‘മുടി’ ചൂടിയ മണ്ണ് ഇനി പൊന്നു വിളയിക്കും! കൃഷി തഴച്ചു വളരാൻ തലമുടിയും വളമാക്കാം! തലമുടി മികച്ച ജൈവവളമാണെന്നു തെളിഞ്ഞുകഴിഞ്ഞു. കേരള കാർഷിക സർവകലാശാലയുേടതാണ് കണ്ടെത്തല്‍. ഇതിനു സർവകലാശാലയെ പ്രേരിപ്പിച്ചതു കേരള സ്റ്റേറ്റ് ബാർബർ–ബ്യൂട്ടീഷൻ അസോസിയേഷനാണ്. പുതിയ വളം വിപണിയിൽ എത്തുന്നതോടെ തലമുടി മാലിന്യമെന്ന സംഘടനയുടെ തലവേദനയും മാറും.
അസോസിയേഷന്റെ പ്രബന്ധത്തെ അടിസ്ഥാനമാക്കി കാർഷിക സർവകലാശാല നടത്തിയ ഗവേഷണത്തിലാണ് തലമുടി മികച്ച വളമാക്കാമെന്നു കണ്ടെത്തിയത്. താമസിയാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ചെടികളിലും മണ്ണിലും തളിക്കാവുന്ന തരത്തിലുള്ള വളമാണ് ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതു വിളകളിൽ പരീക്ഷിച്ചുവരികയാണ്. ഡോ. സാജൻ കുര്യൻ, ഡോ. ഗിരിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
തലമുടി ദ്രവരൂപത്തിലുള്ള വളമാക്കാമെന്നാണ് കാർഷിക സർവകലാശാല അധികൃതര്‍ പറയുന്നത്. മുടി വളമായി ഉപയോഗിക്കാമെന്നതു പുതിയ അറിവല്ലെന്നു സർവകലാശാല അ ധികൃതർ പറഞ്ഞു. എന്നാൽ കേരളത്തിൽ ഉപയോഗിക്കുന്നില്ല. യൂറോപ്പിലും അമേരിക്കയിലും ഇതു വളമായി ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ, മുന്തിരി, ഓറഞ്ച്തോട്ടങ്ങളിൽ ഈ വളം ഉപയോഗി
ച്ചുവരുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ മുടി മണ്ണിൽ അലിയാൻ കൂടുതൽ കാലമെടുക്കും. എന്നാല്‍ കൂട്ടിയോജിപ്പിച്ചാൽ വലിയ കാലതാമസം വരില്ല. അതാണ് ചാണകവുമായി ചേരുമ്പോൾ അധികം െവെകാതെ വളമാകുന്നത്.
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്–ടെക്നോളജി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് മേധാവി അങ്കുഷ് ഗുപ്ത ഇതു സംബന്ധിച്ച് നേരത്തേ നടത്തിയ ഗവേഷണത്തിൻെറ റിപ്പോർട്ട് അസോസിയേഷൻ കാർഷിക സർവകലാശാലയിൽ സമർപ്പിച്ചിരുന്നു. മുടിയും ചാണകവും ചേർത്തുള്ള വളംനിർമാണം ബ്യൂട്ടീഷൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടു വർഷമായി നടത്തുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി യു.എൻ. തമ്പി പറഞ്ഞു. മൂവാറ്റുപുഴ, വടവാതൂർ, കല്‍പറ്റ, കാണക്കാരി, കരമന, ഏറ്റുമാനൂർ, പനമ്പാലം എന്നിവിടങ്ങളിൽ കർഷകർ പരീക്ഷണാർഥം മുടിവളം കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. തെങ്ങ്, കമുക്, റബർ, ഏലം, പ്ലാവ്, നാരകം, വാഴ, ചെറുചെടികൾ എന്നിവയ്ക്കെല്ലാം ചാണകം ചേർത്തുള്ള മുടി വളമായി ഉപയോഗിക്കാം.