പച്ചക്കറിക്കൃഷിക്കു മഴമറ

വർഷകാലത്തെ മഴയുടെ ആധിക്യവും കൂടിയ ആർദ്രതയും കൃഷിക്കു പ്രതികൂല സാഹചര്യമാണ്. കൃഷിസ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതും മേൽമണ്ണ് ഒലിച്ചുപോകുന്നതുമൊക്കെ കൃഷിക്കു പ്രയാസമുണ്ടാക്കുന്നു. സൂര്യപ്രകാശലഭ്യത കുറയുന്നത് ചെടിവളർച്ചയെ ബാധിക്കുന്നു. മഴക്കാലത്തു രോഗ, കീടബാധയും കൂടും. സംരക്ഷിത കൃഷിയാണ് ഇതിനു പരിഹാരം.

സംരക്ഷിത കൃഷി

പ്രത്യേകമൊരുക്കിയ ചട്ടക്കൂടിനുള്ളിൽ അനുകൂലാന്തരീക്ഷം ഉണ്ടാക്കിയെടുത്തു കൃഷി ചെയ്യുന്നതാണ് സംരക്ഷിതകൃഷി. ഇതിന് ഏറ്റവും ചെലവു കുറഞ്ഞ മാർഗം മഴമറ(റെയിൻ ഷെൽട്ടർ)യാണ്. മഴയിൽനിന്നു വിളകളെ സംരക്ഷിക്കുകയാണ് ഉദ്ദേശ്യം. മഴമറയുടെ വശങ്ങൾ തുറന്നതായതിനാൽ ഇതിനുള്ളിൽ ചൂടും ഈർപ്പവും അധികമാകുന്നില്ല. പച്ചക്കറിക്കൃഷിക്കാണ് മഴമറ കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

സൂര്യപ്രകാശം ധാരാളം ലഭ്യമാകുന്ന തുറസ്സായ സ്ഥലമായിരിക്കണം. ദിശ വടക്കുപടിഞ്ഞാറു കേന്ദ്രീകരിച്ചാകണം. നനസൗകര്യം വേണം. സ്ഥലം നിരപ്പായിരിക്കണം. നീർവാർച്ചാസൗകര്യം വേണം. അടുത്തു തണൽ വിരിക്കുന്ന വൻവൃക്ഷങ്ങൾ അരുത്. കാറ്റിന്റെ എതിർദിശയിൽ മഴമറ നിർമിക്കണം.

വായിക്കാം ഇ - കർഷകശ്രീ

മഴമറ നിർമാണം

പറമ്പിൽ ലഭ്യമാകുന്ന മുള, കമുക് എന്നിവ താങ്ങായി ഉപയോഗിച്ച് മഴമറയുടെ കൂടാരം നിർമിക്കാം. മുളയാണെങ്കില്‍ പച്ചമുള ഉപയോഗിക്കുക. മഞ്ഞമുളയെക്കാൾ ആയുസ്സും കരുത്തും പച്ചമുളയ്ക്കാണ്. മുളയുടെ മൂർച്ചയേറിയ അഗ്രഭാഗങ്ങൾ മിനുസപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പോളിത്തീൻ ഷീറ്റുകൾ ചെറിയ കനമുള്ള ചെമ്പുകമ്പികൾ ഉപയോഗിച്ചു മുളയിൽ ചുറ്റിക്കെട്ടണം. എംഎസ്/ജിഐ പൈപ്പുകൾ താങ്ങായി ഉപയോഗിച്ചു നിർമിച്ചാൽ ചെലവേറുമെങ്കിലും മഴമറയുടെ കാലാവധി കൂട്ടാം. പൈപ്പുകൾ പെയിന്റ് ചെയ്താൽ തുരുമ്പിക്കൽ ഒഴിവാക്കാം.

മേൽക്കൂര ആവരണം

മഴമറയുടെ മേൽക്കൂര ആവരണം ചെയ്യാൻ 200 മൈക്രോൺ യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റ് ആണ് ഉപയോഗിക്കുന്നത്. മഴമറയ്ക്കുള്ളിൽ അന്തരീക്ഷ ഊഷ്മാവിനെ അപേക്ഷിച്ച് 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടുതലായിരിക്കും. അതിനാൽ വേനൽക്കാലത്തു ഷീറ്റിനു താഴെ തണൽവല കെട്ടി ഊഷ്മാവ് നിയന്ത്രിക്കണം. ഷീറ്റ് 4–5 വർഷം കേടുകൂടാതെ നിലനിൽക്കും. 200 മൈക്രോൺ കനമുള്ള പോളിത്തീൻ ഷീറ്റ് സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ മഴമറയ്ക്കുള്ളിൽ കയറാതെ തടുത്തുനിർത്തുന്നു. (381nm – 400 nm) അതിനാൽ സൂക്ഷ്മജീവികളും മഴമറയ്ക്കുള്ളിൽ കയറില്ല. മഴമറയ്ക്കുള്ളിൽ ജലകണികകൾ തങ്ങി നിൽക്കുന്നത് ഒഴിവാക്കുന്നു. സൾഫർ ഒഴിവാക്കി ഷീറ്റിന്റെ ഈടു വർധിപ്പിക്കുന്നു. പൊടിപടലങ്ങൾ ഷീറ്റിനു മുകളിൽ പറ്റിപ്പിടിക്കുന്നതു തടയുന്നു. സൂര്യരശ്മികളെ വിഘടിപ്പിച്ചു പല കിരണങ്ങളായി പല ദിശകളിലേക്കു ചെടികളിൽ പതിക്കുന്നതിനാൽ താഴെയുള്ള ഇലകളിലും സൂര്യരശ്മികൾ പതിക്കുകയും നല്ല വിളവ് ഉറപ്പാക്കുകയും ചെയ്യുന്നു.

‌മഴമറയുടെ വിസ്തൃതി

20 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള മഴമറയാണെങ്കിൽ ഒരു വീട്ടിലേക്ക് ആവശ്യമായത്ര പച്ചക്കറി കൃഷി ചെയ്യാം. 100 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മഴമറയുടെ മധ്യഭാഗത്ത് ഉയരം 3 മീറ്റർ, വശങ്ങളിൽ 1.9 മീറ്റർ എന്നിങ്ങനെയാകണം. 12 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവുമുള്ള മഴമറയും കൊള്ളാം.

മിനി റെയിൻ ഷെൽട്ടർ

മധ്യഭാഗത്ത് ഉയരം രണ്ടു മീറ്റർ, വശങ്ങളിൽ ഉയരം ഒരു മീറ്റർ. ഭൂമിയുടെ വിസ്തൃതിക്കനുസരിച്ചുള്ള മാതൃക തിരഞ്ഞെടുക്കാം.

നന

മഴമറയ്ക്കുള്ളിൽ തുള്ളിനന സംവിധാനമൊരുക്കാം. ടാങ്ക് ഉയരത്തിൽ ഘടിപ്പിച്ച് നന ഡ്രിപ്പറിലൂടെ സാധ്യമാക്കാം. 45 സെ.മീ. അകലത്തിലുള്ള ഡ്രിപ്പറുകളിലൂടെ മണിക്കൂറിൽ 3–6 ലീറ്റർ ജലം വീതം 220 ചെടികൾക്കു കൊടുക്കാം.

വിള ചംക്രമണം

തക്കാളി, വെള്ളരി, മുളക്, പയറ്, വെണ്ട, പാവൽ, കത്തിരി, കാപ്സിക്കം, കോളിഫ്ളവർ എന്നീ വിളകൾ കാലാവസ്ഥയ്ക്ക് അനുസരിച്ചു മാറിമാറി കൃഷി ചെയ്യാം.

മഴമറയുടെ ഏകദേശ ചെലവ്

(100 ചതുരശ്രമീറ്റർ)
മഴമറ – 50,000 രൂപ
ഡ്രിപ്പ് കിറ്റ് (100 ചതുരശ്രമീറ്റർ) – 960 രൂപ
ഡ്രിപ്പ് കിറ്റ് (50 ച.മീ.) – 480 രൂപ

പരിപാലനം

വർഷത്തിലൊരിക്കൽ പോളിത്തീൻ ഷീറ്റുകൾ കോട്ടൺതുണിയോ സ്പോഞ്ചോ ഉപയോഗിച്ചു സോപ്പു വെള്ളമിട്ടു കഴുകി വൃത്തിയാക്കണം. അല്ലെങ്കിൽ പൊടി, പായൽ എന്നിവ ഷീറ്റിൽ പറ്റിപ്പിടിച്ച് ചെടിയുടെ വളർച്ചയെ ബാധിക്കും.

മിത്രനികേതൻ

തിരുവനന്തപുരം മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രം പട്ടത്ത് പത്തു കർഷകരുടെ മട്ടുപ്പാവിൽ 60 ചതുരശ്രമീറ്റർ വിസ്തൃതിയിൽ മഴമറയൊരുക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇവ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം.

വിലാസം: സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ്, കൃഷിവിജ്ഞാനകേന്ദ്രം, മിത്രനികേതന്‍, തിരുവനന്തപുരം. ഫോണ്‍: 9400288040