തെങ്ങിൽ കൂമ്പുചീയൽ എന്ന രോഗത്തിനു കാരണം ഒരിനം കുമിളാണ്. കേരളത്തിലെവിടെയും ഈ രോഗബാധ കാണാം. തക്ക നിവാരണ നടപടി യഥാസമയം നടത്തിയാൽ ഈ രോഗത്തെ നിയന്ത്രിക്കാനാവും. മഴക്കാലത്താണു രോഗം വ്യാപിക്കുന്നത്. ഈ രോഗം തൈത്തെങ്ങുകളെ എളുപ്പം പിടികൂടും. നാമ്പിനു തൊട്ടടുത്തുള്ള ഒന്നോ രണ്ടോ ഓലകളുടെ നിറം മഞ്ഞയാകുന്നതാണ് രോഗാരംഭം. നാമ്പോല വാടി തൂങ്ങിക്കിടക്കുന്നതായും കാണാം. നാമ്പിന്റെ മൃദുഭാഗങ്ങൾ ചീയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മണ്ട മുഴുവൻ അഴുകി കൂമ്പു നശിച്ചാൽ പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക പ്രയാസം.
നിയന്ത്രണം: ആരംഭദശയിൽതന്നെ രോഗമെന്തെന്നു തിരിച്ചറിഞ്ഞ് നിയന്ത്രണ നടപടിയെടുക്കണം. അഴുകിയ ഭാഗങ്ങൾ മുഴുവനും ചെത്തിനീക്കി ബോർഡോ കുഴമ്പു പൂശി മഴയേൽക്കാതെ മൺകലംകൊണ്ടു മൂടുകയും വേണം. തെങ്ങിന്റെ ചെത്തിമാറ്റിയ ഭാഗങ്ങൾ കത്തിച്ചുകളയുക. തോട്ടത്തിലുള്ള മറ്റെല്ലാ തെങ്ങുകളിലും ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുകയും വേണം. മഴയാരംഭത്തിലും ശേഷവും മരുന്നു തളിക്കുന്നതുകൊണ്ട് രോഗസാധ്യതയും വ്യാപനവും തടയാം.