മലയാളിയുടെ അരിയാഹാരത്തിന്റെ രുചിയിലേക്ക് വിശേഷപ്പെട്ട രണ്ട് ഇനങ്ങൾ കൂടി. അത്യുൽപാദന ശേഷിയുള്ള രണ്ടു പുതിയ നെല്ലിനങ്ങൾ കേരളത്തിൽ വികസിപ്പിച്ചെടുത്തു.
മണ്ണുത്തി നെല്ലു ഗവേഷണ കേന്ദ്രം, പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരീക്ഷണാർഥം നെല്ലിനങ്ങൾ പുറത്തിറക്കിയത്. വിജയകരമാണെന്നു കണ്ടെത്തിയതോടെ ഇവ രണ്ടും കർഷകർക്കു ലഭ്യമാക്കാൻ മധ്യമേഖലാ കൃഷി ഗവേഷണ വിജ്ഞാന വ്യാപന ഉപദേശകസമിതി ശുപാർശ ചെയ്തു. താമസിയാതെ വിപണിയിൽ എത്തും.
പുതിയ ഇനങ്ങൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കാനും അനുമതി നൽകി. വിളവ്, നിറം, വേവ്, രൂപം എന്നിവ പരിഗണിച്ച് കൂടുതൽ പ്രിയവും ആകർഷകവുമായ ഇനങ്ങളാണ് പുതിയതായി കണ്ടു പിടിച്ചിരിക്കുന്നത്. യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും മെതിയും വ്യാപകമായതോടെ അതിനനുസരിച്ച് തണ്ടിനു ബലവും കതിരിനു നീളവും പുഷ്ടിയുമുള്ള ഇനങ്ങളാണ് ഇവ.
പ്രണവയും വെള്ളരിയും ചേർന്ന് സുപ്രിയ
മണ്ണുത്തി നെല്ലു ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതും കോൾപ്പാടങ്ങൾക്കു യോജിച്ചതുമായ അത്യുൽപാദനശേഷിയുള്ള നെല്ലിനമാണ് സുപ്രിയ (പിടിബി 61). നല്ല വിളവുള്ള നെല്ലിനങ്ങളായ പ്രണവയും വെള്ളരിയും ചേർത്തുള്ള സങ്കരയിനമാണ് ഇത്. ഉപ്പുരസം പ്രതിരോധിക്കാനുള്ള കഴിവും മണികൊഴിച്ചിലിന്റെ കുറവും കൊണ്ടു ശ്രദ്ധേയമായ ഈ ഇനം ഹെക്‌ടറിന് ആറര –ഏഴ് ടൺ വിളവു നൽകും. 135 – 140 ദിവസം വരെയാണ് കൃഷിയുടെ ദൈർഘ്യം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്നു 11 ടൺ വൈക്കോൽ (കച്ചി) കിട്ടും.
മുണ്ടകൻ കൃഷിക്ക് ഇപ്പോൾ സാധാരണ ഉപയോഗിക്കുന്ന ശ്വേത, കരുണ, ഉമ എന്നീ ഇന ങ്ങളെക്കാൾ കൂടുതൽ വിളവ് ഉണ്ടാകും. മാത്രമല്ല കൂടുതൽ സ്വീകാര്യതയുള്ള ഇനമായി കർഷകർ കരുതുന്ന പൊൻമണി എന്ന ഇനത്തിന് ഒപ്പമാണിത്.
കൊയ്ത്തിനു പാകമാകുമ്പോൾ പാടത്തേക്കു ചാഞ്ഞുവീഴുന്ന പ്രവണതയും കുറവാണ്. രോഗപ്രതിരോധ ശേഷിയാണ് എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. തണ്ടു തുരപ്പൻ, ഇലചുരുട്ടി പുഴു തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കും. മഞ്ഞളിപ്പു രോഗവും ഒരു പരിധിവരെ അകറ്റി നിർത്തും. നെന്മണി ചെറുതും ഉരുണ്ടതുമാണ്. നെല്ല് കുത്തിയെടുക്കുമ്പോൾ 70.2% അരി കിട്ടും.
പ്രണവയും ചേറ്റടിയും ചേർന്ന് അക്ഷയ
പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അക്ഷയ (പിടിബി 62) രണ്ടാംവിളയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടാം വിളയിൽ മറ്റു പല ഇനങ്ങൾക്കുമുള്ള പ്രധാന ദോഷം പാകമാകുമ്പോൾ പാടത്തേക്കു ചാഞ്ഞുവീഴുമെന്നതാണ്. എന്നാൽ പുതിയ ഇനത്തിന് ഈ ദോഷം തീരെയില്ല. വിപണിയിൽ സുലഭമായ പ്രണവ, ചേറ്റടി എന്നീ ഇനങ്ങളുടെ സങ്കരയിനമാണ് ഇത്. 130 –140 ദിവസം വരെയാണ് കൃഷിയുടെ ദൈർഘ്യം.
ഒന്നാമത്തെ ഇനത്തിലെ പോലെ തന്നെ ശ്വേത, ഉമ, കരുണ എന്നീ ഇനങ്ങളെക്കാൾ വിളവ് ഉറപ്പ്. വിവിധ രോഗങ്ങളിൽ നിന്നു പ്രതിരോധ ശേഷി കൂടിയതാണ്. നേരേ നിൽക്കുന്ന തണ്ടും നീണ്ടു ചെറുതായി വളഞ്ഞ സൗന്ദര്യമുള്ള കതിരുകളും പ്രത്യേകതയാണ്. ഉയർന്ന ഊഷ്മാവിലും മഴക്കാലത്തും കൃഷിയിറക്കാം. നെന്മണി ചെറുതും ഉരുണ്ടതുമാണ്. നെല്ല് കുത്തിയെടുക്കുമ്പോൾ 70 % അരി കിട്ടും.
ബസുമതിയുടെയത്ര ഇല്ലെങ്കിലും നെല്ല് പൂത്തുലയുന്നതോടെ ആരെയും ആകർഷിക്കുന്ന ചെറിയ സുഗന്ധം രണ്ടിനങ്ങൾക്കും ഉണ്ട്. സുപ്രിയയും അക്ഷയയും പാടശേഖരങ്ങളിൽ കതിരും സുഗന്ധവുമാവും.