Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ദൈവത്തിന്റെ ഭക്ഷണം’’ കട്ടു തിന്നുന്നവർ

mushroom-2 കൂൺ

റോമാക്കാർ ‘‘ദൈവത്തിന്റെ ഭക്ഷണ’’മെന്നും ചൈനക്കാർ ‘‘മൃതസഞ്ജീവനി’’ എന്നും വിളിക്കുന്ന കൂൺ, ഹരിത രഹിത സസ്യങ്ങളുടെ ഫ്രൂട്ടിങ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നിനെ ആഹരിച്ച് ഭക്ഷണമാക്കുന്ന ചില രോഗകാരികളും കീടങ്ങളും ഇവയെ ഉപയോഗശൂന്യമാക്കുന്നു. പലതരം കുമിൾ, ബാക്ടീരിയ, നിമാവിരകൾ, വൈറസ്, മണ്ഡരികൾ തുടങ്ങിയവ അവയിൽപെടും. അത്തരത്തിലുള്ള ഏതാനും രോഗകീടങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളുമാണ് ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട കീടങ്ങള്‍

ഫോറിഡ് ഈച്ചകൾ

ഈ പ്രാണികള്‍ക്ക് നീളം കുറഞ്ഞ കൊമ്പും ചിറകുമാണുള്ളത്. ഇവയുടെ പുഴുക്കൾ കൂണിന്റെ കോശങ്ങൾ തുരന്ന് അകത്തു കയറി തന്തുക്കൾ തിന്നു നശിപ്പിക്കുകയും മൊട്ടുകളിൽ ദ്വാരമുണ്ടാക്കുകയും ചെയ്യുന്നു. ചൂടുള്ള സമയത്താണ് ഇവ കൂടുതൽ വിളനാശം വരുത്തുന്നത്.

സിയാരിഡ് ഈച്ചകള്‍

ഇരുണ്ട നിറവും നീണ്ട ശരീരഘടനയുമുള്ള ഇവയുടെ മുട്ട വിരിഞ്ഞുണ്ടാവുന്ന പുഴുക്കൾ കൂണ്‍ തന്തുക്കൾ തിന്നു നശിപ്പിച്ചും കൂണിന്റെ മുകൾഭാഗത്തു കൂടി തുളച്ചുകയറിയും വിളനഷ്ടം ഉണ്ടാക്കുന്നു. മാത്രമല്ല ഇവ മണ്ഡരി, പലതരം രോഗാണുക്കൾ എന്നിവയുടെ വാഹകരായും പ്രവർത്തിക്കുന്നു.

mushroom-3 കൂൺ

സെസിഡുകൾ

ഇവ ഓറഞ്ചും കറുപ്പും കലർന്ന നിറമുള്ള ചെറിയ ഈച്ചയാണ്. രണ്ടറ്റവും കൂർത്ത ഇവയുടെ പുഴുക്കൾ കൂണിന്റെ തണ്ട്, തന്തുക്കൾ എന്നിവ നശിപ്പിക്കുന്നു.

നിമാവിരകൾ

മാധ്യമം/കമ്പോസ്റ്റ് തയാറാക്കുന്നതിലും ആവരണ മണ്ണിലും മറ്റും കണ്ടുവരുന്ന പാകപ്പിഴകളാണ് നിമാവിരകളുടെ വ്യാപനത്തിനും ആക്രമണത്തിനും കാരണം.

എലി

കൂൺ വളർത്തുന്ന മുറികളില്‍ പലപ്പോഴും എലിശല്യം കണ്ടുവരാറുണ്ട്. ഇവ തന്തുക്കളേയും മൊട്ടുകളേയും കൂണിനെയുമൊക്കെ നശിപ്പിക്കും. കൂൺ വിത്ത് ചേർത്ത് കവറുകളിൽ നിറച്ചുവയ്ക്കുന്ന വൈക്കോലിനെതന്നെയും എലി ആക്രമിക്കാറുണ്ട്. കവറുകൾ കടിച്ചുകീറി വൈക്കോൽ നശിപ്പിച്ചിട്ട് ഇവ വിളവ് ഗണ്യമായി കുറയ്ക്കും.

സ്പ്രിംഗ് ടെയിൽസ്

കൂണിന്റെ തന്തുക്കൾ ഇവ തിന്നു നശിപ്പിക്കും. കൂണിന്റെ അടിവശത്ത് പറ്റിയിരിക്കുകയും ചെയ്യും.

mushroom-1 കൂൺ

ഒച്ച്

ഒച്ചുകൾ സാധാരണയായി കൂണിന്റെ ബെഡുകളുടെ മുകളിൽ പശപോലെയുള്ള ദ്രാവകവും വിസർജ്യവസ്തുക്കളും നിക്ഷേപിച്ച് തന്തുക്കളുടെ വളർച്ചയെ തടയുകയാണ് ചെയ്യുന്നത്.

പാറ്റ (കൂറ)

കൂണിനു മുകളിൽ വന്നിരുന്ന് കൂണിനെ ഭക്ഷിക്കുകയും വിസർജിക്കുകയും ചെയ്യുന്നു. തൻമൂലം വാടി ഉപയോഗശൂന്യമായിത്തീരുന്നു.

ആസിഡ് ഫ്ലൈ

ഇരുണ്ട നിറവും നീണ്ട ശരീരവുമുള്ള വണ്ടു വർഗത്തിൽപെടുന്ന ഇവ കൂണിനെ രക്ഷിക്കുന്നതോടൊപ്പം ആസിഡ് പുറന്തള്ളുന്നു. ഇത് മഞ്ഞളിപ്പോടു കൂടിയ വാട്ടത്തിന് ഹേതുവാകുന്നു.

കീടനിയന്ത്രണം

∙ കൂൺ കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍ കൂടുതലും പച്ചിലകളിലാണ് ഒളിഞ്ഞിരിക്കുന്നത്. അതിനാൽ കൂൺ കൃഷി ചെയ്യുന്ന ഷെഡുകൾക്കരികിലായി പച്ചിലക്കാടുകൾ അനുവദിക്കരുത്.

∙ ജനാലകളും, ദ്വാരങ്ങളും പ്രാണി സംരക്ഷണ വലകളോ ലൈൻ ക്ലോത്തോ ഉപയോഗിച്ച് മറയ്ക്കുക.

∙ രാത്രികാലങ്ങളിൽ ലൈറ്റിടുന്നത് ഒഴിവാക്കുക.

∙ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം (2% വീര്യമുള്ളത്) പ്രാണി സംരക്ഷണ വലകളിലും ക്ലോത്തുകളിലും പ്രയോഗിക്കുന്നത് പ്രാണിശല്യം കുറയ്ക്കും.

∙ കൂണുകൾക്ക് കീട രോഗബാധകളിൽനിന്ന് സംരക്ഷണം നൽകുന്നതിനായി ആദ്യമേ കൂൺ പുര പുകയ്ക്കുന്നത് (ഫ്യൂമിഗേഷൻ) നല്ലതാണ്. ഇതിനായി ഒരു ചിരട്ടയിൽ 4 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് എടുക്കുക. ഇതിലേക്ക് 15 മി.ലി ഫോർമാലിൻ അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് ഒഴിച്ചുചേർത്ത മിശ്രിതം അകത്തുവെച്ച് 24 മണിക്കൂർ കൂൺ പുര അടച്ചിടണം. ഇതിൽ നിന്നും വമിക്കുന്ന പുക വിഷലിപ്തമായതിനാൽ പുക ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബെഡുകൾ എടുത്തുമാറ്റി 2 മാസത്തിലൊരിക്കൽ ഇതാവർത്തിക്കാം.

∙ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം (2% വീര്യമുള്ളത്) കൂൺ തടത്തിൽ കൂണിൽ പതിക്കാത്ത വിധത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ തളിക്കാവുന്നതാണ്.

∙ കുന്തിരിക്കം പുകയ്ക്കുന്നത് കീടബാധ കുറയ്ക്കാൻ സഹായകമാണ്.

∙ കീടബാധയേറ്റ കൂൺ തടങ്ങൾ സിക്ക് റൂമിലേക്ക് മാറ്റിയശേഷം മേൽപറഞ്ഞ പ്രകാരം വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിക്കുകയോ പുകയ്ക്കുകയോ ചെയ്യാവുന്നതാണ്. ഒപ്പം പ്രകാശക്കെണി (ലൈറ്റ് ട്രാപ്പ്) കൂടെ ഉപയോഗിക്കുന്നത് ഇരട്ടി ഫലം നൽകും.

പ്രധാനപ്പെട്ട രോഗങ്ങള്‍

പച്ചക്കുമിൾ രോഗം

ട്രൈക്കോഡെർമ വിറിഡെ എന്ന കുമിളാണ് രോഗഹേതു. എല്ലാ ഇനം കൂൺ വിളകളിലും വിത്തിലും ഇവ കാണാറുണ്ട്. വിത്തിലോ വിത്ത് പാകിയതിന് ശേഷമുള്ള ആവരണ മണ്ണിലോ, ബെഡ്ഡിലോ, പച്ച നിറത്തിലുള്ള വലിയ പാടുകൾ കാണപ്പെടുന്നു. ഇത് കൂൺ വളർച്ചയെയും കൂൺ തന്തുക്കളുടെ വ്യാപനത്തെയും സാരമായി ബാധിക്കുന്നു. ഇവയ്ക്കു പുറമെ കൂണുകളോട് മത്സരിച്ചു വളരുന്ന ഇതര കുമിളുകളായ അസ്പർജില്ലസ്, പെൻസിലിയം മുതലായവ പച്ച പൂപ്പൽ ഉണ്ടാക്കുകയും ഇവയുൽപാദിപ്പിക്കുന്ന ഒരുതരം വിഷവസ്തുക്കൾ കൂണിന്റെ ഉൽപാദനത്തെ തടയുകയും ചെയ്യുന്നു.

പുള്ളിപ്പാട രോഗം

സ്യൂഡോമോണാസ് തുലാസി എന്നയിനം ബാക്ടീരിയം ആണ് രോഗഹേതു. ഇവ കൂൺ മൊട്ടുകളെ ബാധിക്കുകയും തൽഫലമായി മഞ്ഞനിറം കലർന്ന തവിട്ടു നിറത്തോടുകൂടിയ പാടുകൾ കൂണിന്റെ കുടഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

കളകളായി വളരുന്ന കൂണുകൾ

പ്രധാനമായും കോപ്രിനസ് ഇനത്തിൽപെട്ട കൂണുകളാണ് വൈക്കോലിലും കമ്പോസ്റ്റിലുമൊക്കെ വളർന്നുവരുന്നത്. വെളുത്ത വേരുപോലെ ഇവ കവറിനകത്ത് വളരുന്നത് കാണാം. ഇവയുടെ മൊട്ടിന് നീളം കൂടുതലും ചെതുമ്പലുകൾ ഉള്ളതായും കാണപ്പെടുന്നു. അവ വേഗത്തിൽ വിരിഞ്ഞ് അഴുകി കറുത്ത മഷിപോലെ ആയിത്തീരുന്നു. അതുകൊണ്ട് തന്നെ ഇവയെ പലപ്പോഴും മഷിക്കൂണുകൾ എന്നും പറയും.

സ്ലൈം മൗൾഡ് രോഗം

സ്ലൈം മൗൾഡ് വിഭാഗത്തിൽപെട്ട സറ്റിമൊനൈറ്റിസ് സ്പീഷീസ് ആണ് രോഗഹേതു. രോഗബാധയേറ്റ ഭാഗം ചാരനിറത്തിൽ കാണപ്പെടുന്നു. ക്രമേണ കൂൺ തടത്തിൽ മുഴുവനായും പടർന്നുപിടിക്കുന്നു.

രോഗ നിയന്ത്രണം‌‌

∙ കൂൺ ശാലയും പരിസരവും ശുചിയായി സൂക്ഷിക്കുക.

∙ കീടനിയന്ത്രണ ഭാഗത്ത് വിവരിച്ചത് പ്രകാരം മുന്‍കരുതലായി പുകയ്ക്കുക.

∙ രോഗബാധയേറ്റ ഭാഗം ചെത്തിക്കളയുകയോ ഡെറ്റോളിൽ കുതിർത്ത പരുത്തി ഉപയോഗിച്ച് ഒപ്പിത്തുടച്ച് കളയുകയോ ചെയ്യുന്നത് തുടർന്നുള്ള വ്യാപനം തടയും.

∙ വൈക്കോലിന്റെ അണുനശീകരണത്തിനായി രാസമാർഗം അവലംബിക്കുന്നത് പുഴുങ്ങിയുള്ള അണുനശീകരണത്തേക്കാൾ രോഗബാധയെ അകറ്റി നിർത്താൻ സഹായകമാണ്.

∙ രോഗബാധയേറ്റ ഭാഗത്ത് കാര്‍‌ബൻഡാസിം എന്ന കുമിൾനാശിനി (1% വീര്യത്തിൽ) തളിച്ചുകൊടുക്കുക.

ഇന്ന് കാർഷിക മേഖലയിൽ പല നൂതന കാർഷിക സമ്പ്രദായങ്ങളും കൃഷി രീതികളും വർധിച്ചുവരികയാണ്. നിലമൊരുക്കി കൃഷിയിറക്കുന്ന പരമ്പരാഗത കർഷകർ ലാഭനഷ്ടങ്ങളെക്കുറിച്ച് വ്യാകുലപ്പെടുമ്പോൾ ഏറെ ആദായകരമായ കൂൺ കൃഷി എന്തുകൊണ്ടും ആകർഷണീയമാണ്. പക്ഷെ, പലപ്പോഴും ഒരു മുന്നറിയിപ്പും കൂടാതെ വിരുന്നുവരുന്ന കീടങ്ങളും രോഗങ്ങളും കൂണിന്റെ വളർച്ചയെയും വിളവിനെയും കാര്യമായി ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കൂൺ കൃഷിയിൽ കണ്ടുവരുന്ന പ്രധാന രോഗ കീടങ്ങളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കുന്നത് നിയന്ത്രണ മാർഗങ്ങള്‍ സ്വീകരിക്കാനും അതുവഴി കൃഷിനഷ്ടം കുറയ്ക്കാനും സഹായിക്കും.

കൂടുതൽ വിവരങ്ങള്‍ക്ക്: 9544629703

മുഹമ്മദ് സുഹൈബ് ഇസ്മായിൽ എം.
കാർഷിക കോളജ്, പടന്നക്കാട്.
പിൻ
-671314
Mob - 9526838312