വിത്തു നട്ട് പത്താം ദിവസം മുതൽ വളംകടയിൽ നിന്നു കിട്ടുന്ന സ്യൂഡോമോണാസ് വാങ്ങി അതിൽനിന്ന് 20 ഗ്രാമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ രണ്ടു വശത്തും ഇലകളിലും തളിക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഇത് ആവർത്തിക്കണം.
ഇലപ്പുള്ളി രോഗം: ഇലപ്പരപ്പിൽ പ്രത്യക്ഷമായി കാണുന്ന തവിട്ടു നിറത്തിലുള്ള പുള്ളികൾ, ഇലയുടെ അടിഭാഗത്തു വരാൻ തുടങ്ങും. ആ ഇലകൾ കരിഞ്ഞു പൊഴിയും, അതാണ് ഇലപ്പുള്ളി രോഗം. സ്യൂഡോമോണാസ് ലായനി തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇലപ്പുള്ളി രോഗം വരില്ല.
നിമാവിരകളുടെ ശല്യം: വെണ്ടച്ചെടിയുടെ വേരുകളിൽ ചെറിയ മുഴകൾ കാണുന്നുണ്ടെങ്കിൽ അതിനർഥം നിമാവിരകളുടെ ശല്യമുണ്ടെന്നാണ്. ചെടിയുടെ വളർച്ച മുരടിച്ചു നശിച്ചുപോകും. തടത്തിൽ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയോ വേപ്പിന്റെ ഇലയോ 250 ഗ്രാം എന്ന തോതിൽ ചേർത്താൽ മതി. നന്നായി പൊടിച്ച വേപ്പിൻപിണ്ണാക്ക് ഓരോ തടത്തിലും 50 ഗ്രാം വീതം മണ്ണിൽ ചേർക്കുന്നതും ഉത്തമം.
തണ്ടുതുരപ്പൻ പുഴുവും ചുവന്ന മണ്ഡരിയും: ശരീരത്തിന്റെ മുകൾഭാഗത്തു നെടുകെ വളഞ്ഞ അടയാളമുള്ള തണ്ടുതുരപ്പൻ പുഴു ശല്യം ഇല്ലാതാക്കാൻ വേപ്പിൻകുരു സത്തിൽ വെള്ളമൊഴിച്ചു തളിക്കുക. കേടായ ഭാഗങ്ങൾ വെട്ടിക്കളഞ്ഞു നശിപ്പിക്കണം. ഇലകളുടെ അടിയിൽ ചുവന്ന നിറത്തിൽ കാണുന്ന പ്രാണികളാണു മണ്ഡരി. തണുത്ത കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിച്ചാൽ മതിയാകും. കൂടെ വെളുത്തുള്ളി – വേപ്പെണ്ണ മിശ്രിതവും തളിക്കാം.
നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം: ഇലകളുടെ ഞരമ്പുകൾ മഞ്ഞളിച്ചു തെളിഞ്ഞുവരുന്നതാണു പ്രാരംഭ രോഗലക്ഷണം. പുതുതായി ഉണ്ടാകുന്ന ഇലകൾ പൂർണമായും മഞ്ഞളിച്ചു കുറുകിവരുന്നതായി കാണാം. പൂക്കളുടെ എണ്ണം കുറയും, കായ്കൾക്കു വലുപ്പം കുറയും. ഈ രോഗം പരത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിനു വേപ്പെണ്ണ, വെളുത്തുള്ളി, ബാർസോപ്പ് മിശ്രിതമോ, വേപ്പധിഷ്ഠിത ജൈവ കീടനാശിനിയോ 2 എംഎൽ – 5 എംഎൽ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തളിച്ചുകൊടുത്താൽ മതി.