Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളയെങ്കിൽ കാങ്കേയം

soundaram-ramasamy-kangeyam-bull-keeper ശിങ്കാരവേലനൊപ്പം സൗന്ദരം

സുന്ദരം രാമസ്വാമിയുടെ നോവലുകളിൽ കണ്ടു പരിചയമുള്ള ഏതോ തമിഴ് ഗ്രാമീണസ്ത്രീയുടെ ഛായയുണ്ട് സൗന്ദരം രാമസ്വാമിക്ക്. മെല്ലിച്ചതെങ്കിലും ദൃഢവും ഗൗരവം നിറഞ്ഞതുമായ മുഖം. അളന്നു കുറിച്ചു മാത്രം വാക്കുകൾ. ഇടുപ്പിൽ കുത്തിവച്ചിരിക്കുന്ന പഴയ നോക്കിയ ഫീച്ചർ ഫോണിലേക്ക് ആരോ വിളിച്ചപ്പോഴും സംഭാഷണം കാര്യമാത്രപ്രസക്തം.

ശിങ്കാരവേലൻ മേയുന്ന വിജനഭൂമിയിലേക്ക് സൗന്ദരം നടന്നു. കൂടെ തനി തമിഴ് കർഷകന്റെ തലേക്കെട്ടുമായി ഭർത്താവ് രാമസ്വാമിയും. വേനലിൽ വരണ്ടുണങ്ങി കിടക്കുന്ന മണ്ണ്. വേലിച്ചെടികൾ അതിരിട്ട രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഏക ഛത്രാധിപതിയെ പോലെ ശിങ്കാരവേലൻ. സൗന്ദരത്തിന്റെ അരുമയായ കാങ്കേയം കാളക്കൂറ്റൻ.

സൗന്ദരത്തിനൊപ്പം അപരിചിതരെ കണ്ട് ശിങ്കാരവേലൻ രൂക്ഷമായി നോക്കി. അപ്രീതിയോടെ ഒരു ചുവടു മുന്നോട്ടാഞ്ഞു. അതുകണ്ട് രാമസ്വാമി രണ്ടു ചുവട് പിന്നോട്ടു വച്ചു, സൗന്ദരം നാലു ചുവടു മുന്നോട്ടും. അവരുടെ മുഖത്ത് വാൽസല്യം ഓളം വെട്ടി. മെല്ലിച്ച കൈകൾ ശിങ്കാരവേലന്റെ മുഖത്തു തഴുകി, പിന്നെ ചെവിയിൽ എന്തോ മന്ത്രിച്ചു. അതോടെ അവൻ ആശ്രമ മൃഗത്തെപ്പോലെ ശാന്തനായി.

വായിക്കാം ഇ - കർഷകശ്രീ

ശിങ്കാരവേലൻ കനപ്പിച്ചൊന്ന് ഊതിയാൽ പറന്നു പോകും സൗന്ദരം. എന്നിട്ടും തെല്ലു കൂസലില്ലാതെ, താഴെ കുനിഞ്ഞിരുന്ന് കാളയുടെ മുൻകാലുകൾ രണ്ടും കൂട്ടിക്കെട്ടിയിരുന്ന ചകിരിക്കയർ അവർ അഴിച്ചുമാറ്റി. ‘‘മുൻകാലുകൾ കൂട്ടിക്കെട്ടിയ ശേഷമേ മേയാൻ വിടൂ. അല്ലെങ്കിൽ അപരിചിതർ വന്നാൽ അവരെ ഓടിച്ചിട്ടു കുത്തും’’, ശിങ്കാരവേലന്‍ കേൾക്കരുത് എന്ന കരുതലോടെ രാമസ്വാമി മന്ത്രിച്ചു.

soundaram-ramasamy-with-kangeyam-bull സൗന്ദരം മുൻകാലുകളിലെ കെട്ടഴിച്ചു മാറ്റുമ്പോൾ അനുസരണയോടെ നിൽക്കുന്ന രജനിയെന്ന കാങ്കേയം

സ്വതന്ത്രനായതിൽ സന്തോഷവാനായ അവൻ സൗന്ദരത്തോടു ചേർന്നു നിന്നു. രാമസ്വാമി കുടുംബനാഥന്റെ ഗൗരവത്തോടെ തുടര്‍ന്നു, ‘‘കാളകളെ പോറ്റിവളർത്തുന്നതൊക്കെ സൗന്ദരത്തിന്റെ വകുപ്പാണ്. അമ്മാവെ മാത്രമെ അവർ അനുസരിക്കൂ. അത്രയേറെ വാൽസല്യമുണ്ട് അവരോടു സൗന്ദരത്തിനും. വിരലുകൾകൊണ്ട് സൗന്ദരം വിസിലടിച്ചാൽ നായ്ക്കുട്ടികളെപ്പോലെ അവർ ഓടി അരികിലെത്തും. ലക്ഷണമൊത്ത കാങ്കേയം കാളക്കുട്ടികളെ കണ്ടെത്തി വാങ്ങുകയാണ് എന്റെ ഉത്തരവാദിത്തം.’’

‘‘ബാക്കി സമയമൊക്കെ ഭക്ഷണവും ഉറക്കവും’’, സൗന്ദരത്തിന്റെ ചുണ്ടിൽ അവിചാരിതമായി ചിരിയും തമാശയും വിരിഞ്ഞു. പിന്നെ അവർ തന്നെ വിശദീകരിച്ചു. കുടുംബത്തിന്റെ മുഖ്യ വരുമാനം രാമസ്വാമിയുടെ മുരിങ്ങക്കൃഷിയാണ്. ഏക്കറുകൾ വരുമത്. അതേസമയം കാങ്കേയത്തിന്റെ വിത്തുകാളകളെ ഉപയോഗിച്ചുള്ള പ്രജനനത്തിലൂടെ മികച്ച വരുമാനം സൗന്ദരവും നേടുന്നു.

ജെല്ലിക്കെട്ട് കാളൈ

പൊള്ളാച്ചി, ധാരാപുരം, മൂലനൂർ വഴി സഞ്ചരിച്ച് തലയൂർ പിരിവ് സ്റ്റോപ്പിൽ വണ്ടിയിറങ്ങിയാൽ സൗന്ദരത്തിന്റെ വീട്ടിലെത്താം. തമിഴ്നാട്ടിലെ സാമാന്യം സാമ്പത്തികശേഷിയുള്ള കർഷക കുടുംബംതന്നെയെന്നു വെളിപ്പെടുത്തുന്ന വീട്. കൃഷിയും മാടുവളർത്തലുമാണ് കുടുംബത്തിന്റെ കുലത്തൊഴിൽ.

soundaram-and-ramasamy-with-kangeyam-bull സൗന്ദരത്തിന്റെയും രാമസ്വാമിയുടെയും വാത്സല്യം നുകരുന്ന കാളക്കുട്ടന്മാർ

കാങ്കേയത്തിന്റെ വിത്തുകാളകളെ പരിപാലിക്കൽ തുടങ്ങുന്നത് 25 കൊല്ലം മുമ്പ്. വീട്ടിലുണ്ടായ ഒരു കാങ്കേയം മൂരിക്കുട്ടൻ ലക്ഷണമൊത്തത് എന്നു കണ്ടപ്പോൾ വിൽക്കാൻ മനസ്സു വന്നില്ല. കറുപ്പൻ എന്നു പേരിട്ട് അവനെ സൗന്ദരം ഓമനിച്ചുവളർത്തി. മുതിർന്നപ്പോൾ ഇണചേർക്കാനായി അവനെത്തേടി പശുക്കളുമായി മറ്റു കൃഷിക്കാർ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽ സ്വാഭാവിക പ്രജനനം വിലക്കിയിട്ടില്ലാത്തതിനാൽ ലക്ഷണമൊത്ത കാങ്കേയം കാളകൾക്ക് ആവശ്യക്കാർ വർധിച്ചു.

തമിഴ്നാട്ടിലിന്ന് ആകെയുള്ളത് ഒന്നേകാൽ ലക്ഷത്തിൽ താഴെ കാങ്കേയങ്ങൾ മാത്രമാണ്. തിരുപ്പൂർ ഉൾപ്പെടുന്ന കൊങ്കുനാടാണ് തമിഴ്നാടിന്റെ തനതിനമായ കാങ്കേയത്തിന്റെ ജന്മദേശം. മരുഭൂമിയിൽ ഒട്ടകം എന്നപോലെ കടുത്ത വരൾച്ചയിലും അസാമാന്യ അതിജീവനശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് കാങ്കേയത്തിന്റെ കരുത്ത്.

ജലക്ഷാമവും വരൾച്ചയും കൂടുതലുള്ള പ്രദേശമാണ് കൊങ്കുനാട്. പരിമിത നന മാത്രം ആവശ്യമുള്ള മുരിങ്ങ ഇവിടെ മുഖ്യവിളയായതിനു കാരണവും മറ്റൊന്നല്ല. ഈ കാലാവസ്ഥതന്നെയാണ് കാങ്കേയത്തെ മുമ്പ് കർഷകരുടെ മിത്രമാക്കിയതും.

നാടൻ ഇനങ്ങൾക്കു പൊതുവായുള്ളതുപോലെ കാങ്കേയം പശുക്കള്‍ക്കും പാൽ കുറവാണ്. അതിനാൽ പതിനഞ്ചും ഇരുപതും ലീറ്റർ കറവയുള്ള സങ്കരയിനങ്ങൾ പ്രചാരത്തിലായപ്പോൾ ആളുകൾ കാങ്കേയത്തെ കൈവിട്ടു. ട്രാക്ടർ വന്നതോടെ ഉഴവുകാളകളും വേണ്ടാതായി. കരുത്തും ആക്രമണോൽസുകതയും കൂടുമെന്നതിനാൽ ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന നാടൻ ഇനങ്ങളിൽ കാങ്കേയവും മുൻനിരയിലുണ്ടായിരുന്നു. 2006ൽ ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ച് ജെല്ലിക്കെട്ട് നിരോധിച്ചതോടെ കാങ്കേയമടക്കമുള്ള നാടൻ ജനുസ്സുകളെ പോറ്റുന്നവരുടെ എണ്ണം കുറഞ്ഞു. 2014ൽ സുപ്രീം കോടതിയും ജെല്ലിക്കെട്ടിനു മൂക്കുകയറിട്ടു. എന്നാൽ തമിഴ് സ്വത്വത്തിന്റെ ദ്രാവിഡമുദ്രയുള്ള ജെല്ലിക്കെട്ടിനെ തിരിച്ചുപിടിക്കാനായി ഈയിടെ നടന്ന പ്രക്ഷോഭം കാങ്കേയത്തെ വീണ്ടും താരമാക്കിയിരിക്കുന്നു.

രാമസ്വാമി– സൗന്ദരം ദമ്പതിമാർ പക്ഷേ ലാഭനഷ്ടങ്ങൾ നോക്കാതെ, തറവാടിന്റെ അഭിമാനമെന്നവണ്ണം എന്നും വിത്തുകാളകളെ പരിപാലിച്ചിരുന്നു. ഇതിനിടെ ജൈവകൃഷിയുടെയും നാടൻ പശുക്കളുടെയുമെല്ലാം പ്രചാരകർ തമിഴ്നാട്ടിലും വർധിച്ചതോടെ എണ്ണത്തിൽ കുറവായ കാങ്കേയങ്ങൾക്ക് നമ്മുടെ നാട്ടിൽ വെച്ചൂർ പശുവിനെന്നപോലെ മൂല്യം വർധിച്ചു. നാടൻ പശുക്കളുടെ പാൽ, സങ്കര ഇനങ്ങളുടെ പാലിനെക്കാൾ പലമടങ്ങ് വിശിഷ്ടവും വിലപിടിച്ചതുമായ ‘A 2 മിൽക്’ എന്ന് കീർത്തി നേടി. കാങ്കേയത്തിന്റെ കാലം തെളിഞ്ഞു. മികച്ച വിത്തുകാളയ്ക്കു പ്രിയമേറിയതോടെ സ്ഥിരവരുമാനവും വന്നുതുടങ്ങി.

കിലോമീറ്ററുകൾ അകലെനിന്നുപോലും വാഹനത്തിൽ പശുക്കളുമായി ആളുകൾ ഇന്ന് സൗന്ദരത്തിന്റെ വീട്ടിലെത്തുന്നു. ഇണചേർക്കാൻ 500 രൂപയാണ് സൗന്ദരം ഈടാക്കുന്നത്. ചില ദിവസങ്ങളിൽ 7–8 പശുക്കൾ വരെ എത്തും. ഏഴു വിത്തുകാളകളാണുള്ളത്. അഴകിലും ആരോഗ്യത്തിലും വീര്യത്തിലും ഇവ ഒന്നിനൊന്നു മെച്ചം.

നിറത്തിന്റെ അടിസ്ഥാനത്തിൽ മയിലൈ (silver), വെള്ളൈ (white), സെവലൈ (red), കാരി (black) എന്നിങ്ങനെ മുഖ്യമായും നാലിനമുണ്ട് കാങ്കേയം. നാലിനത്തിലുംപെട്ട മിടുമിടുക്കന്മാർ സൗന്ദരത്തിന്റെ ശേഖരത്തിലുണ്ട്. കാങ്കേയത്തിന്റെ ലക്ഷണങ്ങൾ കൈവെള്ളയിലെന്നപോലെ എണ്ണിയെണ്ണി പറയാൻ കഴിവുള്ള രാമസ്വാമി കണ്ടെത്തിയ ഈ കാളക്കൂറ്റന്മാർക്ക് ഇന്നു പലരും ലക്ഷങ്ങൾ വില പറയുന്നു.

എന്നാൽ ഇവരെ വിൽക്കുക എന്നത് അമ്മയ്ക്കു ചിന്തിക്കാൻപോലും കഴിയില്ലെന്നു സൗന്ദരത്തിന്റെ മകൻ വീരസ്വാമി. പതിനേഴു വർഷം പോറ്റി വളർത്തിയ കറുപ്പനെ തീർത്തും ആരോഗ്യം ക്ഷയിച്ചപ്പോൾ വിൽക്കേണ്ടി വന്ന കഥ വീരസ്വാമി ഓർമിച്ചു. തന്നെ വിൽക്കാൻ പോവുകയാണെന്നറിഞ്ഞ കറുപ്പൻ ഭക്ഷണം ഉപേക്ഷിച്ചത്രെ. കയറു കൈമാറുമ്പോൾ കറുപ്പനും സൗന്ദരവും കണ്ണീർ തൂകി. കറുപ്പനെ പിരിഞ്ഞ ദുഃഖത്തിൽ ദിവസങ്ങളോളം അവർ ഉപവാസമിരുന്നു. അതെ, കാങ്കേയം സൗന്ദരത്തിന് വെറും ലാഭവഴിയല്ല, മക്കളെപ്പോലെ അണച്ചു പിടിക്കുന്ന അരുമകളാണ്.