ഇലപ്പേൻ, ഇലച്ചാടി, വെള്ളീച്ച, മണ്ഡരികൾ എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്. ഇവയിലേതിന്റെ ആക്രമണം ഉണ്ടായാലും ഇലകൾ ചുരുണ്ടു മുരടിക്കുന്നു. ഇലകളുടെ അടിയിലാണ് ഇവയുടെ വാസം. ഇവിടെയിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ കുരുടിക്കുന്നു. മാത്രമല്ല, വൈറസുരോഗം പകര്‍ത്തുന്നതിൽ ഇവ പങ്കാളിയാകുകയും ചെയ്യും. ഇവയെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ:
കിരിയാത്ത്–സോപ്പ്–വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിയിൽ പതിക്കുന്ന വിധം തളിക്കുക.
ഈ മിശ്രിതം തയാറാക്കുന്ന വിധം – കിരിയാത്തിന്റെ ഇളം തണ്ടുകളും ഇലകളും ചതച്ചു നീരെടുക്കുക. ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ഒഴിച്ചു നന്നായി ഇളക്കി ചേർക്കുക. ഇതിലേക്ക് പത്തിരട്ടി വെള്ളം (15 ലീറ്റർ) ചേർത്ത് നേർപ്പിക്കുക. ഇതിൽ 330 ഗ്രാം വെളുത്തുള്ളി നന്നായി അരച്ചു ചേർക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് മുളകിന്റെ ഇലകളുടെ അടിഭാഗത്ത് വീഴത്തക്കവിധം തളിക്കണം. കൂടാതെ മണ്ഡരി നിയന്ത്രണം ഉറപ്പാക്കാൻ പത്തു ദിവസം ഇടവിട്ട് തണുത്ത കഞ്ഞിവെള്ളം, വെള്ളം ചേർത്ത് നേർപ്പിച്ചു തളിക്കുന്നതും ഫലപ്രദം.