ഒരൊറ്റ ചെടിയിൽ ഇത്രയേറെ പൂമ്പാറ്റകളോ? അന്തംവിടാൻ വരട്ടെ. പൂവിടുമ്പോൾ മാത്രമല്ല, പൂവിടാക്കാലത്തും ചെടി ഉണങ്ങി നിൽക്കുമ്പോൾ പോലും ചിത്രശലഭങ്ങൾ ധാരാളമായി വന്നെത്തുന്ന ചെടിയെ പൂമ്പാറ്റച്ചെടി എന്നല്ലാതെ എന്തു വിളിക്കാൻ.
നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന, മഞ്ഞപ്പൂക്കളുള്ള കിലുക്കാംപെട്ടിച്ചെടിയുടെ മറ്റൊരു വകഭേദമാണ് ഈ കാട്ടുചെടി. ഇംഗ്ലിഷിൽ ‘റാറ്റിൽ വീഡ്’ എന്നുപേരുള്ള ഈ പൂച്ചെടിയുടെ ശാസ്ത്രനാമം ക്രോട്ടലേറിയ റെട്ട്യൂസ. ഈ ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും അടങ്ങിയിട്ടുള്ള പൈറോളിസിഡിൻ ആൽക്കലോയിഡ് ഗണത്തിൽപ്പെട്ട മോണോ കോട്ടാലിൽ എന്ന പദാർഥം ആൺപൂമ്പാറ്റകളില്‍ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമാണ്. അതുകൊണ്ടു തന്നെ ആൺചിത്രശലഭങ്ങളാണ് ഈ ചെടിയിൽ വന്നെത്തുന്നതിലേറെയും.
ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിൽ ഈ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. പെൺ പൂമ്പാറ്റകൾ ചെടിയിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞു വരുന്ന ക്യാറ്റർപില്ലർ ഇലകൾ തിന്ന് വളരുകയും ചെയ്യുന്നു.
വിത്തു വഴി വേഗത്തിൽ വളരുന്ന സ്വഭാവമുള്ള പൂമ്പാറ്റച്ചെടി പരമാവധി രണ്ടടിയേ ഉയരം വയ്ക്കാറുള്ളൂ. ചെറിയ ചെടിയായിരിക്കുമ്പോൾ മുതൽ പൂമ്പാറ്റകൾ വിരുന്നെത്തും. നന്നായി വെയിൽ കിട്ടുന്നിടത്താണ് ഈ ചെടി വളർത്തേണ്ടത്. വനങ്ങളിൽ സ്വാഭാവികമായി വളരുന്ന പൂമ്പാറ്റച്ചെടിക്ക് ഇന്നു നല്ല ഡിമാൻഡാണുള്ളത്. ചെടിയുടെ കായ്കൾ വിളഞ്ഞാൽ കറുപ്പുനിറമാണ്. കായ്കൾ സ്വമേധയാ പൊട്ടിത്തുറന്ന് വിത്തുകൾ മണ്ണിൽ വീണു കിളിർത്തു വരും. ഇവ അടുത്ത സീസണിൽ മറ്റൊരു കൂട്ടം ചെടികളായി വളർന്നുകൊള്ളും.