ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയെക്കുറിച്ചു കേട്ടിട്ടുണ്ടാവും. വെരുകിൻകാഷ്ഠത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാപ്പിപ്പരിപ്പ് പൊടിച്ചാണ് ഇതു തയാറാക്കുക. മാംസളഭാഗത്തിനായി പഴുത്ത കാപ്പിക്കുരു ഭക്ഷിക്കുന്ന വെരുകിന്റെ കാഷ്ഠത്തിൽ പരിപ്പ് ഉണ്ടായിരിക്കുമല്ലോ. ലുവാക് കോഫി അഥവാ സിവറ്റ്കോഫി എന്നറിയപ്പെടുന്ന ഈ കാപ്പി യൂറോപ്പിലെയും ഗൾഫിലെയുമൊക്കെ ധനാഢ്യന്മാരുെട പ്രിയ പാനീയമാണത്രെ. വില കിലോയ്ക്ക് 25000 രൂപ വരെ! പ്രമുഖ കാപ്പി ഉൽപാദനമേഖലയായ കൂർഗിൽ സിവറ്റ് കോഫി ഉൽപാദനമാരംഭിച്ചതോെട ഇതു വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. കൂര്‍ഗ് കൺസോളിഡേറ്റഡ് കമ്മോഡിറ്റീസ് എന്ന സ്റ്റാർട് അപ് സ്ഥാപനമാണ് ആഭ്യന്തരവിപണിയിൽ വെരുകിൻകാപ്പി അവതരിപ്പിക്കുന്നത്– വിലക്കുറവുണ്ട്, കിലോയ്ക്ക് 8000 രൂപ മാത്രം. വെറുക്കപ്പെടുന്നതിനെ വിശേഷപ്പെട്ടതാക്കി ഉപഭോക്താക്കളുെട കൗതുകം മുതലെടുക്കുന്ന കച്ചവടതന്ത്രമാണ് സിവറ്റ് കാപ്പിക്കു പിന്നിൽ. വെരുകിന്റെ ശരീരത്തിലെ എൻസൈമുകളുെട പ്രവർത്തനം മൂലം അവ കഴിക്കുന്ന കാപ്പിക്കുരുവിന്റെ പരിപ്പ് രാസമാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ടെന്നാണ് അവകാശവാദം. വിദേശരാജ്യങ്ങളിൽ ഇത് ഉൽപാദിപ്പിക്കാനായി വെരുകുകളെ കൂട്ടിലടച്ച് കാപ്പിക്കുരു തീറ്റി വളർത്തുകയാണ് പതിവ്. വന്യജീവിയായ വെരുകിനെ കൂട്ടിലടയ്ക്കാതെ, കാപ്പിത്തോട്ടത്തിൽനിന്ന് അവയുെട കാഷ്ഠം ശേഖരിച്ചു കാപ്പിപ്പരിപ്പ് വേർതിരിക്കുന്ന രീതിയാണ് കുടകിലെ സംരംഭം സ്വീകരിച്ചിരിക്കുന്നത്.
ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ തുടങ്ങിയ ഈ മാതൃക പിന്നീട് മറ്റ് മൃഗങ്ങളിലും പരീക്ഷിക്കപ്പെട്ടു. കുരങ്ങന്മാർ ചവച്ചുതുപ്പിയ കാപ്പിക്കുരുവിൽനിന്നുള്ള മങ്കി പെർച്മെന്റ് അങ്ങനെ ഉയർന്ന ആശയമാണ്. പിന്നീട് തായ്്ലൻഡിലെ ആനപ്പിണ്ടത്തിൽനിന്നുള്ള ബ്ലാക്ക് ഐവറി കാപ്പിയും ഈ ശ്രേണിയിൽ വിപണിയിലെത്തി. വൈകാതെതന്നെ ആനപ്പിണ്ടത്തിലെ നാരുകളുപയോഗിച്ചു പേപ്പറും. ശ്രീലങ്കയിലെ ഒരു കമ്പനി നിർമിച്ച ഈ കടലാസിനു ഹാഥി പേപ്പർ എന്ന ഇന്ത്യൻ അവതാരവുമുണ്ടായി. ഈ സംരംഭങ്ങളെല്ലാം ഒരേ ബിസിനസ് തന്ത്രമാണ് പയറ്റുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവയുടെ സവിശേഷ സ്വഭാവങ്ങൾ സങ്കൽപം മാത്രമാണത്രെ. ആരും രുചിക്കാത്ത സവിശേഷസ്വാദ് എന്ന പേരിൽ നാവിൽ വയ്ക്കുന്ന പാനീയം മുന്തിയതാണെന്ന മുൻവിധി അവ കഴിക്കുന്നവർക്കുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അതിനെതിരെ അഭിപ്രായം പറയാൻ ആളുകൾ മടിക്കും. ‘വൈൻ ലേബൽ ഇഫക്ട്’ എന്നാണ് ഈ പെരുമാറ്റരീതി വിശേഷിപ്പിക്കപ്പെടുക. മുന്തിയ ഇനം കുപ്പിയിൽ നിന്ന് സാദാ വീഞ്ഞ് പകർന്നുനൽകിയാലും അതിനെ സൂപ്പർ എന്നു വിശേഷിപ്പിക്കുന്ന മനോഭാവമില്ലേ, അതുതന്നെ സംഗതി. സംഗതി എന്തായാലെന്താ കൃഷിക്കാർക്ക് കൂടുതൽ ആദായം കിട്ടുമെങ്കിൽ അത് വിട്ടുകളയേണ്ടതുണ്ടോ? അപൂർവമായത്, അധികമാരും ആസ്വദിക്കാത്തത് സ്വന്തമാക്കുമ്പോഴുള്ള ആവേശമാണ് ഇവിടെ വിപണനം ചെയ്യപ്പെടുന്നത്. വിശേഷവിസർജ്യമായി വിൽക്കപ്പെടുന്നത് കാപ്പിക്കുരു മാത്രമാണെന്നു കരുതേണ്ട. ആലോചിച്ചുനോക്കൂ ഇന്ത്യയിൽ ചാണകത്തിനും ഗോമൂത്രത്തിനും നാം സവിശേഷത കൽപിച്ചു നൽകുന്നില്ലേ, കാരണങ്ങൾ മറ്റ് പലതുമാണെങ്കിൽകൂടി.
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചിത്രകാരന്മാർ ഉപയോഗിച്ചിരുന്ന മഞ്ഞച്ചായം ഇന്ത്യയിലെ ഗോമൂത്രത്തിൽ നിന്നുള്ളതായിരുന്നു. ഇതിനായി ബിഹാറിൽ പശുക്കൾക്ക് മാവില തീറ്റയായി നൽകി വളർത്തിയെന്നാണ് ചരിത്രം. സുഗന്ധദ്രവ്യങ്ങളിലെ ഗന്ധം ദീർഘനാൾ നിലനിൽക്കുന്നതിനുപയോഗിക്കുന്ന ആംബർഗ്രിൻ ഒരിനം തിമിംഗലങ്ങളുെട കുടലുകളിലാണ് രൂപപ്പെടുന്നത്. അവയുെട ഛർദിലിൽ നിന്നും ചത്ത തിമിംഗലങ്ങളിൽനിന്നുമാണ് ഇത് വേർതിരിച്ചെടുക്കുക. മുന്തിയ ഇനം പെർഫ്യൂമുകളിലെല്ലാം മുഖ്യ ചേരുവയായ ആംബർഗ്രിനു പഴക്കം െചല്ലുംതോറും ഹൃദ്യമായ മണമുണ്ടാകുമത്രെ.
സമുദ്രങ്ങൾ താണ്ടുന്ന ദേശാടനപ്പക്ഷികളുെട ഇടത്താവളങ്ങളിൽ അവയുടെ കാഷ്ഠത്തിന്റെ വലിയ ശേഖരമുണ്ടാവും. ഫോസ്ഫറസ് സമൃദ്ധമായ ഈ കാഷ്ഠശേഖരങ്ങൾ ഗുവാനോ എന്നാണറിയപ്പെടുക. പെറുവിലെ ‘ഇൻകാ’ വർഗക്കാർ വളമായി ഉപയോഗിച്ചിരുന്ന ഗുവാനോയുടെ സാധ്യതകൾ പുറംലോകം തിരിച്ചറിഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ ഫാമുകൾ വൻതോതിൽ ഗുവാനോ ഉപയോഗിച്ചു തുടങ്ങിയതോടെ അതുവരെ ഉപേക്ഷിക്കപ്പെട്ടിരുന്ന വിജനദ്വീപുകൾ അമേരിക്ക സ്വന്തമാക്കി. ലോകത്തെവിടെയും അവകാശികളില്ലാത്ത ഗുവാനോ ദ്വീപുകൾ സ്വന്തമാക്കാൻ പൗരന്മാരെ അനുവദിക്കുന്ന നിയമം തന്നെ അവർ പാസ്സാക്കി. ഇത്തരംപക്ഷിക്കോളനികളുടെ സംരക്ഷണം പിൽക്കാലത്ത് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. പക്ഷികൾ സംരക്ഷിക്കപ്പെട്ടെങ്കിലും കാഷ്ഠം ശ്രേഷ്ഠമായതിന്റെ പേരിൽ കഷ്ടത്തിലായത് കൂട്ടിലടയ്ക്കപ്പെട്ട വെരുക് മാത്രമായിരിക്കും.