ടിഷ്യുകൾച്ചർ തൈകളുടെ ഉൽപാദനം

ചോദ്യം ഉത്തരംവിളകൾ

Q. ടിഷ്യുകൾച്ചർ തൈകൾക്ക് ആവശ്യക്കാരേറുന്നു. കേരളത്തിൽ ലഭ്യമാകുന്നത് അധികവും പൂച്ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും ടിഷ്യുകൾച്ചർ തൈകളാണ്. ഇക്കാര്യത്തിൽ വാഴയാണു മുന്നിൽ. ഇതിന്റെ തൈ ഉൽപാദനം എങ്ങനെ. മേന്മകളെക്കുറിച്ചും അറിയണം.

കെ.എ. ഉഷാകുമാരി, ആശാഭവൻ, വേങ്ങര

വെള്ളക്കെട്ടില്ലാത്ത നെൽപ്പാടങ്ങളിൽ ഉയരത്തിൽ വാരം കോരിയും കൂന കൂട്ടിയും വാഴ നടുന്നതു പതിവാണ്. പറമ്പുകളിലും വാഴ വ്യാപകമായി കൃഷി ചെയ്യുന്നു. അതിനാൽ വാഴക്കന്നിനായി കർഷകർ പരക്കം പായുകയാണ്. അയൽസംസ്ഥാനങ്ങളിൽനിന്നു ലക്ഷക്കണക്കിനു വാഴക്കന്നുകൾ ഓരോ സീസണിലുമെത്തുന്നു. എന്നാൽ ഇവയുടെ ഗുണമേന്മ സംബന്ധിച്ച് ആർക്കും ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് വിശ്വസ്ത സ്ഥാപനങ്ങളൊരുക്കുന്ന ടിഷ്യുകൾച്ചർ തൈകൾക്കു പ്രിയവും പ്രസക്തിയുമേറുന്നത്. ഗുണമേന്മ തിട്ടപ്പെടുത്തി തിരഞ്ഞെടുക്കുന്ന മാതൃസസ്യങ്ങളുടെ കലകളോ കോശങ്ങളോ ചെറുഭാഗങ്ങളോ, അവയുടെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളെല്ലാമടങ്ങിയ കൃത്രിമ മാധ്യമങ്ങളിൽ ലബോറട്ടറികൾക്കുള്ളിൽ കൾച്ചർ ചെയ്ത് നൂറുകണക്കിനു തൈകൾ ഒറ്റയടിക്ക് ഉൽപാദിപ്പിക്കുകയാണ്. അതു ദൃഡീകരണ (ഹാർഡനിങ്)ത്തിനു ശേഷം കർഷകർക്കു കൈമാറുന്നു.

മേന്മകൾ: നല്ല വിളവു നൽകിയ വാഴയിൽനിന്നു തൈ ഉൽപാദിപ്പിക്കുന്നതിനാൽ അതിൽനിന്നു നല്ല വിളവു പ്രതീക്ഷിക്കാം. മാതൃസസ്യങ്ങളെ കീട, രോഗ വിമുക്ത തോട്ടങ്ങളിൽനിന്നു സൂക്ഷ്മ നിരീക്ഷണത്തിലൂടെ തിരഞ്ഞെടുക്കുന്നതിനാൽ അനന്തര തലമുറകൾക്കും മാതൃസസ്യമേന്മകൾ ഉണ്ടാകും.

എല്ലാ തൈകളുടെയും പ്രായം, വളർച്ച എന്നിവ തുല്യമായതിനാൽ എല്ലാറ്റിൽനിന്നും ഏതാണ്ട് ഒരേസമയം തന്നെ വിളവെടുക്കാനാകും.

കാലാവസ്ഥ, അന്തരീക്ഷഘടകങ്ങൾ തുടങ്ങിയവ പ്രതികൂലമെങ്കിലും എല്ലാക്കാലത്തും ടിഷ്യുകൾച്ചർ തൈ ഉൽപാദിപ്പിക്കാം.

നട്ടയുടനെ വളർച്ച പോരാ എന്നു തോന്നാമെങ്കിലും ഒന്നു രണ്ടു മാസം പിന്നിടുന്നതോടെ വളർച്ച ത്വരിതപ്പെടുകയും വാഴക്കന്നുകൾ നട്ടാൽ ലഭിക്കുന്നത്ര വലുപ്പവും തൂക്കവുമുള്ള കുലകൾ വിളവെടുക്കുകയും ചെയ്യാം. ടിഷ്യുകൾച്ചർ തൈ അംഗീകാരവും വിശ്വസ്തതയുമുള്ള സർക്കാർ, സർക്കാരേതര ഏജൻസികളിൽനിന്നു വാങ്ങാൻ ശ്രദ്ധിക്കണം.

ഇഞ്ചിക്കൃഷിയും ചുക്കു നിർമാണവും

ഇഞ്ചി

Q. തെങ്ങിൻതോപ്പിൽ ഇടവിളയായി ഇഞ്ചിക്കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ചുക്ക് ആക്കി വിൽക്കുകയാണു ലക്ഷ്യം. കൃഷിരീതിയും ചുക്ക് തയാറാക്കുന്ന വിധവും അറിയണം.

കെ. കെ. കുട്ടപ്പൻ, കാവലങ്ങാട്ട്, പൊന്നാനി

കേരളത്തിൽ ഇഞ്ചിക്കൃഷിയിറക്കുന്നതിനു പറ്റിയ സമയം ഏപ്രിൽ ആദ്യപകുതിയാണ്. തുറസ്സായ സ്ഥലത്തെ ഫലപുഷ്ടിയുള്ള മണ്ണ് ഇഞ്ചിക്കൃഷിക്കു നന്ന്. ഇഞ്ചി ഓരോ വിളക്കാലത്തും ധാരാളം വളം വലിച്ചെടുക്കുമെന്നതിനാൽ ഒരേ സ്ഥലത്ത് തുടർച്ചയായി കൃഷിയിറക്കരുത്.

കൃഷിസ്ഥലം വെള്ളക്കെട്ടില്ലാത്തതും നല്ല നീർവാർച്ചയുള്ളതുമായിരിക്കണം. തണലിൽ കൃഷി ചെയ്യുന്നതിനും ശുപാർശയുണ്ട്. ഫെബ്രുവരി, മാർച്ച് മാസത്തോ‌ടെ ഇഞ്ചിക്കണ്ടം ഒരുക്കൽ തുടങ്ങണം. കാടും പടലും കുറ്റിയും വേരും ഒക്കെ നീക്കി, വാരങ്ങളെടുക്കുകയും മഴക്കാലത്ത് വെള്ളം വാർന്നുപോകാൻ സൗകര്യത്തിനു ചാലുകൾ കീറുകയും വേണം.

ഇനങ്ങൾ: മാരൻ, വയനാട്, മാനന്തവാടി, ഹിമാചൽ, വള്ളുവനാട്, കുറുപ്പംപടി എന്നിവയാണ് ചുക്ക് ആക്കാൻ പറ്റിയ നാടൻ ഇനങ്ങൾ. ഇതിനു പറ്റിയ മുന്തിയ ഇനങ്ങളാണ് കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച വരദ, രജത, മഹിമ.

നടീൽവസ്തു: കീട, രോഗ ബാധ ഏൽക്കാത്തതും കനത്ത വിളവു ലഭിച്ചതുമായ വിളയുടെ വിത്ത് (ഇഞ്ചിയുടെ കിഴങ്ങുകൾ) തലേപ്രാവശ്യത്തെ കൃഷിയിൽനിന്നു സൂക്ഷ്മതയോടെ ശേഖരിക്കണം. ഇവ കുമിൾനാശിനി ലായനിയിൽ മുക്കിയെടുത്ത് തണലിലിട്ടു തോർന്നതിനു ശേഷം അറക്കപ്പൊടിയോ മണലോ നിരത്തിയതിൽ പാണലിന്റെ ഇലകൾ വിരിച്ച് അതി‍ൽ സൂക്ഷ‍ിക്കുന്നതാണ് നാട്ടുനടപ്പ്.

നടീൽ സമയമായാൽ കിളിർപ്പുശേഷി പരിശോധിച്ച് ഒരിക്കൽക്കൂടി കുമിൾനാശിനിപ്രയോഗം നടത്തിയശേഷം നടാം. 15–20 സെ.മീ അകലത്തിൽ 4–5 സ‌െ.മീ. താഴ്ചയിലെടുത്ത ചെറിയ കുഴിയിൽ 15 ഗ്രാം തൂക്കമുള്ള വിത്തുകഷണങ്ങൾ വച്ചു മൂടണം. വിത്തിന്റെ മുള മുകളിലേക്കായിരിക്കണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 1500 കിലോ വിത്ത് വേണ്ടിവരും.

വളം ചേർക്കൽ: അടിസ്ഥാനവളമായി ജൈവവളങ്ങൾ (കാലിവളം / കംപോസ്റ്റ്) ഹെക്ടറിനു 30 ടൺ തോതിൽ ചേർക്കുക.

രാസവളങ്ങൾ – ആകെ വേണ്ടത് ഹെക്ടറിന് യൂറിയ 150 കിലോ, രാജ്ഫോസ് 250 കിലോ, പൊട്ടാഷ് വളം 100 കിലോയുമാണ്. ഇതിൽ അടിവളമായി രാജ്ഫോസ് മുഴുവനും പൊട്ടാഷ് വളം പകുതിയും ചേർക്കുക. നട്ട് രണ്ടു മാസം കഴിയുന്നതോടെ പകുതി യൂറിയയും 120 ദിവസം ആകുന്നതോടെ ബാക്കി യൂറിയയും പൊട്ടാഷ് വളവും ചേർക്കാം.

മറ്റു പരിചരണം: പുതയിടൽ, കളയെടുക്കൽ, വിദഗ്ധോപദേശം വാങ്ങി കീടരോഗ നിയന്ത്രണം.

നട്ട് 245–260 ദിവസം ആകുന്നതോടെ വിളവെടുപ്പു നടത്താം. കിഴങ്ങുകളിൽ കാണുന്ന വേരുകൾ, മണ്ണ്, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കി കഴുകി വൃത്തിയാക്കുക. പച്ചയിഞ്ചി ചുക്ക് ആക്കാൻ പുറന്തൊലി മുളന്തണ്ടോ തത്തുല്യ വസ്തുക്കൾകൊണ്ടോ ചുരണ്ടിമാറ്റുക. ഇഞ്ചിയിൽ നിറവ്യത്യാസം വരുത്തുമെന്നതിനാൽ ലോഹവസ്ത‍ുക്കൾകൊണ്ട് ചുരണ്ടിനീക്കാതിരിക്കുക. തൊലി ചുരണ്ടിനീക്കി ഒരുക്കിയ ഇഞ്ചി ഒരാഴ്ചയോളം നല്ല വെയിലുള്ളപ്പോൾ നിരത്തി ഉണക്കുക. വെയിലിന്റെ കാഠിന്യം അനുസരിച്ച് ഇടയ്ക്കിടെ ഇളക്കി‌യിടുകയും വേണം. ഉണക്ക് പൂർത്തിയായ ശേഷം, പറ്റിപ്പിടിച്ചിട്ടുള്ള ബാക്കി തൊലിയും കൈകൊണ്ട് തീരുമ്മി നീക്കിയശേഷം പൊളിത്തീൻ ലൈനിങ്ങുള്ള ചാക്കുകളിൽ നിറച്ചു സൂക്ഷിക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in