കൊക്കോ കായ്പിടിത്തം കുറവ്

ചോദ്യം ഉത്തരംവിളകൾ

Q. എനിക്ക് ഏഴു വർഷം വളർച്ചയായ 50 കൊക്കോ മരങ്ങളുണ്ട്. വേനലിൽ പൂവിടാറില്ല. വേനൽമഴ കിട്ടുന്നതോടെ നന്നായി പൂവിടുന്നു. കായ്കൾ ഉണ്ടാകുകയും ചെയ്യുന്നു. പക്ഷേ, തുടർച്ചയായ മഴയിൽ കായ്കൾ വാടിക്കൊഴിയും. എന്താണു പ്രതിവിധി.

ജോൺ കുര്യൻ, നിരവത്ത്, രാമമംഗലം

സാധാരണനിലയിൽ കൊക്കോെത്തെകൾ 3–5 വർഷം പ്രായമായാൽ പൂവിട്ടുതുടങ്ങും. കായ്കൾ രൂപപ്പെടാൻ 170 ദിവസം വേണ്ടിവരുന്നു. പൂക്കളിൽ പരാഗണം നടന്ന് 70–140 ദിവസംകൊണ്ട് കായ്കളുടെ വലുപ്പവും അതിലടങ്ങിയിട്ടുള്ള കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ അളവും കൂടുന്നതായി കാണാം. ഇനി മൂപ്പെത്തി ആദ്യ വിളവെടുക്കാൻ 25 ദിവസം വേണ്ടിവരും. തുടര്‍ വിളവെടുപ്പ് 7–10 ദിവസം ഇടവിട്ടു നടത്താം. മൂപ്പ് വളരെക്കൂടിയാൽ പിന്നെ ഉപയോഗയോഗ്യമല്ല. തോട്ടത്തിൽതന്നെ കുഴികളെടുത്ത് അതിൽ ഇത്തരം കായ്കള്‍ നിക്ഷേപിച്ചു കമ്പോസ്റ്റാക്കി ജൈവവളമാക്കി ഉപയോഗപ്പെടുത്താം.

ശാസ്ത്രീയ പരിചരണം കൃത്യമായി നടത്തുകയും ഗുണമേന്മയേറിയ നല്ല തൈകൾ തിരഞ്ഞെടുത്ത് നടുകയും മതിയായ അളവിൽ നനവ് തോട്ടത്തിൽ നിലനിർത്തുകയും മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളങ്ങൾ ചേർക്കുകയും ചെയ്താൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമാകും.

കളിമണ്ണാണ് കൊക്കോച്ചെടികൾക്കു മികച്ചതെന്നു കണ്ടിരിക്കുന്നത്. വലിയ കാറ്റടിക്കാൻ സാധ്യതയില്ലാത്തതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലം കൃഷിക്ക് അനുകൂല സാഹചര്യമാണ്. കൊക്കോയുടെ തനിവിളക്കൃഷിക്കു കേരളത്തിൽ സാധ്യത കുറവാണ്. എട്ടു മീറ്റർ അകലത്തിൽ തെങ്ങുകൾ നട്ടിട്ടുള്ളയിടങ്ങളിൽ രണ്ടു നിരകൾക്കിടയിൽ മൂന്നു മീറ്റർ അകലത്തിലും മൂന്നു മീറ്റർ അകലത്തിൽ കമുകുകൾ നട്ടിരിക്കുന്നതെങ്കിൽ നാലു കമുകുകൾക്കു മധ്യത്തിൽ ഒന്ന് എന്ന തോതിലും കൊക്കോ നടാം.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോച്ചെടി ഒന്നര മീറ്റർ ഉയരം വച്ചാല്‍ വശങ്ങളിലേക്കു ഫാൻ ശാഖകളും മുകളിലേക്കു ചുപ്പോൺ ശാഖകളും വളരുന്നു. ചുപ്പോ‍ൺ ശാഖകൾ കോതിമാറ്റണം. വശങ്ങളിലേക്കു വളരുന്ന ശാഖകളിലാണു കായ്കൾ ഉണ്ടാകുക. ഇതിന്റെ വളർച്ചയും കമ്പുകൾ കോതി ക്രമീകരിച്ചു നിർത്തണം.

കൊക്കോച്ചുവട്ടിൽ ഈർപ്പാംശം അത്യാവശ്യമെങ്കിലും അധിക ജലം കെട്ടിക്കിടക്കുന്നതു നന്നല്ല. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യം കൃഷിയിടത്തിൽ മുൻകൂട്ടിത്തന്നെ ഒരുക്കണം.

സമ്പൂർണ സമീകൃത വളപ്രയോഗമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വളം ചേർക്കലിനു പൊതുശുപാർശ: ജൈവവളത്തിനായി പയർവർഗ വിളകൾ കൃഷി ചെയ്യണം. വളർന്നു വലുതായ ചെടികളിൽ വിത്തുകൾ രൂപം കൊള്ളുമ്പോഴേ ഉഴുത് മണ്ണിൽ ചേർക്കുക.

കൊക്കോയുടെ വേരുകൾ കൂടുതലായും മേൽമണ്ണിലായതിനാൽ കാലിവളം, കമ്പോസ്റ്റ്, അറക്കപ്പൊടി എന്നിവ മേൽമണ്ണിൽ ചേർത്തുകൊടുക്കുന്നത് നന്ന്. കൊക്കോ തൈകൾ നടുന്നത് മഴക്കാലാരംഭത്തോടെയാകണം.

നേരിയ അളവിൽ രാസവളങ്ങളും ചേർക്കാൻ ശുപാർശയുണ്ട്. ആകെ വേണ്ടത്: യൂറിയ 200 ഗ്രാം, രാജ്ഫോസ് ഒരു കിലോ, പൊട്ടാഷ് വളം 250 ഗ്രാം, രണ്ടു സമഭാഗങ്ങളായി ഏപ്രിൽ – മേയ്, സെപ്റ്റംബർ– ഒക്ടോബറിൽ ചേർക്കുക. ഇവയെല്ലാം കൃത്യമായി നടത്താനായാൽ പൂവ് കൊഴിച്ചിലിനു പ്രതിവിധിയായി.

ചൊട്ട വരാൻ താമസം

Q. നാടൻ ഇനം തെങ്ങിനു ചൊട്ട പൊട്ടിയത് എട്ടാം വർഷം. രണ്ടു തേങ്ങയും കിട്ടി. ഒരു ടി X ഡി തെങ്ങിന്റെ സ്ഥിതിയും ഇതുതന്നെ. വിളവ് കൂടാനെന്തു ചെയ്യണം. നല്ല പരിചരണമാണ് നൽകിപ്പോരുന്നത്.

ഇ.കെ. കുര്യൻ, ത്രീ വിഷസ്, പെരുമ്പിള്ളി

തെങ്ങിൻചുവട്ടിൽ രണ്ടു മീറ്ററിനുള്ളിൽനിന്നു മണ്ണ് സാമ്പിളെടുത്ത് പരിശോധിപ്പിച്ച് ലഭിക്കുന്ന ഫലം അനുസരിച്ചു വളമിടണം. നനയും അത്യാവശ്യം. സസ്യമൂലകക്കുറവും അസന്തുലിതാവസ്ഥയും വളർച്ചയെയും വിളവിനെയും ബാധിക്കുന്നു. മണ്ണ് പരിശോധനാഫല വിശകലനത്തിനും നിർദേശങ്ങൾക്കും സ്ഥലത്തെ കൃഷിഭവനുമായി ബന്ധപ്പെടുക. തെങ്ങിനു പരിചരണം കൃത്യമായി, ശുപാർശ ചെയ്ത അളവിൽ എല്ലാ വർഷവും നൽകണം. ഗുണഫലങ്ങൾക്ക് മൂന്നു വർഷംവരെ കാത്തിരിക്കണം. കാരണം, തെങ്ങിൽ ചൊട്ട വന്നാല്‍ 25 മാസത്തോളം വേണം അതു വികസിച്ചു പൂർണവളർച്ചയെത്താൻ. ചൊട്ട പൊട്ടി പൂങ്കുല പുറത്തുവന്നു പരാഗണം നടന്നുകഴി‍‍ഞ്ഞാൽ 11 മാസം കൂടി വേണ്ടിവരും നാളികേരം മൂപ്പെത്തി പറിച്ചെടുക്കാൻ. അങ്ങനെ ആകെ മൂന്നു വർഷം. ചൊട്ട രൂപം കൊള്ളുന്നതിന്റെ തുടക്കത്തിൽത്തന്നെ കായ്കളുടെ എണ്ണം തീരുമാനമാകുന്നു. പിന്നീടുള്ള വളപ്രയോഗം തേങ്ങയുടെ വലുപ്പം, മറ്റു ഗുണങ്ങൾ എന്നിവയെ സ്വാധീനിച്ചേക്കാം. എണ്ണത്തെ ബാധിക്കുകയില്ല. അതിനാൽ വർഷംതോറും മുടങ്ങാതെ ശുപാർശിത അളവിൽ കൃത്യസമയത്തുതന്നെ വളമിടണം. തെങ്ങ് വളരുന്ന സാഹചര്യം എല്ലാ വിധത്തിലും അനുകൂലമാണോ എന്നും പരിശോധിച്ച് വേണ്ടതു ചെയ്യണം.

അടുക്കളത്തോട്ട നിർമാണം

Q. വീട്ടമ്മയായ എനിക്ക് അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്. ഇക്കാര്യത്തിൽ വേണ്ട അറിവു തരണം.

ശോഭ കെ.ജി., കൊല്ലറ വീട്, ഇരിങ്ങാലക്കുട

അടുക്കളത്തോട്ടത്തിനു 10 സെന്റിലധികം സ്ഥലം വേണമെന്നില്ല. ഒരാൾക്ക് അര സെന്റ് എന്നതാണ് കണക്ക്. വീടിന്റെ മട്ടുപ്പാവിലോ ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷി നടത്താം. നിലത്താണെങ്കില്‍ മണ്ണ് താഴ്ത്തിക്കിളച്ച് നിരപ്പാക്കി കല്ലും കളയും നീക്കി കട്ടയുടച്ച് തടമെടുത്ത് അല്ലെങ്കിൽ വാരം / ചാല് എടുത്ത് വിത്ത് / തൈകൾ നടുക. ഏതു സമയത്തും കൃഷി ചെയ്യാവുന്ന വെണ്ട, വഴുതന, മുളക്, ചീര, മത്തൻ, കുമ്പളം, വെള്ളരി, പാവൽ, പടവലം എന്നിവയ്ക്കൊപ്പം പ്രത്യേക സീസണുകളിൽ മാത്രം വളർത്താവുന്നവ (ഉദാ: മ‍ഞ്ഞുകാലത്ത് കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയവ) ആ സമയത്തും കൃഷിയിറക്കുക. വിത്ത്, തൈകൾ, കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ അറിയുന്നതിന് ഇരിങ്ങാലക്കുട കൃഷിഭവനുമായി ബന്ധപ്പെടാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്: കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in