തരിശുഭൂമിയിൽ ചെണ്ടുമല്ലി പൂപ്പാടം

ഇഇസി മാർക്കറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് മേരി ബേബിയും ഉഷ ശശിധരനും ചേർന്നു നിർവഹിക്കുന്നു.

തരിശുഭൂമിയിൽ ചെണ്ടുമല്ലി പൂപ്പാടം തീർത്തു കർഷകൻ. മാതൃകാ കർഷകനുള്ള അവാർഡുകൾ നേടിയിട്ടുള്ള ദേവദാസാണ് മൂവാറ്റുപുഴ ഇഇസി മാർക്കറ്റിലെ തരിശുകിടന്ന ഭൂമിയിൽ ചെണ്ടുമല്ലിപൂക്കളുടെ മനോഹര കാഴ്ചയും സുഗന്ധവും നിറച്ചത്. ഇഇസി മാർക്കറ്റിൽ പരീക്ഷണാടിസ്ഥാനത്തിലാണു പൂകൃഷി ചെയ്തതെങ്കിലും കൗതുകം പകർന്നു നിറയെ ചെണ്ടുമല്ലികൾ വിരിയുകയായിരുന്നു. ചെണ്ടുമല്ലികൾ നിറയെ വിളഞ്ഞ പൂപ്പാടത്തിനു സമീപത്തു ദേവദാസ് ചെയ്ത പച്ചക്കറികൃഷിക്കും നൂറുമേനിയായിരുന്നു വിളവ്.

ഇഇസി മാർക്കറ്റിലെ വെറുതെ കിടന്നിരുന്ന സ്ഥലം പാട്ടത്തിനെടുത്താണു വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. കഴിഞ്ഞ തവണ ഇഇസി മാർക്കറ്റിൽ തന്നെ കണിവെള്ളരി കൃഷി ചെയ്ത് 10 ടണ്ണിന്റെ വിളവെടുത്ത ദേവദാസ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇക്കുറി ചെണ്ടുമല്ലിയും പച്ചക്കറികളും കൃഷി ചെയ്തു. ചെണ്ടുമല്ലി കൃഷിയിൽ മുൻപരിചയമില്ലെങ്കിലും പരീക്ഷണമെന്ന നിലയിൽ നടത്തിയ കൃഷി വൻ വിജയമായിരുന്നുവെന്നു ദേവദാസ് പറഞ്ഞു.

കുംഭഭരണിക്ക് ചെണ്ടുമല്ലി പൂപ്പാടത്ത് ഒന്നു കൂടി വിളവെടുപ്പു നടത്തും. മികച്ച കർഷകനുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കർഷകനായ ദേവദാസ്‌ വ്യത്യസ്തമായ കൃഷിരീതികളും കൃഷിയും പരീക്ഷിക്കുന്നയാളാണ്. കരിങ്കോഴി, പന്നി, കോഴി, ആട്, പശു, മൽസ്യം തുടങ്ങിയ കൃഷികളൊക്കെ ദേവദാസ് ചെയ്യുന്നുണ്ട്.

പൂർണമായും ജൈവ കൃഷിരീതിയാണു പൂക‍ൃഷിക്കും പച്ചക്കറികൃഷിക്കും ഉപയോഗിച്ചത്. കൃഷികളുടെ വിളവെടുപ്പ്‌ ഉദ്‌ഘാടനം മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ബേബി, മൂവാറ്റുപുഴ മുനിസിപ്പൽ അധ്യക്ഷ ഉഷ ശശിധരൻ എന്നിവർ ചേർന്നു നിർവഹിച്ചു.