ആധുനിക ചിത്രകലയിലെ അതികായനാണ് പിക്കാസോ. ക്യൂബിസം, ക്ലാസിസിസം, റിയലിസം, അബ്സ്ട്രാക്ഷൻ എന്നീ ശൈലികളിലൂടെ കലയുടെ വ്യാകരണം പൊളിച്ചെഴുതി. കലാകാരന് പ്രചോദനമാകുന്ന വ്യക്തിയാണ് മ്യൂസ്. എതിർലിംഗത്തിലുള്ള ആളാകാം, അന്തർധാരയായി പ്രണയമുണ്ടാകാം.

ആധുനിക ചിത്രകലയിലെ അതികായനാണ് പിക്കാസോ. ക്യൂബിസം, ക്ലാസിസിസം, റിയലിസം, അബ്സ്ട്രാക്ഷൻ എന്നീ ശൈലികളിലൂടെ കലയുടെ വ്യാകരണം പൊളിച്ചെഴുതി. കലാകാരന് പ്രചോദനമാകുന്ന വ്യക്തിയാണ് മ്യൂസ്. എതിർലിംഗത്തിലുള്ള ആളാകാം, അന്തർധാരയായി പ്രണയമുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ചിത്രകലയിലെ അതികായനാണ് പിക്കാസോ. ക്യൂബിസം, ക്ലാസിസിസം, റിയലിസം, അബ്സ്ട്രാക്ഷൻ എന്നീ ശൈലികളിലൂടെ കലയുടെ വ്യാകരണം പൊളിച്ചെഴുതി. കലാകാരന് പ്രചോദനമാകുന്ന വ്യക്തിയാണ് മ്യൂസ്. എതിർലിംഗത്തിലുള്ള ആളാകാം, അന്തർധാരയായി പ്രണയമുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 2016. വാൻകൂവർ ആർട്ട് ഗാലറിയിൽ മഹാനായ സ്പാനിഷ് ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ചിത്രപ്രദർശനമുണ്ട് (Picasso: The Artist and his Muses). ആധുനിക ചിത്രകലയിലെ അതികായനാണ് പിക്കാസോ. ക്യൂബിസം, ക്ലാസിസിസം, റിയലിസം, അബ്സ്ട്രാക്ഷൻ എന്നീ ശൈലികളിലൂടെ കലയുടെ വ്യാകരണം പൊളിച്ചെഴുതി. കലാകാരന് പ്രചോദനമാകുന്ന വ്യക്തിയാണ് മ്യൂസ്. എതിർലിംഗത്തിലുള്ള ആളാകാം, അന്തർധാരയായി പ്രണയമുണ്ടാകാം. ലിംഗമഭേദമില്ലാതെ പ്രചോദനവും നിർദ്ദേശവും നൽകുന്ന വ്യക്തിയെ മെന്റോർ (ഗുരുതുല്യനായ ഒരാൾ) എന്നു പറയും. വലിയ നിയോഗങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ പല കാലത്തായി മ്യൂസും മെന്റോറും അവതരിക്കും. അപ്രതീക്ഷിതമായി അവർ വരും, ദൗത്യം പൂർത്തിയാകുമ്പോൾ അപ്രത്യക്ഷരാകും. ക്രമേണ മ്യൂസും മെന്റോറും അവരവരിൽ രൂപപ്പെടും, മറ്റുള്ളവർ പ്രചോദനം നേടും.

ജൂലിയസ് സീസറുടേയും മാർക്ക് ആന്റണിയുടേയും മ്യൂസായിരുന്നു ക്ലിയോപാട്ര. നെപ്പോളിയന്റെ മ്യൂസ് ജോസഫൈൻ. ഇരുപതുകാരിയായ ഒരു വെനീഷ്യൻ സുന്ദരി മധ്യവയസ്സു പിന്നിട്ട ഏണസ്റ്റ് ഹെമിംഗ്വേയുടെ അവസാനത്തെ രണ്ടു മികച്ച കൃതികൾക്ക് പ്രചോദനമായി - പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക് (1950), കിഴവനും കടലും (1958). യൗവനം പിന്നിട്ട ചാൾസ് ഡിക്കൻസിനുമുണ്ടായിരുന്നു യുവതിയായ കാമുകി. 'ഷേക്സ്പിയർ ഇൻ ലവ്' (1999) എന്ന മനോഹരമായ സിനിമ വിശ്വസാഹിത്യകാരന് പ്രചോദനമായ പ്രണയിനിയെ കാണിച്ചു തരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം ചെയ്ത യുവതിയാണെന്നു മാത്രം. ആവേശമില്ലാതെ പ്രണയമെന്തിന്? വിലക്കപ്പെട്ട കനിക്ക് മധുരം കൂടും. ദേവീദേവ സങ്കൽപമായും മ്യുസ് വരും. ഗ്രീക്ക്/റോമൻ പാരമ്പര്യത്തിൽ അഥീനയും വീനസും. ഭാരതത്തിൽ സരസ്വതി, ലക്ഷ്മി. ശ്രീനിവാസ രാമാനുജന്റെ പ്രചോദനമാണ് ലക്ഷ്മിയുടെ അവതാരമായ നാമനിഗിരി ദേവി. തന്റെ പ്രധാന ഗണിതശാസ്ത്ര തത്വങ്ങൾ ദേവി സ്വപ്‌നത്തിൽ വെളിപ്പെടുത്തിയതാണെന്ന് രാമാനുജൻ വിശ്വസിച്ചു. സ്വപ്നം അന്തർബോധത്തിന്റെ കളിത്തട്ടാണ്. മ്യൂസ് മൂന്നു വിധത്തിൽ കടന്നു വരും: പ്രണയം, വിവാഹം, വിവാഹേതരം. ഈ മൂന്നു തരവും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി സംഭവിച്ചേക്കാം. പിക്കാസോയുടെ കഥ അങ്ങനെയാണ്. 

പിക്കാസോ, എക്സിബിഷൻ, വാൻകൂവർ ആർട്ട് ഗാലറി, 2016
ADVERTISEMENT

1881 മുതൽ 1973 വരെയുള്ള ജീവിതകാലത്ത്, കൗമാരം മുതൽ വാർധക്യം വരെ ചിത്രകാരന്റെ പ്രതിഭയെ ജ്വലിപ്പിച്ച ആറു യുവതികളാണ് ഈ പ്രദർശനത്തിലെ വിഷയം. ചിന്തയിലും ശൈലിയിലും ആശയവിനിമയത്തിലും ഉണ്ടായ സ്വാഭാവിക പരിണാമം ആറു വിഭാഗങ്ങളിൽ വിവിധ മാധ്യമങ്ങളിലായി കാണാം - പെൻസിൽ ഡ്രോയിംഗ്, പെയിന്റിങ്ങ്, ഛായാഗ്രഹണം. അവയിൽ കലാകാരന്റെ ഉല്ലാസം, ആവേശം, പ്രണയം, ഉന്മാദം, വിരഹം, പരാജയം, ദാരിദ്ര്യം, സമൃദ്ധി, പുനരുത്ഥാനം - ഗാലറിയുടെ ചുവരുകളിൽ പെയ്തു തീർന്ന കാലം. മാസ്റ്റർപീസായ 'ഗൂർണിക്കയുടെ' ഒരു പകർപ്പുമുണ്ട് ഇവിടെ, ഒറിജിനൽ സ്പെയിനിൽ. കാനഡയിലെ പിക്കാസോ പ്രമേയമായുള്ള ഏറ്റവും വലിയ പ്രദർശനങ്ങളിൽ ഒന്നാണിത്. ഉത്തമ കലാസ്വാദനത്തിന് വാൻകൂവറിൽ ആയിരിക്കുക അനുഗ്രഹമാണ്.

വർഷം 2022. പുതുവർഷത്തിലെ ആദ്യ വാരാന്ത്യം. ജാലകത്തിനപ്പുറം പുൽത്തകിടിയിൽ മൃദുലമായി വീഴുന്ന മഞ്ഞുകണങ്ങളെ നോക്കിയിരിക്കുമ്പോൾ പിക്കാസോയെ ഓർത്തു. ഡിസംബറിൽ ഡൗൺടൗണിൽ മൈക്കലാഞ്ചലോയുടെ ചിത്രപ്രദർശനം നടന്ന കൺവെൻഷൻ സെന്ററിൽ പിക്കാസോയെ കണ്ടിരുന്നു. നഗരത്തിൽ ഉടൻ വിരുന്നു വരുന്നു! ജനുവരിയിൽ പോകാമെന്ന് കരുതി. വെബ്സൈറ്റ് നോക്കുമ്പോൾ ഇന്നാണ് അവസാന ദിനം. എക്സിബിഷൻ സാൻ ഫ്രാൻസിസ്കോയിലേക്കു മാറും മുമ്പ് ഏതാനും മണിക്കൂറുകൾ ശേഷിക്കുന്നു. പുറത്തിറങ്ങാൻ മടി തോന്നി, പക്ഷേ നാളത്തെ ഖേദം ഒഴിവാക്കാൻ ഇന്ന് പോകുക തന്നെ. ഓൺലൈൻ ടിക്കറ്റുമായി വേഗം ഇറങ്ങി. ഒരു മണിക്കൂറിനു ശേഷം, വാൻകൂവർ കൺവെൻഷൻ സെന്ററിൽ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്ക് വാതിൽ തുറന്നു. ചുമരിൽ ഉറപ്പിച്ച ഒരു ചിത്രമോ, ആസ്വാദകന് കേന്ദ്രസ്ഥാനമോ ഇല്ല. ആർക്കിടെക്ചറും ഇമേജ് പ്രൊജക്ഷനും ഉപയോഗിച്ച് വിശാലമായ പ്രതലങ്ങളിൽ ചിത്രങ്ങളെ പതിപ്പിക്കുന്നു. കേന്ദ്രം നഷ്ടപ്പെട്ട അനുവാചകന് ചലനം അനുവദിച്ചിരിക്കുന്നു. എണ്ണമറ്റ ജ്യാമിതീയ രൂപങ്ങളിൽ തെളിയുന്ന കൂറ്റൻ ചിത്രങ്ങളിൽ അലിഞ്ഞു ചേരുന്ന കാണി ആ കലാസൃഷ്ടികൾക്ക് അനന്തമായ വ്യാഖ്യാനങ്ങൾ നൽകുന്നു.

Image Credit: Facebook.com/ArtistPabloPicasso
ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച കലാകാരന്മാരിൽ പ്രമുഖനാണ് പിക്കാസോ. 92 വർഷം നീണ്ട ജീവിതത്തിൽ, നവോത്ഥാന കാലം മുതൽ തുടർന്നു വന്ന രചനാശൈലിയും ആസ്വാദനരീതിയും പൊളിച്ചെഴുതി ആധുനിക കലയെ നിർവചിച്ചു. ക്യൂബിസം, നിർമ്മിത ശിൽപ്പകല, കൊളാഷ് എന്നീ രീതീകളുടെ ആദ്യകാല പ്രയോക്താവ്. ബാല്യത്തിലും കൗമാരത്തിലും യൗവനാരംഭത്തിലും പാരമ്പര്യം പിന്തുടർന്ന ചിത്രകാരനിൽ മുപ്പത് വയസ്സോടെ ശ്രദ്ധേയമായ മാറ്റം കണ്ടു തുടങ്ങി. പരീക്ഷണ തൽപരരായ സമകാലികരുടേയും മുൻഗാമികളുടേയും സ്വാധീനം പ്രകടമായി. ഒരു കൊളാഷ് അവതരിപ്പിച്ച് (Still life with chair caning, 1912) പിക്കാസോ തുടങ്ങി വച്ച മോഡേൺ ആർട്ട് വാസ്തുവിദ്യ, സാഹിത്യം, സിനിമ എന്നീ മാധ്യമങ്ങളെ സ്വാധീനിച്ചു. ക്യൂബിസത്തിന്റെ ഏറ്റവും ശക്തനായ വക്താവ് എന്ന നിലയിലാണ് പിക്കാസോയുടെ പ്രശസ്തി. എന്നാൽ ഒരൊറ്റ രീതിയിൽ ചിത്രകാരൻ സ്വയം പരിമിതപ്പെടുത്തിയില്ല. റിയലിസം, സറിയലിസം, തിയറ്റർ ആർട്ട്, കാലിഗ്രഫി എന്നിങ്ങനെ പരിണാമം സംഭവിച്ച രചനാശൈലിയിൽ മാറിയ ചിന്തയും കാഴ്ചപ്പാടും വെളിവായി. സ്വജീവിതത്തിലെ ആനന്ദവും കലഹവും, ലോകരാഷ്ട്രീയവും സമൂഹഘടനയും വിഷയമായി.

ഈ ശനിയാഴ്ച സായാഹ്‌നത്തിൽ ഹാളിൽ പതിവിലേറെ ആളുണ്ട്. പങ്കാളിയുടെ കൈകോർത്തു പിടിച്ച് ഒരേ താളത്തിൽ ഒരു നൃത്തം പോലെ ചിത്രം ആസ്വദിക്കുന്നവർ. കുട്ടികളും കുടുംബവും സുഹൃത്തുക്കളുടെ സംഘവും. വിശാലമായ നിലത്ത് പരത്തി വച്ച ജ്യാമിതീയ രൂപങ്ങൾ മെനഞ്ഞ, കെട്ടുപിണഞ്ഞ ഇടനാഴികളിലൂടെ കലയുടെ ആത്മാവ് തേടുന്ന ഒറ്റയാന്മാർ. അനേകം പ്രോജക്ടറുകളിലൂടെ കുത്തനേയും കുറുകേയും ചരിച്ചും ക്രമീകരിച്ച പ്രതലങ്ങളിൽ ചിത്രങ്ങൾ. ഇരുളും വെളിച്ചവും വർണവും ഇടകലർന്ന പ്രകാശവിതാനം. പശ്ചാത്തലത്തിൽ അനുയോജ്യമായ സംഗീതം. ചിത്രപ്രപഞ്ചത്തിലൂടെ യാത്ര തുടങ്ങുമ്പോൾ കിളിക്കൊഞ്ചൽ കേൾക്കാം. ബാല്യത്തിന്റെ പ്രസരിപ്പ്, കൂട്ടിന് കളിവള്ളങ്ങളും കടലാസ് വിമാനങ്ങളും. തുടർന്നു വരുന്ന വർണ്ണചിത്രങ്ങൾ, റിയലിസത്തിൽ അമ്മയുടേയും കുഞ്ഞിന്റേയും ചേർന്നു പിണഞ്ഞ കൈകൾ. 

പിക്കാസോ, എക്സിബിഷൻ, വാൻകൂവർ ആർട്ട് ഗാലറി, 2016
ADVERTISEMENT

കൊളാഷിന്റേയും ക്യൂബിസത്തിന്റേയും സാഹസത്തിരകളിൽ കയറുമ്പോൾ കാൻവാസിൽ ഒരു സ്ഫോടനം. ശ്രേഷ്ഠമെന്ന് ലോകം വാഴ്ത്തിയ ഒരു ചിത്രത്തിൽ (Les Demoiselles d'Avingnon, 1907) സിലിണ്ടറും കോണും ഉപയോഗിച്ച് പിക്കാസോ പാശ്ചാത്യ ചിത്രകലയെ പരിഷ്ക്കരിച്ച് ക്ളാസിക്കൽ/ ഇംപ്രഷനിസ്റ്റ് രീതിയുടെ ചട്ടക്കൂടിനു പുറത്തേക്ക് നയിച്ചു. ഐബീരിയൻ, ആഫ്രിക്കൻ ഭാവുകത്വം ആ കലാകാരനിൽ സാക്ഷാത്കാരം തേടി. ലോകം എപ്പോഴും പാശ്ചാത്യ കലയ്ക്കു ചുറ്റും കറങ്ങേണ്ടതില്ല. ഗുരുത്വകേന്ദ്രം നഷ്ടമായ ഞങ്ങൾ ഒരിടത്ത് നിലയുറപ്പിക്കാൻ കഴിയാതെ നിരന്തര ചലനത്തിൽ, ഇടനാഴിയിലെ നീർച്ചുഴിയിൽ. കാണികൾക്ക് സ്ഥലകാല ബോധവും സന്തുലനവും നഷ്ടമായി. പുറംലോകത്തിന്റെ വ്യഥകൾ പിന്നെയാവാം, ഇപ്പോൾ ഈ വരകളിലും വർണങ്ങളിലും രചയിതാവിന്റെ വ്യഥകളെ അറിയാം. കൺമുമ്പിൽ ഗൂർണിക്ക, മറ്റൊരു മഹദ് രചന. ഈ ഓയിൽ പെയിന്റിങ്ങ് ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധവിരുദ്ധ ചിത്രമായി എണ്ണപ്പെടുന്നു. 1937-ൽ സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് നാസി ബോംബിംഗിൽ തകർന്ന ഗൂർണിക്ക പട്ടണത്തിലെ യാതനയാണ് വിഷയം. നിറങ്ങൾ ഇരുളുന്നു, പൂച്ചകൾ പക്ഷികളെ തിന്നുന്നു, കുതിരകൾ അമറുന്നു, സൂര്യൻ നിലത്തു പതിക്കുന്നു, നിസ്വരായ മനുഷ്യർ നശിക്കുന്നു. ഏകാധിപതി ഫ്രാങ്കോയുടെ ചെയ്തികളെ പിക്കാസോ പ്രതീകങ്ങളിൽ വരച്ചിട്ടു. കല ശക്തമായ ആയുധമാണ്.

റോസ് പീരിയഡ്, ബ്ലൂ പീരിയഡ്, തിയറ്റർ, പോർട്രെയ്റ്റ്, മുഖപടങ്ങൾ, മുഖംമൂടികൾ. ദൃശ്യങ്ങളുടെ നൈരന്തര്യത്തിൽ ഞങ്ങൾ വിസ്മയിക്കുന്നു. വിളക്കണഞ്ഞ് സംഗീതം നിലച്ച് വേദിയിൽ വിണ്ടും ജീവൻ വരുമ്പോൾ ഇഷ്ട കഥാപാത്രമായ മിനോട്ടോറിലൂടെ പിക്കാസോ സറിയലിസത്തിൽ ലീല തുടങ്ങുന്നു. ഗ്രീക്ക് മിത്തോളജിയിൽ മനുഷ്യന്റെ ഉടലും കാളയുടെ തലയുമുള്ള ജീവിയാണ് മിനോട്ടോർ. സ്വപ്നമോ യാഥാർഥ്യമോ എന്നു നിശ്ചയമില്ലാതെ ദൃശ്യ പരമ്പരയാണ് സറിയലിസം. സമകാലികനായ സാൽവദോർ ദാലിയുടെ മാന്ത്രിക ലോകത്ത് ഹ്രസ്വമായ ഒരു യാത്രക്ക് മുതിരുകയാണ് പിക്കാസോ. താൻ രചിച്ച കവിതകൾ ചിത്രമെഴുത്തിനെ സഹായിക്കും. 'ഒരു കവിത പോലെ' എന്ന് വിശേഷിപ്പിക്കുമ്പോൾ നമുക്കത് യഥാർഥമല്ല എന്ന ബോധമുണ്ട്, എന്നാൽ യഥാർഥം ആയിരുന്നെങ്കിലെന്ന് ആഗ്രഹവുമുണ്ട്. സ്വപ്നങ്ങളുടെ വിളനിലമാണ് സറിയലിസം. ദാലിയുടെ ശലഭപ്പായക്കപ്പൽ കാണിയെ ആത്മഹർഷത്താൽ ചലിപ്പിക്കുന്നുണ്ട്. ഉരുകിയൊലിക്കുന്ന ഘടികാരം ഉള്ളിനെ ഉലച്ച് അതീത യാഥാർഥ്യത്തിലേക്ക് ഒരു ജാലകം തുറക്കുന്നുണ്ട്. പിക്കാസോയുടെ മിനോട്ടോറിന്റെ ധർമവും മറ്റൊന്നല്ല.

Image Credit: Facebook.com/ArtistPabloPicasso

ഒരു വരയ്ക്കു പിന്നിൽ അനേക വർഷങ്ങളിലെ അനുഭവവും നിരീക്ഷണവുമുണ്ട്. മൂന്നു മിനിറ്റെടുത്ത് വരച്ച ഒരു ചിത്രത്തിന് സത്യത്തിൽ മുപ്പത് വർഷം വേണ്ടി വന്നുവെന്ന് പിക്കാസോ പറഞ്ഞു. അനുവാചകരുടെ മിഴിയിൽ ഇപ്പോൾ വരയും കുറിമാനവും. അതീവ ലളിതമായ ബ്രഷ് സ്ട്രോക്കിൽ അതിബൃഹത്തായ ആശയങ്ങൾ, ജാപ്പനീസ് കാലിഗ്രഫിയിൽ നിന്ന് വ്യത്യസ്തമായ, ആഴം ഒട്ടും കുറവില്ലാത്ത രേഖാവിന്യാസം. ഏതാനും വരികളിൽ മനോഹരമായ ഹൈക്കു രചിക്കുന്ന പോലെ പരിമിതമായ കരചലനങ്ങളാൽ ചിത്രവും രചിക്കാം. ശൂന്യസ്ഥലങ്ങളെ ഭാവനയിൽ പൂരിപ്പിക്കാനുള്ള സമയം കാണികൾക്ക് നൽകുക. ആയുസ്സിന്റെ അവസാന വർഷങ്ങളിലും പിക്കാസോ ഭ്രാന്തമായി വരച്ചു കൊണ്ടിരുന്നു - എൻഗ്രേവിംഗ്, സെറാമിക്, മറ്റഡോർ, മസ്ക്കറ്റിയർ, സെൽഫ് പോർട്രെയ്റ്റ്, ഇറോട്ടിസിസം, ലിറ്റററി റഫറൻസ്. മരണത്തിന്റെ പദചലനങ്ങൾ അടുത്തു വരുന്നത് ചിത്രങ്ങളിൽ കാണാമായിരുന്നു. ജീവിതാനന്ദം നുകർന്ന് കൊതി തീർന്ന കലാകാരൻ വിഷാദത്തിൽ മുഴുകി, പക്ഷേ പറയാൻ മറന്നത് ഓർത്തോർത്ത് പറഞ്ഞു കൊണ്ടേയിരുന്നു. നാൽപത് മിനിറ്റ് നീണ്ട പിക്കാസോ അനുഭവം അവസാനിക്കുന്നു. ചിത്രലോകത്ത് കേന്ദ്രം നഷ്ടപ്പെട്ട് ഉഴറിയ കാണികൾ ഇപ്പോൾ സുസ്ഥിതി വീണ്ടെടുത്തു. നിഴൽരൂപമായും വർണ്ണരൂപമായും ഞങ്ങൾ മൺമറഞ്ഞു പോയ കലാകാരന് വീണ്ടും വിഷയമായി. മരണത്തിന്റെ തിരശ്ശീല നീക്കി പിക്കാസോ വീണ്ടും വരയ്ക്കുന്നു, ഉള്ളിൽ ഉരുവായ പുത്തൻ ചിത്രങ്ങൾ തീർത്ത വികാരത്തള്ളലിൽ ഞങ്ങൾ കലയുടെ ശക്തി എന്തെന്നറിയുന്നു.

English Summary:

Explore Picasso's Artistic Evolution at Vancouver Art Gallery's 2016 Exhibition