‘കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ലേ’ എന്നാണല്ലോ കവി പാടിയത്. കണിക്കൊന്ന എങ്ങനെയാണ് വിഷുക്കാലം എത്തിയത് അറിയുന്നത്..? വിഷുക്കാലത്ത് മാത്രമാണോ കണിക്കൊന്ന പൂക്കുന്നത്..?
ഈ ചോദ്യങ്ങൾക്കൊക്കെ മുൻപു ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് – സസ്യങ്ങളിൽ എന്തിനാണു പൂക്കൾ ഉണ്ടാകുന്നത്..?
സസ്യത്തിന്റെ ഭാവിതലമുറ രൂപപ്പെടുത്തുന്ന നിർണായക ഭാഗമാണ് പൂവ്. വംശവർധനയാണ് പൂക്കളുടെ ആത്യന്തികമായ ലക്ഷ്യം. മറ്റു ഗുണഗണങ്ങളൊക്കെ – നിറം, മണം, രുചി എന്നിവ ഇതിലേക്കു വേണ്ട പ്രോൽസാഹനം നൽകുന്ന ഉൽസാഹ കമ്മിറ്റിക്കാരാണ്. പുതുതലമുറയെ വാർത്തെടുക്കാൻ വേണ്ട വിത്തുകൾ രൂപപ്പെടുത്തുന്നതിനാണ് ഓരോ പൂവും സംവിധാനം ചെയ്തിരിക്കുന്നത്.
വിത്ത് ഉൽപാദിപ്പിക്കുന്നതാണ് പൂക്കളുടെ പ്രഥമവും പ്രധാനവുമായ കടമയെങ്കിലും ജൈവലോകത്തിന് അവകൊണ്ടുള്ള പ്രയോജനങ്ങൾ ഒട്ടേറെയുണ്ട്. തേൻ, ഭക്ഷണം, ഔഷധം തുടങ്ങിയ സംഭാവനകൾ പൂക്കളിൽ നിന്നുണ്ടാകും. പൂക്കളിൽ നിന്ന് കായ്കനികൾ രൂപപ്പെടുമ്പോൾ അതിന്റെ മൂല്യം വീണ്ടും കൂടുകയാണ്.
പ്രകൃതിയുടെ നിയന്ത്രണത്തിലാണ് പൂക്കലും കായ്ക്കലും ഒക്കെ. വർഷത്തിൽ ഒരിക്കൽ പൂക്കുന്നവ, രണ്ടു തവണ പൂക്കുന്നവ, രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്നവ, 12 വർഷത്തിലൊരിക്കൽ പൂക്കുന്നവ എന്നിങ്ങനെ സസ്യങ്ങൾക്കൊക്കെ ജീവശാസ്ത്രപരമായ ഒരു താളമുണ്ട്. ആ താളത്തിനൊത്തു തുള്ളുമ്പോഴാണ് വിഷുക്കാലത്ത് നാട്ടിലെങ്ങും കൊന്ന പൂക്കുന്നത്.
കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം. വേനൽക്കാലത്തിന്റെ ആരംഭത്തോടെ കൊന്നമരം ഇലകൾ പൊഴിക്കുകയും മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ പൂവിട്ടുനിൽക്കുകയും ചെയ്യുന്നതായാണ് ഏതാനും വർഷം മുൻപുവരെ കണ്ടിരുന്നത്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ടു മുൻപുവരെ ശരിയായി വന്നിരുന്നു.
നാടിന്റെ മരം
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കർണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യൻ ലബേണം, ഗോൾഡൻ ഷവർ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും വളരും. മലയാളികൾ ഇപ്പോൾ കേരളത്തിനു പുറത്തും കണിക്കൊന്ന നട്ടുവളർത്തുന്നുണ്ട്. ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ഇലയില്ലാത്ത ശിഖരങ്ങളിൽ മഞ്ഞപ്പൂക്കൾ നിറഞ്ഞുനിൽക്കും.
കണിക്കൊന്ന 15 മീറ്റർ വരെ ഉയരത്തിൽ വളരും. 50 സെന്റിമീറ്റർ നീളമുണ്ടാകും പൂങ്കുലകൾക്ക്. അരമീറ്ററിൽ കൂടുതൽ നീളമുള്ള കായ്‌കൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. വിത്തുവഴിയാണ് വംശവർധന. മാർച്ചിൽ വിത്തു പാകിയാൽ മഴക്കാലത്ത് തൈകൾ നടാം.
കണക്കുതെറ്റിച്ച് കണിക്കൊന്ന
കാലവും കണക്കും ഒന്നും പരിഗണിക്കാതെ ഇന്നു കണിക്കൊന്ന പൂക്കുന്നതു കാണാം. അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച്, എപ്പോഴൊക്കെ മണ്ണിലെ ജലാശം പരിധിവിട്ട് കുറയുന്നോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ്. സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ്. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉൽപാദനം കൂടും. അങ്ങനെ ചൂടിന്റെ വർധനവും കൊന്ന പൂവിടുന്നതിനെ സ്വാധീനിക്കും. സാധാരണയായി മാർച്ചിൽ പൂക്കേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെ ഇപ്പോൾ പൂക്കാറുണ്ട്. ചില സ്ഥലങ്ങളിലൊക്കെ വർഷത്തിൽ മിക്ക മാസങ്ങളിലും കൊന്ന പൂത്തുനിൽക്കുന്നതായി കാണാം.
പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.