കേരള വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്നു ഫാമിൽ ബ്രൂസല്ലോസിസ് എന്ന മാൾട്ടാപനി ബാധിച്ച നൂറോളം കന്നുകാലികളെ കൊന്നൊടുക്കേണ്ടിവന്നതു മാധ്യമങ്ങളിൽ പ്രധാന വാർത്തയായി. ക്ഷീര കര്‍ഷകർക്കു കനത്ത സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനാലും മനുഷ്യരിലേക്കു പകരുന്നതിനാലും ഈ വാർത്ത സമൂഹത്തിലാകെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന ഒട്ടേറെ മൃഗങ്ങൾ, സമുദ്ര സസ്തനികൾ തുടങ്ങി മനുഷ്യരിൽവരെ കാണുന്ന ഈ രോഗബാധ മധ്യപൂർവ്വേഷ്യ, മെഡിറ്ററേനിയൻ പ്രദേശം, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഏറെ വ്യാപകം. പശ്ചിമ, ഉത്തര യൂറോപ്പ്, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ രോഗവിമുക്തമാണ്.
ക്രിമിയൻ യുദ്ധകാലത്ത് 1853ൽ മാൾട്ടയിലാണ് ഈ രോഗം ആദ്യം കണ്ടത്. അതിനാൽ ഇതിനു മാൾട്ടാപനിയെന്നു പേരുണ്ടായി. ബാക്ടീരിയയാണ് രോഗഹേതുവെന്ന് ബ്രൂസ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897ൽ ബാങ് എന്ന ശാസ്ത്രജ്ഞൻ ബ്രൂസല്ല അബോർട്ടസ് ബാക്ടീരിയയെ വേർതിരിച്ചതോടെ ബാങ്സ് രോഗം എന്ന പേരുമുണ്ടായി. മനുഷ്യനിൽ വരുന്ന രോഗത്തിനു മെഡിറ്ററേനിയൻ പനി, അൺഡുലന്റ് ഫീവർ, മാൾട്ടാപനി എന്നിങ്ങനെ ഒട്ടേറെ പേരുകളും ലഭിച്ചു. ഏതായാലും പൊതുവിൽ ബ്രൂസല്ലോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ബ്രൂസല്ല കുടുംബത്തിലെ വിവിധ വർഗങ്ങളിൽപ്പെട്ട ബാക്ടീരിയകളാണ് ഓരോ ജീവി വിഭാഗത്തിലും രോഗമുണ്ടാക്കുന്നത്. എന്നാലും മിക്ക ബ്രൂസല്ല ബാക്ടീരിയകളും ഒന്നിലേറെ ജീവിവർഗങ്ങളിൽ രോഗം വരുത്താൻ കഴിവുള്ളവയാണ്. ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയിൽ രോഗകാരണമാകുന്നത്. മൂന്നു ജീവികളിലെയും ബ്രൂസല്ല രോഗം ലോക മൃഗാരോഗ്യ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ രോഗബാധ ഉണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം. മൃഗങ്ങളിൽ പ്രത്യുൽപാദനവ്യൂഹത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗർഭമലസൽ, പ്രത്യുൽപാദന പരാജയം എന്നിവയാണ് ഇതിന്റെ ഫലങ്ങൾ.
ആദ്യത്തെ ഗർഭമലസലിനു ശേഷം കന്നുകാലികളിൽ വീണ്ടും ഗർഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങൾ പിന്നീട് ബാക്ടീരിയവാഹകരും സ്രോതസ്സുമായിത്തീരുന്നു.
പ്രസവസമയത്തോ, ഗർഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗമുള്ള മൃഗത്തിന്റെ ഗർഭപാത്ര, ജന്മസ്രവങ്ങളിൽ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയിൽ പ്രത്യേകിച്ച് തണുപ്പും ആർദ്രതയുമുള്ള പരിസ്ഥിതിയിൽ മാസങ്ങളോളം ഇവ നിലനിൽക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാർഗം രോഗം പകരുന്നു. അകിടിലും താമസമുറപ്പിക്കുന്നതിനാൽ ഇവ പാലിലും കാണപ്പെടും. കൂടാതെ, ചര്‍മത്തിലെ മുറിവുകൾ, ശ്ലേഷ്മസ്തരങ്ങൾ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നിപോലെ ഒട്ടേറെ വന്യജീവികൾ ഈ രോഗത്തിന്റെ സ്രോതസ്സ് ആയി വർത്തിക്കുന്നതിനാൽ രോഗം തുടച്ചുനീക്കാൻ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണചേരൽവഴിയും കന്നുകാലികളിൽ രോഗം പടരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (ആറാം മാസവും ശേഷവും) ആണ് ഗർഭമലസുക. സന്ധിവീക്കം, ലസികാഗ്രന്ഥി വീക്കം, മറുപിള്ള വീഴാതിരിക്കൽ, വന്ധ്യത, പാലുൽപാദനത്തിൽ കുറവ് എന്നിവയുമുണ്ടാകും. കന്നുകാലികളിൽ ഗർഭമലസൽവരെ മറ്റു രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗം ബാധിച്ചു മാസങ്ങൾ കഴിഞ്ഞാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മൂരികളിൽ വൃഷണങ്ങൾ വലുതാകും. മുട്ടിൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ. കുതിരകളിൽ പുറത്തോ, തലയുടെ പുറകിലോ മുഴകൾ കാണപ്പെടാം. ഗർഭമലസുകയോ, ദുർബലരായ, മൃതപ്രായരായ കുതിരക്കുട്ടികൾ ജനിക്കുകയോ ചെയ്യാം.
കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുൽപാദനശേഷിക്കുറവ്, ഗർഭമലസൽ, വന്ധ്യത, മറുപിള്ള വീഴാതിരിക്കൽ, പ്രായമെത്താതെയുള്ള ജനനം, ദുർബലരായ കുഞ്ഞുങ്ങൾ തുടങ്ങിയവയൊക്കെ കർഷകനു നഷ്ടം വരുത്തുന്നു. രോഗമുള്ള മൃഗത്തിന്റെ ശരീരഭാഗങ്ങളിൽ താമസമുറപ്പിച്ചു മറ്റു മൃഗങ്ങളിലേക്കു രോഗം പടർത്താൻ വിരുതരാണ് ഈ രോഗകാരികൾ.
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടർമാർ, ക്ഷീരകർഷകർ, അറവുശാലകളിലെ പണിക്കാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ലബോറട്ടറികളിൽ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ തുടങ്ങി ജോലിസംബന്ധമായി മൃഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. ഗർഭമലസിയ വിസർജ്ജ്യങ്ങൾ, മൂത്രം, ശവശരീരം, ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതൽ വേണം. പാസ്‌ചുറൈസ് ചെയ്യാതെയോ തിളപ്പിക്കാതെയോ പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നതും രോഗം വരുത്താം. നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോൽപന്നങ്ങൾ എന്നിവ വഴിയും രോഗബാധയുണ്ടാകാം.
ഇടയ്ക്കിടെ കൂടുകയും കുറയുകയും (വിശേഷിച്ച് രാവിലെയും വൈകുന്നേരവും കാണുന്ന) ചെയ്യുന്ന പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പ്ലീഹയുടെ വലുപ്പം കൂടുതൽ, ഉറക്കമില്ലായ്മ, തലകറക്കം തുടങ്ങിയവയാണ് മനുഷ്യരിൽ രോഗലക്ഷണങ്ങൾ. പുരുഷൻമാരിൽ വന്ധ്യതയും സ്ത്രീകളിൽ ഗർഭധാരണപ്രശ്നങ്ങളും ഉണ്ടാകാം.
കന്നുകാലികളിൽ ഗർഭമലസൽ (വിശേഷിച്ച് അവസാനഘട്ടത്തിൽ) കണ്ടാൽ രോഗബാധ സംശയിക്കണം. രക്തം, പാൽ എന്നിവ പരിശോധിച്ചു രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പിനുണ്ട്. രോഗം സ്ഥിരീകരിക്കാനുള്ള മാർഗരേഖ ലോക മൃഗാരോഗ്യ സംഘടന നൽകുന്നു. കർഷകർ പുതുതായി വാങ്ങുന്ന മൃഗങ്ങളിൽ പരിശോധന നടത്തണം. സ്ഥിരമായ രോഗബാധയുള്ള സ്ഥലത്ത് 4,8 മാസം പ്രായങ്ങളിൽ വാക്സിനേഷൻ നടത്താറുണ്ട്. രോഗം ഉറപ്പായാൽ മനുഷ്യത്വപരമായ മാർഗങ്ങള്‍ ഉപയോഗിച്ചു കൊല്ലുക എന്നതാണ് രോഗബാധ പടരുന്നതു തടയാനുള്ള പ്രധാനമാർഗം. അനസ്തീഷ്യ കൊടുത്തു മയക്കിയോ, മറ്റു നിർദിഷ്ട മാർഗങ്ങൾ ഉപയോഗിച്ച് (കാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ) മയക്കിയോ, വിദഗ്ധരുടെ മേൽനോട്ടത്തിൽ വേദനയറിയാതെ കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയോ, ഉയർന്ന മർദത്തിൽ ചൂടാക്കി വേവിച്ചു പൊടിക്കുന്ന റെൻഡിങ് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാൻ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാൽ, മാംസം തുടങ്ങിയവ തിളപ്പിച്ച് അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷം മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗർഭമലസിയാലും കൈകൊണ്ടു തൊടരുത്. രോഗസാധ്യത കൂടുതലുള്ള ജോലി ചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങളും സാമഗ്രികളും ഉപയോഗിക്കണം. ഗർഭാവശിഷ്ടങ്ങൾ, ഗർഭമലസിയതിന്റെ ബാക്കിഭാഗങ്ങൾ, മറുപിള്ള, മറ്റു വിസർജ്ജ്യങ്ങൾ എന്നിവ അയഡിൻ, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തിൽ കുഴിച്ചിടണം.
വിലാസം: അസി. പ്രഫസർ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ.
ഫോണ്‍: 9446203839