Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിപ്പിക്കൂണിന്റെ കുടചൂടിയ വിജയഗാഥ

kp-cherian-mushroom-farmer കൂൺകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന വാലാങ്കര കൊച്ചെരിശേരിൽ കെ.പി. ചെറിയാൻ.

ഇരുപത്തിയഞ്ചു വർഷത്തോളം കർണാടകയിലെ കുടകിൽ കാപ്പിത്തോട്ടത്തിന്റെ ചുമതലയിലായിരുന്ന പത്തനംതിട്ട വെണ്ണിക്കുളം വാലാങ്കര കൊച്ചെരിശേരിൽ കെ.പി. ചെറിയാൻ. ആ ചുമതലകൾ ഒഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി പുതുതായി വീടു വച്ചപ്പോൾ നാലഞ്ചു മുറികളുള്ള പഴയ വീട് എന്തു ചെയ്യണമെന്ന ആശങ്കയായി. അപ്പോഴാണ് കൂൺകൃഷിയെ കുറിച്ചുള്ള ചിന്ത മനസിൽ മുളച്ചത്. ഇതിനായി പഴയ വീടിന്റെ മുറികൾ വൃത്തിയാക്കി കൂൺകൃക്ക് ഒരുക്കി. വിവിധ സ്ഥലങ്ങളിൽ നിന്ന് ഇതിനായി പരിശീലനവും നേടി. അഞ്ചു വർഷമായി കൂൺ കൃഷിയുമായി മുന്നോട്ടു പോകുമ്പോൾ ചെറിയാന്റെ മനസിൽ ചെറുതല്ലാത്ത പ്രതീക്ഷകളും മുള പൊട്ടുന്നു. രണ്ടു വർഷം മുൻപ് തിരിച്ചറിഞ്ഞ അർബുദം ചെറിയാനെ തെല്ലും അലട്ടുന്നുമില്ല.

ഏറ്റവും സാധാരണവും ഔഷധഗുണ സമ്പന്നവുമായ ചിപ്പിക്കൂണിന്റെ കൃഷിയിലേക്കാണ് അദ്ദേഹം തിരിഞ്ഞത്. പറയാൻ നഷ്‌ടങ്ങളുടെ കണക്കൊന്നുമില്ല. എത്രമാത്രം വിയർപ്പൊഴുക്കുന്നുവോ, അതനുസരിച്ചാണ് കൂൺകൃഷിയിൽ നിന്നുള്ള വരുമാനവുമെന്ന് ചെറിയാൻ പറയുന്നു. ആരോഗ്യ ഭക്ഷണമെന്ന നിലയിൽ കൂണിനുള്ള ആവശ്യവും വിപണിയും വർധിച്ചു വരുന്നതാണ് ചെറിയാനെ കൂൺകൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. പ്രമേഹം മുതൽ അർബുദം വരെ ഒട്ടേറെ രോഗങ്ങൾക്ക് കൂൺ അധിഷ്ഠിത ഭക്ഷണശൈലി മരുന്നിന്റെ‌ പ്രയോജനം ചെയ്യുമെന്ന തിരിച്ചറിവും വ്യാപകമായതോടെ ഉൽപന്നത്തിനും ആവശ്യക്കാരേറി.

‘എസ്എസ് മഷ്റൂം’ എന്ന പേരിൽ കൂൺ ഫാം തന്നെ ആരംഭിച്ച് കൃഷി വ്യാപകമാക്കി. തുടക്കത്തിൽ 100 മുതൽ 150 വരെ െബഡ്ഡുകളാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ നിന്നു 13 കിലോ വിളവ് മാത്രമേ ലഭിച്ചിരുന്നുള്ളു. പിന്നീട് കൂൺകൃഷിയെ കുറിച്ചുള്ള ഒട്ടേറെ ക്ലാസുകളിൽ പങ്കെടുത്തു. കൂണിന്റെ വിവിധ കൃഷിരീതികൾ, കൂൺ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ ഉൽപന്നങ്ങൾ എന്നിവയെ കുറിച്ചെല്ലാം ചെറിയാൻ അറിവ് നേടി.

ഇത് കൃഷിക്ക് നേട്ടമുണ്ടാക്കി. ഇപ്പോൾ 300 ബെഡ്ഡുകൾ തീർക്കുന്നു.കേരളത്തിലെ കാലാവസ്ഥയിൽ രണ്ടുതരം കൂണുകളാണ് കൃഷി ചെയ്യുന്നത്. ജൂൺ മുതൽ ജനുവരി വരെ ചിപ്പിക്കൂണും വേനൽക്കാലത്ത് പാൽകൂണും. പ്ലാസ്റ്റിക് ചരട് കൊണ്ട് ഉറി ഉണ്ടാക്കി അതിലാണ് കവറുകളിലാക്കിയ കൂൺവിത്തുകൾ തൂക്കിയിടുന്നത്. ഒരു കിലോ കൂണിന് 350 രൂപ നിരക്കിൽ വിൽപന നടത്തുന്നു. വിത്ത് ഉൽപാദിപ്പിക്കുന്ന ലാബും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. നല്ല വൈക്കോൽ ലഭിക്കാത്തതു മൂലം റബറിന്റെ അറക്കപ്പൊടിയിലാണ് കൂൺ കൃഷി ചെയ്യുന്നത്. ഒരു തടത്തിന് മൂന്നു കിലോ അറക്കപ്പൊടി വേണ്ടിവരും. വൈക്കോലിനെ അപേക്ഷിച്ച് 90–100 ദിവസം വരെ വിളവെടുക്കാമെന്നതാണ് അറക്കപ്പൊടിയുടെ മേന്മയെന്ന് ഇദ്ദേഹം പറയുന്നു.

കൂൺകൃഷിയിൽ ചെറിയാന്റെ മറ്റൊരു പ്രത്യേകത ഫോർമാലിന് പകരം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നുവെന്നതാണ്. കൃഷിയിൽ വിളവെടുപ്പ് കൂടുന്ന സമയങ്ങളിൽ കൂൺ ഉപയോഗിച്ച് ഉൽപന്നങ്ങളും തയാറാക്കുന്നു. 70 ഗ്രാം കൂൺ തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് രോഗപ്രതിരോധ ശേഷി തന്നെ ലഭിക്കുമെന്ന് ചെറിയാൻ സാക്ഷ്യപ്പെടുത്തുന്നു. ഇടയ്ക്കിടെ അർബുദ രോഗ പരിശോധനകൾക്കും മറ്റുമായി ചെറിയാന് പോകേണ്ടതുണ്ടെങ്കിലും അതൊന്നും കൃഷിയെ ബാധിക്കുന്നില്ല. ഭാര്യ ലാലമ്മ സഹായത്തിനായി കൂടെ തന്നെയുണ്ട്.