സ്ഥലപരിമിതിയുള്ളവരുടെ പ്രധാന കൃഷിയിടമാണ് കെട്ടിടങ്ങളുടെ മട്ടുപ്പാവ്. പ്രത്യേകിച്ചു നഗരവാസികളുടെ. സിനിമക്കാരും രാഷ്ട്രീയക്കാരുമൊക്കെ മട്ടുപ്പാവിലെ ചെറിയ കൃഷിക്കാരാണെന്നതും വേറെ കാര്യം. ഇന്നു പലരും വീട്ടിൽ അത്യാവശ്യം വേണ്ട പച്ചക്കറികൾ മട്ടുപ്പാവിൽ വിളയിച്ചെടുക്കുന്നുണ്ട്.
ട്രെൻഡായി മാറിയ മട്ടുപ്പാവ് കൃഷിയെ പറ്റി അറിയേണ്ട കാര്യങ്ങളാണ് കാർഷിക കർമസേന കൺവീനറും തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷി ഓഫിസറുമായ സി.എൽ. മിനി പങ്കുവയ്ക്കുന്നത്.
ടെറസിൽ നല്ല വെയിൽ കിട്ടുന്ന ഭാഗത്തു ചട്ടികളിലോ ഗ്രോബാഗുകളിലോ നമ്മുടെ ഇഷ്ടമുള്ള പച്ചക്കറികൾ നട്ടുവളർത്താം. വീട്ടിലെ ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റാം. ചട്ടികളിലോ യുവി സ്റ്റെബിലൈസ്ഡ് ഗ്രോ ബാഗുകളിലോ പോട്ടിങ് മിശ്രിതം നിറയ്ക്കാം.
നല്ല മേൽമണ്ണ്, മണൽ, ജൈവവളക്കൂട്ടുകൾ എന്നിവ തുല്യമായി 1:1:1 എന്ന അനുപാതത്തിൽ ചേർത്തു മിശ്രിതം തയാറാക്കാം. മണ്ണ് ഡോളോമൈറ്റ് ചേർത്തു പുളിപ്പു മാറ്റിയതിനു ശേഷം ഉപയോഗിക്കുക. മണൽ ലഭിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ട്രീറ്റ് ചെയ്ത ചകിരിച്ചോർ ചേർത്താലും മതി.
വിളകൾക്കു വളക്കൂട്ടും ആവശ്യമാണ്. പത്ത് കിലോ വേപ്പിൻപിണ്ണാക്കും ചാണകപ്പൊടി 90 കിലോയും ചേർത്തിളക്കിയാണു വളക്കൂട്ട് നിർമിക്കുന്നത്. പുട്ട് പരുവത്തിൽ പിഴിഞ്ഞാൽ വെള്ളം വരാത്തവണ്ണം ഇതു നനയ്ക്കുക. രണ്ട് കിലോ ട്രൈക്കോഡെർമ എന്ന മിത്ര കുമിളിന്റെ ഇനോക്കുലം ചേർത്തു നന്നായി ഇളക്കി നനവ് പാകമാക്കി തണലത്തു സൂക്ഷിക്കുക. ആഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കണം.
നല്ല വിത്തുകളും തൈകളും വേണം ഉപയോഗിക്കാൻ. കാർഷിക സർവകലാശാലകളിലെയും, കൃഷി വകുപ്പ് ഫാമുകളിലെയും വിത്തുകൾ ഗുണമേന്മയുള്ളതെന്ന് ഉറപ്പിക്കാം. ഗ്രാഫ്റ്റഡ് തൈകൾ ഉൽപാദനക്ഷമത കൂട്ടുന്നതിനും രോഗപ്രതിരോധത്തിനും നന്ന്. കൃത്യമായി പരിചരിച്ചാൽ കുറച്ചു സ്ഥലത്തു നിന്നും വളരെ അധികം വിളവു ലഭിക്കും.