കേരളത്തിലെ കാലാവസ്ഥയിലും പലതരം മണ്ണുകളിലും വർഷം മുഴുവൻ വൻപയർ ആദായകരമായി കൃഷി ചെയ്യാം. തരിശിട്ടിരിക്കുന്ന പാടങ്ങളിലും പറമ്പുകളിലും തനിവിളയായും തെങ്ങിൻതോപ്പുകളിൽ ഇടവിളയായും മരച്ചീനിപോലുള്ള വിളകൾക്കു സഹവിളയായും ഇതു കൃഷി ചെയ്യാം. വീട്ടുവളപ്പിലും ടെറസുകളിലും ഗ്രോബാഗ് / ചട്ടിയിലും വളർത്താം.
കുറ്റിച്ചു വളരുന്നവ, പടർന്നു വളരുന്നവ, ഭാഗികമായി പടർന്നു വളരുന്നവ ഇങ്ങനെ മൂന്നു തരമുണ്ട്. നേരിട്ടു പച്ചക്കറിയായോ അല്ലെങ്കിൽ മൂപ്പെത്തിയവ പറിച്ചെടുത്ത് ഉണക്കി ധാന്യമായോ ഉപയോഗിക്കാം.
ഇനങ്ങൾ
പച്ചക്കറിയാവശ്യത്തിനു കുറ്റിപ്പയര്‍: ഭാഗ്യലക്ഷ്മി, പൂസ കോമൾ, പൂസ ബർസാത്തി.
ഭാഗികമായി പടരുന്നവ: കൈരളി, വരുൺ, അനശ്വര, കനകമണി, അർക്കഗരിമ.
പടർന്നു വളരുന്നവ (നിലത്ത് ഞെടി കുത്തി / പന്തലിട്ടതിൽ കയറ്റിവിട്ട്): ശാരിക, മാലിക, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ, വെള്ളായണി ജ്യോതിക.
പയർമണികൾ / ധാന്യങ്ങൾക്കുവേണ്ടി: പൂസ ഫൽഗുനി, കൃഷ്ണമണി, അംബ, പൗർണമി, ശുഭ്ര, ശ്രേയ, ഹൃദ്യ
പച്ചക്കറിക്കും ധാന്യത്തിനും പറ്റിയവ: കനകമണി, ന്യൂ ഇറ.
കപ്പയ്ക്കു സഹവിള: ‘V’ 26
വിത്തും വിതയും
വളർച്ചാ സ്വഭാവമനുസരിച്ചു വിത്തിന്റെ അളവ്.
കുറ്റിപ്പയർ: 20–25 കിലോ/ഹെക്ടർ.
പടർന്നു വളരുന്നവ: 4–5 കിലോ/ഹെക്ടർ
മറ്റിനങ്ങൾ
വിതറി വിതയ്ക്കാൻ: 60–65 കിലോ/ഹെക്ടർ
നുരിയിടൽ: 50–60 കിലോ/ഹെക്ടർ
ചെടികൾ തമ്മിലുള്ള അകലം
നുരിയിടൽ: 25X15 സെ.മീ (കുഴിയൊന്നിനു രണ്ടു വിത്തു വീതം)
കുറ്റിപ്പയര്‍: 30X 15 സെ.മീ.
പടർന്നു വളരുന്നവ: 2മീX 2മീ. (പന്തലിൽ പടർത്തി വളർത്തുമ്പോൾ തടമൊന്നിനു മൂന്നു വിത്തുകൾ വീതം)
വിത്ത് ഉപചാരം
കൃഷിയിറക്കാൻ തിരഞ്ഞെടുത്ത വിത്തുകൾ റൈസോബിയം കൾച്ചർ പുരട്ടി പാകുന്നതു വിളവു വർധനയ്ക്കുതകും. ഈ കൾച്ചർ പട്ടാമ്പി മണ്ണു പരിശോധനകേന്ദ്രത്തിൽ ലഭ്യമാണ്. ഒരേക്കർ സ്ഥലത്തെ കൃഷിക്കാവശ്യമായ വിത്തിൽ പുരട്ടാൻ 100–150 ഗ്രാം കൾച്ചർ മതി. ഇതു തലേന്നത്തെ തണുത്ത കഞ്ഞിവെള്ളത്തിലിട്ടു പയറുമായി നന്നായി ഇളക്കി യോജിപ്പിച്ചശേഷം തണലിൽ ഒരു പേപ്പറിൽ നിരത്തി ഉണക്കിയശേഷം പാകാം. മരുന്നു പുരട്ടിയ വിത്ത് രാസവളങ്ങളുമായി കൂടിക്കലരാൻ ഇടവരുത്തരുത്.
നനയ്ക്കൽ
പയർകൃഷിക്കു സാധാരണഗതിയിൽ നനയ്ക്കേണ്ടതില്ല. എന്നാൽ ചെടികൾ പൂക്കുന്നതിനും കായ്കൾ പിടിച്ചു തുടങ്ങുന്നതിനും മണ്ണിൽ ഈർപ്പാംശം വേണം. ഇതിനായി നനയ്ക്കണം.
വിതച്ച് ആദ്യമാസം ഇടയിളക്കി കളയെടുക്കണം. കുറ്റിപ്പയറിനങ്ങൾ വള്ളി വീശുന്നതായി കണ്ടാൽ തലപ്പ് നുള്ളിക്കളയണം.
വളങ്ങൾ ചേർക്കൽ
കീട നിയന്ത്രണം
ചിത്രകീടം: ഇലകളിൽ ചിത്രം വരച്ചതുപോലെ കണ്ടാൽ അത് ചിത്രകീടാക്രമണമെന്നു സ്ഥിരീകരിക്കാം. ഇതു നിയന്ത്രിക്കാനായില്ലെങ്കിൽ ഇലകൾ ക്രമേണ കരിഞ്ഞുണങ്ങുന്നു. വേപ്പെണ്ണ കലർന്ന എമൽഷൻ തളിച്ചു കീടാക്രമണത്തെ നിയന്ത്രിക്കാം.
പയർപേൻ: ഇളംതണ്ട്, ഇലയുടെ അടിഭാഗം, പൂവ്, ഞെട്ട്, കായ്കൾ എന്നീ ഭാഗങ്ങളിലെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ചെറുപ്രാണിയാണിത്. കടുകുമണി വലുപ്പവും കറുപ്പുനിറവുമുള്ള പ്രാണിയാക്രമണംമൂലം ചെടികൾ കുരുടിക്കുന്നു. പൂക്കൾ കൊഴിയുന്നു. വേപ്പെണ്ണ എമൽഷൻ / നാറ്റപ്പൂച്ചെടി മിശ്രിതം പത്തിരട്ടി വെള്ളം ചേർത്തു തളിച്ചാൽ ഇതു നിയന്ത്രിക്കാം.
തണ്ടീച്ച: ഇലകളിലും തണ്ടുകളിലും മുറിവുണ്ടാക്കി തണ്ടീച്ച മുട്ടകളിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തണ്ടു തുരന്നു തിന്നുന്നതിനാൽ ചെടി വാടി നശിക്കുന്നു. ചെറുപ്രായത്തിലുള്ള ചെടികളിലാണ് ആക്രമണം കൂടുതൽ. ആക്രമണം രൂക്ഷമാകുന്നതോടെ നിയന്ത്രണം അസാധ്യമാകും. അത്തരം ചെടികൾ പിഴുതു നശിപ്പിച്ചശേഷം പുതിയ കൃഷിയിറക്കണം.
രോഗങ്ങൾ
തണ്ടുചീയൽ: ആദ്യദശയിൽ മണ്ണിനു തൊട്ടുമുകളിൽ പ്രധാന തണ്ടിന്റെ കടഭാഗത്തു പ്രത്യക്ഷപ്പെട്ടു ക്രമേണ ചെടി മുഴുവൻ അഴുകി നശിക്കുന്നതിന് ഇടയാകുന്നു.
നിയന്ത്രണം– ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിച്ചു മണ്ണ് കുതിർക്കുകയും ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും വേണം. രക്ഷപ്പെടുത്താൻ കഴിയാത്ത ചെടികൾ പിഴുതു നശിപ്പിക്കണം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽനിന്നു വിത്തിനുള്ള പയർമണികൾ ശേഖരിക്കരുത്.
മൊസേക്: വൈറസാണ് രോഗഹേതു. ഇലകളുടെ പച്ചനിറം മാറി മഞ്ഞളിക്കുന്നതാണു ലക്ഷണം. ഇലകൾ കുരുടിച്ചു ഞരമ്പുകൾ തെളിയുന്നു. കായ്കൾ ഉണ്ടാകുന്നതു വികൃതമായിരിക്കും. ഈ രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കുകയെന്നതാണു പ്രതിവിധി. ഇതിനു വേപ്പെണ്ണ എമൽഷന്‍ തളിക്കുക.
വിളവെടുപ്പ്
നേരിട്ടു കറിയാവശ്യത്തിനുള്ളത് വിതച്ച് 50–ാം പക്കം പറിച്ചുതുടങ്ങാം. തുടർന്നു 100–ാം ദിവസം വരെ കായ്കൾ പറിക്കാം. ഒരു ഹെക്ടറിൽനിന്നു 10 ടൺ വരെ വിളവു ലഭിക്കാം. ഉണങ്ങിത്തുടങ്ങിയ കായ്കൾ പറിച്ചെടുത്ത് വെയിലത്ത്, പനമ്പിലോ പായ്കളിലോ നിരത്തി വടികൊണ്ടു തല്ലി ധാന്യങ്ങൾ കൊഴിച്ചെടുത്തത് ശേഖരിച്ചു സൂക്ഷിക്കുക.