ആടിനെ വളര്‍ത്താനിറങ്ങും മുന്‍പ് അവയെ ബാധിക്കാനിടയുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. രോഗങ്ങൾ വരാതെ നോക്കാനും വന്നാലത് ഉടന്‍ തിരിച്ചറിയാനും വിദഗ്‌ധ ചികിത്സ യഥാസമയം ഉറപ്പാക്കാനും ഇതു സഹായിക്കും. ആടുവസന്ത, ആടുവസൂരി, അകിടുവീക്കം, ടെറ്റനസ് /വില്ലുവാതം, കുടൽ വിഷബാധ, കുരലടപ്പൻ, ന്യൂമോണിയ,

ആടിനെ വളര്‍ത്താനിറങ്ങും മുന്‍പ് അവയെ ബാധിക്കാനിടയുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. രോഗങ്ങൾ വരാതെ നോക്കാനും വന്നാലത് ഉടന്‍ തിരിച്ചറിയാനും വിദഗ്‌ധ ചികിത്സ യഥാസമയം ഉറപ്പാക്കാനും ഇതു സഹായിക്കും. ആടുവസന്ത, ആടുവസൂരി, അകിടുവീക്കം, ടെറ്റനസ് /വില്ലുവാതം, കുടൽ വിഷബാധ, കുരലടപ്പൻ, ന്യൂമോണിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടിനെ വളര്‍ത്താനിറങ്ങും മുന്‍പ് അവയെ ബാധിക്കാനിടയുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. രോഗങ്ങൾ വരാതെ നോക്കാനും വന്നാലത് ഉടന്‍ തിരിച്ചറിയാനും വിദഗ്‌ധ ചികിത്സ യഥാസമയം ഉറപ്പാക്കാനും ഇതു സഹായിക്കും. ആടുവസന്ത, ആടുവസൂരി, അകിടുവീക്കം, ടെറ്റനസ് /വില്ലുവാതം, കുടൽ വിഷബാധ, കുരലടപ്പൻ, ന്യൂമോണിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടിനെ വളര്‍ത്താനിറങ്ങും മുന്‍പ് അവയെ ബാധിക്കാനിടയുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. രോഗങ്ങൾ വരാതെ നോക്കാനും വന്നാലത് ഉടന്‍ തിരിച്ചറിയാനും വിദഗ്‌ധ ചികിത്സ യഥാസമയം ഉറപ്പാക്കാനും ഇതു സഹായിക്കും. ആടുവസന്ത, ആടുവസൂരി, അകിടുവീക്കം, ടെറ്റനസ് /വില്ലുവാതം,  കുടൽ വിഷബാധ, കുരലടപ്പൻ, ന്യൂമോണിയ, വായ്പ്പുണ്ണ്/ കുരിപ്പ്  എന്നീ സാംക്രമികരോഗങ്ങളാണ് ഇവയില്‍ പ്രധാനം. 

ആടുവസന്ത

ADVERTISEMENT

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആടുകളെ കൊണ്ടുവരുന്ന പ്രവണത കൂടിയതോടെയാണ് രോഗം വ്യാപകമായത്. ഇത് ‘ആടുകളിലെ പ്ലേഗ്’ എന്ന് അറിയപ്പെടുന്നു. ഏത് ഇനത്തിലും പ്രായത്തിലുമുള്ള  ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കാമെങ്കിലും 4 മാസത്തിനും 2 വയസ്സിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതൽ. മരണനിരക്ക് 85–90 ശതമാനംവരെയാകാം. വസന്ത ബാധിച്ച ആടുകള്‍ കാഷ്ഠത്തിലൂടെയും മറ്റു ശരീര സ്ര‌വങ്ങളിലൂടെയും രോഗാണുക്കളെ പുറന്തള്ളും. രോഗമുള്ള ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗാണുമലിനമായ തീറ്റസാധനങ്ങള്‍, കുടിവെള്ളം, ഫാം ഉപകരണങ്ങൾ, പാത്രങ്ങള്‍ എന്നിവ വഴി പരോക്ഷമായും രോഗവ്യാപനം നടക്കും. വായുവിലൂടെയാണ്  പ്രധാനമായും പകരുന്നത്. രോ ഗാണുക്കൾ ശരീരത്തില്‍ പ്രവേശിച്ച് ഒരാഴ്ചയ്ക്കകം ആടുകള് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തു ടങ്ങും. കടുത്ത പനി, ചുമ, തീറ്റമടുപ്പ്, കണ്ണില്‍നിന്നും മൂക്കില്‍നിന്നു സ്രവം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന തുടര്‍ച്ചയായ വയറിളക്കം, ശ്വസനതടസ്സം, മൂക്കില്‍നിന്ന് കട്ടിയായി സ്രവം, തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. 

വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ വരികയും കണ്ണുകള്‍ ചുവന്നു പഴുക്കുകയും ചെയ്യും. ചെനയുള്ള ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാൽ കോളിഫോം, കുരലടപ്പൻ, കോക്സീഡിയൽ രക്താതിസാരംപോലുള്ള പാർശ്വാണു ബാധകൾക്കും സാധ്യതയുണ്ട്. ശ്വസനതടസ്സവും ന്യുമോണിയയും മൂര്‍ച്ഛിച്ചാവും മരണം. വൈറസ്  രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. അസുഖം വന്നാല്‍ പാർശ്വ അണുബാധ കുറയ്ക്കാനുള്ള ആന്റിബയോട്ടിക്കുകൾ, നിർജലീകരണം തടയാനുള്ള ചികിത്സ, വായ്പ്പുണ്ണ്  മാറാനുള്ള ആന്റിസെപ്റ്റിക് ലേപനങ്ങൾ  എന്നിവയാണ് പ്രതിവിധി. ആടുവസന്തയെ പ്രതിരോധി ക്കാനായി മൃഗസംരക്ഷണവകുപ്പ് ഗോരക്ഷാപദ്ധതിയിൽ സൗജന്യ കുത്തിവയ്പു നൽകിവരുന്നുണ്ട്. പി‌പിആർ സെൽകൾച്ചർ വാക്സീന്‍ ആടുവസന്ത പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.  

രോഗം സംശയിക്കുന്ന ആടുകളെ പ്രത്യേകം  മാറ്റിപ്പാർപ്പിച്ചു പരിചരിക്കണം. രോഗബാധ കണ്ടെ‌ത്തിയ പ്രദേശത്തുനിന്ന് ആടുകളെ വാങ്ങുന്നതും തീറ്റസാധനങ്ങൾ ശേഖരിക്കുന്നതും ഒഴിവാക്കണം. പുതിയ ആടുകളെ ഫാമുകളിലേക്കു കൊണ്ടുവരുമ്പോൾ മൂന്നാഴ്ച പ്രത്യേകം  മാറ്റിപ്പാർപ്പിക്കണം.  രോഗബാധയില്ലെന്ന് ഉറപ്പാക്കി പ്രതിരോധ കുത്തിവയ്പുകൾ നൽകിയതിനു ശേഷം മാത്രമേ മറ്റ് ആടുകൾക്കൊപ്പം ചേർക്കാവൂ. നിരീക്ഷണ കാലയളവിൽ മുട്ടനാടുകളെ പ്രജനനത്തി ന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാമുകളിലേക്ക് ആടുകളെ കൊണ്ടുവരുമ്പോഴും മറ്റ് ഫാമുകളിലേക്ക് ആടുകളെ കൊണ്ടുപോവുമ്പോഴും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണം. ഈ വൈറസുകൾ പെട്ടെന്ന് സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്നതിനാൽ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരമാവധി സൂര്യപ്രകാശവും കാറ്റും കിട്ടുന്ന തരത്തിൽ ക്രമീകരിക്കുകയും വേണം. തീറ്റപ്പാത്രങ്ങൾ ,മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ സാധാരണ അണുനാശിനിയായ ലൈസോൾ, ഫെനോൾ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ് . 

ആടുവസൂരി

ADVERTISEMENT

രോഗം ബാധിച്ച ആടുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ അവയുടെ ഉമിനീര്, മൂക്കിൽനിന്നുള്ള സ്രവം, തൊലിപ്പുറത്തുനിന്ന് അടർന്നുവീണ പൊറ്റ തുടങ്ങിയവ യിൽ കൂടി രോഗം പടരാം . വായുവിൽക്കൂടിയും പകരാം. പെട്ടെന്നുള്ള പനി, കണ്ണിൽനിന്നും  മൂക്കിൽനിന്നും സ്രവം, ഉമിനീരൊലിപ്പ്, വിശപ്പില്ലായ്മ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. 2–3 ദിവസത്തിനുള്ളിൽ തൊലിപ്പുറത്ത്, വിശേഷിച്ച് രോമമില്ലാത്ത ഭാഗങ്ങളിൽ  ചെറിയ കുരുപ്പ് ഉണ്ടാവും. വായ, നാസാദ്വാരങ്ങൾ, ചെവി, അകിട്, മുലക്കാമ്പ് എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇവ കാണുന്നത്. ത്രീവമാകുമ്പോൾ ശ്വാസതടസ്സം ഉണ്ടാവുകയും, മരണപ്പെടുകയും ചെയ്യും. വേനൽക്കാലത്തു രോഗം മൂർച്ഛിക്കാറുണ്ട്. എല്ലാ പ്രായത്തിലുള്ള ആടുകളെയും ബാ ധിക്കാറുണ്ടെങ്കിലും 3 മാസത്തിൽ താഴെയുള്ളവയില്‍ മരണനിരക്ക് കൂടും. വൈറസ് രോഗ മായ തിനാൽ പാർശ്വാണുബാധ തടയാനുള്ള മരുന്നുകൾ നൽകുന്നതാണ് ചികിത്സ. രോഗനിയ ന്ത്രണത്തിനായി രോഗപ്രതിരോധ കുത്തിവയ്പുണ്ട്.  സാധാരണ ഈ കുത്തിവയ്പ്  എടുക്കാറി ല്ലെങ്കിലും  രോഗം കാണുന്ന  സാഹചര്യത്തിൽ   രോഗപ്പകർച്ച തടയാനായി  ആരോഗ്യമുള്ള ആടുകൾക്ക് കുത്തിവയ്പ് എടുക്കാം. അസുഖം ബാധിച്ചവയെ മാറ്റിപ്പാർപ്പിക്കുകയും കൂടും പരിസര വും ബ്ലീച്ചിങ് പൌഡർ, കുമ്മായം മുതലായവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതുമാണ്. 

അകിടുവീക്കം

പാലുൽപാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റല്‍, ജമുനാപാരി ഇനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത. പശുക്കളെ അപേക്ഷിച്ച്  'ഗാംഗ്രിനസ് മാസ്റ്റൈറ്റിസ്' എന്നറിയപ്പെടുന്ന തീവ്രരൂപത്തിലുള്ള അകിടുവീക്കമാണ് ആടുകളില്‍ കാണുന്നത്. അകിട് വീര്‍ത്തു കല്ലിക്കുമെങ്കിലും വേദനയില്ല. അകിടിന്റെ നിറം ക്രമേണ നീലയാകുകയും തണുത്തു മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. ആദ്യം പാൽ പച്ചവെള്ളംപോലെയാകും. പിന്നീട് ചോരതന്നെ വരുന്നതായും കാണാം. ആടുകളിൽ മാരകമായതിൽ  അകിടുവീക്കം  വരാതെ നോക്കണം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ വിദഗ്‌ധ ചികിത്സ തേടണം. അകിടിൽ പാൽ കെട്ടിനിൽക്കാൻ അനുവദിക്കരുത്. പൂർണമായും കറക്കണം. കൂടും പരിസരവും അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കണം. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു നുള്ളു പൊട്ടാസിയം പെര്‍മാംഗനേറ്റ് ക ലർത്തി അതില്‍ അകിട് കഴുകി ടിഷ്യു പേപ്പറോ വൃത്തിയുള്ള ടവലോകൊണ്ട് നനവ് ഒപ്പയെടുക്കേണ്ടതാണ്. കറവയ്ക്കു ശേഷവും കുട്ടികൾ കുടിച്ചതിന് ശേഷവും മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ 20 സെക്കൻഡ് മുക്കിവയ്ക്കണം. കറന്നയുടന്‍ ആട് തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ കറവയ്ക്കു  ശേഷം കൈത്തീറ്റയോ, വൈക്കോലോ നല്‍കണം. അകിടുവീക്കം തടയാൻ രോഗപ്രതിരോധശേഷി കൂട്ടുന്ന വൈറ്റമിൻ സിറപ്പുകൾ 5 മില്ലി വീതം  ദിവസവും  നല്‍കാം. അകിടിൽ ഉണ്ടാവുന്ന ചെറിയ പോറൽപോലും ഗൗരവത്തോടെ എടുത്തു കൃത്യമായി ചികിത്സിക്കണം. 

കുടൽവിഷബാധ

ADVERTISEMENT

തീറ്റയിൽ വരുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങളും ദഹനക്കേടും പലപ്പോഴും കുടലിൽ രോഗാണുക്കൾ പെരുകുന്നതിനും. വിഷം പുറന്തള്ളുന്നതിനും കാരണമാവും. ധാന്യങ്ങൾ, പഴം-പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയ അന്നജം കൂടുതൽ അടങ്ങിയ തീറ്റകൾ ധാരാളമായി നൽകുന്നതും കുടലിൽ രോഗാണുവിനു പെരുകാൻ സാഹചര്യമൊരുക്കും. നല്ല ആരോഗ്യമുള്ള ആടുകളിൽ വളരെ പെട്ടെന്നാണ് രോഗം കാണുക. നടക്കുമ്പോൾ വേച്ചുപോകലും വിറയലും വെള്ളം പോലെ വയറിളകുന്നതും അതിൽ രക്താംശം കാണുന്നതും രോഗലക്ഷണങ്ങളാണ്. ആടുകൾ വളരെ പെട്ടെന്നു മരണപ്പെടും. രോഗപ്രതിരോധനത്തിനു  ഫലപ്രദമായ വാക്‌സീനുകൾ ലഭ്യമാണ്. തീറ്റ പെട്ടെന്നു മാറ്റാതിരിക്കുക. അന്നജം  അടങ്ങിയ തീറ്റകൾ കൂടുതൽ അളവിൽ കൊടുക്കാതിരിക്കുക. എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃത തീറ്റ കൃത്യമായ അളവിൽ നൽകുകയും വേണം. 

ടെറ്റനസ്/വില്ലുവാതം

ആഴമുള്ള  മുറിവുകൾവഴി ശരീരത്തിൽ കടന്നുകയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി ബാക്ടീരിയകളാണ് വില്ലുവാതത്തിനു കാരണം. വായ് തുറക്കാന്‍ പ്രയാസം , മാംസപേശികളുടെ ദൃഢത, കൈകാലുകൾ ദൃഢമായി വടിപോലെയിരിക്കുക , ചെവിയും വാലും  ബലമായി  കുത്തനെനില്‍ക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ രക്ഷപ്പെടാന്‍  സാധ്യത കുറവാണ്.  ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല് നി ര്‍ബന്ധമായും ടെറ്റനസ്  പ്രതിരോധ കുത്തിവയ്പ് എടുക്കണം. ജനിച്ചുവീണ ആട്ടിന്‍കുട്ടികളുടെ പൊക്കിൾകൊടി അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കി പരിപാലിക്കേണ്ടതും ടെറ്റനസ് തടയാൻ പ്രധാനമാണ്.

കുരലടപ്പൻ

ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റു സാഹചര്യങ്ങളിലുമെല്ലാം പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീര സമ്മർദവും പലപ്പോഴും സ്വാഭാവിക പ്രതിരോധ ശേഷിയെ തളർത്തും. ഏതു കാലാവസ്ഥയിലും കുരലടപ്പൻ രോഗം പിടിപെടാമെങ്കിലും പൊതുവെ മഴക്കാലാരംഭത്തിലാണ് ഏറ്റവും സാധ്യത. ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. കടുത്ത പനി, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, തീറ്റയെടുക്കാതിരിക്കല്‍, വായില്‍നിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, മൂക്കിൽനിന്ന് കട്ടിയുള്ള സ്രവമൊലിക്കൽ, പാലുൽപാദനത്തില്‍ കുറവ്, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രക്തപരിശോധനവഴി കൃത്യമായ രോഗനിർണയം സാധ്യമാകും. രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് പാസ്ചുറല്ല രോഗം തടയാൻ  ഫലപ്രദമാണ്.

പുതിയ ആടുകളെ ഫാമുകളിലേക്കു കൊണ്ടുവരുമ്പോൾ മൂന്നാഴ്ച പ്രത്യേകം  മാറ്റിപ്പാർപ്പിക്കണം.  തുടർന്ന് രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിനു  ശേഷം മാത്രം  മറ്റാടുകൾക്കൊപ്പം ചേർക്കുക. അസുഖമുള്ളവയെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് പ്രധാനമാണ്. ശരീര സമ്മർദം ഉണ്ടാവാനിടയുള്ള സാഹ ചര്യങ്ങൾ ഒഴിവാക്കുന്നതും  മുഖ്യം. സമീകൃതാഹാരം ഉറപ്പാക്കുക. സ്ഥിരമായി രോഗബാധയുള്ള പ്രദേശങ്ങളിൽ  പ്രതിരോധ കുത്തിവയ്പ് നൽകണം. 

ന്യൂമോണിയ

ശ്വാസകോശത്തെ ബാധിക്കുന്ന ഈ  രോഗം പെട്ടെന്നു പടർന്നുപിടിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്നു. വായുവിൽ കൂടിയാണ് പകരുന്നത്. ദീർഘദൂര യാത്രാക്ഷീണം രോഗ സാഹചര്യം ഒരുക്കുന്നു. രോഗബാധിത പ്രദേശങ്ങളിൽനിന്ന്  ആടുകളെ കൊണ്ടുവരുന്നതു വഴിയാണ് ഈ രോഗം ഫാമിലെ  ആരോഗ്യമുള്ള ആടുകളെ  ബാധിക്കുന്നത്. ആടുകളിൽ  ശാരീരിക സമ്മർദം ഒഴിവാക്കാനായി വൈറ്റമിനുകളും  ധാതു ലവണ മിശ്രിതങ്ങളും കൊടുക്കേണ്ടതാണ്. പനി, മൂക്കൊലിപ്പ്, ചുമ, ശ്വാസം മുട്ടൽ,  പതയായ ഉമിനീരൊലിപ്പ്‌, മൂക്കിൽ നിന്നു പഴുപ്പ്, വായ തുറന്നു ശ്വാസം വിടൽ, ഇടയ്ക്കിടെ കിടക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗകാരിയെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സയുണ്ട്. രോഗനിയന്ത്രണത്തിനായി അസുഖമുള്ളവയെ മാറ്റിപ്പാർപ്പിക്കണം. കൂടും പരിസരവും അണുനശീകരണം ചെയ്യണം.  കൂടുകളിൽ  നല്ല വായുസഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട് .   

വായ്പ്പുണ്ണ്/വായിൽകുരുപ്പ്

പാരാ പോക്സ് എന്ന വൈറസ് ആണ് രോഗകാരി. ആട്ടിന്‍കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇതു മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ്. രോഗം ബാധിച്ച ചർമത്തിൽ കട്ടിയുള്ളതും തവിട്ടുനിറമുള്ളതും കറുത്തതുമായ കുരുപ്പുകൾ ഉണ്ടാവുന്നു. കലകൾ പ്രധാനമായും മുഖത്ത്, വിശഷിച്ച് വായയ്ക്കു ചുറ്റും , കൺപോള, നാസാരന്ധ്രങ്ങൾ എന്നിവിടങ്ങളിലാണ്  കാണുന്നത്. ചിലപ്പോൾ  അകിടിലും മുലക്കാമ്പിലും കാണാം. തീറ്റ കഴിക്കാനുള്ള  ബുദ്ധിമുട്ടു കാരണം  തീറ്റ മടുപ്പ്, മെലിയുക, ക്ഷീണം, നിർജലീകരണം എന്നിവയാണ് പ്രധാന  ലക്ഷണങ്ങൾ. പാർശ്വാണുബാധ കാരണം ചിലപ്പോൾ അകിടുവീക്കം, ശ്വാസ തടസ്സം, വയറിളക്കം തുടങ്ങിയവ വരാം. ഈ കലകൾ വേറെ അണുബാധ ഒന്നുമില്ലെങ്കിൽ 14  മുതൽ 21 ദിവസംകൊണ്ട് ഭേദമാകും. എന്നാൽ പാർശ്വാണുബാധ തടയാന്‍ ആന്റിബിയോട്ടിക്, നിര്‍ജലീകരണ ചികിത്സ എന്നിവ നൽകണം. കലകളിൽ ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടണം . അസുഖമുള്ള ആടുകളെ മാറ്റിപ്പാർപ്പിക്കണം. ഈ രോഗാണുക്കൾക്കു പൊഴിഞ്ഞു പോകുന്ന പൊറ്റകളിൽ  ഏകദേശം ഒരു വര്‍ഷംവരെ നിലനില്‍ക്കുമെന്നതിനാൽ കൂടും പരിസരവും, അനുബന്ധ ഉപകരണങ്ങൾ , തീറ്റപ്പാത്രം മുതലായവ  അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി വയ്ക്കണം.  

പ്രതിരോധ കുത്തിയ്പു നൽകുമ്പോൾ

ആരോഗ്യമുള്ള മൃഗങ്ങൾക്കു മാത്രം വാക്‌സീൻ നൽകുക, വാക്‌സീൻ കൊടുക്കുന്നതിന് ഒരാഴ്‌ച മുന്‍പു വിരയിളക്കുക. എല്ലാ ആടുകൾക്കും ഒരേ സമയം വാക്‌സീൻ നൽകുക. ശരിയായ ശീതനിലയിൽ സൂക്ഷിച്ച വാക്‌സീൻ നല്‍കുക.

ആടുകൾക്കുള്ള രോഗപ്രതിരോധ കുത്തിവയ്പുകള്‍

വിലാസം: അസിസ്റ്റന്റ് പ്രഫസർ , ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററിനറി എപിഡെമിയോളജി ആൻഡ് പ്രിവെന്റീവ് മെഡിസിൻ, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്.

ഫോണ്‍: 94964 00982

English summary: Common Diseases of Goats - Management and Nutrition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT