അതുല്യം ഈ തിലം

എള്ളുകൃഷി

ഒരു കാലത്ത് എള്ളിൻ പൂ മണക്കുന്ന പാടങ്ങളായിരുന്നു ഓണാട്ടുകരയിൽ. ഇടയ്ക്കു വിവിധ കാരണങ്ങളാൽ ഇൗ കൃഷി ചരിത്രത്തിലേക്കു പിൻമാറാൻ തുടങ്ങിയെങ്കിലും പിന്നീടു തിരിച്ചു വന്നു. ആരോഗ്യ പുഷ്ടിയും ഒൗഷധ മൂല്യവും ധാരാളമായുള്ള ഇൗ അപൂർവ ഉൽപന്നത്തെ അറിയാം, ഒപ്പം കൃഷിരീതികളും.

എള്ളോളമില്ല പൊളിവചനം എന്ന പഴഞ്ചൊല്ലിൽ തന്നെ ഒളിച്ചിരിപ്പുണ്ട് എള്ളിന്റെ വലുപ്പക്കുറവ്. എന്നാൽ ഒൗഷധഗുണവും പോഷകസമൃദ്ധിയും നോക്കിയാൽ മറ്റു പല വിളകളെക്കാളും വലിയവനാണിവൻ. എള്ളു കൃഷിയുടെ ഇൗറ്റില്ലമാണ് ഓണാട്ടുകരയിലെ മണൽനിലങ്ങൾ. മറ്റു വിളകളെപ്പോലെ എള്ളു കൃഷിയും ഇവിടെ വെല്ലുവിളികളെ നേരിട്ടാണു വേരോടുന്നത്.

ഓണാട്ടുകരയുടെ എള്ള്

എള്ളിൻ തണ്ടു മണക്കും വയലുകൾ എന്ന കവിവാക്യം ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയായിരുന്നു. മകരം കുംഭം മാസങ്ങളിൽ ഓണാട്ടുകരയിലൂടെ സഞ്ചരിച്ചാൽ എള്ളിൻപൂവിന്റെ തനിമയാർന്ന ഗന്ധം നമുക്കനുഭവപ്പെടുമായിരുന്നു. കാർഷികപ്പെരുമ നിലനിന്നിരുന്ന ഓണാട്ടുകരയുടെ മുഖമുദ്രയായിരുന്നു എള്ളു കൃഷി. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ, അധ്വാനശീലരായ കർഷകരും തൊഴിലാളികളും എന്നിവയാൽ സമ്പന്നമായിരുന്ന ഓണാട്ടുകരയിൽ പുരാതനായ ഒരു എണ്ണക്കുരുവായി എള്ളു കൃഷി ചെയ്തിരുന്നു.

ഓണാട്ടുകരയിലെ കര എള്ളുകൃഷി

‘ഞങ്ങൾ ഓണാട്ടുകരക്കാരെന്നു പറഞ്ഞാ ഒള്ളതു കൊണ്ടു വച്ചു പരിപാലിച്ചങ്ങു കഴിയും. ഒരു പതിനഞ്ചു പറ കണ്ടവും ഒരയ്യവും ഒണ്ടെങ്കിൽ കുശാലാ, രണ്ടു നെല്ലും ഒരെള്ളും അല്ലേ കൃഷി, നനക്കിഴങ്ങും കാച്ചിലും ഇഷ്ടം പോലാ നെലവറേല്.....’ വായിക്കുമ്പോൾ രസം തോന്നുന്നില്ലേ, അപ്പോൾ അതു പറഞ്ഞു കേട്ടാലോ ?ഓണാട്ടുകരയെ കുറിച്ചു തന്റെ മുത്തശ്ശിയുടെ വാക്കുകൾ ഉദ്ധരിച്ചു പ്രഫ. എസ്.ഗുപ്തൻ നായർ എഴുതിയ ലേഖനത്തിലെ വരികൾ തന്നെ കൃഷിയുടെയും പ്രത്യേകിച്ച് എള്ളുകൃഷിയുടെയും പ്രാധാന്യം വ്യക്തമാക്കുന്നു.

എള്ളിനെ അറിയാം

‘സെസാമം ഇൻഡിക്ക’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എള്ള് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നു. എള്ളിന്റെ വിത്തിൽ 50 ശതമാനത്തോളം എണ്ണ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് എള്ള് അനശ്വരതയുടെ വിത്ത് എന്നും അറിയപ്പെടുന്നു. മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ജീവകം എന്നിവയും എള്ളിൽ ധാരാളമായുണ്ട്. മറ്റുള്ള ഭക്ഷ്യ എണ്ണകളെക്കാൾ എള്ളെണ്ണ ഗുണത്തിലും സ്ഥിരതയിലും മുന്തിയതാണ്.

പുതിയ എള്ളിനം തിലതാര

ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് എള്ളു കൃഷി ചെയ്യുന്നതും ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. ഇന്ത്യയിൽ പ്രധാന എള്ളുൽപ്പാദന കേന്ദ്രങ്ങൾ: (ബ്രാക്കറ്റിൽ ഉൽപാദനത്തിന്റെ ശതമാനം) : ഗുജറാത്ത് (22.3 ), പശ്ചിമ ബംഗാൾ (19.2 ), കർണാടക (13.5 ), മധ്യപ്രദേശ് (9.6 ), രാജസ്ഥാൻ (9.8), തമിഴ്നാട് (4.7), ആന്ധ്രപ്രദേശ് (4.52), മഹാരാഷ്ട്ര (4.52). അളവിൽ കുറവിലാണെങ്കിലും നമ്മുടെ സംസ്ഥാനത്തും എള്ളു കൃഷിയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ എള്ളു കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആലപ്പുഴ കൊല്ലം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണൽനിലങ്ങളാണ്.

മാഞ്ഞു, മാഞ്ഞില്ല

തിരുവിതാംകൂറിന്റെ ധാന്യപ്പുരകളായിരുന്ന ഓണാട്ടുകരയിലെ ഇരുപ്പുനിലങ്ങൾ ചരിത്രത്തിന്റെ ഏടുകളിലേക്കു മായാൻ തുടങ്ങിയതോടെയാണ് എള്ളു കൃഷിയും അപകടത്തിലായത്. എന്നാൽ കാർഷിക സർവകലാശാലയുടെ കായംകുളത്തെ ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മാതൃകാ എള്ളു കൃഷി നടപ്പിലാക്കിയതോടെ എള്ളു കൃഷി വീണ്ടും സജീവമായി. പഴയ പ്രതാപത്തിലേക്കു പൂർണമായും എത്തിയില്ലെങ്കിലും എള്ളു കൃഷിക്കു പുത്തൻ ഉണർവു നേടാൻ ഇതു സഹായകമായി.

അധികമുള്ള എള്ളിൻ തൈകൾ പറിച്ചു കളയുന്നു

എള്ളുൽപാദനം ഉയർത്തുവാൻ അത്യുൽപാദനശേഷിയുള്ള ഇനങ്ങളും ശാസ്ത്രീയ കൃഷി പരിപാലനമുറകളും കർഷകരിലെത്തിക്കുകയും പ്രതികൂല കാലാവസ്ഥയിൽ പോലും വിളവർധന കർഷകർക്കു ലഭിക്കുകയും ചെയ്തു. ഇത് ഓണാട്ടുകരയിലെ കർഷകർ എള്ളു കൃഷിയിലേക്കു തിരിച്ചെത്തുന്നതിനും കാരണമായി. ഓണാട്ടുകരയിൽ മൂന്നാം വിളയായാണു പരമ്പരാഗതമായി എള്ളു കൃഷി ചെയ്യുന്നത്.

മൂന്നാം വിളയായി നെൽപ്പാടങ്ങളിൽ എള്ള് കൃഷി ചെയ്യുമ്പോൾ പരിസ്ഥിതിക്കും ഗുണങ്ങളുണ്ട്. മണ്ണിൽ ലഭ്യമായ പോഷക മൂല്യങ്ങളും ജലാംശവും ഉപയോഗിച്ചാണ് എള്ളു വളരുന്നത്. മൂന്നാം വിളയായി എള്ളു കൃഷി ചെയ്യുമ്പോൾ കർഷകന് അധിക വരുമാനത്തിനു പുറമേ മണ്ണിനെയും തുടർന്നുള്ള നെൽകൃഷിക്ക് ഉതകുന്ന മിത്രകീടങ്ങളെയും പരിപോഷിപ്പിക്കാനും കഴിയും.

എള്ളെണ്ണ ശ്രേഷ്ഠം

എള്ളെണ്ണയ്ക്കു മലയാളിയുടെ മനസ്സിൽ ഉയർന്ന സ്ഥാനമാണുള്ളത്. എണ്ണകളിൽ ഏറ്റവും ശ്രേഷ്ഠമായവയിൽ ഒന്ന് എള്ളെണ്ണയാണ് എന്ന തിരിച്ചറിവാണു കാരണം. എള്ളിൽ 50 ശതമാനം എണ്ണയും 25 ശതമാനം മാംസ്യവുമാണ് അടങ്ങിയിരിക്കുന്നത്. ധാരാളം അപൂരിത കൊഴുപ്പുമുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ചപ കൂടുതൽ ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇൗ രാസഘടകങ്ങളാണ് എള്ളെണ്ണയുടെ ഔഷധ മൂല്യം വർധിപ്പിക്കുന്നത്.

അളവിൽ കുറവ്

വിളവിന്റെ അളവു നോക്കിയാൽ കേരളം എള്ളിന്റെ ഉൽപാദനക്ഷമതയിൽ പിറകിലാണ്. വളക്കുറവുള്ള സ്ഥലത്തു കൃഷി ചെയ്യുന്നതും അശാസ്ത്രീയമായ കൃഷി രീതികൾ അവലംബിക്കുന്നതും വേനൽ മഴ വേണ്ടപ്പോൾ ലഭിക്കാത്തതുമാണു കേരളത്തിൽ എള്ളു കൃഷിയെ പിറകോട്ടു വലിക്കുന്നത്.

എള്ളു കൃഷിയിൽ ഉൽപാദനം വർധിപ്പിക്കാനുള്ള ശാസ്ത്രീയ കൃഷി രീതികളും ഓണാട്ടുകരയ്ക്കു യോജിച്ച എള്ളിനങ്ങളും ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ഇനങ്ങളെ പേര്, വിള ദൈർഘ്യം (ദിവസം), ഹെക്ടറിലെ വിളവ് കിലോ, എന്നീ ക്രമത്തിൽ പരിചയപ്പെടാം.

1. കായംകുളം–1, 80, 300
2. തിലക് 84, 642
3. തിലധാര 78, 572
4. തിലറാണി 77, 580

മണ്ണും കാലവും

വെള്ളം കെട്ടിക്കിടക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായ മണ്ണാണ് എള്ളു കൃഷിക്ക് അനുയോജ്യം. കരക്കൃഷി ഓഗസ്റ്റ്–ഡിസംബർ മാസങ്ങളിലും വയൽ കൃഷി ജനുവരി–ഏപ്രിൽ മാസങ്ങളിലും ചെയ്യാം. കരപ്പാടങ്ങളിൽ മൂപ്പു കൂടിയ ഇനങ്ങളും നെൽപ്പാടങ്ങളിൽ മൂപ്പു കുറഞ്ഞ ഇനങ്ങളുമാണു കൃഷിക്കു യോജിച്ചത്.

വിത്തും വിതയും

വളരെ ചെറിയ വിത്തായതിനാൽ നിലം നല്ലവണ്ണം ഉഴുതശേഷം കട്ടകൾ ഉടച്ചു കളകളും മറ്റും നീക്കം ചെയ്തു മണ്ണ് പരുവപ്പെടുത്തിയശേഷം വേണം കൃഷിയിറക്കാൻ. നിലം നല്ലവണ്ണം നിരപ്പായിരിക്കണം. അടിവളമായി ചാണകമോ കംപോസ്റ്റോ ഹെക്ടറിന് അഞ്ച് ടൺ എന്ന അളവിൽ ചേർക്കുക. എള്ളു വിതയ്ക്കുമ്പോൾ അധികം ഇൗർപ്പം പാടില്ല.

ഒരു ഹെക്ടർ സ്ഥലത്തു വിതയ്ക്കാൻ അഞ്ചു കിലോ വിത്ത് മതിയാകും. വിത്ത് എല്ലാ സ്ഥലത്തും ഒരു പോലെ വീഴത്തക്കവിധം വിതറണം. വിതച്ച ശേഷം പല്ലിച്ചെരുപ്പ് ഉപയോഗിച്ചു മണ്ണിളക്കണം. ജലാംശം നിലനിർത്തുന്നതിനു തടി ഉപയോഗിച്ചു മണ്ണ് അമർത്തണം. ടില്ലർ ഉപയോഗിച്ച് ഒന്നാം ചാൽ താഴ്ത്തി ഉഴുതതിനു ശേഷം എള്ള് വിതച്ച് രണ്ടാം ചാൽ അധികം താഴ്ത്തിയല്ലാതെ പൂട്ടി പല്ലിട്ട് തടി ഇടുന്ന രീതിയും അനുവർത്തിക്കാം.

പരിപാലനം

വിതച്ചതിനു ശേഷം പതിനഞ്ചാം ദിവസം ആദ്യ ഇടയിളക്കലും ഇരുപത്തഞ്ചാം ദിവസം രണ്ടാമത്തെ ഇടയിളക്കലും നടത്തേണ്ടതാണ്. ആദ്യത്തെ ഇടയിളക്കുന്ന സമയത്തു തൈകൾ 15–25 സെന്റീമീറ്റർ അകലത്തിൽ നിലനിർത്തി അധികമുള്ള തൈകൾ നശിപ്പിക്കണം. മറ്റു വിളകളെ അപേക്ഷിച്ചു പൊതുവെ രോഗകീട ബാധ എള്ളിനു കുറവാണ്.

കൊച്ചു തൂമ്പ ഉപയോഗിച്ച് എള്ളിന്റെ ഇടയിളക്കുന്നു

വിളവെടുപ്പ്

ഇലകൾ മഞ്ഞനിറം ബാധിച്ചു കൊഴിഞ്ഞു തുടങ്ങുകയും കായ്കൾ മഞ്ഞനിറമാവുകയും താഴത്തെ കായ്കൾ വിളഞ്ഞു പൊട്ടുവാൻ തുടങ്ങുകയുമാണു വിളവെടുക്കുവാൻ പാകമായതിന്റെ ലക്ഷണം. രാവിലെയാണു ചെടികൾ പിഴുത് എടുക്കേണ്ടത്. ചെടിയുടെ ചുവടുഭാഗം മുറിച്ചു കളഞ്ഞതിനു ശേഷം ചെറിയ കെട്ടുകളാക്കി മൂന്നു നാലു ദിവസം തണലത്ത് അടുക്കിവയ്ക്കുക.

പിന്നീട് ഇലകൾ കുടഞ്ഞു നാലു ദിവസം വെയിലത്ത് ഉണക്കുക. ചെറിയ കമ്പ് ഉപയോഗിച്ച് അടിച്ച് ഓരോ ദിവസവും വിത്തു പൊഴിച്ച് എടുക്കാം. ആദ്യത്തെ ദിവസം കിട്ടുന്ന എള്ള് വിത്തിന് ഉപയോഗിക്കാം. വിത്ത് വൃത്തിയാക്കി വെയിലത്ത് ഉണക്കി മൺകുടം, പോളിത്തീൻകൂട്, തകര ടിൻ എന്നീ സംഭരണികളിൽ സൂക്ഷിക്കാവുന്നതാണ്.

ഗവേഷണ വഴി

ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ എള്ളിന്റെ വിവിധ ഗവേഷണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും ഇവിടെ 140 ഇനങ്ങളുടെ ജനിതക ശേഖരമുണ്ടെന്നും പ്രോജക്റ്റ് ഡയറക്ടർ ഡോ. പി. സുഷമകുമാരി പറഞ്ഞു. വേനൽക്കാല നെൽപ്പാടങ്ങൾക്ക് അനുയോജ്യമായതും ഉണക്കിനെ അതിജീവിക്കുവാൻ കഴിയുന്നതുമായ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളെ കണ്ടെത്തുക, കരക്കൃഷിക്ക് അനുയോജ്യമായ ഇനങ്ങൾ വികസിപ്പിക്കുക, ജലാംശത്തെ ചെറുക്കാൻ കഴിവുള്ള ഇനങ്ങളെ കണ്ടെത്തുക, ഓണാട്ടുകരയുടെ തനതായ ഇനങ്ങളുടെ ഉൽപാദനശേഷി വർധിപ്പിക്കുക തുടങ്ങിയ ഗവേഷണ പ്രവർത്തനങ്ങളും നടന്നു വരുന്നതായി അവയ്ക്കു നേതൃത്വം നൽകുന്ന പ്രഫ. സൂസമ്മ പി. ജോർജ്, ഡോ. എം. ഇന്ദിര, ഡോ. ജി. സുജ, ഡോ. എം.ആർ. ബിന്ദു എന്നിവർ പറഞ്ഞു.

ദേശസൂചികാ പദവി

ഓണാട്ടുകരയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എള്ളിനു ഗുണമേന്മയും ഒൗഷധ ഗുണവും വളരെ മെച്ചപ്പെട്ടതിനാൽ ദേശസൂചികാ പദവി (geographical indication) ലഭിക്കാൻ കേരള കാർഷിക സർവകലാശാലയും ഓണാട്ടുകര മേഖലാ ഗവേഷണ കേന്ദ്രവും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് എള്ളിന്റെ ശോഭനമായ ഭാവിക്കു ഉണർത്തുപാട്ടായി മാറുമെന്നാണു പ്രതീക്ഷ.