാലം സ്ലറി ചേർക്കുന്നതിന്റെ തവണയും അളവും കുറയ്ക്കുക. ഇനി ചേർക്കുമ്പോൾ വെള്ളം ചേർത്തു നേർപ്പിച്ചു വേണം തളിക്കാൻ. പൂവിടുന്ന സമയത്തു ചെടികളിൽ വീഴാതെ നോക്കുക.
ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ
വായനക്കാരുടെ ശ്രദ്ധയ്ക്ക്: കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001
ഇ-മെയിൽ: karsha@mm.co.in