ഫാബ് പ്രൈസ് നേടിയ ആദ്യ മലയാളി; വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന റോസ്
2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണി ആണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എം എ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണി ആണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എം എ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണി ആണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എം എ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
യുകെയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആർട്ട് സർവകലാശാല ഏതെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ. റോയൽ കോളജ് ഓഫ് ആർട്ട് അഥവാ ആർ സി എ. മികവിൽ ഒന്നാമതായതിനാൽ തന്നെ അവിടെ പ്രവേശനം ലഭിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, എല്ലാ കടമ്പകളും കടന്ന് കൊച്ചിയിൽ നിന്നൊരു കലാകാരി കടൽ കടന്ന് ലണ്ടനിലെത്തി, റോസ് ആന്റണി ആലപ്പാട്ട്. പഠനം പൂർത്തിയാകുമ്പോഴേക്കും ആരും കൊതിക്കുന്ന ഒരു സമ്മാനവുമായാണ് വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഈ കൊച്ചുമിടുക്കി കോളജിന്റെ പടിയിറങ്ങുന്നത്.
ടി. എസ്. എലിയറ്റ്, ഓർഹൻ പാമുക് എന്ന് തുടങ്ങി നിരവധി എഴുത്തുകാരെ ലോകത്തിന് സമ്മാനിച്ച പ്രസാധകരാണ് ലണ്ടൻ ആസ്ഥാനമായുള്ള ഫേബർ ആൻഡ് ഫേബർ. 2017ലാണ് യുവ എഴുത്തുകാരെയും ഇല്ലസ്ട്രേറ്റേഴ്സിനെയും കണ്ടെത്താനായി ഫാബ് പ്രൈസ് എന്ന പേരിൽ ഫേബർ ഒരു പുരസ്കാരം ഏർപ്പെടുത്തിയത്. 2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണിയാണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എംഎ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
പഠന കാലയളവിലാണ് ഫാബ് പ്രൈസിനെക്കുറിച്ച് അറിഞ്ഞത്. എഴുത്ത്, ഇല്ലസ്ട്രേഷൻ (ചിത്രീകരണം) തുടങ്ങി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഇതിൽ ഇല്ലസ്ട്രേഷൻ വിഭാഗത്തിലാണ് റോസ് വിജയിയായത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ തയാറാക്കിയ ഗ്രാഫിക് നോവലാണ് പുരസ്കാരം സ്വന്തമാക്കിയത്. വ്യക്തിപരമായ അനുഭവത്തിൽ നിന്നും ആഖ്യാനം ചെയ്യപ്പെട്ട ദൃശ്യകഥകളെ പുനഃവ്യാഖ്യാനം ചെയ്തുമാണ് ഇത്തരമൊരു ഗ്രാഫിക് നോവലിലേക്ക് റോസ് എത്തിയത്. കുഞ്ഞുനാളുകളിൽ വായിച്ച അമർചിത്രകഥകളും റോസിന് പ്രചോദനമായി. സംസ്കാരം, സ്വത്വം, ജെൻഡർ എന്നിവയെല്ലാം റോസിന്റെ സൃഷ്ടിയുടെ വിഷയമാണ്. ഭാവനയിലാണ് വിമോചനം ആരംഭിക്കുന്നത് എന്നാണ് റോസിന്റെ പക്ഷം.
ഗ്രാഫിക് നോവലിലേക്കുള്ള വഴി
കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള കേരളത്തിന്റെ ഒരു സചിത്ര വിവരണമാണ് ഗ്രാഫിക് നോവലായി റോസ് തയാറാക്കിയത്. ബോൾ പോയിന്റ് കൊണ്ട് ഗ്രാഫിക് നോവൽ ഫോർമാറ്റിലായിരുന്നു ആദ്യം ഇമേജുകൾ തയാറാക്കിയത്. നമ്മുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ചരിത്രവും വർഷങ്ങളുടെ പാരമ്പര്യവും സംസ്കാരവും അസത്യമാണെന്ന് മനസ്സിലാകുമ്പോൾ എന്താണ് തോന്നുന്നത്. സമൂഹത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ സ്വത്വത്തെയും ധാർമികബോധത്തെയും സ്വയം ചോദ്യം ചെയ്യുന്നതിലേക്ക് ഇത് എത്തിച്ചെന്ന് റോസ് പറയുന്നു. കേരളത്തിൽ ജനിച്ചുവളർന്നതു കൊണ്ടു തന്നെ മലയാളി സംസ്കാരവും ജീവിതവും വളരെയധികം ആകർഷിച്ചു. എന്നാൽ, ഹൈന്ദവ ജീവിതരീതിയുമായി ഇത് ബന്ധപ്പെട്ടിരുന്നു. ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ചതിനാൽ ഇത് അപ്രാപ്യമായിരുന്നു. അതുകൊണ്ടു തന്നെ കേരളത്തിന്റെ പുരാതനമായ കാര്യങ്ങളെക്കുറിച്ച് അറിയാൻ അന്വേഷണം ആരംഭിച്ചു.
കൊളോണിയൽ കാലഘട്ടത്തിന് മുമ്പുള്ള സമയത്ത് വാഴയിലയിൽ ആയിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. മുണ്ടായിരുന്നു പ്രധാന വേഷം. നടുമുറ്റത്തോട് കൂടിയ നാലുകെട്ടായിരുന്നു വീട്. സ്ത്രീ - പുരുഷ സമത്വം ഇന്നത്തേക്കാൾ കൂടുതൽ അന്നുണ്ടായിരുന്നതായി മനസ്സിലാക്കി. ഇപ്പോൾ കാണാൻ പോലുമില്ലാത്ത ആ ഒരു കാലഘട്ടത്തിലെ സ്ത്രീയായി സ്വയം സങ്കൽപിച്ചു. സ്വപ്നങ്ങളുടെയും അതോടൊപ്പം തന്നെ യാഥാർഥ്യങ്ങളുടെയും ഒരു സങ്കലനമായാണ് ഇല്ലസ്ട്രേഷൻ ഒരുക്കിയത്. നമ്മുടെ നാടിന്റെ സംസ്കാരം പലപ്പോഴും അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോകത്തിന്റെ മുമ്പിൽ അത് പ്രതിനിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. ഗ്രാഫിക് നോവലിനായി 15 പേജുകളാണ് വരച്ചുണ്ടാക്കിയത്.
സാരി എത്തുന്നതിനു മുമ്പേ സ്ത്രീകളും പുരുഷൻമാരും മുണ്ട് ആയിരുന്നു ധരിച്ചിരുന്നത്. അതുപോലെ കഥകളി പോലെയുള്ള കലാരൂപങ്ങൾക്കായി പുരുഷൻമാർ മേക്കപ്പിട്ടിരുന്നു. കൂടാതെ, പരമ്പരാഗത കേരളീയ വാസ്തുവിദ്യയും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് പോലെയുള്ള പാരമ്പര്യങ്ങളും ലോകത്തിന് മുമ്പിലേക്ക് തന്റെ കലാസൃഷ്ടികളിലൂടെ എത്തിക്കണമെന്നും റോസ് ആഗ്രഹിക്കുന്നു.
റോസിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരണത്തിൽ ഒരുങ്ങിയ ഗ്രാഫിക് നോവൽ വിധികർത്താക്കളുടെയും പ്രശംസ ഏറ്റുവാങ്ങി. 'റോസിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരണം വളരെ ശ്രദ്ധയാകർഷിക്കുന്നതാണ്. അവളുടെ കഥാപാത്രങ്ങളിലേക്ക് ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ വലിച്ചടുപ്പിക്കപ്പെട്ടു. വൈകാരിക ആഴം ആസ്വാദകരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവരുടെ കഥ അറിയാൻ ഞങ്ങൾ ആഗ്രഹിച്ചു' - വിധികർത്താക്കൾ റോസിന്റെ ഗ്രാഫിക് ഇല്ലസ്ട്രേഷൻ വിലയിരുത്തി പറഞ്ഞു. നിരവധി നൊബേൽ ജേതാക്കളെയും ബുക്കർ പ്രൈസ് ജേതാക്കളെയും സമ്മാനിച്ച ഫേബർ റോസ് ആന്റണിയുടെ സമ്മാനാർഹമായ ഇല്ലസ്ട്രേറ്റഡ് നോവൽ ഉടൻ പ്രസിദ്ധീകരിക്കും.
ആർസിഎയിൽ പ്രവേശനം
നാഷണൽ ഇൻസ്റ്റിട്യൂട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് പഠനം പൂർത്തിയാക്കിയതിനു ശേഷം ലൂയി ഫിലിപ്പിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കാലയളവിലാണ് തന്റെ മേഖല ഫാഷൻ അല്ലെന്നും ആർട്ടാണെന്നും റോസ് മനസ്സിലാക്കിയത്. ആ കാലത്ത് ഇല്ലസ്ട്രേഷനും ടൈപ്പോഗ്രഫിയും കുഞ്ഞ് ആനിമേഷനുമെല്ലാം ചെയ്യുമായിരുന്നു. ജോലി ചെയ്തു കൊണ്ടിരുന്ന കാലത്ത് തന്നെ മാസ്റ്റേഴ്സ് വിഷ്വൽ കമ്യൂണിക്കേഷനിൽ ചെയ്യണമെന്ന് തീരുമാനിക്കുകയും അതിനായി ശ്രമം തുടരുകയും ചെയ്തു.
ആദ്യതവണ ലണ്ടനിലെ ഏറ്റവും പ്രസിദ്ധമായ കലാലയങ്ങളിൽ ഒന്നായ സെൻട്രൽ സെയിന്റ് മാർട്ടിൻസിലാണ് അപേക്ഷ നൽകിയത്. എന്നാൽ അത് നിരസിക്കപ്പെടുകയായിരുന്നു. പ്രതീക്ഷ കൈവിടാതെ വീണ്ടും അപേക്ഷ സമർപ്പിച്ചു. സെൻട്രൽ സെയിന്റ് മാർട്ടിൻസിൽ അപേക്ഷ നൽകിയതിന് ഒപ്പം റോയൽ കോളജ് ഓഫ് ആർട്ടിലും അപേക്ഷ നൽകി. രണ്ടിടത്തും അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു.
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സ്വന്തമായി ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കണം. അതിൽ നമ്മുടെ പേഴ്സണൽ വർക്കുകളും കൊമേഴ്സ്യലായി ചെയ്ത പ്രൊജക്ടുകളും ഉൾപ്പെടുത്തണം. ആപ്ലിക്കേഷൻ പോർട്ടലിലൂടെ വേണം പോർട്ട്ഫോളിയോ സമർപ്പിക്കേണ്ടത്. അത് കണ്ട് ബോധ്യപ്പെട്ടാൽ മാത്രമാണ് അഭിമുഖത്തിന് ക്ഷണം ലഭിക്കുക. അഭിമുഖത്തിൽ നമ്മുടെ വർക്കിനെക്കുറിച്ചും പോർട്ട്ഫോളിയോയെക്കുറിച്ചും ചോദിക്കും. അഭിമുഖത്തിലെ പ്രകടനം കൂടി വിലയിരുത്തി ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്ന് അറിയിക്കുക. അഭിമുഖം കഴിഞ്ഞതോടെ ആഗ്രഹിച്ച രണ്ടു കോളജുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, റോയൽ കോളജ് ഓഫ് ആർട്ട് ആണ് റോസ് തിരഞ്ഞെടുത്തത്. ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഉള്ള കോളജാണ് ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ട്. അതുകൊണ്ടു തന്നെ അവിടെ നിന്ന് കിട്ടുന്ന എക്സ്പോഷർ വേറെ ഏതൊരു ഡിസൈൻ കോളജിൽ നിന്ന് ലഭിക്കുന്ന എക്സ്പോഷറിനേക്കാൾ കൂടുതൽ ആയിരിക്കുമെന്നും റോസ് പറയുന്നു.
ആർസിഎയിലേക്ക് വഴിതെളിച്ച് ഡിസൈൻ സ്റ്റുഡിയോ
കോവിഡ് പിടിമുറുക്കിയ സമയത്താണ് സഹോദരി മേരി ആനിനൊപ്പം ചേർന്ന് കൊച്ചിയിൽ ഒരു ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചത്. സ്റ്റുഡിയോ റോ കൊച്ചി എന്ന പേരിലായിരുന്നു അത്. പ്രാദേശികമായ ബ്രാൻഡുകളെ നാടിന്റെ സംസ്കൃതിക്ക് ഒപ്പം ചേർത്തു നിർത്തുക എന്നത് ലക്ഷ്യം വെച്ചാണ് സ്റ്റുഡിയോ റോ കൊച്ചി ആരംഭിച്ചത്. ഇതുവരെ നിരവധി പ്രാദേശിക ബ്രാൻഡുകൾക്ക് മേരി ആനും റോസും ചേർന്ന് ഡിസൈനുകൾ തയാറാക്കി കഴിഞ്ഞു. 2020ൽ ആരംഭിച്ച സ്റ്റുഡിയോ റോ കൊച്ചി ഇതുവരെ ഡിസൈനുകൾ തയാറാക്കിയത് 20ലധികം പ്രാദേശിക ബ്രാൻഡുകൾക്കാണ്.
ഇത് മാത്രമല്ല, പഴഞ്ചൊല്ലുകളെ 2ഡി ആനിമേഷനുമായി ബന്ധിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ തനത് പാരമ്പര്യത്തിന്റെ ഭാഗമായ പഴഞ്ചൊല്ലുകളെ 2ഡി ആനിമേഷനിലേക്ക് എത്തിച്ചത് വളരെ വ്യത്യസ്തവും രസകരവുമായിരുന്നു. 'മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും', 'മിണ്ടാപ്പൂച്ച കലമുടയ്ക്കും', 'അക്കരെ നിന്നാൽ ഇക്കരെ പച്ച ഇക്കരെ നിന്നാൽ അക്കരെ പച്ച' തുടങ്ങിയ പഴഞ്ചൊല്ലുകൾ 2ഡിയിൽ ചെറിയ ആനിമേഷനുകളാക്കി ഇറക്കി. വ്യത്യസ്തമായ ആശയം കൊണ്ടു തന്നെ അത് ശ്രദ്ധിക്കപ്പെടുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തു. റോയൽ കോളജ് ഓഫ് ആർട്ടിൽ പ്രവേശനം ലഭിക്കുന്നതിന് ഈ വർക്കുകളെല്ലാം വലിയ പങ്കുവഹിച്ചെന്നും റോസ് വ്യക്തമാക്കുന്നു.
സ്വാധീനമായി അമ്മയും അപ്പനും സഹോദരിയും
ഫോട്ടോഗ്രഫിയിൽ ചെറുപ്പം മുതലേ താൽപര്യമുള്ള വ്യക്തിയായിരുന്നു റോസിന്റെ പിതാവ് ആന്റണി. തങ്ങളുടെ ചെറുപ്പത്തിലേ ഫോട്ടോകൾ വളരെ മനോഹരമായാണ് അപ്പൻ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് പറയുന്നു റോസ്. വിഷ്വലി ഒരു ചിത്രം എങ്ങനെയായിരിക്കണം എന്നതിൽ അപ്പന്റെ സ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുഞ്ഞുനാൾ മുതൽ തന്നെ പുറത്ത് പോകുമ്പോൾ സ്കെച്ച് ബുക്കുകൾ അദ്ദേഹം വാങ്ങി നൽകുമായിരുന്നു. വരച്ചു തുടങ്ങിയത് അതിലായിരുന്നു. ആർ സി എയിൽ പോയപ്പോഴും അപ്പൻ വാങ്ങിച്ചു നൽകിയ സ്കെച്ച് ബുക്കുകളിലായിരുന്നു ഇല്ലസ്ട്രേഷൻ ബോൾ പോയിന്റിൽ വരച്ചത്. തന്റെ ചിത്രങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്ന ആള് കൂടിയാണ് അപ്പനെന്നും റോസ് വ്യക്തമാക്കി.
അക്ഷരങ്ങളുടെ ലോകത്ത് റോസിനെ സ്വാധീനിച്ചവരിൽ പ്രധാനികളും വീട്ടിൽ തന്നെയുള്ളവരാണ്. അമ്മ അനുവും മൂത്ത സഹോദരി മേരി ആനും. രണ്ടു പേരും എഴുതിയ കവിതകൾ തന്റെ വർക്കിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് റോസ്. ഓർമവെച്ച നാൾ മുതൽ അമ്മയും സഹോദരിയും കവിതകൾ എഴുതുന്നതു കണ്ടാണ് റോസ് വളർന്നത്. വ്യക്തിജീവിതവും ജീവിതപ്രതിസന്ധികളും നിഴലിച്ചു നിൽക്കുന്നതായിരുന്നു മിക്ക കവിതകളും. അതിൽ ആഗ്രഹങ്ങളും സ്വയം കണ്ടെത്തലുകളും ഉണ്ടായിരുന്നു. ആ എഴുത്തുകളിൽ നിന്നാണ് ഇല്ലസ്ട്രേഷനു വേണ്ടിയുള്ള കഥകൾ എടുത്തത്. അതുകൊണ്ടു തന്നെ ഇരുവരും തന്റെ നേട്ടങ്ങളിൽ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് റോസ് തുറന്നു പറയുന്നു. ചില കാര്യങ്ങളിൽ കൂടുതൽ ഗവേഷണം ആവശ്യമായി വന്നപ്പോൾ അവിടെ സഹായമായി എത്തിയതും മേരി ആൻ ആയിരുന്നു. ഇല്ലസ്ട്രേഷനു വേണ്ടി വരച്ച ചിത്രങ്ങളുടെ ഡീറ്റയിലിങ്ങ് ശരിയാക്കുന്നതിലും സഹോദരിയും അമ്മയും സഹായമായി. കേരളത്തിന്റെ വാസ്തുവിദ്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. ഇത് കേരളത്തിന്റെ പഴയകാല വാസ്തുവിദ്യയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ചിത്രങ്ങൾക്ക് അത്രത്തോളം പൂർണത നൽകാനും സഹായിച്ചു.
യുകെയിലെ പഠനകാലയളവിലാണ് ഇല്ലസ്ട്രേഷനിൽ ഗ്രാഫിക് നോവൽ തയാറാക്കിയത്. സാധാരണ ഗ്രാഫിക് നോവൽ ചെയ്യുന്നവർ വരയ്ക്കുന്നതിനായി മോഡലുകളെ പ്രതിഫലം നൽകി നിയമിക്കുകയാണ് പതിവ്. അല്ലാത്തപക്ഷം മനസിൽ ഏതെങ്കിലും അഭിനേതാക്കളെ കണ്ട് വരയ്ക്കും. യു കെയിൽ മോഡലുകളെ പ്രതിഫലം നൽകി എടുക്കുക എന്നത് വളരെ പണച്ചെലവുള്ള കാര്യമായതിനാൽ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് സ്വന്തം മുഖം തന്നെ റോസ് മോഡലാക്കി. പുരുഷകഥാപാത്രങ്ങളെ വരച്ച് വന്നപ്പോൾ അവർക്ക് സഹോദരങ്ങളായ ജോർജിന്റെയും സെബാസ്റ്റ്യന്റെയും മുഖമായിരുന്നു. എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ പരിണയം സിനിമയും അതിലെ വിനീത് അവതരിപ്പിച്ച മാധവൻ എന്ന കഥാപാത്രവും ഗ്രാഫിക് നോവലിന്റെ സൃഷ്ടിയിൽ ഏറെ സ്വാധീനിച്ചു.
റോയൽ കോളജ് ഓഫ് ആർട്ടിൽ വിദ്യാർഥിയായിരുന്ന കാലത്ത് കോഴ്സിന്റെ ഭാഗമായി നിരവധി എക്സിബിഷനുകളിൽ പങ്കാളിയാകാനും സാധിച്ചു. ടേറ്റ് ബ്രിട്ടൻ എക്സിബിഷനിൽ റോസിന്റെ വർക്ക് പ്രദർശിപ്പിക്കപ്പെട്ടു. അമ്മയുടെയും സഹോദരി മേരി ആനിന്റെയും റോസിന്റെയും എഴുത്തുകളെ അടിസ്ഥാനമാക്കി ആയിരുന്നു ടേറ്റ് ബ്രിട്ടൺ എക്സിബിഷനിൽ റോസ് ഭാഗമായത്. 'എ സെൽഫ് പോർട്രയിറ്റ് ഇൻ പോയട്രി' (കവിതയിലെ സ്വയം വിവരണം) എന്ന പേരിലായിരുന്നു പ്രദർശനം. ലണ്ടനിൽ നടന്ന പതിനാറാമത് എഎസ്പി ബുക്ക് ഫെയറിന്റെ ഭാഗമായി. പ്രശസ്ത ആർക്കിടെക്ചർ ആൻഡ് ഡിസൈൻ മാഗസിനായ ഡെസീനിൽ റോസിന്റെ വർക്ക് ഫീച്ചർ ചെയ്യപ്പെടുകയും ചെയ്തു.
ഇല്ലസ്ട്രേഷനിൽ ഫാബ് പ്രൈസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ
യുകെ ആസ്ഥാനമായി നടക്കുന്ന ഫാബ് പ്രൈസ് മത്സരം പ്രധാനമായും സംഘടിപ്പിക്കുന്നത് വെള്ളക്കാരല്ലാത്ത ആളുകൾക്ക് വേണ്ടിയാണ്. ബ്ലാക്ക്, ഏഷ്യൻ അങ്ങനെ വെള്ളക്കാരല്ലാത്ത ആർക്കും ഇതിൽ പങ്കെടുക്കാം. കുട്ടികൾക്കായുള്ള പുസ്തകരചനയിലും ഇല്ലസ്ട്രേഷനിലും പുതിയ പ്രതിഭകളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫാബ് പ്രൈസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യമായി ഫാബ് പ്രൈസ് ജേതാവാകുന്ന വ്യക്തി കൂടിയാണ് റോസ്. ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി ഫാബ് പ്രൈസ് ജേതാവാകുന്നതും റോസാണ്.
വിഷ്വൽ കമ്യൂണിക്കേഷൻ റോസിന് എന്താണെന്ന് ചോദിച്ചാൽ അതൊരു ലിബറേഷൻ (വിമോചനം) ആണെന്ന് ആയിരിക്കും മറുപടി. വിമോചനം ഭാവനയിൽ തുടങ്ങുന്നു എന്നാണ് റോസിന്റെ പക്ഷം. ഒരു ഡിസൈൻ എന്ന് പറയുന്നത് ഒരേസമയം വിമോചനവും പ്രാതിനിധ്യവും വ്യക്തിത്വവും ഏറ്റവും പ്രാധാന്യമുള്ളതിന് പരിഗണന നൽകുക എന്നതുമാണ്.
മലയാളിസംസ്കാരം ചേർത്തുപിടിച്ച്
തന്റെ ഓരോ പുതിയ സൃഷ്ടിയിലും മലയാളി സംസ്കാരം ചേർത്തുപിടിച്ചാണ് റോസ് സഞ്ചരിക്കുന്നത്. ഫാബ് പ്രൈസ് കരസ്ഥമാക്കിയ റോസിന്റെ ഇല്ലസ്ട്രേഷൻ വർക്കിലും നിറഞ്ഞ് നിൽക്കുന്നത് കേരളത്തിന്റെ പൈതൃകവുമായി കേട്ടു പഴകിയ കഥയാണ്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ വളർന്നതിനാൽ പലപ്പോഴും ഹിന്ദു പാരമ്പര്യങ്ങൾ അപ്രാപ്യമായിരുന്നു. വാമൊഴി പുരാണങ്ങളും സാഹിത്യവും മറ്റു ദൃശ്യ രൂപങ്ങളും അതിലേക്ക് ഇറങ്ങിച്ചെല്ലാൻ തന്നെ സഹായിച്ചെന്ന് റോസ് വ്യക്തമാക്കുന്നു.
അറിയപ്പെടാത്ത നിരവധി കരകൗശല വിദഗ്ധർ കേരളത്തിലുണ്ട്. അവരിൽ നിന്ന് സുസ്ഥിര കരകൗശല സമ്പ്രദായങ്ങളെ മനസ്സിലാക്കി, ക്രാഫ്റ്റ് വർക് നടത്തുക എന്നതും റോസിന്റെ ലക്ഷ്യമാണ്. നമ്മുടെ നാട്ടിലെ കരകൗശല മേഖലയുടെ സംരക്ഷണത്തിന് ഇതിന്റെ സാങ്കേതിക വശങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനും സംവിധാനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. തോൽപാവക്കൂത്തിനെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി. വാണിജ്യവൽക്കരണത്തിന്റെ ഈ കാലത്ത് ഇത്തരം കലകളെ സംരക്ഷിക്കുകയും ചേർത്തു നിർത്തുകയും ചെയ്യണമെന്നാണ് റോസ് ആഗ്രഹിക്കുന്നത്. കൊച്ചി മറൈൻ ഡ്രൈവിലാണ് റോസ് ഇപ്പോൾ താമസിക്കുന്നത്. റോസിന്റെ കലാജീവിതത്തിന് എല്ലാവിധ പിന്തുണയുമാണ് മാതാപിതാക്കളായ ആന്റണി എസ്. ആലപ്പാട്ടും അനു ആന്റണിയും നൽകുന്നത്. സഹോദരങ്ങളായ മേരി ആൻ, ജോർജ്, സെബാസ്റ്റ്യൻ എന്നിവർ പിന്തുണ നൽകുന്നതിനൊപ്പം തന്നെ ആവശ്യമുള്ള സമയത്ത് വിമർശനവും തിരുത്തലുകളും അറിയിക്കുകയും ചെയ്യുന്നു.