നെല്ലിനു സംയോജിത സസ്യരക്ഷ

Representative image

ചോദ്യം ഉത്തരംവിളകൾ

Q. കീടരോഗബാധ നെൽകൃഷിയിൽ ചെലവു കൂടുന്നതിനും വിളവു കുറയുന്നതിനും ഇടയാക്കുന്നു. ഇത് യഥാസമയം നിയന്ത്രിക്കാനായാൽ വിളവ് നാലിലൊന്നു കണ്ട് വർധിപ്പിക്കാനാകുമെന്നാണ് വിദഗ്ധമതം. ഇതിന് സംയോജിത സസ്യസംരക്ഷണമാണു നല്ലതെന്നു കേൾക്കുന്നു. ഇതിനുള്ള വഴികളെന്തൊക്കെയാണ്.

എൻ. രാമൻപിള്ള, മുട്ടാറ്റിൽ, തിരുവാങ്കുളം

സംയോജിത സസ്യസംരക്ഷണത്തിനുള്ള വഴികൾ താഴെ:

വിളവുശേഷി കൂടിയതും കീട, രോഗപ്രതിരോധശേഷിയുള്ളതുമായ ഇനങ്ങൾ കൃഷി ചെയ്യുക. കുഴൽപ്പുഴുവിനെ നിയന്ത്രിക്കാൻ വയലിലെ വെള്ളം വറ്റിച്ചിടുക. ഇതുമൂലം പോളരോഗം, ബാക്ടീരിയൽ ഇലകരിച്ചിൽ, പുള്ളിക്കുത്ത് എന്നിവയും നിയന്ത്രിക്കാം. ഇലപ്പേൻ, തണ്ടുതുരപ്പൻ, കാരവണ്ട് എന്നിവയെ അകറ്റാൻ ഞാറിന്റെ തല മുറിച്ചുകളയുക. ബാക്ടീരിയൽ ഇലകരിച്ചിൽ കാണുന്ന പാടത്ത് ചെ‌ടിയുടെ തല മുറിക്കരുത്. വേനൽക്കാലത്ത് വയൽ ഉഴുതിട്ടാൽ പട്ടാളപ്പുഴുക്കളെ തുരത്താം. വയലിലെയും വരമ്പിലെയും കളകളെ നശിപ്പിച്ചാൽ പച്ചത്തുള്ളൻ, ഗാളീച്ച, കാരവണ്ട്, ചാഴി, ബ്ലാസ്റ്റുരോഗം എന്നിവ വ്യാപിക്കുന്നതു തടയാം.

മണ്ണു പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വളം ചെയ്യുക. നൈട്രജൻ വളപ്രയോഗം പരിമിതപ്പെടുത്തിയാൽ മുഞ്ഞ, ഓലചുരുട്ടിപ്പുഴു, പോളരോഗം, ബ്ലാസ്റ്റുരോഗം, ബാക്ടിരീയൽ ഇലകരിച്ചിൽ രോഗം എന്നിവ നിയന്ത്രിക്കാം. മേൽവളങ്ങൾ ചേർക്കുമ്പോൾ വേപ്പിൻപിണ്ണാക്കു കൂടി കലർത്തിയാൽ കീ‌ടങ്ങളെ അകറ്റാം. പോളരോഗത്തിന്റെ സാധ്യതയും രൂക്ഷതയും കുറയ്ക്കാൻ, നിർദിഷ്ട അളവിന്റെ പകുതികൂടി പൊട്ടാഷ് വളം ചേർക്കുക. പോളരോഗ വ്യാപനം കുറയ്ക്കാൻ പച്ചിലവളങ്ങളായ കിലുക്കി, ഡെയിഞ്ച, ഉങ്ങ്, വേങ്ങ, ആര്യവേപ്പ് തുടങ്ങിയവ ചേർക്കുക.

കുലവാട്ടം, പുള്ളിക്കുത്ത്, മൂടുചീയൽ, തണ്ടുപൊള്ളൽ, കമ്പിത്തിരി തുടങ്ങി വിത്തിൽക്കൂടി പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാനായി വിത്തുപചാരം നടത്തണം. ഇതിനായി ചാണകപ്പാൽ, ട്രൈക്കോഡർമ, സ്യൂഡോമോണാസ് എന്നിവ ഉപയോഗിക്കാം. ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗത്തിനെതിരെ പുതുചാണകപ്പാൽ, സ്യൂഡോമോണാസ്, ബാക്ടീരിയപ്പൊടി എന്നിവയ്ക്ക് മുൻതൂക്കം നൽകുക. ശത്രു, മിത്ര കീടങ്ങളെ തിരിച്ചറിഞ്ഞശേഷം മാത്രം മരുന്നു തളിക്കുക. ജൈവ കീട, രോഗ നിയന്ത്രണോപാധികൾക്കു പ്രത്യേക പരിഗണന നൽകുക. ശത്രുകീടങ്ങളെ നിയന്ത്രിക്കുകയും മിത്രകീട വർധനയെ സഹായിക്കുകയും ചെയ്യുകയെന്നതാകണം സമീപനം. അവസാനവഴിയായി വേണം രാസവിഷപ്രയോഗം. അതു വിദഗ്ധോപദേശം തേ‌ടിയിട്ടാകണം.

മുതിരയുടെ ഔഷധഗുണങ്ങൾ

Q. പയർവർഗത്തിൽപ്പെട്ട മുതിരയ്ക്ക് ഔഷധഗുണമുണ്ടെന്നു കേൾക്കുന്നു. വിവരിക്കാമോ?

സിബി പോൾ, എടശേരിൽ, കോടിക്കുളം

കേരളത്തിൽ വ്യാപകമായി കൃഷിചെയ്തിരുന്നതും അന്യംവന്നുകൊണ്ടിരിക്ക‍ുന്നതുമായ പയർവിളകളിൽ ഒന്നാണ് മുതിര. ഔഷധഗുണത്തോടൊപ്പം ഭക്ഷ്യമൂല്യത്തിലും ഇതു മുന്നിലാണ്.

മുതിര ഉഷ്ണമാണ്, ദഹനരസം പുളിപ്പും. വിയർപ്പിനെ കുറയ്ക്കും. കഫ, വാതങ്ങൾ ശമിപ്പിക്കും. പീനസം, അർശസ്, കാസം, ചുമ എന്നിവ ശമിപ്പിക്കും. പ്രമേഹം, മൂത്രക്കല്ല്, വയറുവീർപ്പ് രോഗങ്ങൾ ഉള്ളവർക്കും ഹിതകരം. മൂത്രത്തെ വർധിപ്പിക്കും. വണ്ണം കുറയ്ക്കും, ക്ഷീണം അകറ്റും.

മുതിര കഷായം വച്ചു കഴിച്ചാൽ ഗർഭാശയശുദ്ധി കൈവരും. വെള്ളപോക്കിനും നന്ന്. മുതിര വറുത്തുപൊടിച്ചു കിഴിയാക്കി ചൂടുള്ള മുതിരക്കഷായത്തിൽ മുക്കി കിഴിപിടിച്ചാൽ കൈകാലുകളുടെ വേദന, കൈയ്ക്കു സ്വാധീനം കുറയൽ, വേദന, നീര്, കടച്ചിൽ എന്നിവ ശമിക്കും. മുതിര 60 ഗ്രാം കഷായമാക്കി നല്ലെണ്ണ ആറ് ഔൺസ് കൂടി ചേർത്ത് കാച്ചിയെടുക്കുന്ന തൈലം പുറമേ പുരട്ടുന്നത് വാതത്തിനും തണുപ്പിനും തരിപ്പിനും ശമനം നൽകും.

രക്താർബുദ ചികിത്സയ്ക്ക് മുതിര നല്ലതാണ്. പ്ലീഹവീക്കവും മഞ്ഞപ്പിത്തവും മാറും. മുതിരക്കഷായം കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞു പോകും. വരാതെ കാക്കുകയും ചെയ്യും. അർശസ് കുറയ്ക്കും. മുതിര പുഴുങ്ങി ദിവസവും കാലത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ഗർഭോൽപാദനശേഷി കുറയും. മുതിരയും പാലും ഒന്നായി കഴിക്കരുത്. ഇവ വിരുദ്ധാഹാരമാണ്. മുതിര കഴിക്കുന്നത് രോഗശമനത്തിനെങ്കിൽ വൈദ്യോപദേശം തേടിയി‍ട്ടു മതി.

വെണ്ടയിൽ ഇലപ്പുള്ളിരോഗം

വെണ്ട

Q. വെണ്ടയുടെ ഇലകളിൽ കറുത്ത പൊട്ടുകൾ വന്ന് ഇല കരിയുന്നു. പ്രതിവിധിയെന്ത്. വനത്തിനടുത്ത് കുറച്ചു സ്ഥലം ലഭിച്ചിട്ടുണ്ട്. ഇവിടെ വാഴയും കിഴങ്ങുവിളകളും ജൈവരീതിയിൽ കൃഷി ചെയ്യുന്നതെങ്ങനെ. പന്നിശല്യം ഒഴിവാക്കാൻ ലളിതമാർഗമുണ്ടോ.

കെ. ബി. ജയൻ, തൃശൂർ

വെണ്ടയിൽ സാധാരണ കണ്ടുവരാറുള്ള ഇലപ്പുള്ളിരോഗത്തിന്റെ ലക്ഷണമാണിത്. ഇലപ്പരപ്പിൽ തവിട്ടു നിറത്തിൽ കാണുന്ന പുള്ളികൾ ഇലയുടെ അടിഭാഗത്ത് ഉണ്ട‍ാകുന്ന കറുത്ത പുള്ളികളുടെ രൂപഭേദമാണ്. പുള്ളികളുടെ എണ്ണം കൂടുമ്പോൾ ഇലകളിലെ പച്ചനിറത്തിന്റെ വ്യാപ്തി കുറഞ്ഞുകാണും. ക്രമേണ രോഗബാധയേറ്റ ഇലകൾ കൊഴിയുന്നു. ഈ രോഗം താഴെയുള്ള ഇലകളിൽ തുടങ്ങി മുകളിലേക്കു പടരുന്നതായാണ് കാണുന്നത്.

രോഗാരംഭത്തിൽത്തന്നെ കുമിൾനാശിനികളിലൊന്നായ ഡൈത്തേൻ എം 45 – 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലയുടെ ഇരുവശങ്ങളിലും പൂർണമായും പതിക്കത്തക്കവിധം തളിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാം.

രാസവളങ്ങളും രാസ സസ്യസംരക്ഷണ ഔഷധങ്ങളും പൂർണമായും ഒഴിവാക്കി തീർത്തും ജൈവവസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ രീതിയാണ് ജൈവകൃഷി. ആവശ്യമായ വളങ്ങൾ ജൈവരൂപത്തിൽ (ചാണകം, മൂത്രം, അവശിഷ്ടങ്ങൾ, പിണ്ണാക്കുവളങ്ങൾ, കമ്പോസ്റ്റ്, മത്സ്യവളം, ചീഞ്ഞഴുകുന്ന മറ്റു ജൈവവസ്തുക്കൾ തുടങ്ങിയവ) ലഭ്യമാണ്. ഇവ ആവശ്യമായ അളവിൽ ചേർത്ത് കൃഷിയിറക്കുക.

വിളകളിൽ എലി, പന്നി ശല്യം ഒഴിവാക്കാൻ എക്കോഡോൺ എന്ന പേരിൽ സസ്യസത്ത് ഇപ്പോൾ വിൽപനയ്ക്കുണ്ട്. ഇത് കയറിൽ പുരട്ടി കൃഷിസ്ഥലത്തിനു ചുറ്റുമായി കെട്ടുക. ഇത് തൃശൂർ ജില്ലയിൽ മാള ഭാഗത്തു ലഭിക്കും. വിവരത്തിന് ഫോൺ: 9744622871

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in