മഴക്കാലത്ത് കാപ്പി കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മാർഗനിർദേശവുമായി കോഫി ബോർഡ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ കർഷകരിൽ വലിയ വിഭാഗത്തിന് കാപ്പിച്ചെടികൾക്കു വർഷകാലത്തും മഴയ്ക്കു മുൻപും ചെയ്തു വന്നിരുന്ന രോഗ-കീട നിയന്ത്രണ മാർഗങ്ങൾ ചെയ്യാൻ സാധിച്ചിരുന്നില്ല.
കാലവർഷം നേരത്തെ തുടങ്ങിയതിനാൽ മഴയ്ക്ക് മുൻപ് അറബി കാപ്പിക്ക് ബോർഡോ മിശ്രിതം തളിയ്ക്കാനും അറബി, റോബസ്റ്റ ഇനങ്ങൾക്കു വേണ്ടവിധത്തിൽ വളപ്രയോഗം നടത്താനും കർഷകർക്കു കഴിഞ്ഞില്ല. ഇത് കാപ്പിച്ചെടികൾക്കു കറുത്തഴുകൽ, ഞെട്ടഴുകൽ, കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ ബാധിക്കാൻ ഇടയാക്കി. ഈർപ്പമുള്ള കാലാവസ്ഥയിൽ കറുത്തഴുകലും ഞെട്ടഴുകലും നിയന്ത്രിക്കുന്നതിന് മരുന്നു തളിക്കലും സാധ്യമല്ല.
കറുത്തഴുകൽ, ഞെട്ടഴുകൽ രോഗങ്ങൾ നിയന്ത്രിക്കാനായി രോഗം ബാധിച്ച ചെടികളിലെ ഇലകളും കായകളും കുഴിച്ചു മൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. ആരോഗ്യമുള്ള ചെടികൾക്ക് വായുസഞ്ചാരം കൂടുതലായി ലഭ്യമാക്കാൻ കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽമരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും വെട്ടിമാറ്റണം. കാപ്പിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ മാത്രം പുതയിടണം.
നീർവാഴ്ചയും വേരുകൾക്കു വായുസഞ്ചാരവും ലഭിക്കാൻ നീർക്കുഴികളും നീർച്ചാലുകളും വൃത്തിയാക്കണം.കാലവർഷത്തിന് ഇടവേള ലഭിച്ചാൽ കറുത്തഴുകൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലീറ്റർ വെള്ളത്തിൽ കലർത്തി ലീറ്ററിന് ഒരു മില്ലിലീറ്റർ വരെ പശചേർത്ത് ചെടികളിൽ തളിക്കണം. ഞെട്ടഴുകൽ രോഗത്തിന് 160 ഗ്രാം ബാവിസ്റ്റിൻ 200 ലീറ്റർ വെള്ളത്തിൽ കലർത്തി ലീറ്ററിന് ഒരു മില്ലിലീറ്റർ വരെ പശ ചേർത്ത് രോഗബാധയുള്ള ബ്ലോക്കുകളിൽ തളിക്കണം. കാലവർഷത്തിന്റെ ഇടവേളയിൽ ഏക്കറിന് 50 കിലോഗ്രാം യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തുന്നതു കായ പൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.