വീടിന്റെ പൂമുഖത്ത് ഭംഗിയുള്ള ഉദ്യാനം ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിലേക്കു നടന്നു കയറുമ്പോൾ ചുറ്റും പൂച്ചെടികളും പുൽത്തകിടിയും അലങ്കാരവുമെല്ലാമുള്ള പൂന്തോട്ടം മനസ്സിനു കുളിർമയും സന്തോഷവും നല്‍കും. നഗരവാസികളിൽ പലർക്കും ഇത് എത്ര സുന്ദരമായ നടക്കാൻ പറ്റാത്ത സ്വപ്നം മാത്രമാണ്. വിശേഷിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക്.
ഇനി നഗരവാസികള്‍ക്കും പൂന്തോട്ടം അന്യമല്ല. കാരണം നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ബാൽക്കണി, പൂന്തോട്ടത്തിനുള്ള സ്ഥലമായി മാറുകയാണ്. ഏതു വലുപ്പത്തിലും ആകൃതിയിലുമുള്ള ബാൽക്കണിയാണെങ്കിലും ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി ഉദ്യാനം രൂപപ്പെടുത്താൻ കഴിയും.
ആകർഷകമായ അലങ്കാരച്ചട്ടികളിലും റാക്കുകളിലും നിലത്തും ഭിത്തിയിലും ഹാൻഡ് റെയിലിങ്ങിലുമായി പലതരം അലങ്കാരച്ചെട്ടികള്‍ നട്ട് ഇരിപ്പിടങ്ങളും ഒരുക്കി, ബാൽക്കണിയെ ഉദ്യാനമായി മാറ്റാം. വീട്ടുകാർക്കു രാപകൽ വ്യത്യാസമില്ലാതെ സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് ഈ കുഞ്ഞൻ ഉദ്യാനം. ചെടികളെല്ലാം ചട്ടിയിലോ പ്ലാന്റർ ബോക്സുകളിലോ നടുന്നതുകൊണ്ട് ഉദ്യാനത്തിന്റെ രൂപഘടന ആവശ്യാനുസരണം മാറ്റി ഇടയ്ക്കിടെ പുതുമയുണ്ടാക്കാനും കഴിയും.
നിലത്തു തയാറാക്കുന്ന ഉദ്യാനത്തിൽനിന്നു വ്യത്യസ്തമായി കളച്ചെടികളുടെ ശല്യമില്ല, കീടബാധ താരതമ്യേന കുറവായിരിക്കും. നനയാകട്ടെ, ചെടികളുടെ ആവശ്യത്തിനു മാത്രം മതി. ഓരോയിനം ചെടിക്കും യോജിച്ച നടീൽമിശ്രിതം തയാറാക്കി പരിപാലിക്കാമെന്ന മെച്ചവുമുണ്ട്. ബാൽക്കണിയിൽ ചെടികൾ എണ്ണത്തിൽ കുറവായതുകൊണ്ടു കൂടുതല്‍ ശ്രദ്ധയും പരിപാലനവും നൽകാനാവും. നിലത്തു മണ്ണിൽ നട്ടാൽ വലിയ ചെടിയായോ കൂട്ടമായോ മാറുന്ന മുള, പന എന്നിവയെ ചട്ടിയിലെ പരിമിത സാഹചര്യത്തിൽ വളർച്ച നിയന്ത്രിച്ചുനിർത്തി കുറേനാൾ പരിപാലിക്കാൻ കഴിയും. വീടിനുള്ളിൽ ശുദ്ധവായു സുലഭമാക്കാനും ബാൽക്കണി ഗാർഡൻ ഉപകരിക്കും.
തയാറാക്കുന്ന വിധം
ഏതൊരു ഉദ്യാനവുംപോലെ വ്യക്തമായ ലേ ഔട്ട് ബാൽക്കണി ഗാർഡനും വേണം. ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യതയനുസരിച്ചു വേണം ലേ ഔട്ടും ചെടികളും തീരുമാനിക്കാൻ. ഈ ഉദ്യാനത്തിൽ ചട്ടി, റാക്ക്, തൂക്കിയിടാൻ ഉപയോഗിക്കുന്ന വള്ളി ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും ആളുകളുടെ ശ്രദ്ധ ചെല്ലുമെന്നതിനാൽ ഇവയെല്ലാം സൂക്ഷ്മതയോടെ തിരഞ്ഞെടുക്കണം. ബാൽക്കണിയുടെ ഭിത്തികൾക്ക് ഇളം നിറമാണു യോജിച്ചത്. എങ്കിൽ മാത്രമേ ചട്ടിയും ചെടിയുമെല്ലാം കൂടുതൽ വ്യക്തമാകുകയുള്ളൂ. ചട്ടിയും റാക്കുമെല്ലാം തിളങ്ങുന്ന നിറങ്ങളുള്ളവയും ആകൃതികൊണ്ട് ആകർഷകവുമായിരിക്കണം.
നല്ല വളർച്ചയെത്തിയ ചെടികളാണു നടേണ്ടത്. നിത്യഹരിത സ്വഭാവമുള്ളവയാണ് ഇവിടേക്കു യോജിച്ചത്. നല്ല വലുപ്പമുള്ള ഇലകളോടുകൂടിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചെടികൾ വയ്ക്കുന്ന സ്ഥാനം നിർണയിക്കാൻ ആ ഭാഗത്തു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവു പരിഗണിക്കണം.
ശക്തമായി കാറ്റു വീശുന്ന ബാൽക്കണിയിൽ ഉയരമേറിയ ചട്ടികൾ വയ്ക്കുമ്പോൾ മറിഞ്ഞുവീഴാത്ത വിധത്തിൽ ഉറപ്പിക്കണം. ചെറിയ ചട്ടികളിലും മഗ്ഗിലുമായി ഏറെ ചെടികൾ നടുന്നതിനു പകരം വലിയ പ്ലാന്റർ ബോക്സിൽ കുറേയെണ്ണം ഒരുമിച്ചു വളർത്തുന്നതാണ് കൂടുതൽ ഭംഗി. ഒരേ അളവിൽ നനയും സൂര്യപ്രകാശവും ആവശ്യമുള്ളവ ഒരുമിച്ചു നടുക. ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയോ അല്ലെങ്കിൽ പ്രത്യേകം തയാറാക്കിയ റാക്കുകളിലും ബ്രാക്കറ്റുകളിലും ചട്ടികൾ നിരത്തിയോ കൂടുതൽ ഭംഗി നൽകാം. ചട്ടിയിൽനിന്ന് ഊർന്നിറങ്ങി നിലത്തു വീഴുന്ന വെള്ളം വേഗത്തിൽ ഡ്രെയിനേജ് ദ്വാരത്തിലേക്ക് ഒഴുകിപ്പോകാൻ വേണ്ടത്ര ചെരിവ് തറയ്ക്ക് ഉണ്ടായിരിക്കണം. ഉദ്യാനത്തിന്റെ പ്രതീതി ലഭിക്കാൻ ചട്ടികൾ ഇല്ലാത്ത ഭാഗങ്ങളിൽ കൃത്രിമ പുൽത്തകിടി വിരിക്കുന്നതു നന്ന്.
ചട്ടികൾക്കൊപ്പം ഇഷ്ടപ്പെട്ട ശിൽപങ്ങളും വച്ച് ഉദ്യാനം കൂടുതൽ ആകർഷകമാക്കാം. ഭാഗിക തണലിൽ വളരുന്ന വള്ളിയിനങ്ങളായ മണിപ്ലാന്റ്, വാക്സ് പ്ലാന്റ് ഇവയെല്ലാം ഭിത്തിയിൽ പ്രത്യേകമായി തയാറാക്കിയ ചട്ടത്തിലോ ബ്രാക്കറ്റിലേക്കോ പടർത്തി കയറ്റാം. ചട്ടിയിൽ നട്ട ചെടിക്കു ചുറ്റും ചെറിയ പെബിൾ, മാർബിൾ ചിപ്പുകൾ ഉപയോഗിച്ചു മിശ്രിതം മറയ്ക്കാൻ പറ്റും.
ചട്ടിയിലെയും പ്ലാന്റർ ബോക്സിലെയും മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവനുസരിച്ചു മാത്രം നനച്ചാൽ മതി. നന്നായി കാറ്റും സൂര്യപ്രകാശവും കിട്ടുന്ന ബാൽക്കണിയിലെ ചെടികൾക്കു ജലം കൂടുതൽ അളവിൽ നഷ്ടപ്പെടുമെന്നതുകൊണ്ടു നന്നായി നനയ്ക്കണം. സെൽഫ് വാട്ടറിങ് പോട്ടുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇത്തരം ചട്ടികളിലെ താഴത്തെ കള്ളിയിൽ നിറയ്ക്കുന്ന വെള്ളം വേരുകൾ സാവധാനം ഉപയോഗിച്ചുകൊള്ളും. താഴത്തെ കള്ളിയിൽ ശേഷിക്കുന്ന വെളളത്തിന്റെ അളവ് മനസ്സിലാക്കാൻ പ്രത്യേക സംവിധാനം ഇത്തരം ചട്ടികളിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവ ബാൽക്കണിയിൽ ലഭിക്കുന്നത്ര സൂര്യപ്രകാശത്തിൽ വളരാൻ കഴിയുന്നവയാണോയെന്നു നോക്കണം. ബാൽക്കണിയുടെ തറയിൽ വെള്ളം തങ്ങി നിൽക്കാതെ വേഗത്തിൽ വാർന്നു പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. അധിക നനജലം താഴെയുള്ള അപ്പാർട്ടുമെന്റുകൾക്ക് അസൗകര്യം ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ടു ചില ഫ്ലാറ്റുകളിൽ ഹാൻഡ് റെയിലിങ്ങിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്നവിധം ചെടിച്ചട്ടികൾ തൂക്കിയിടാൻ അനുവദിക്കില്ല.
ബാൽക്കണിയുടെ തറയ്ക്കു താങ്ങാവുന്നത്ര ചെടിച്ചട്ടികൾ മാത്രം വയ്ക്കുക. ഭാരം കുറയ്ക്കാൻ ചകിരിച്ചോറും പെർലൈറ്റും മറ്റും ചേർത്ത നടീൽമിശ്രിതം പ്രയോജനപ്പെടുത്താം. ചട്ടികളും റാക്കുകളും മറ്റും സ്ഥാപിച്ചശേഷം ബാൽക്കണിയിൽ പെരുമാറാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കണം. ഉദ്യാനം ഒറ്റയടിക്കു മുഴുമിപ്പിക്കാതെ ഘട്ടംഘട്ടമായി തയാറാക്കിയാൽ നമ്മൾക്ക് ഇഷ്ടപ്പെട്ട ചെടിയും ചട്ടിയും ലഭ്യമാകുന്നതിന് അനുസരിച്ചു വാങ്ങി വയ്ക്കാം. ഉദ്യാനത്തിനു പുതുമ കിട്ടുകയും ചെയ്യും. വേണമെങ്കില്‍ രണ്ടുമൂന്നു ചെടികൾ ബാൽക്കണിയുടെ പല ഭാഗങ്ങളിലായി ഒന്നു രണ്ടു മാസം പരിപാലിച്ച് അവയുടെ വളർച്ചയും മറ്റും മനസ്സിലാക്കി പിന്നീട് ഉദ്യാനം പൂർണമായി ഒരുക്കിയെടുക്കാം. ബാൽക്കണിയിൽനിന്നു പുറത്തേക്കുള്ള കാഴ്ച മുഴുവനായി മറയ്ക്കുന്ന വിധത്തിൽ ചെടികൾ വയ്ക്കരുത്. ഇളം നിറമുള്ള ചട്ടികൾ സാവധാനമേ ചൂടാകുകയുള്ളൂ എന്നതുകൊണ്ട് ഇവ നല്ല സൂര്യപ്രകാശം കിട്ടുന്ന ബാൽക്കണിയിൽ ഉപയോഗിക്കാം. ഉദ്യാന പരിപാലനത്തിന് എത്ര സമയം കിട്ടുമെന്നു കണക്കാക്കി വേണം ചെടികളുടെ ഇനവും എണ്ണവുമൊക്കെ തീരുമാനിക്കാൻ.
ബാല്‍ക്കണിയൊരു വൃന്ദാവനം
ഒന്നര വർഷം മുൻപ് മറിയം ബീവി എറണാകുളം കലൂരിലുള്ള ഫ്ലാറ്റിലേക്കു താമസം മാറ്റിയത് ഉദ്യാനത്തോടും പൂച്ചെടികളോടുമുള്ള താൽപര്യം എങ്ങനെ തുടരാനാവുമെന്ന ആശങ്കയോടെയാണ്. എന്നാൽ ഫ്ലാറ്റിന്റെ ബാൽക്കണി പടിഞ്ഞാറുഭാഗത്തായതു കാരണം ഉച്ചതിരിഞ്ഞുള്ള വെയിൽ അവിടെ നന്നായി കിട്ടുമായിരുന്നു. പിന്നെ കൂടുതൽ ചിന്തിച്ചില്ല. തനിക്കിഷ്ടപ്പെട്ട പൂച്ചെടികളും ഇലച്ചെടികളും ശേഖരിച്ച് ചട്ടികളിലാക്കി ബാല്‍ക്കണിയിൽ നിരത്തി. ഭാഗികമായി തണൽ ലഭിക്കുന്ന ഭിത്തിയോടു ചേർന്ന് റാക്ക് വച്ച് അതിൽ ചട്ടിയിൽ നട്ട സിങ്കോണിയം, മിനിയേച്ചർ ഫിലോ ഡെൻഡ്രോൺ ചെടികളും വച്ചു. ഇരുമ്പിന്റെ ആകർഷകമായ ചട്ടം ഭിത്തിയിൽ ഉറപ്പിച്ച് അതിൽ കൊങ്ങിണി, മണിപ്ലാന്റ് തുടങ്ങിയവ നിറച്ചു. നിലത്താവട്ടെ പലതരം ചട്ടികളിൽ മിനിയേച്ചർ ചെത്തി, ടെക്കോമ, ലീയ, യൂജിനിയ, ബാൾ അരേലിയ, ബൊഗേൻവില്ല, ചെമ്പരത്തി തുടങ്ങിയ ചെടികളും വളര്‍ത്തി. ഒപ്പം പക്ഷികൾക്കായി ടെറാക്കോട്ട നിർമിത ബേർഡ് ബാത്തും ഒരുക്കി.
മറിയം ബീവി രാവിലത്തെ സമയം ചെലവിടുന്നതു ബാൽക്കണിയിൽ നനയും വളമിടീലുമായി ചെടികൾക്കൊപ്പമാണ്. വളമായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 30:10:10 ലായനിയായി ചെടികൾക്കു തളിച്ചുനൽകും. കൂടാതെ 18:18:18 കൂട്ടുവളം മിശ്രിതത്തിലും നൽകാറുണ്ട്. വർഷത്തിൽ ഒരു തവണ മിശ്രിതം മാറ്റി പുതിയതിലേക്കു നടുന്നതുകൊണ്ടു ചെടികൾ നല്ല കരുത്തോടെയാണു വളരുന്നത്.
യോജിച്ച ചെടികൾ
ദിക്ക് അനുസരിച്ച് ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ചെടിയിനങ്ങളും വെവ്വേറെയാണ്. വടക്കും തെക്കും ഭാഗത്തുള്ള ബാൽക്കണിയിൽ വെയിൽ കിട്ടുന്നതു കുറവായതുകൊണ്ട് ഇവിടേക്ക് സിങ്കോണിയം, ബ്രൊമീലിയാസ് ചെടികൾ, ഡിഫൻബെക്കിയ, അഗ്ലോനിമ, ആന്തൂറിയം, പെപ്പറോമിയ, ആഫ്രിക്കൻ വയലറ്റ്സ്, ഡ്രസീന, ക്രിപ്റ്റാന്തസ്, അലോ, അലോക്കേഷിയ, കലാത്തിയ, ഫിലോഡെൻഡ്രോൺ തുടങ്ങിയ ഇലച്ചെടികളാണു കൂടുതൽ യോജിച്ചത്.
കിഴക്കുഭാഗത്തുള്ള ബാൽക്കണിയിൽ രാവിലത്തെ വെയിൽ കിട്ടുമെന്നതുകൊണ്ട് ഇവിടേക്കു മേൽപറഞ്ഞവ കൂടാതെ പെന്റാസ്, ഗോൾഫീമിയ, അരേലിയ ക്ലോനേഫൈറ്റം, ലില്ലി തുടങ്ങിയവയും ഉപയോഗിക്കാം.
പടിഞ്ഞാറുവശത്തെ ബാൽക്കണിയിലാണ് ഉച്ചകഴിഞ്ഞുള്ള ചൂടുകൂടിയ വെയിൽ കിട്ടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പൂവിടും ചെടികൾ പരിപാലിക്കാം. മിനിയേച്ചർ ചെത്തി, നന്ത്യാർവട്ടം, ചെമ്പരത്തി, ക്രോട്ടൺ, മുള, കൊങ്ങിണി, എറാന്തിമം, റിബൺ ഗ്രാസ്, ഫൈക്കസ് എന്നിവയെല്ലാം ഇവിടേക്കു യോജിച്ചവയാണ്.
ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211
Email: jacobkunthara123@gmail.com