മികച്ച ആദായം നേടാൻ ജയിൻ ഇറിഗേഷൻ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത രീതി
മണ്ണൊലിപ്പ് തടയുന്ന കാട്ടുമരമായി മാത്രം കശുമാവിനെ കാണുന്നത് പലഹാരവ്യവസായത്തിലെ വിലയേറിയ ഈ പരിപ്പിന്റെ വാണിജ്യകൃഷിക്കുള്ള സാധ്യതകൾ അവഗണിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ഈ അബദ്ധധാരണ മൂലം കശുമാവുകൃഷിക്ക് ആരും വേണ്ടത്ര ഗൗരവം നൽകിയിരുന്നുമില്ല. എന്നാൽ വാണിജ്യലോകത്ത് വളരെ വലിയ സ്ഥാനമുള്ള ഉൽപന്നമാണ് കശുവണ്ടിപ്പരിപ്പെന്നു തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറിയിട്ടുണ്ട്. എങ്കിൽപോലും കശുമാവ് മരങ്ങളുടെ വിളപരിപാലനത്തിനു കുറഞ്ഞ ശ്രദ്ധ മാത്രമാണ് കർഷകർ നൽകുന്നത്.
പന്ത്രണ്ട് വർഷത്തോളം വളർച്ചയുള്ളതും ഏതാനും കിലോ വരെ ഉൽപാദനം നൽകുന്നതുമായ ഫലവൃക്ഷമാണ് കശുമാവ്. മനുഷ്യന്റെ മറ്റെല്ലാ പ്രവർത്തന മണ്ഡലങ്ങളിലുമെന്നപോലെ കൃഷിയിലും സ്ഥലത്തിനും കാലത്തിനും കൂടുതൽ വില കിട്ടുന്ന കാലമാണിത്. പരമാവധി കുറച്ചു സ്ഥലം പാഴാക്കുന്നതും കുറഞ്ഞ കാലത്തിനുള്ളിൽ ആദായം നൽകിത്തുടങ്ങുന്നതുമായ കൃഷിയാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ പരമ്പരാഗത കൃഷിരീതികളെ പിന്തള്ളി, ഓരോ വിളയ്ക്കും വിപ്ലവകരമായ ബദൽ കൃഷിരീതികൾ കണ്ടെത്താനാണ് ജയിൻ ഇറിഗേഷനിൽ ശ്രമിച്ചുവരുന്നത്. മാവ്, വാഴ, പേര എന്നിവയിൽ ഇപ്രകാരം ഉൽപാദനവിപ്ലവം നടത്തുന്നതിൽ വിജയിച്ച ശേഷം കശുമാവിന്റെ ഉൽപാദന സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതിലായി ശ്രദ്ധ. അതിന്റെ ഫലമാണ് കശുമാവിന്റെ അതിസാന്ദ്രതാകൃഷി.
ഇനവും നടീൽരീതിയും
വ്യത്യസ്ത കാർഷിക കാലാവസ്ഥകളിൽനിന്നുള്ള ഉല്ലൽ 3, വിആർഐ 3 എന്നീ കശുമാവ് ഇനങ്ങളാണ് ഇതിനായി കൃഷി ചെയ്തത്. വരികൾ തമ്മിൽ മൂന്നു മീറ്ററും തൈകൾ തമ്മിൽ രണ്ട് മീറ്ററും അകലം നൽകിയുള്ള കൃഷിക്കൊപ്പം വരികൾ തമ്മിൽ നാലു മീറ്ററും ചെടികൾ തമ്മിൽ 3 മീറ്ററും അകലം നൽകുന്ന രീതിയും പരീക്ഷിച്ചു. ആദ്യരീതിയിൽ ഏക്കറിന് 674 തൈകൾ നടാൻ കഴിഞ്ഞു. രണ്ടാമത്തെ രീതിയിൽ 337 മരങ്ങൾക്കാണ് ഒരു ഏക്കറിൽ ഇടം കിട്ടുക.
ഈ രീതിയിൽ നടുന്ന ഗ്രാഫ്റ്റ് തൈകൾ നിലത്തുനിന്ന് 45–50 സെ.മീ ഉയരം വരെ ഒറ്റത്തണ്ടായി വളരാൻ അനുവദിക്കുന്നു. ഇത്രയും ഉയരമെത്തിയ തൈകളുടെ കൂമ്പ് നുള്ളി പ്രാഥമികശിഖരങ്ങളുണ്ടാവാൻ സാഹചര്യം സൃഷ്ടിക്കും. നടീൽ കഴിഞ്ഞ് 6–8 മാസമാകുമ്പോൾ പ്രാഥമിക ശിഖരങ്ങളുടെ കൂമ്പ് നുള്ളി ദ്വിതീയശിഖരങ്ങൾ വളരാനിടയാക്കുന്നു. ഇതോടൊപ്പം ആരോഗ്യമില്ലാത്ത തൈകൾ നീക്കം ചെയ്യുകയും ചെയ്യും. ദ്വിതീയ ശിഖരങ്ങളുടെ തലപ്പുകളും 8–10 മാസമാവുമ്പോൾ മുറിക്കണം. കശുമാവിന്റെ വിളവെടുപ്പിനുശേഷമുള്ള കമ്പുകോതൽ യൂണിറ്റ് സ്ഥലത്ത് കൂടുതൽ ശിഖരങ്ങളുണ്ടാകുന്നതിനും സൂര്യപ്രകാശത്തിനു തടസം നിൽക്കുന്നവയെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഇലച്ചാർത്തിലൂടെ പരമാവധി സൂര്യപ്രകാശം കിട്ടത്തക്കവിധത്തിലാണ് ഇതു ചെയ്യുക.
22 മാസത്തെ വളർച്ചയും അളവുകളും
ഇടയകലം |
3 മീ. x 2 മീ. ആകെ ശിഖരങ്ങളുടെ നീളം വണ്ണം സെ.മീ. | 4 മീ. x 3 മീ. ആകെ ശിഖരങ്ങളുടെ നീളം വണ്ണം സെ.മീ. | 5 മീ. x 4 മീ. ആകെ ശിഖരങ്ങളുടെ നീളം വണ്ണം സെ.മീ. |
വിആർഐ 3 | 154.7 22.2 | 129.5 19.5 | 64.9 17.1 |
ഉല്ലൽ 3 | 102.5 20.7 | 93.3 19.8 | 59.7 15.9 |
നനയും വളപ്രയോഗവും
അതിസാന്ദ്രതാ കൃഷിരീതിയിൽ ഇലച്ചാർത്തിന്റെ വളർച്ച, പൂവിടൽ, കായ്പിടിത്തം എന്നിവയ്ക്ക് ആനുപാതികമായി കശുമാവിന് ഊർജിത വളപ്രയോഗവും മറ്റും ആവശ്യമാണ്. നനയ്ക്കുന്നതിനും വളം നൽകുന്നതിനും തുള്ളിനന– ഫെർട്ടിഗേഷൻ സംവിധാനം ഏർപ്പെടുത്തി. തുള്ളിനനയുടെ വിജയത്തിൽ ഇതിനായി ഉപയോഗിക്കുന്ന ഹാർഡ്‌വെയറും (കുഴലുകൾ, ഫിൽറ്റർ, മറ്റ് ഉപകരണങ്ങൾ) സോഫ്റ്റ്‌വെയറും (നനയുടെ ക്രമവും രീതിയും) ഏറെ പ്രധാനമാണ്. ഓരോ തവണയും മരത്തിന് ആവശ്യമായ അത്രയും വെള്ളം കൃത്യമായി നൽകേണ്ടതുണ്ട്. മണിക്കൂറിൽ നാല് ലീറ്റർ വീതം പുറന്തള്ളുന്ന രണ്ടു ഡ്രിപ്പറുകൾ തായ്ത്തടിയുടെ ചുവട്ടിൽനിന്ന് 45 സെ.മീ. അകലത്തിൽ സ്ഥാപിക്കുന്ന ഓൺലൈൻ ഡ്രിപ് സംവിധാനമാണ് ഇതിനായി രൂപകൽപന ചെയ്തിരിക്കുന്നത്.
ഉടുമൽപേട്ടിലെ ജയിൻ തോട്ടത്തിൽ കശുമാവിനു നൽകുന്ന തുള്ളിനനയുടെ ക്രമം
മാസം |
ബാഷ്പീകരണ തോത് (മി.മീ.) | ജലത്തിന്റെ ആവശ്യകത (ലീറ്റർ/ ചെടി/ ദിവസം) |
|||
ഒന്നാം വർഷം | രണ്ടാം വർഷം |
മൂന്നാം വർഷം | നാലാം വർഷവും തുടർന്നും | ||
ജനുവരി | 4.6 |
0.63 | 2.53 | 5.69 | 10.12 |
ഫെബ്രുവരി | 5.9 | 0.8 | 3.21 | 7.21 | 12.82 |
മാർച്ച് | 7.29 | 1 |
4 | 8.99 | 15.98 |
ഏപ്രിൽ | 6.69 | 0.89 | 3.55 | 7.99 | 14.21 |
മേയ് | 7.54 | 0.94 | 3.76 | 8.45 | 15.33 |
ജൂൺ | 7.45 | 1.01 | 4.05 | 9.12 | 16.21 |
ജൂലൈ | 7.47 | 1.03 | 4.11 | 9.24 | 16.43 |
ഓഗസ്റ്റ് | 7.84 | 1.09 | 4.35 | 9.78 | 17.39 |
സെപ്റ്റംബർ | 7.78 | 0.96 | 3.84 | 8.64 | 15.35 |
ഒക്ടോബർ | 4.74 | 0.55 | 2.21 | 4.97 | 8.83 |
നവംബർ | 3.84 | 0.59 | 2.35 | 5.28 | 9.39 |
ഡിസംബര്‍ | 3.9 |
0.58 | 2.33 | 5.25 | 9.33 |
ശരാശരി | 6.02 | 0.93 | 3.73 | 8.39 | 14.92 |
(കശുമാവിന്റെ പ്രായം, ഇലച്ചാർത്തിന്റെ വലുപ്പം, പ്രദേശത്തെ ബാഷ്പീകരണത്തോത് എന്നിവയുടെ അടിസ്ഥാനത്തിൽ നനയുടെ തോതിൽ മാറ്റമുണ്ടാവും. അതിസാന്ദ്രതാരീതി സ്വീകരിക്കുന്നവർ ആവശ്യപ്പെട്ടാൽ ഈ ക്രമം ശാസ്ത്രീയമായി തയാറാക്കി നൽകുന്നതാണ്)
ഫെർട്ടിഗേഷൻ
അടുത്തകാലത്ത് വളരെ പ്രകടമായ ഉൽപാദനമുന്നേറ്റമുണ്ടാക്കിയ നിർണായക സാങ്കേതികവിദ്യയാണിത്. നിലവിലുള്ള രീതിയിൽ നാം മണ്ണിൽ പ്രയോഗിക്കുന്ന വളങ്ങളിൽനിന്നും വിളകൾ അവയ്ക്കു വേണ്ടതെടുക്കുകയാണ്. ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. വെള്ളത്തിൽ ലയിച്ച പോഷകാംശങ്ങൾ വിളകളുടെ ആവശ്യവുമായി പൊരുത്തപ്പെടുന്ന തോതിലും സമയക്രമത്തിലും അവയുടെ വേരുമണ്ഡലത്തിലേക്ക് കുത്തിവയ്ക്കുന്നു. ഈ മാറ്റത്തിലൂടെ വളപ്രയോഗത്തിൽ ഉയർന്ന കാര്യക്ഷമത നേടാമെന്നു മാത്രമല്ല, പാഴായി പോവുന്ന വളത്തിന്റെയും അതുവഴിയുണ്ടാകുന്ന മലിനീകരണത്തിന്റെയും അളവ് കുറയുകയും ചെയ്യുന്നു.
എപ്പോൾ, ഏതു മൂലകം, എത്രമാത്രം ഓരോ വിളയ്ക്കും ആവശ്യമുണ്ടെന്ന അറിവ് കാര്യക്ഷമമായ ഫെർട്ടിഗേഷന് ആവശ്യമാണ്. ഈ ശാസ്ത്രശാഖയിൽ ലഭ്യമായ ഗവേഷണവിവരങ്ങളും തുച്ഛമാണ്, പ്രത്യേകിച്ച് ഉഷ്ണമേഖലാ വിളകളുടെ കാര്യത്തിൽ. ഇക്കാരണത്താൽതന്നെ ഈ മേഖലയിൽ അടിസ്ഥാനഗവേഷണം നടത്താൻ സർവകലാശാലാവിദ്യാർഥികൾക്ക് ജയിൻ ഫാമിൽ അവസരം നൽകാറുണ്ട്.
കണ്ടെത്തലുകൾ
അതിസാന്ദ്രതാ കൃഷിരീതിയോട് കശുമാവിനങ്ങൾ നന്നായി പ്രതികരിച്ചു. ഇതുവഴി വളരെ നേരത്തെ തന്നെ (രണ്ടാം വർഷം) വിളവ് കിട്ടിത്തുടങ്ങി. പരമ്പരാഗത വളപ്രയോഗരീതിയിൽ നിന്നു ഫെർട്ടിഗേഷൻ രീതിയിലേക്കു മാറിയപ്പോൾ നാലിരട്ടി വിളവ് നൽകിയാണ് ഈ വിള പ്രതികരിച്ചത്. മാത്രമല്ല ശുപാർശ ചെയ്യപ്പെട്ടതിനേക്കാൾ 25 ശതമാനം വളം കുറച്ചു നൽകിയപ്പോഴും വിളവ് വർധിക്കുകയാണ് ചെയ്തത്. വിആർഐ3, ഉല്ലാൽ ഇനങ്ങളുടെ അതിസാന്ദ്രതാകൃഷി വിജയകരമാണെന്നും ശുപാർശയുടെ 75 ശതമാനം മാത്രം വളം നൽകി ഇത് പരമാവധി ആദായകരമാക്കാമെന്നും രണ്ടു വർഷത്തെ പഠനങ്ങളിൽനിന്ന് വ്യക്തമായി.
നേട്ടങ്ങൾ
പൂവിടുന്നതിനു രണ്ടു വർഷത്തെ കാത്തിരിപ്പുകാലം മാത്രം; നേരത്തേ ആദായമേകിത്തുടങ്ങുന്നു. തീവ്രപരിചരണം വേണ്ടതിനാൽ ചെറുകിട– ഇടത്തരം കൃഷിക്കാർക്ക് യോജ്യം. നിലവാരമുള്ള കശുവണ്ടി കിട്ടുന്നതിനാൽ മെച്ചപ്പെട്ട വില ഉറപ്പാക്കാം. ഉറപ്പുള്ള ആദായം പെട്ടെന്നുതന്നെ കിട്ടുന്നതിനാൽ മികച്ച പ്രോജക്ട് റിപ്പോർട്ട് നൽകി ബാങ്കുകളിൽനിന്നു ധനസഹായം നേടാൻ സാധ്യതയേറെ.
വിലാസം: ജയിൻ ഇറിഗേഷൻസ്, കോയമ്പത്തൂർ
ഇമെയിൽ – dr.soman@jains.com