ചോദ്യം ഉത്തരം ∙ വിളകൾ
Q. പതിനഞ്ചു വർഷം പ്രായമായ തെങ്ങ്. ഇതിൽ ഉണ്ടാകുന്ന പൂങ്കുലകൾ വിരിയും, വെള്ളയ്ക്കാ ഉണ്ടാകും, പിന്നീടു കരിഞ്ഞ് ഉണങ്ങിയ കൊതുമ്പോടെ മുഴുവനായി കൊഴിഞ്ഞുവീഴും. ഇതിനെന്തു പ്രതിവിധി.
കെ.പി.എസ്. പണിക്കർ, പെരിങ്ങര, തിരുവല്ല
തെങ്ങിന്റെ മറ്റു ഭാഗങ്ങൾക്കൊന്നും കേടു കാണാത്തതിനാൽ ഇതു രോഗമാകാനിടയില്ല. കീടബാധയാകാം. ഇതു വിദഗ്ധരുടെ സൂക്ഷ്മ പരിശോധനയിലൂടെ സ്ഥിരീകരിക്കാനായാൽ കീടനിയന്ത്രണോപാധികൾ അവലംബിക്കുക. ജൈവ കീടനാശിനികളോ വിഷരൂക്ഷത കുറഞ്ഞ രാസ കീടനാശിനികളോ തളിക്കാം. ഇതിനൊപ്പം നനയും സമീകൃത വളപ്രയോഗവും ശുപാർശിത അളവിൽ യഥാസമയം നൽകണം.
കേടായ പൂങ്കുലകൾ ചുവടെ ചെത്തിയിളക്കി ചുട്ടുനശിപ്പിക്കണം. ഉണങ്ങിയതും വികൃതവുമായ കൂമ്പുകൾ ഉൾപ്പെടെ നീക്കം ചെയ്തു മണ്ട വൃത്തിയാക്കി വയ്ക്കുക. കീടബാധയ്ക്കു ചെയ്ത പ്രതിവിധി മൂന്നു മാസത്തിലൊരിക്കൽ ആവർത്തിക്കുകയും വേണം. തെങ്ങിൻമണ്ടയിൽ ചാരവും ഉപ്പും 2:1 എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇടുന്ന നാടൻ രീതി ഗുണം ചെയ്യും. ശാസ്ത്രീയ പരിചരണം, നിയന്ത്രണോപാധികൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അറിയാൻ സ്ഥലത്തെ കൃഷിഭവനുമായി ബന്ധപ്പെടുക.
നീറുശല്യം അകറ്റാൻ
Q. നീറ് (മിശിറ്) എന്നയിനം ഉറുമ്പിന്റെ ശല്യം ഫലവൃക്ഷങ്ങളിൽ ധാരാളം കാണുന്നു. ഇതൊഴിവാക്കാൻ എന്തു ചെയ്യണം.
ജോസ് തോമസ്, തൃക്കോതമംഗലം, കോട്ടയം
ഫലവൃക്ഷങ്ങളിൽ നീറിന്റെ ശല്യമുണ്ടെങ്കിൽ വിളവെടുപ്പു പ്രയാസകരമാകും. ഇലകളെ വലകൊണ്ടു യോജിപ്പിച്ചു കൂടുണ്ടാക്കി അതിനുള്ളിലാണ് ഇവയുടെ വാസം. ഇതിനുള്ളിൽ തന്നെ ശല്യകീടങ്ങളായ മീലിമൂട്ടകൾ, ശൽക്ക കീടങ്ങൾ, ഇലച്ചാടികൾ എന്നിവയെയും കാണാറുണ്ട്. ഇവയെ കൂടിനുള്ളിൽ സംരക്ഷിക്കുന്നതു നീറുകളാണ്. ഈ പ്രാണികളുടെ വിസർജ്യം നീറുകൾക്ക് ഇഷ്ടാഹാരമാണ്.
വിഷവീര്യം തീരെ കുറഞ്ഞതും പൊടിരൂപത്തിലുള്ളതുമായ ഉറുമ്പുനാശിനികൾ വിപണിയിൽ കിട്ടും. നീറ് ഉള്ളയിടങ്ങളിൽ ഇതു ടാൽക്കം പൗഡർപോലെ തൂകുക. പെട്ടെന്നുതന്നെ നീറ് ഒഴിഞ്ഞുപോകും. കെണിയിൽപ്പെടുത്തിയും ഇവയെ നശിപ്പിക്കാം. ചിരട്ടയിൽ ഇറച്ചിക്കഷണം വച്ചു വാവട്ടം വലിയ കള്ളികളുള്ള കമ്പിവലകൊണ്ടു മൂടണം. ഈ കെണികൾ മരത്തിന്റെ പലയിടങ്ങളിലായി തൂക്കിയിടുക. ഇറച്ചിക്കഷണത്തിലേക്ക് അടുത്തുകൂടുന്ന നീറുകൾ ചിരട്ടയിൽ നിറയുമ്പോൾ അതു തീയിലിട്ടു നശിപ്പിക്കുക.
കായം ശേഖരിക്കൽ
Q. എനിക്കൊരു കായം മരമുണ്ട്. ഇതിൽനിന്നു കായമെടുക്കുന്നത് എങ്ങനെയെന്ന് അറിയിക്കണം.
പി.റ്റി. കുമാർ, തിരുവനന്തപുരം
ഭക്ഷ്യവിഭവങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്ന കായത്തിന് ഔഷധഗുണവുമുണ്ട്. കായച്ചെടി ഒന്നൊന്നര മീറ്റർ ഉയരത്തിൽവരെ വളരുന്നു. മരത്തിൽനിന്ന് ഊറിവരുന്ന കറയാണ് കായം. മരത്തിന്റെ തടി, തായ്‍വേര് എന്നിവിടങ്ങളിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന കറയ്ക്ക് ആദ്യം ചാരനിറം കലർന്ന വെള്ളനിറമായിരിക്കും. കറയെടുക്കുന്നതിനു മുറിവുകൾ ഉണ്ടാക്കണം. കറ ഉണങ്ങിയതാണ് നല്ല ദൃഢതയുള്ള കായം.
ഔഷധസസ്യക്കൃഷി
Q. ഔഷധസസ്യങ്ങളുടെ നല്ല നടീൽവസ്തുക്കൾ, കൃഷിക്കു വായ്പ എന്നിവ എവിടെ ലഭിക്കും. അധികം തണൽ ഇല്ലാത്ത തെങ്ങിൻതോപ്പുകളിൽ ഔഷധസസ്യക്കൃഷി സാധ്യമാണോ. നടീൽവസ്തു ലഭ്യമാകുന്ന ഒരു സ്ഥാപനത്തിന്റെ വിലാസം കൂടി ലഭിച്ചാൽ കൊള്ളാം.
എം. വിശ്വനാഥൻ, കൃഷ്ണാഞ്ജലി, ഒറ്റപ്പാലം
സർക്കാർ, സ്വകാര്യമേഖലകളിലെ അംഗീകൃത സഴ്സറികളിൽ ഔഷധസസ്യങ്ങളുടെ നല്ല തൈകൾ ലഭിക്കും. വിത്ത്, കമ്പ് എന്നിവ മതിയെങ്കിൽ പരിചയക്കാരുടെ പറമ്പുകളിൽ ഉണ്ടെങ്കിൽ ചോദിച്ചു വാങ്ങുക. മറ്റു വിളകൾക്കെന്നതുപോലെ ഔഷധസസ്യങ്ങൾ കൃഷി ചെയ്യാനും സാമ്പത്തിക സഹായവും വായ്പയും ലഭ‍്യമാണ്. ഇതിനു ബാങ്കുകളെ സമീപിക്കുക. സാമ്പത്തികസഹായം നൽകുന്നതു സർക്കാർ ഏജൻസികളാണ്. ഇതിനെക്കുറിച്ചു സ്ഥലം കൃഷിഭവനിൽ അന്വേഷിക്കണം.
തെങ്ങിൻതോപ്പിൽ അടുത്തുള്ള രണ്ടു തെങ്ങുകൾ തമ്മിൽ 7.5 മീറ്റർ അകലം നൽകിയാണു നടേണ്ടത്. തൈകൾ വളർന്നു 15 വർഷം വളർച്ചയായാൽ സൂര്യപ്രകാശം നന്നായി മണ്ണിൽ പതിക്കുന്ന തുറസ്സായ സ്ഥലത്തും ഭാഗികമായി തണലുള്ളയിടത്തും യോജിച്ച ഇടവിളകൾ കൃഷി ചെയ്യാം. ഇവയിൽ ഔഷധസസ്യങ്ങളും ഉൾപ്പെടും.
ഔഷധസസ്യങ്ങളുടെ നടീൽവസ്തുക്കൾ, ഓരോ സാഹചര്യത്തിനും ഉതകുന്ന വിളകൾ, അവയുടെ കൃഷിരീതി, വിപണന സാധ്യത എന്നിവ അറിയുന്നതിനു ബന്ധപ്പെടുക:
നാഗാർജുന ഹെർബൽ കോൺസൻട്രേറ്റ്സ് ലിമിറ്റഡ്, കലയന്താനി പി.ഒ, തൊടുപുഴ.
ഫോൺ: 0486–2276112
ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001
ഇ-മെയിൽ: karsha@mm.co.in