സമീപകാലത്തു വില റെക്കോർഡിലെത്തിയതോടെ അടുക്കളത്തോട്ടങ്ങളിലും തക്കാളിക്ക് പ്രിയമേറി. 90 രൂപ വിലയുണ്ടായിരുന്ന തക്കാളി വില അറുപതിലെത്തി നിൽക്കുകയാണ്. കർഷകർ വിൽക്കുന്ന തക്കാളി 45 രൂപയ്ക്കാണു വ്യാപാരികളെടുക്കുന്നത്. ഇടുക്കി ഹൈറേഞ്ചിലെ കാലാവസ്ഥയും തക്കാളി കൃഷിക്ക് അനുകൂലമാണെന്നു കർഷകർ പറയുന്നു.വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്നതോടൊപ്പം ഒട്ടേറെ ഗുണങ്ങളും തക്കാളിക്കുണ്ട്. ധാതുലവണങ്ങൾ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
വൈറ്റമിൻ എ, സി എന്നിവയുടെ കലവറയാണു തക്കാളി. ചർമ സൗന്ദര്യത്തിനും തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണെന്നു കർഷകർ പറയുന്നു. മഞ്ഞുകാലമാണു തക്കാളി കൃഷിയിറക്കാൻ പറ്റിയ സമയം. ഇതിനുള്ള ഒരുക്കങ്ങൾ ഇപ്പൊഴേ തുടങ്ങണം. മഴയില്ലാത്ത ദിവസങ്ങളിൽ ഒന്നിടവിട്ട് നനയ്ക്കണം, കായ്പിടിത്തം ആരംഭിച്ചാൽ രണ്ടാഴ്ച ഇടവിട്ട് വളപ്രയോഗം നടത്തണം. മണ്ണിര കംപോസ്റ്റ്, പച്ചച്ചാണകം- കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ചാരം, പച്ചില കംപോസ്റ്റ്, മറ്റ് ജൈവ വളങ്ങൾ എന്നിവ തക്കാളിക്കൃഷിക്ക് ഉത്തമമാണ്. വളപ്രയോഗത്തിനു ശേഷം തടത്തിൽ മണ്ണ് വിതറിക്കൊടുക്കണം. ചെടികൾ വീഴാതിരിക്കാനും കായ്കൾ മണ്ണിൽ തട്ടി കേടാകാതിരിക്കാനും കമ്പു നാട്ടി ഉയർത്തി നിർത്തണം. വലിയ മഴത്തുള്ളികൾ നേരിട്ടു പതിക്കാതെയും സൂര്യപ്രകാശം ലഭിക്കുന്നതുമായ ഗ്രീൻ നെറ്റുകൾ, ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് മേൽക്കൂരയുണ്ടാക്കിയാൽ മഴക്കാലത്തും തക്കാളി കൃഷിചെയ്യാം. ശക്തമായ വെയിലുള്ള ഏപ്രിൽ-മേയ് മാസങ്ങളിൽ തക്കാളിക്കൃഷി അത്ര വിജയിക്കില്ല.
കൃഷിരീതി
അമ്ലത അഥവാ പുളിപ്പുരസം കൂടുതലുള്ള മണ്ണിൽ തക്കാളിക്കൃഷി വിജയിക്കില്ല. പുളിരസമുള്ള മണ്ണിൽ ബാക്ടീരിയ മൂലമുള്ള വാട്ടരോഗം കൂടുതലാണ്. കുമ്മായ വസ്തുക്കൾ ഉപയോഗിച്ച് മണ്ണിന്റെ അമ്ലത കുറയ്ക്കുക, വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങൾ നടുക എന്നിവയാണു പ്രതിവിധി. ഇപ്പോൾ ഗ്രോബാഗ്, ചാക്ക് എന്നിവയിൽ വിത്ത് പാകിമുളപ്പിച്ച് ഒക്‌ടോബറോടെ പറിച്ചു നടാം. തക്കാളി കൃഷിചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം രണ്ടാഴ്ച മുൻപു തന്നെ നന്നായി കൊത്തിയിളക്കി കുമ്മായം മണ്ണിൽ ചേർത്ത് ഇളക്കണം. ചുരുങ്ങിയതു പത്തു ദിവസമെങ്കിലും കുമ്മായം മണ്ണുമായി ചേരാനും മണ്ണിന്റെ അമ്ലത കുറയാനും സമയം നൽകണം.
തൈകൾ നടാം
തയാറായി കിടക്കുന്ന മണ്ണിൽ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി, എല്ലു പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ കൂട്ടി ഇളക്കി 40–80 സെമീ അകലം വരത്തക്ക വിധത്തിൽ തടങ്ങൾ ഒരുക്കണം. ഇതിൽ ചെറു കുഴികൾ എടുത്ത് കവറിലോ, ചാക്കിലോ പാകിയ തൈകൾ വേരിനു ക്ഷതം വരാത്ത രീതിയിൽ പറിച്ചുനടാം. ഇങ്ങനെ നട്ട തൈകൾക്കു മരച്ചില്ലകളോ മറ്റോ കുത്തി തണൽ കൊടുക്കാം.