ചോദ്യം ഉത്തരം ∙ വിളകൾ
Q. പന്തലിട്ട് അതിലേക്കു കയറിക്കഴിഞ്ഞ പാവൽ, പടവലം എന്നിവ പൂവിട്ടുതുടങ്ങി. ചെറിയ കായ്കളും വന്നുതുടങ്ങി. ഇതോടെ കായീച്ചകളുടെ ഉപദ്രവവുമായി. പ്രതിവിധിയെന്ത്?
കെ.എസ്. പ്രഭാവതി, പ്രതിഭാലയം, കുമ്പള
പടവലം, പാവൽ തുടങ്ങിയ വിളകളുടെ പ്രധാന ശത്രുകീടമാണ് കായീച്ചകൾ. പരാഗണം നടന്നുകഴിഞ്ഞാൽ പെൺപൂക്കൾ കായ്കളായിത്തീരുന്നു. ഈ സമയം വശങ്ങളിൽ കായീച്ചകൾ മുട്ടയിടുന്നു. ഇതൊഴിവാക്കണം. ഇതിനു കായ്കൾക്കു കടലാസ്, തുണി, പോളിത്തീൻ എന്നിവകൊണ്ടുള്ള ഉറകൾ ഇടുക. ആക്രമണമേറ്റ കായ്കൾ പറിച്ചു വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടു പുഴുക്കളെ നശിപ്പിക്കാം. തടത്തിലെ മണ്ണിളക്കിയിടുക, സമാധിദശയിലുള്ള പ്രാണികൾ നശിച്ചുകൊള്ളും. ഇതേ ആവശ്യത്തിനു കെണികളും ഉപയോഗിക്കാം. പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, പുളിപ്പിച്ച തേങ്ങാവെള്ളക്കെണി തുടങ്ങിയവ നാലു തടത്തിന് ഒന്ന് എന്ന തോതിൽ പന്തലിൽ തൂക്കിയിടുകയോ 25 ഗ്രോബാഗിനു നടുവിൽ രണ്ടു കെണി എന്ന തോതിൽ സ്ഥാപിക്കുകയോ ചെയ്യാം.
കെണികൾ നിർമിക്കൽ
പഴക്കെണി: പാളയംകോടൻ പഴം തൊലി കളയാതെ മൂന്നുനാലു കഷണങ്ങളാക്കി, മുറിച്ച ഭാഗങ്ങളിൽ തരിരൂപത്തിലുള്ളതും ലഭ്യമായതുമായ കീടനാശിനികളിലൊന്ന് പതിപ്പിച്ചശേഷം ചിരട്ടകളിൽ വച്ചു പന്തലിൽ തൂക്കിയിടുക. പ്രാണികൾ ഇതിലേക്ക് ആകർഷിക്കപ്പെട്ട് വിഷമയമായ പഴച്ചാർ കഴിച്ചു ചത്തൊടുങ്ങുന്നു.
ഫിറമോൺ കെണി: എതിർലിംഗത്തിൽപെട്ട ജീവിയെ ആകർഷിക്കുന്നതിനുവേണ്ടി ഒരു ജീവി അതിന്റെ സ്വന്തം ശരീരത്തിൽനിന്നു പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോൺ. ഇതു കൃത്രിമമായി ഉൽപാദിപ്പിച്ചു കെണിയായി വച്ച് കീടങ്ങളെ ആകർഷിക്കുന്നു. കെണിയിൽപ്പെട്ട കീടങ്ങളെ നശിപ്പിക്കണം.
തുളസിക്കെണി: ഒരു പിടി തുളസിയില നന്നായി ചതച്ച് ഒരു ചിരട്ടയിലെടുക്കുക. ഇതിലേക്കു 10 ഗ്രാം ശർക്കരപ്പൊടി കലർത്തുക. കൂടാതെ ഒരു നുള്ള് രാസവിഷവസ്തുവും വിതറണം. ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു തുളസിയില ഉണങ്ങാതെ നോക്കണം. ഈ ചിരട്ട പന്തലിൽ തൂക്കിയിടുക. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ ചാറു കഴിച്ചു നശിക്കും.
തേങ്ങാവെള്ളക്കെണി: രണ്ടു ദിവസം ശേഖരിച്ചുവച്ച പുളിപ്പിച്ച തേങ്ങാവെള്ളത്തിൽ മൂന്നുതരി യീസ്റ്റ് ചേർത്ത് ഒരു ചിരട്ടയിൽ അതിന്റെ അരഭാഗം നിറയ്ക്കുക. ഇതിൽ ലേശം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. തേങ്ങാവെള്ളത്തിനു മുകളിൽ ഒരു കഷണം പച്ച ഓലക്കാൽ ഇടുക. എന്നിട്ടു ചിരട്ട പന്തലിൽ തൂക്കിയിടുക. പ്രാണികൾ ഓലക്കാലിൽ ഇരുന്നു വിഷം കലർന്ന തേങ്ങാവെള്ളം കുടിച്ചു ചാകും.
കഞ്ഞിവെള്ളക്കെണി: ഒരു ചിരട്ടയുടെ പകുതിവരെ കഞ്ഞിവെള്ളം നിറയ്ക്കുക. ഇതിൽ ശർക്കര 10 ഗ്രാം പൊടിച്ചു ചേർക്കുക. പിന്നീടു മൂന്നു നാലു തരി യീസ്റ്റും ഒരു നുള്ളു വിഷത്തരികളും ചേർക്കുക. എന്നിട്ടു കെണി പന്തലിൽ തൂക്കിയിടണം. വിഷം ചേർത്ത കഞ്ഞിവെള്ളം കഴിച്ചു കീടങ്ങൾ ചാകും.
മീൻ കെണി: ഒരു ചിരട്ട പോളിത്തീൻ കൂട്ടിനുള്ളിൽ ഇറക്കിവച്ച് അതിൽ 5 ഗ്രാം ഉണക്കമീൻ പൊടി ഇടുക. കുറച്ചു വെള്ളം ചേർത്തു മീൻപൊടി നനയ്ക്കുകയും അൽപം വിഷത്തരികൾ ഇതിൽ കലർത്തുകയും വേണം. കൂടിന്റെ മുകൾഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള ഭാഗത്ത് ഈച്ചകൾക്കു കയറാൻ തക്ക വലുപ്പത്തിലുള്ള ദ്വാരങ്ങൾ ഇട്ടശേഷം കെണി പന്തലിൽ തൂക്കിയിടണം. ഒരാഴ്ച പിന്നിടുന്നതോടെ പുതിയ കെണികൾ വയ്ക്കണം.
തണ്ടുതുരപ്പന് ജൈവിക നിയന്ത്രണം
Q. കഴിഞ്ഞ പുഞ്ചസീസണിൽ ഞങ്ങളുടെ പാടത്തു നെൽകൃഷിക്കു വെള്ളക്കൂമ്പ്, വെൺകതിർ എന്നിവ വ്യാപകമായിരുന്നു. നല്ല തോതിൽ വിളവുനഷ്ടം സംഭവിക്കുകയുമുണ്ടായി. ഇത് എന്തിന്റെ ആക്രമണം മൂലമാണ്. ഇതിനു ജൈവ നിയന്ത്രണോപാധികൾ ഉണ്ടെങ്കിൽ അറിയിക്കണം.
എ.എൻ. സലിംരാജ്, പള്ളിക്കാലായിൽ, വെളിയനാട്
ചോദ്യത്തിൽ പറയുന്ന ലക്ഷണങ്ങൾ നെല്ലിൽ കാണപ്പെട്ടതു തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണഫലമായാണ്. ഇതിന്റെ ശലഭം ഇടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ചെടിയുടെ തണ്ടിനുള്ളിൽ കടന്ന് ഉൾഭാഗം തിന്നുന്നു. ഇതു കൂമ്പില ഉണങ്ങുന്നതിനും ചെടി മുഴുവനായി നശിക്കുന്നതിനും ഇടയാക്കുന്നു. ഇളം പ്രായത്തിലാണു ശല്യം ഉണ്ടാകുന്നതെങ്കിൽ നടുനാമ്പു വാട്ടം, വെള്ളക്കൂമ്പ് എന്നിവ ഉണ്ടാകും. ഈ കീടശല്യം കുട്ടൻകുത്ത് എന്ന പേരിൽ അറിയപ്പെടുന്നു. കതിരു വന്നതിനു ശേഷമെങ്കിൽ വെൺകതിർ എന്ന പേരിലും.
നിയന്ത്രണം: പാടത്ത് ട്രൈക്കോഗ്രമ്മ മുട്ട കാർഡ് വയ്ക്കുക. ട്രൈക്കോഗ്രമ്മ എന്ന ചെറിയ പ്രാണികൾ തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങളെ തിരഞ്ഞു പിടിച്ചു മുട്ടയിടുന്നു. ഇതോടെ വംശം അറ്റുപോകുന്നു. ട്രൈക്കോഗ്രമ്മ മുട്ടകൾ അടക്കം ചെയ്ത ഒരു കാർഡിൽ 18000–20000 മുട്ട കാണും. ഒരു പ്രാവശ്യം ഒരേക്കറിലേക്ക് 40,000 മുട്ടകൾ വേണ്ടിവരും. ഇപ്രകാരം ഒരു കൃഷിക്ക് 4–6 തവണ ഉപയോഗിക്കേണ്ടി വരാം. കാർഡ് ലഭിച്ചാലുടൻ ചെറു തുണ്ടുകളാക്കി പാടത്തിന്റെ പല ഭാഗത്തായി ചെടികളിൽ വയ്ക്കുകയോ കമ്പുകൾ നാട്ടി അതിന്മേൽ വയ്ക്കുകയോ വേണം.
ഫിറമോൺ കെണി: ഫിറമോൺ ഉപയോഗിച്ചു തണ്ടുതുരപ്പന്റെ പെൺശലഭങ്ങളെ ആകർഷിച്ചു കെണിയിൽ കുടുക്കി നശിപ്പിക്കുന്നു. ഇതോടെ വംശവർധന തടസ്സപ്പെടുന്നു. ഇതു പാടത്തിന്റെ പല ഭാഗത്തായി രണ്ടടി ഉയരത്തിൽ വയ്ക്കണം. പ്രത്യേക മണം വമിക്കുന്ന കെണികൾ 30 മീറ്റർ അകലത്തിലാണ് വയ്ക്കേണ്ടത്. 4–6 കെണികൾ ഒരേക്കറിലേക്കു വേണ്ടിവരും. കെണികൾ രണ്ടാഴ്ചയിൽ ഒരിക്കൽ മാറ്റി പുതിയവ വയ്ക്കണം.
താറാവ്: കൊയ്തു തീർന്ന പാടങ്ങളിൽ താറാവുകളെ തീറ്റാൻ വിടുന്നത് ജൈവിക കീടനിയന്ത്രണോപാധിയാണ്. ഇവ തണ്ടുതുരപ്പൻ പുഴു സമാധിദശയിലായിരിക്കുമ്പോൾ അവയെ തിന്നു തീർക്കുന്നു.
മറ്റു മാർഗങ്ങൾ: കൊയ്ത്തിനുശേഷം നിലം നല്ലതുപോലെ ഉഴുത് വെള്ളം കയറ്റിനിർത്തണം. ഇതുമൂലം തണ്ടുതുരപ്പന്റ പുഴു, സമാധി എന്നിവ നശിക്കും. കീടരോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളായ ഐആർ 20, കാഞ്ചന, ധനു, അരുണ തുടങ്ങിയവ കൃഷിയിറക്കുക. നെൽച്ചെടി എത്രയും താഴ്ത്തി കൊയ്തെടുക്കുക. തണ്ടുതുരപ്പന് കെണിവിളയായി പ്രതിരോധശേഷി കുറഞ്ഞ നെല്ലിനം അതിരിനടുത്തോ അല്ലെങ്കിൽ 10 വരികൾക്കിടയിൽ ഒരു വരി എന്ന തോതിലോ കൃഷി ചെയ്യുക. ഞാറ്റടിയിൽ കാണപ്പെടുന്ന മുട്ടക്കൂട്ടങ്ങളെ ശേഖരിച്ചു നശിപ്പിക്കുക.
ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001
ഇ-മെയിൽ: karsha@mm.co.in