Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം വളമാക്കും മാജിക് ബിൻ

manoj-nair-my-green-bin മൈ ഗ്രീൻ ബിന്നിനു സമീപം കെ. മനോജ് നായർ

മദിരാശി പട്ടണത്തിൽനിന്നു ചെന്നൈ മഹാനഗരത്തിലേക്കുള്ള വളർച്ച വളരെ കുറഞ്ഞ സമയംകൊണ്ടായിരുന്നു. 50 വർഷത്തിനു മുൻപു പത്തുലക്ഷമായിരുന്ന നഗരത്തിലെ ജനസംഖ്യ ഇന്ന് എഴുപതുലക്ഷത്തിലെത്തിനിൽക്കുന്നു. നഗരവാസികളുടെ എണ്ണം ഉയർന്നതിന് അനുസരിച്ചു നഗരത്തിൽ കുന്നുകൂടുന്ന മാലിന്യവും വർധിച്ചു.

ഇന്ത്യയിലെ മറ്റേതൊരു നഗരത്തിലെയും പോലെ ചെന്നൈ നഗരത്തിനും മാലിന്യ നിർമാർജനംതന്നെയായി ഏറ്റവും വലിയ വെല്ലുവിളി. നഗരത്തിനു പുറത്തുള്ള രണ്ടു മാലിന്യ നിക്ഷേപകേന്ദ്രങ്ങളും പരിധിയോട് അടുക്കുകയാണ്. നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അൻപതു ശതമാനം ഗാർഹിക മാലിന്യമാണെന്നു രാജ്യത്തെ ആദ്യത്തെ കോർപറേഷനുകളിൽ ഒന്നായ ചെന്നൈ ഗ്രേറ്റർ കോർപറേഷൻ അധികൃതരും പറയുന്നു.

വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വീടുകളിൽത്തന്നെ സംസ്കരിക്കുന്നതിനെക്കുറിച്ച് ഒട്ടേറെ തവണ കോർപറേഷൻ അധികൃതർ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും തെരുവിലെത്തുന്ന ഗാർഹിക മാലിന്യങ്ങളുടെ അളവിലോ തൂക്കത്തിലോ കുറവുണ്ടായില്ല.

ഗാർഹിക മാലിന്യങ്ങൾ വീടുകളിൽത്തന്നെ സംസ്കരിക്കാൻ സാധിക്കുന്ന തികച്ചും പ്രകൃതി സൗഹൃദ രീതിയിലുള്ള ബിന്നുകൾ വികസിപ്പിച്ചു ശ്രദ്ധനേടിയിരിക്കുകയാണു നാലു പതിറ്റാണ്ടായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി കെ.മനോജ് നായർ. എല്ലാത്തരത്തിലുള്ള ഭക്ഷ്യമാലിന്യങ്ങളും ദ്രവരൂപത്തിലുള്ള വളമാക്കി മാറ്റുന്ന മാജിക് ബിന്നാണ് ‘മൈ ഗ്രീൻ ബിൻ’ എന്ന പേരിൽ മനോജ് വികസിപ്പിച്ചിരിക്കുന്നത്.

ആറുവർഷത്തെ ശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം പുറത്തിറക്കിയ ബിൻ ഭക്ഷ്യമാലിന്യങ്ങളെ എയ്റോബിക് ഡീക്കമ്പോസിഷൻ എന്ന രാസപ്രക്രിയയിലൂടെ കമ്പോസ്റ്റ് വളമാക്കി മാറ്റുമെന്നു മനോജ് പറയുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന കമ്പോസ്റ്റ് രാസവളത്തിനു ബദലായി ചെടികളിലും, മരങ്ങളിലും ഉപയോഗിക്കാം.

സാധാരണ ബിന്നുകളെപ്പൊലെ ദുർഗന്ധം ഉണ്ടാകില്ലെന്നതാണു ഗ്രീൻ ബിന്നിന്റെ മറ്റൊരു മെച്ചം. ‘ഗ്രീൻ ബിൻ ഉപയോഗിക്കുന്നതിലൂടെ റോഡിലെത്തുന്ന മാലിന്യം കുറയും. വീടുകളിലെ മാലിന്യങ്ങൾ വളമായി മാറുന്നതിൽ ഉപഭോക്താക്കളും തൃപ്തരാണ്’–മനോജ് പറഞ്ഞു. വീടുകളിൽ ഉണ്ടാകുന്ന എൺപതു ശതമാനം മാലിന്യങ്ങളും ബിൻ വളമാക്കി മാറ്റുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു.

വീടുകളിൽ പൂന്തോട്ടമുള്ളവർക്കു കമ്പോസ്റ്റ് മണ്ണിനു പകരമായി ഉപയോഗിക്കാം, പച്ചക്കറി തോട്ടത്തിലേക്കു വളക്കൂറുള്ള മണ്ണു വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്നാണു മനോജിന്റെ ഭാഷ്യം. മാലിന്യം നിക്ഷേപിച്ച് 50 ദിവസത്തിനുള്ളിൽ വളമായി മാറും. മുൻ ഐടി ജീവനക്കാരനായ മനോജ് ആറുവർഷത്തിനിടെ ബിന്നിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. ബിന്നിന്റെ മേന്മ തിരിച്ചറിഞ്ഞു കോർപറേഷൻ അധികൃതരും താൽപര്യം കാട്ടിത്തുടങ്ങിയിട്ടുണ്ടെന്നു മനോജ്.

ആവശ്യക്കാർ ഏറിയതോടെ ബിന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ ആരംഭിച്ചു. മൈഗ്രീൻ ബിൻ എന്ന പേരിൽ ലഭിക്കുന്ന ബിന്നുകൾ കമ്പനി വെബ്സൈറ്റിലും ഓർഡർ ചെയ്യാം. വീടുകളിലേക്കു രൂപകൽപന ചെയ്ത ബിൻ 2,500 രൂപയും ജിഎസ്ടിയും നൽകിയാൽ വീട്ടിലെത്തും. പ്ലാസ്റ്റിക് ഒഴിവാക്കി പൂർണമായും ഫൈബർ ഗ്ലാസിലാണു ബിൻ തയാറാക്കിയിരിക്കുന്നത്.

പത്തു മുതൽ പതിനഞ്ചു വർഷം വരെ ബിൻ കേടുകൂടാതെ ഇരിക്കുമെന്നു മനോജിന്റെ ഉറപ്പ്. ഫ്ലാറ്റ് സമുച്ചയങ്ങൾക്കും വലിയ കമ്പനികൾക്കും മാലിന്യ ഉൽപാദനത്തിന്റെ അളവനുസരിച്ചു വലിയ ബിന്നുകൾ നിർമിച്ചുനൽകാനുള്ള തയാറെടുപ്പിലാണു മനോജ്. കമ്പോസ്റ്റ് അന്വേഷിച്ചു ഗ്രാമങ്ങളിൽനിന്നു കർഷകർ എത്തിത്തുടങ്ങിയതോടെ വീടുകളിൽ അധികം വരുന്ന കമ്പോസ്റ്റുകൾ കർഷകർക്കു സൗജന്യമായി എത്തിച്ചുനൽകാനുള്ള പദ്ധതിയും മനസ്സിലുള്ളതായി മനോജ് പറയുന്നു.