ജയകൃഷ്ണന്റെ അക്വാപോണിക്സ് കൃഷി

ജയകൃഷ്ണന്റെ അക്വാപോണിക്സ് കൃഷി

വളരെ കുറച്ചു സ്ഥലത്തുനിന്നു വളരെയേറെ മത്സ്യവും പച്ചക്കറികളും ഒരുമിച്ച് ഉൽപാദിപ്പിക്കാവുന്ന അക്വാപോണിക്സ് കൃഷിസമ്പ്രദായം കേരളത്തിലും പ്രചാരത്തിലാകുന്നു. ഇതു വിജയകരമായി ചെയ്യുകയാണ് പാലക്കാട് ജില്ലയിൽ പെരുമാട്ടി കൃഷിഭവൻ പരിധിയിൽ നന്ദിയോട് മേൽപാടം തങ്കത്തിൽ വീട്ടിൽ ജയകൃഷ്ണൻ.

ഹൈഡ്രോപോണിക്സും അക്വാപോണിക്സും തമ്മിൽ വളരെ ചെറിയ വ്യത്യാസമേയുള്ളൂ. ഹൈഡ്രോപോണിക്സിൽ രാസവസ്തു പ്രയോഗം വളരെ കൂടുതലാണ്. എന്നാൽ അക്വാപോണിക്സിൽ സുരക്ഷിത കൃഷിരീതിയാണ് അവലംബിക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ 

ഒരു ഘനമീറ്റർ വ്യാപ്തമുള്ള കൃത്രിമക്കുളത്തിൽ 150–200 മീനുകളെ വളർത്താം. ജിയോമെമ്പ്റെയ്ന്‍ (Geo membrane) ഷീറ്റ് (പോണ്ട് ലൈനർ) വിരിച്ചു വെള്ളം നിർത്തുന്ന കുളം പാരാബോള ആകൃതിയിലായിരിക്കും. അതായത്, മുകൾഭാഗത്തെ വീതി മൂന്നു മീറ്ററായിരിക്കെ ഏറ്റവും അടിയിൽ എത്തുമ്പോൾ ഒരടി വീതിയിലേക്കു ചുരുങ്ങും. മറ്റൊരു രീതിയിൽ പറഞ്ഞാൽ V ആകൃതിയിൽ എ‌ടുത്ത കുഴി പോണ്ട് ലൈനർ കൊണ്ടു നന്നായി വിതാനിക്കുന്നു. കുളത്തിന്റെ ഉപരിതലഭാഗത്തും ഇതു വിരിക്കും. ഒരു ഘനമീറ്റർ കുളത്തിന് ആറ് ചതുരശ്രമീറ്റർ സ്ഥലം ഫിൽട്രേഷൻ ബെഡ് എന്ന രീതിയിലാണ് പോണ്ട് ലൈനർ വിരിക്കേണ്ടത്. ഈ സ്ഥലത്താണ് പച്ചക്കറിക്കൃഷി. അതിനായി നന്നായി അണുനാശനം ചെയ്ത ആറ്റുമണൽ 1.5 അടി കനത്തിൽ വിരിക്കണം. പച്ചക്കറി കൃഷി ചെയ്യാൻ സാധാരണ മണ്ണു വേണ്ട. ആറ്റുമണലോ സിലിക്ക (വെള്ളാരങ്കല്ല്) പ്പൊടിയോ മതി. പാത്തി രൂപത്തിലാവണം ഇതു വിരിക്കേണ്ടത്. ഇത്രയും സംവിധാനങ്ങൾ ഒരു മഴമറയ്ക്കുള്ളിലായിരിക്കും. മീൻകുളവും പച്ചക്കറിക്കൃഷിയുമുൾപ്പെടെ 500 ചതുരശ്രമീറ്റർ (15 സെന്റ്) സ്ഥലത്താണ് ഈ ഫാം.

മീൻകുളത്തിന്റെ നീളം 30 മീറ്ററും വീതി മൂന്നു മീറ്ററും ആഴം രണ്ടു മീറ്ററും. ഇതിൽ പതിനായിരത്തോളം മീനുകൾ. സാധാരണഗതിയിൽ രണ്ടേക്കർ സ്ഥലത്തെ കുളത്തിൽ‌ നിക്ഷേപിക്കാവുന്നത്രയും മീനിനെയാണ് ഈ ചെറുകുളത്തിൽ വിട്ടിരിക്കുന്നത്. പക്ഷേ മീനുകൾക്ക് ഒരു വലിയ കുളമെന്ന തോന്നൽ ഇവിടെയുണ്ടാവും. കാരണം, ഒറ്റയടിക്ക് മത്സ്യങ്ങൾക്ക് 30 മീറ്റർ നീളത്തിൽ നീന്താനാവും. അതിനാൽ ഈ കുളത്തിലെ മീനുകൾക്ക് കൊഴുപ്പ് കുറവായിരിക്കും.

നാലാം മാസം മുതൽ വിളവെടുക്കാം. നാലു മാസമാവുമ്പോൾ ഒരു മീനിന് ശരാശരി 250 ഗ്രാം തൂക്കമെത്തും. അതിനായി നല്ല രീതിയിൽ തീറ്റ നൽകണം. തുല്യഅനുപാതത്തിൽ നന്നായി ഉണക്കിപ്പൊടിച്ച തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തവിട് എന്നിവയാണ് ഭക്ഷണം. ദിവസം മൂന്നുനേരം മത്സ്യങ്ങൾക്ക് തീറ്റ നൽകാം. രാവിലെ 6,10, ഉച്ചയ്ക്ക് ഒരു മണി എന്നിങ്ങനെ മൂന്നു പ്രാവശ്യം. ഉച്ചയ്ക്ക് മുമ്പ് ഭക്ഷണം നൽകൽ നിർത്തും.

ജയകൃഷ്ണനും കുടുംബവും വിളവെടുത്ത പച്ചക്കറികളുമായി

കുളത്തിൽ 60,000 ലീറ്റർ വെള്ളമാണ് നിറച്ചിരിക്കുന്നത്. സാധാരണ കിണർ വെള്ളം. ഇതിന്റെ അമ്ല–ക്ഷാരനില (പിഎച്ച്) എപ്പോഴും ഏഴ് എന്ന് ഉറപ്പാക്കണം. അത് പരിശോധിക്കാൻ പിഎച്ച് മീറ്ററോ, പിഎച്ച് സൊലൂഷനോ ഉപയോഗിക്കാം. മത്സ്യവിസർജ്യം മൂലം വെള്ളത്തിൽ അമോണിയം, നൈട്രൈറ്റ്, നൈട്രേറ്റ് എന്നീ ദോഷഘടകങ്ങൾ ഉണ്ടായേക്കാം. അതും പരിശോധിക്കണം. അതിനായി ഫ്രെഷ് വാട്ടർ മാസ്റ്റർ ടെസ്റ്റ് കിറ്റ് ലഭ്യമാണ്. ഇക്കാര്യത്തിൽ അക്വാപോണിക് സംരംഭകന് നല്ല വൈദഗ്ധ്യം ആവശ്യമുണ്ട്. അതിനാൽ തുടക്കത്തിൽ ഒരു പരിശീലകൻ ഉണ്ടാവണം. ജയകൃഷ്ണന്റെ പരിശീലകൻ ഇന്ത്യയിലെ ആദ്യത്തെ അക്വാപോണിക്സ് കർഷകനും വിദഗ്ധനുമായ വിജയകുമാർ നാരായണനാണ്.

കുളത്തിൽ ഓക്സിജൻ നൽകാൻ എയറേറ്റർ വേണം. ഒരിക്കൽ കുളത്തിൽ ജലം നിറച്ചാൽ പിന്നെ അതു മാറ്റില്ല. ഈ വെള്ളം തന്നെയാണ് മത്സ്യത്തിനും പച്ചക്കറികൾക്കും വേണ്ടത്. ഓക്സിഡേഷൻ നടത്താൻ ഒരു സെന്റിന് ഒരു കുതിരശക്തിയിൽ പ്രവർത്തിക്കുന്ന മോട്ടോറുള്ള എയറേറ്റർ വേണം. പുറമേ, കൃത്യമായി ഇതു പ്രവർത്തിക്കാൻ ഓട്ടോമാറ്റിക് ടൈമറും വേണം. കൂടാതെ, കുളത്തിന്റെ ദൂരം കണക്കാക്കി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സബ്മേഴ്സിബിൾ പമ്പുകൾ, പ്ലംബിങ് സംവിധാനം എന്നിവയും ക്രമീകരിക്കണം. ജയകൃഷ്ണന്റെ 30 മീറ്റർ കുളത്തിൽ എട്ടു പമ്പുകൾ ഉണ്ട്. അവയ്ക്കും ടൈമർ ഉണ്ട്. ഒന്നര മണിക്കൂർ ഇടവിട്ട് 15 മിനിറ്റ് നേരം കുളത്തിലെ വെള്ളം ഫിൽട്രേഷൻ ബെഡിലേക്കു പമ്പ് ചെയ്യും.

മത്സ്യങ്ങളുടെ വിസർജ്യം കലർന്ന വെള്ളമാണ് പമ്പ് ചെയ്യുന്നത്. വിസർജ്യം വളമാണ്. വെള്ളം തിരികെ കുളത്തിലേക്ക് ഊറിയിറങ്ങാൻ പ്രത്യേകം ഫിൽറ്റർ പൈപ്പുകളുമുണ്ട്. ഒരേ വെള്ളം ഇങ്ങനെ ചാക്രികമായി ഉപയോഗിച്ചുകൊണ്ടിരിക്കും. ഒരിക്കൽ വെള്ളം നിറച്ചാല്‍ വളരെ കുറച്ചു മാത്രമേ പിന്നീട് നിറയ്ക്കേണ്ടിവരുന്നുള്ളൂ.

കുളത്തിൽ സിൽവർ, ഗ്രാസ് കാർപ്പ് ഇനങ്ങൾ നന്നായി വളരും. കൂടാതെ, കാളാഞ്ചിയും തനത് ഇനമായ കൈതക്കൊരയും ആറ്റുകൊഞ്ചും നന്നായി വളരും. ഗംഗയിലെ വാഴപ്പഴം എന്നു വിളിക്കുന്ന ഗാഞ്ചറ്റിക് ബനാന ഇനവും വളർത്താം. ജയകൃഷ്ണന്‍ വളർത്തുന്നത് നൈൽ തിലാപ്പിയ ആണ്. പച്ചക്കറി ഏതും നന്നായി വളരും. തക്കാളിയും ചീരയും വഴുതനയും വെണ്ടയും സലാഡ് കുക്കുംബറും പുതിനയും പടവലവും കൃഷി ചെയ്തിരിക്കുന്നു. എല്ലാറ്റിനും നല്ല വിളവ്.

രാസവളമോ രാസകീടനാശിനിയോ നൽകിയാൽ അവ കലർന്ന വെള്ളം കുളത്തിലേക്ക് ഊർന്നിറങ്ങി മത്സ്യത്തിനു ഹാനികരമാകുമെന്നതിനാൽ തികച്ചും ജൈവരീതിയിലാണ് കൃഷി. കീട, രോഗ ബാധ തടയാൻ മഞ്ഞക്കെണി, നീലക്കെണി, ക്യൂലൂർ, സ്യൂഡോമോണാസ് ഫ്ളൂറസെൻസ്, ബ്യൂവേറിയ എന്നിവയൊക്കെയാണ് ഉപയോഗിക്കുക. പുഴുക്കളെ കണ്ടാൽ കൈകൊണ്ട് പിടിച്ച് കുളത്തിലേക്കു വിട്ട് മത്സ്യങ്ങൾക്ക് ആഹാരമാക്കും. പ്രതിദിനം 10,000 മീനുകളിൽനിന്ന് 600–700 ഗ്രാം വിസർജ്യം ഉണ്ടാവും. പച്ചക്കറികൾക്ക് ഇത്രയും വളം മതി. ഒരു കിലോ തൂക്കം വയ്ക്കാൻ ഒരു മീനിന് ആകെ നൽകേണ്ട തീറ്റ 1.300 ഗ്രാം മാത്രം. അതായത്, ചെലവു കുറഞ്ഞ സുരക്ഷിത കൃഷിരീതിയാണ് അക്വാപോണിക്സ്.

ഫോൺ: 94475 14851
ലേഖകന്റെ ഫോൺ: 94474 59071