ചെറായിക്കാരുടെ ചെറുതല്ലാത്ത സ്വപ്നം

ചെറായിയിലെ അക്വാപോണിക്സ് കർഷകരായ ശശിധരനും ദിലീപും സഹകരണ ബാങ്ക്-എംപിഇഡിഎ അധികൃതർക്കൊപ്പം. ചിത്രം: കെ.സി. സൗമിഷ്

എറണാകുളം ജില്ലയിലെ ചെറായി കടപ്പുറം സഞ്ചാരപ്രേമികളുടെ ഇഷ്ടതീരമാണ്. എന്നാൽ ചെറായി ഉൾപ്പെടുന്ന പള്ളിപ്പുറം ഗ്രാമം ഇനി ശ്രദ്ധിക്കപ്പെടുക രാജ്യത്തെ പ്രഥമ അക്വാപോണിക്സ് ഗ്രാമമെന്ന നിലയിൽ കൂടിയായിരിക്കും. എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറിയും മീനും ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി നൂറ് അക്വാപോണിക്സ് യൂണിറ്റുകൾ സ്ഥാപിക്കുകയാണ് ഇവിടുത്തെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്.

ഏതാനും വർഷങ്ങളായി കാർഷിക കേരളത്തിന്റെ പാഷനും ഫാഷനുമൊക്കെയാണ് അക്വാപോണിക്സ്. നാലോ അഞ്ചോ ചുവട് പച്ചക്കറിയും അമ്പതോളം മീനുകളുമുള്ള ചെറുയൂണിറ്റ് മുതൽ വിഷരഹിത പച്ചക്കറിയും മീനും വിൽപന നടത്തി വരുമാനം കണ്ടെത്തുന്ന വാണിജ്യസംരംഭങ്ങൾ വരെ ഈ രംഗത്തുണ്ട്. വിഷാംശമില്ലാതെ വീട്ടുവളപ്പിൽ പച്ചക്കറിക്കൃഷി നടത്തുന്നതിനുള്ള ആധുനിക കൃഷി സമ്പ്രദായമാണിതെന്നു വാഴ്ത്തപ്പെടുമ്പോൾതന്നെ മുടക്കുമുതൽ അനുസരിച്ച് ഉൽപാദനം നടത്താനുള്ള അക്വാപോണിക്സിന്റെ ശേഷിയെ സംശയിക്കുന്നവരും ഏറെയുണ്ട്. വലിയ മുതൽമുടക്കുള്ള ഈ കൃഷിരീതി പ്രദർശനപരവും സമ്പന്നർക്കുമാത്രം ചേരുന്നതുമാണെന്ന വാദത്തെ തള്ളിക്കളയുകയാണ് പള്ളിപ്പുറം ബാങ്കും ഇവിടുത്തെ പച്ചക്കറി കർഷകരും. ഇതിനകം അമ്പതിലേറെ വീടുകളിൽ യൂണിറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞ ചെറായി, നഗരങ്ങളിലെ സാധാരണക്കാർക്കും അക്വാപോണിക്സ് സാധ്യമാണെന്നു തെളിയിക്കുന്നു.

വായിക്കാം ഇ - കർഷകശ്രീ

തീരദേശ ഗ്രാമമായ ചെറായിയിൽ കൃഷി വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ. എന്നാൽ ഈയിടെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നടപ്പാക്കിയ പദ്ധതിയിലൂടെ 2500 കുടുംബങ്ങളാണ് വിഷമില്ലാത്ത പച്ചക്കറി ഉൽപാദനത്തിലേക്കു കടന്നുവന്നത്. സാങ്കേതിക–സാമ്പത്തിക–വിപണന പിന്തുണ നൽകി ഇവരെ കൃഷിയിൽ സജീവമായി നിലനിർത്താനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സത്യൻ മയ്യാറ്റിൽ പറഞ്ഞു. ഇപ്രകാരം ജൈവപച്ചക്കറി ഉൽപാദനത്തിലേക്കു കടന്നുവന്നവരിൽ മുന്നൂറോളം പേർ മികച്ച കൃഷിക്കാരായി മാറിക്കഴിഞ്ഞു. സുരക്ഷിത ഭക്ഷണം വീട്ടിൽ തന്നെയെന്ന ലക്ഷ്യത്തിന്റെ അടുത്ത ഘട്ടമായാണ് ബാങ്ക് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടി(എംപിഇഡിഎ)യുമായി ചേർന്ന് അക്വാപോണിക്സ് ഗ്രാമം രൂപീകരിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. പദ്ധതിയിൽ ചേരുന്നവർക്ക് അക്വാപോണിക്സ് പരിശീലനത്തിനു പുറമേ 15000 രൂപയുടെ പലിശരഹിത വായ്പയും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തുക 15 മാസങ്ങൾകൊണ്ട് അടച്ചു തീർത്താൽ‌ മതിയാവും. ആദ്യം ചേർന്ന 36 പേർക്ക് ഇരുപതിനായിരം രൂപ നൽകിയിരുന്നു. എംപിഇഡിഎയാണ് ഇവർക്കാവശ്യമായ മത്സ്യവിത്തും തീറ്റയും ജലനിലവാരം അളക്കുന്ന കിറ്റും സാങ്കേതിക പരിശീലനവും നൽകിയത്. ഗിഫ്റ്റ് തിലാപ്പിയയെ വളർത്തുന്നതിനുള്ള ലൈസൻസും ഇവിടുത്തെ കൃഷിക്കാർ നേടിയിട്ടുണ്ട്. സാധാരണക്കാരുടെ വീടുകളിലും നല്ല മീനും പച്ചക്കറിയും അക്വാപോണിക്സിലൂടെ ഉൽപാദിപ്പിക്കാമെന്ന് ഈ സംരംഭം തെളിയിക്കുന്നതായി എംപിഇഡിഎ ജലക്കൃഷി കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എം. ഷാജി പറഞ്ഞു.

എല്ലാ വീടുകളിലും പച്ചക്കറിക്കൃഷിയെന്ന ലക്ഷ്യത്തിനായി പള്ളിപ്പുറം ബാങ്ക് നടത്തുന്ന പ്രചരണങ്ങൾ ഏറെ ശ്രദ്ധേയമാണ്. ജൈവ പച്ചക്കറിക്കൃഷി എന്തിനെന്ന തലക്കെട്ടിൽ ഇവർ പ്രസിദ്ധീകരിച്ച കണക്ക് ശ്രദ്ധിക്കൂ.

ഒരു വീട്ടിൽ ഒരു ദിവസം പച്ചക്കറിക്കു ചെലവാക്കുന്ന തുക 25 രൂപയെന്നു കണക്കാക്കിയാൽ ഒരു മാസം 750 രൂപയുടെ പച്ചക്കറി വാങ്ങേണ്ടിവരും. ഇപ്രകാരം ഒരു വർഷം പച്ചക്കറിയിനത്തിൽ ഒരു കുടുംബത്തിനു ചെലവാകുന്നത് 12x750 = 9000 രൂപയാണ്. പള്ളിപ്പുറത്തെ പതിനായിരം കുടുംബങ്ങളിൽ സ്വന്തമായി പച്ചക്കറി ഉൽപാദനം തുടങ്ങിയാൽ 9000 x 10000 = ഒമ്പതുകോടി രൂപ ലാഭിക്കാമെന്നു ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ കാൽശതമാനം കീടനാശിനികൾക്കു വേണ്ടിവരുന്ന ചെലവാണെന്നു കണക്കാക്കിയാൽ പോലും ആഹാരത്തിലെ വിഷാംശത്തിനു വിലയായി പള്ളിപ്പുറത്തുകാർ രണ്ടേകാൽലക്ഷം രൂപ നൽകേണ്ടി വരുന്നതായി ബാങ്ക് സെക്രട്ടറി കെ.എം. മേരി പറഞ്ഞു.

ദിലീപും ഭാര്യ ദീപയും മട്ടുപ്പാവിലെ അക്വാപോണിക്സ് യൂണിറ്റിനു സമീപം. ചിത്രം: കെ.സി. സൗമിഷ്

ഗ്രാമത്തിലെ ആദ്യ അക്വാപോണിക്സ് കൃഷിക്കാരിലൊരാളായ ശശിധരൻ 14000 ലീറ്റർ ടാങ്കിൽ 1500 മത്സ്യങ്ങളെ നിക്ഷേപിച്ച് നൂറു ചുവട്ടിലധികം പച്ചക്കറി കൃഷി ചെയ്യുന്നു. മൂന്നര മാസമായപ്പോഴേക്കും കുളത്തിലെ തിലാപ്പിയ മത്സ്യങ്ങള്‍ 250 ഗ്രാം തൂക്കം വച്ചുകഴിഞ്ഞു. പടവലവും ചീരയും കോളിഫ്ലവറുമൊക്കെ വീട്ടാവശ്യത്തിനു ശേഷം വിൽക്കാനും കഴിയുന്നു. മറ്റൊരു സംരംഭകനായ കൊറശേരിൽ ദിലീപ്കുമാറും ഭാര്യ ദീപയും മട്ടുപ്പാവിൽ അക്വാപോണിക്സിന്റെ വ്യത്യസ്ത ശൈലികൾ പരീക്ഷിക്കുന്നുണ്ട്. ഐബിസി ടാങ്കിൽ ഗിഫ്റ്റ് തിലാപ്പിയ ആറു മാസംകൊണ്ട് 350 ഗ്രാം വരെ തൂക്കമെത്തിയ സന്തോഷമാണ് ഇവർക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത്. മറ്റൊരു സംരംഭകയായ ധന്യ മട്ടുപ്പാവിലാണ് അക്വാപോണിക്സ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ വിലയുള്ള ഐബിസി ടാങ്കുൾപ്പെടെ മൊത്തം പതിനയ്യായിരം രൂപയിലേറെ ചെലവ് വന്നു. പള്ളിപ്പുറത്തെ തന്നെ അക്വാപോണിക്സ് കൃഷിക്കാരായ ശശിധരനും ദിലീപുമാണ് പല നവസംരംഭകർക്കും ഐബിസി ടാങ്ക് ഉപയോഗിച്ച് അക്വാപോണിക്സ് യൂണിറ്റ് സെറ്റ് ചെയ്ത് നൽകിയത്. മറ്റൊരു അക്വാപോണിക്സ് സംരംഭകനായ ബിജു കുര്യാക്കോസ് ഫൈബർ ടാങ്കുകളും ട്രേകളും നിർമിച്ചുനൽകുന്നുണ്ട്. അടുത്ത കാലത്ത് ഈ രംഗത്തേക്കു വന്ന കുമാർ ചെലവ് കുറഞ്ഞ ഫിൽറ്റർ സംവിധാനങ്ങൾ പരീക്ഷിക്കുകയാണ്. കൂടുതൽ ആളുകൾ അക്വാപോണിക്സിലേക്കു വരുന്നതു വഴി ഇത്തരത്തിലുള്ള മെച്ചപ്പെടുത്തലുകൾക്ക് സാധ്യത കൂടുന്നുണ്ടെന്ന് ഷാജി ചൂണ്ടിക്കാ‍ട്ടി. നല്ല മീനും പച്ചക്കറിയും വീട്ടിൽതന്നെ കിട്ടുന്ന പദ്ധതി കുടുംബാംഗങ്ങൾക്ക് പകർന്ന ആവേശം ചെറുതല്ലെന്നു ധന്യ ചൂണ്ടിക്കാട്ടി. അധികമുള്ള പച്ചക്കറി ബാങ്കിന്റെ ജൈവവിപണിയിൽ എത്തിക്കും. പത്തു കിലോ പടവലങ്ങ മാത്രം ഈ യൂണിറ്റിൽനിന്നു കിട്ടിയിട്ടുണ്ട്. കൂടാതെ മുളക്, ചീര എന്നിവയുമുണ്ട്. മത്സ്യങ്ങളുടെ തീറ്റച്ചെലവ് തുച്ഛമാണ്, രണ്ടാഴ്ചത്തേക്ക് ഒരു കിലോ മതിയാവും–ധന്യ പറഞ്ഞു.

ഫോൺ– 0484 2480454, 9495603133 (ദിലീപ്)