Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലത്ത് മൃഗങ്ങൾക്ക് വിഷബാധയേൽക്കാതെ നോക്കാം; ഇവ ശ്രദ്ധിക്കൂ!

cow-stable-in-rain Representative image

പുല്ലുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവയോടൊപ്പം വളരുന്ന ചില ചെടികളും ഘടകങ്ങളും വിഷബാധയ്ക്കു കാരണമാകും. രോഗലക്ഷണങ്ങൾ മാത്രം കണക്കാക്കി രോഗനിർണയം നടത്തുക എളുപ്പമല്ല. കഴിച്ചതിന്റെ ബാക്കിയുള്ള ഭക്ഷണം പരിശോധിക്കുക, മേഞ്ഞ സ്ഥലം സന്ദർശിക്കുക, ഛർദിയിലോ വിസർജ്യത്തിലോ കാണുന്ന പദാർഥങ്ങൾ പഠന വിധേയമാക്കുക എന്നിവകൂടി പരിഗണിച്ചാണ് ചികിത്സ ആരംഭിക്കേണ്ടത്.

ലക്ഷണങ്ങൾ

ക്ഷീണം, വിശപ്പില്ലായ്മ, വയറുകമ്പനം, രക്തം കലർന്നതും ദുർഗന്ധമുള്ളതുമായ മലമൂത്ര വിസർജനം, വയറുവേദന, ശ്വാസംമുട്ട്, പല്ല്കടി, കൃഷ്ണമണി വികസിക്കുക, അപസ്മാര സമാനമായ വിറയലും ഉമിനീരൊഴുക്കും, തളർന്നുവീഴുക എന്നിവയാണ് പൊതുലക്ഷണങ്ങൾ.

ഉമ്മം: മൂന്ന് അടിവരെ ഉയരംവയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ചന്ദ്രപുഷ്പം എന്നുകൂടി അറിയപ്പെടുന്ന ഇവയുടെ തണ്ടിനും ഇലയ്ക്കും ദുർഗന്ധമുള്ളതിനാൽ സാധാരണ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ വൈക്കോൽ, മറ്റ് തീറ്റപ്പുല്ലുകൾ എന്നിവയുടെ കൂടെ കഴിക്കാനിടവന്നാൽ വിഷബാധയേൽക്കും. വിഷഘടകം: അട്രോപ്പിൻ

കൊങ്ങിണി: സപുഷ്പിയായ അതിനിവേശ ചെടിയായ ഇവ മിക്കവാറും എല്ലാ സാഹചര്യങ്ങളിലും എല്ലായിടത്തും കാണപ്പെടുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ തഴച്ചുവളരും. വിഷഘടകം: ലന്റാഡിൻ എ

എരുക്ക്: ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തിൽ സമൃദ്ധിയായി വളരുന്ന കുറ്റിച്ചെടിയാണ്. ഇവയുടെ കായ പൊട്ടുമ്പോഴാണു അപ്പൂപ്പൻ താടികൾ പുറത്തേക്കു വരുന്നത്. ഇവയിലുള്ള വെള്ളക്കറയാണ് അപകടകാരി.

കാഞ്ഞിരം: ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരക്കാഞ്ഞിരം, വള്ളിക്കാഞ്ഞിരം എന്നീ രണ്ടിനങ്ങളും കേരളത്തിൽ നാട്ടിലും കാട്ടിലും കാണപ്പെടുന്നു. വിഷഘടകം: സ്ട്രിക്ക് നിൻ

കുന്നി: ഉയരങ്ങളിൽ പടർന്നുവളരുന്ന വള്ളിച്ചെടിയാണ്. ഇതിന്റെ വേരിനും ഇലയ്ക്കും മധുര രസമുള്ളതിനാൽ രുചിച്ചുനോക്കിയാൽ പിന്നെ ഭക്ഷണമാക്കും. വിഷഘടകം: ആബ്രിൻ

മഞ്ഞയരളി: ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഈ നിത്യഹരിത സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ ശേഷിയുണ്ട്. വെളുത്ത കറ പുറപ്പെടുവിക്കുന്ന ഈ ചെടിയുടെ എല്ലാ ഭാഗവും വിഷമയമാണ്. വിഷഘടകം: നീരിയോഡറിൻ, കരാബിൻ

ടാവി: ബ്രാക്കൺ ഫേൺ എന്നറിയപ്പെടുന്ന ഇവ കരിങ്കൽ ഭിത്തികളിലും തോട്ടിറമ്പിലും പാടവരമ്പത്തും മറ്റും ധാരാളമായി കാണുന്നു. ഇവ ഉള്ളിൽച്ചെന്നാൽ, അസുഖ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങാൻ ചിലപ്പോൾ രണ്ടോ മൂന്നോ മാസമെടുക്കും. ചികിത്സ ഫലപ്രദമല്ല. വിഷഘടകം: ഗ്ലൈക്കൊസൈഡ്

tapioca-cassava കപ്പച്ചെടി

റബർ, കപ്പ: ചെടികൾ വളരുന്നതിന്റെ ആദ്യഘട്ടങ്ങളിലും വീണുകിടക്കുന്ന ഇലകളിലും വിഷാംശം കൂടും. കറയ്ക്ക് മധുരരസമുള്ളതിനാൽ കൂടുതൽ ഭക്ഷിക്കാറുണ്ട്. വിഷഘടകം: ഹൈഡ്രോസയനൈഡ്

പൂപ്പൽ: സൂര്യപ്രകാശമേൽക്കാതെ അടച്ച് സൂക്ഷിക്കുന്ന കാലിത്തീറ്റ ഘടകങ്ങളിൽ ആണ് കണ്ടുവരുന്നത്. തീറ്റ കട്ടപിടിക്കുകയോ മണത്തിനും രുചിക്കും വ്യത്യാസം വരികയോ ചെയ്യും.

മറ്റ് കാരണങ്ങൾ

യൂറിയ: തീറ്റപ്പുൽ കൃഷിയിടങ്ങളിൽ വിതറുന്ന വളം കട്ടപിടിച്ച് കിടക്കുകയോ വളച്ചാക്കുകൾ തീറ്റച്ചാക്കുകൾക്കു സമീപം സൂക്ഷിക്കുകയോ ചെയ്യുമ്പോൾ.

പാമ്പ്കടി: മേഞ്ഞ് നടക്കുമ്പോൾ മൂക്ക്, കൈകാലുകൾ, കഴുത്ത് എന്നിവിടങ്ങളിൽ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്.

കോപ്പർ: കൃഷിയിടങ്ങളിലെ പൂപ്പൽ ബാധയ്ക്കെതിരെയും ഒച്ചിനെ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുമ്പോഴും ധാതുലവണ മിശ്രിതങ്ങൾ അളവിൽകൂടുതൽ നൽകുമ്പോഴും വിഷബാധയ്ക്കു സാധ്യത കൂടും.

ഈയം: പെയിന്റ്, പുട്ടി, പഴയ ബാറ്ററികൾ എന്നിവ ശ്രദ്ധയില്ലാതെ സൂക്ഷിക്കുന്നതുമൂലം. വ്യവസായ കേന്ദ്രങ്ങൾക്ക് സമീപം ഉള്ളവയ്ക്ക് സാധ്യത കൂടും.

∙ അണുനശീകരണത്തിനുപയോഗിക്കുന്ന ഫീനോൾ, സിങ്ക്, ഫോസ്ഫറസ് എന്നിവയടങ്ങിയ എലിവിഷം, ഫ്ലൂറിൻ അടങ്ങിയ പരാദ മരുന്നുകൾ, ഓക്സലേറ്റുകൾ അടങ്ങിയ സവാള, അമരാന്തസ് തുടങ്ങിയവ, കല്ലുപ്പ്, ഇന്ധനങ്ങളായ പെട്രോൾ, മണ്ണെണ്ണ, ഡീസൽ എന്നിവ ആകസ്മികമായി കഴിക്കുന്നതുമൂലവും അപകടസാധ്യതയുണ്ട്.

ശ്രദ്ധിക്കുക

വിഷാംശം ഉള്ളിൽച്ചെന്നാൽ, വയറിളക്കുന്നതിനു എപ്സം ഉപ്പ് അല്ലെങ്കിൽ നേർപ്പിച്ച ആവണക്കെണ്ണ എന്നിവ നൽകുക, രണ്ടോ, മൂന്നോ കപ്പ് കരിക്കട്ട പൊടിച്ച് അരക്കുപ്പി വെള്ളത്തിൽ കലക്കി സാവധാനം നൽകുക എന്നിവ പ്രഥമശുശൂഷയായി ചെയ്യാം. എത്രയും വേഗം അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിമരുന്ന് നൽകണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബിജു ജെ. ചെമ്പരത്തി (പബ്ലിക് റിലേഷൻ ഓഫിസർ, മൃഗസംരക്ഷണവകുപ്പ്, ഇടുക്കി)