Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീര്യമേറും വിഷലായനി! ഞെട്ടിക്കും ഈ ആസിഡ്

ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്ന ജീവിതങ്ങളുണ്ട്. വലിയ ലക്ഷ്യങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിക്കുന്നവർ. അപ്രതീക്ഷിത അനുഭവങ്ങളാൽ ലക്ഷ്യത്തിൽ നിന്നകന്നുപോകുന്നവർ. നിസ്സഹായരാകുന്നവർ. സൃഷ്ടിപരതയുടെ അദമ്യമായ ആഗ്രഹത്തിനൊടുവിൽ സ്വയംഹത്യയുടെ അഭയതീരത്ത് നിലവിളികളോടെ ഒടുങ്ങുന്നവർ. സഹതാപമല്ല അവർ തേടുന്നത്. വിഗ്രഹവത്കരണവുമല്ല. അവരുടെ പിഴച്ചപോയ ഏതാനും ചുവടുകളിൽനിന്നുപോലും പഠിക്കാനും പകർത്താനും ഏറെയുണ്ട്. ഇനി വരുന്ന ജീവിതങ്ങളുടെ വിശുദ്ധിക്കുവേണ്ടി ഇന്നിന്റെ ചിതയിൽ ചാരമാകുന്നവർ. അവരുടെ ചിതയിലെ വെളിച്ചം ലോകത്തിന്റെ വഴികളിൽ പ്രകാശമാകുന്നുണ്ട്.

കണ്ണുനീർ കാഴ്ചകളെ മറയ്ക്കാൻ അനുവദിക്കരുത്.അമർന്നൊടുങ്ങുന്നവരുടെ ചിതകളിൽനിന്നു കൊളുത്തിയ വെളിച്ചവുമായി വരുംകാലത്തെ നേരിടേണ്ടതുണ്ട്. ചിതയിൽനിന്നു വാരിയെടുക്കുന്ന അസ്ഥികളെപ്പോലും ആയുധമാക്കേണ്ടതുണ്ട്. തിലോദകങ്ങളല്ല, തീവ്രശക്തിയുടെ ഹൃദയവും തീക്ഷ്ണതയുടെ മനസ്സുമായി തീച്ചൂടേറ്റിട്ടും പിൻമാറാതെ പോരാടേണ്ടതുണ്ട്. തോറ്റുപോകുമെന്നുറപ്പുണ്ടായിട്ടും തളരാതെ പോരാടുന്ന ജീവിതങ്ങൾക്കു പുതിയകാലത്തെ ഒരു എഴുത്തുകാരിയുടെ സമർപ്പണമാണ് ആസിഡ്. ഒരു തുള്ളികൊണ്ടുതന്നെ ആയുസ്സിലൊരിക്കലും മറക്കാത്തരീതിയിൽ പൊള്ളിക്കുന്ന വിഷദ്രാവകമായി ഹൃദയഭിത്തിയിൽ ആഴത്തിൽ ചോരപ്പാടുണ്ടാക്കുന്ന അക്ഷരക്കൂട്ടം. നവോൻമേഷം തുളുമ്പുന്ന ഭാഷയിൽ വർത്തമാനകാലത്തിന്റെ ആത്മാവിനെ ആഴത്തിൽ ഒപ്പിയെടുക്കുന്ന ദുരന്തവാങ്മയം.

പെണ്ണെഴുത്തിനു മലയാളത്തിൽ മേൽവിലാസമുണ്ടാക്കിയ സാറ ജോസഫിന്റെ മകൾ സംഗീത ശ്രീനിവാസന്റെ പുതിയ നോവൽ. എഴുത്തിന്റെ തീക്ഷ്ണതയാലും ശൈലിയുടെ പുതുമയാലും അനുഭവങ്ങളുടെ സത്യസന്ധതയാലും ആവിഷ്കരണത്തിന്റെ കൃത്യതയാലും വായനയെ പൊള്ളുന്ന അനുഭവമാക്കുന്ന നോവൽ. മനസ്സു മരവിപ്പിക്കുന്ന വാർത്തകളുടെ കാലത്തിരുന്നുകൊണ്ട് ഇന്നലെയുടെ സുരക്ഷാചരിത്രം എഴുതാതെയും നാളെയുടെ പൈങ്കിളി സ്വപ്നത്തിൽ പേന താഴ്ത്താതെയും ഇന്നിന്റെ ആത്മാവിനെ ആവാഹിച്ചെടുക്കാൻ നടത്തുന്ന ധീരമായ പരിശ്രമം. കരച്ചിലും ചിരിയുമല്ലാതെ, ഒന്നുമില്ലാത്ത ശൂന്യതയല്ലാതെ, ഉള്ളിലൊരാന്തൽ അവശേഷിപ്പിക്കുന്ന പുസ്തകമാണു തിരയുന്നതെങ്കിൽ ആസിഡ് കയ്യിലെടുക്കൂ. അനുഭവതീക്ഷ്ണമായ ജീവിതത്തിന്റെ അമ്ളലഹരി എരിപൊരികൊള്ളിച്ചുകൊണ്ട് ഉള്ളിലേക്കിറങ്ങുന്നത് അനുഭവിച്ചറിയാനാകും.

ചില പുസ്തകങ്ങളുടെയെങ്കിലും സംഗ്രഹിച്ച വിശേഷണങ്ങള്‍ വായനക്കാരെ തെറ്റിധരിപ്പിക്കാറുണ്ട്. ആസിഡ് തന്നെ മികച്ച ഉദാഹരണം. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ളലഹരി എന്നൊരു വിശേഷണമുണ്ട് ആസിഡിന്റെ കവര്‍പേജില്‍. പക്ഷേ സംഗീതയുടെ ആസിഡ് മുഴുവൻ കുടിച്ചാലും ലെസ്ബിയൻ പ്രണയമല്ല കേന്ദ്രപ്രമേയമായി മനസ്സിൽതടയുന്നത്. മറിച്ച് നഗരകേന്ദ്രീകൃതമായ പുതിയ കാലത്തെ ജീവിതപ്രതിസന്ധികളും വിവാഹ ബന്ധങ്ങളിലുൾപ്പെടെ പെരുകിവരുന്ന അവിശ്വസ്തതകളും സദാചാര ധാർമിക നിയമങ്ങളുടെ വേലിക്കെട്ടുകൾ തകർക്കാൻ വെമ്പുന്ന മനുഷ്യരും ലഹരിമരുന്നുകൾ ഒഴിയാബാധകളാകുന്ന ജീവിതദുരന്തങ്ങളുമാണ്.

നോവൽ കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളിൽ ഒന്നുമാത്രമാണ് രണ്ടു സ്ത്രീകൾ പരസ്പരം അഭയം കണ്ടെത്തി സ്വകാര്യതകളിൽ തേടുന്ന തൃഷ്ണയുടെ സാക്ഷാത്കാരങ്ങൾ.എന്നിട്ടും നോവലിനെ ലെസ്ബിയൻ എന്ന വിശേഷണത്തിൽ തളച്ചിടാൻ ശ്രമിച്ചതെന്തിനെന്നു വ്യക്തമല്ല. ലെസ്ബിയൻ ബന്ധത്തിന്റെ രഹസ്യാത്മകതകൾ മാത്രം തേടിയെത്തുന്ന വായനക്കാർ ആസിഡ് വായിച്ചു നിരാശരാകും. അവരെ സംതൃപ്തിപ്പെടുത്തതൊന്നുമല്ല സംഗീതയുടെ കരുത്ത്.

വർത്തമാനകാല ജീവിതത്തെ തീക്ഷ്ണതയിലും തീവ്രതയിലും ആവിഷ്കരിച്ച് ഇന്നത്തെ സമൂഹത്തിന്റെ പോസ്റ്റ്മോർട്ടം നടത്തുകയാണു സംഗീത. കരുത്തുറ്റ, അപ്രവചനീയമായ കഥ.മജ്ജയും മാംസവുമുള്ള കഥാപാത്രങ്ങൾ. അത്രയെളുപ്പമൊന്നും അവർ മനസ്സിൽനിന്നു കുടിയിറങ്ങില്ല. ഇംഗ്ളിഷും മലയാളവുമൊക്കെ കൂട്ടിക്കലർത്തിയ നഗരജീവിതത്തിന്റെ ഓജസ്സുള്ള ഭാഷ. കഥാപാത്രങ്ങളുടെ ഉള്ളിൽകയറി എഴുത്തുകാരി നടത്തുന്ന നിരീക്ഷണങ്ങളും വിശകലനങ്ങളും. സർവോപരി ഉടനീളം തിളങ്ങുന്ന ആത്മാർത്ഥതയുടെ വെള്ളിവെളിച്ചം.ഘടനയിൽ ഒത്തുതീർപ്പുകൾക്കു വഴങ്ങാതെ പൂർണതയിലെത്തിക്കുന്ന ദുരന്തകാവ്യത്തിന്റെ ഐതിഹാസിക ഭംഗി. 2016 മലയാളത്തിനു സമ്മാനിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് ആസിഡ് എന്നു നിസ്സംശയം പറയാം. 

കമലയും ഷാലിയും കേന്ദ്രകഥാപാത്രങ്ങൾ.കമല വിവാഹിതയാണ്. ഭർത്താവുണ്ട്.രണ്ട് ആൺകുട്ടികളുടെ അമ്മ. ഷാലി ഇരുപതുകളിൽ എത്തിനിൽക്കുന്ന സുന്ദരിയായ യുവതി.അവർ പരസ്പരം അടുക്കുന്നു. പക്ഷേ അത് ഇരുവർക്കും ലെസ്ബിയൻ ആഭിമുഖ്യമുണ്ടെന്നതിനേക്കാൾ പുരുഷൻമാരുടെ ലോകം അവർക്കു സമ്മാനിക്കുന്ന തിരിച്ചടികളാൽ എന്നു പറയുന്നതായിരിക്കും ഉചിതം. വിവാഹത്തിനും മുമ്പേ തുടങ്ങിയിരുന്നു കമലയുടെ വൈവാഹിക ജീവിതത്തിന്റെ തകർച്ച. ജീവിതം പങ്കിടാൻ പോകുന്ന പുരുഷനെക്കുറിച്ചു ലഭിച്ച വിശ്വസനീയ വിവരങ്ങൾ കമലയെ ഭർത്താവിൽനിന്നുമാത്രമല്ല പരുഷന്റെ സ്നേഹത്തിൽനിന്നുതന്നെ അകറ്റി. ഷാലിയുടെ ജനനത്തിൽതന്നെ ദുരൂഹത പടർന്നുനിൽക്കുന്നു.

അച്ഛനും അമ്മയും ആരെന്നറിയാതെയാണ് ഷാലിയുടെ വളർച്ച.ഒരവിഹിത ബന്ധത്തിന്റെ സന്തതി. സ്വാഭാവികമായും സമൂഹം സുരക്ഷിതമെന്നു വിശ്വസിക്കുന്ന സദാചാരനിയമങ്ങളിലെ തകർച്ച ജീവിതംകൊണ്ട് അനുഭവിച്ചറിഞ്ഞ ഷാലിക്ക് ഒരു സാധാരണ ജീവിതവും ഒതുങ്ങിയുള്ള ബന്ധങ്ങളും അപ്രാപ്യം. അവിചാരിതമായി അവർ–കമലയും ഷാലിയും കണ്ടുമുട്ടുന്നു. അവർ ഒരുമിച്ചു ജീവിക്കുന്നു. ഒരു കല്യാണം കഴിച്ചുകൂടെ എന്നു ചോദിക്കുന്ന വളർത്തമ്മയോട് ഒരിക്കൽ ഷാലി പറയുന്നുണ്ട് തനിക്ക് ഒരു ഭാര്യയും ഭാർത്താവും രണ്ടു കുട്ടികളുമുണ്ടെന്ന്!

ജീവിതത്തിന്റെ തിരിച്ചടികളുടെ സ്വാഭാവിക പ്രതികരണമെന്നോണം സുഹൃദ്സദസ്സിൽവച്ചു കമല ആസിഡ് രുചിക്കുന്നു നിർബന്ധത്തെത്തുടർന്ന്. അതവൾക്കു കൊടുത്ത സുഹൃത്തുക്കളുൾപ്പെടെയുള്ളവർ ആസിഡ് ഉപേക്ഷിച്ചിട്ടും പക്ഷേ കമലയ്ക്ക് ഒരിക്കൽ ആസ്വദിച്ച ലഹരിയുടെ നീലച്ചിറകുകൾ കുട‍‍ഞ്ഞുകളയാൻ ആവുന്നില്ല. പിൻമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഗ്രാമജീവിതവും സ്നേഹമയിയായ അമ്മയും നഷ്ടമായതുപോലെ സ്വച്ഛമായ കുടുംബജീവിതം കമലയുടെ കയ്യിൽനിന്ന് വഴുതിപ്പോകുന്നു. തകരുന്ന ഹൃദയത്തോടെയേ കമലയുടെ തകർച്ച വായിച്ചുതീർക്കാനാവൂ.

അവർ ജീവിതത്തിലേക്കു തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ആത്മാർതമായി വായനക്കാരും ആഗ്രഹിച്ചുപോകും.കിടക്കയിലേക്കു വീണുപോയ മകൻ ശിവ അതാഗ്രഹിക്കുന്നുണ്ട്. സ്വപ്നങ്ങൾക്കു പിറകെ യാത്രചെയ്ത് അഭിനയക്കളരിയിൽ സ്വന്തമായ ഇടംതേടിയ ആദി അതാഗ്രഹിക്കുന്നു. കിടക്ക പങ്കിട്ട മാധവനും ആഗ്രഹത്തിന്റെ പൂർണതയിലേക്കു നയിച്ച ഷാലിയും തറവാട്ടിലെ സഹായി ജാനുവും പോലും അതാഗ്രഹിക്കുന്നു. കമലയും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടല്ലേ ശ്വാസം മുട്ടിക്കുന്ന തറവാട് ഉപേക്ഷിച്ച് കൊച്ചി കടവന്ത്രയിൽ അവൾ ഒരു ഫ്ളാറ്റ് സ്വന്തമാക്കുന്നത്. സൂക്ഷ്മതയോടെ വീട്ടുസാധനങ്ങൾ തിരഞ്ഞെടുക്കുന്നത്.

ഭിത്തികളെ അലങ്കരിക്കുന്ന നിറങ്ങളും കർട്ടനുകൾ പോലും.എന്നിട്ടും എന്തിനാണു കമല ലഹരിയുടെ വിതരണക്കാരെ കൊച്ചിയിൽ തേടിപ്പിടിക്കുന്നത്. അവരോടു വിലപേശി ആസിഡ് സ്വന്തമാക്കുന്നത്.മകൻ തൊട്ടടുത്ത മുറിയിൽ അമ്മേ എന്നു വിളിച്ചുകരയുമ്പോഴും അതു കേൾക്കാതെ, ഡോക്ടറെ കാണാനുള്ള ഷാലിയുടെ പ്രേരണയെ തള്ളിക്കളഞ്ഞ്, പിരിഞ്ഞുപോയ ഭർത്താവ് മാധവന്റെ സ്നേഹാന്വേഷണങ്ങൾക്കുപോലും ചെവി കൊടുക്കാതെ എന്തിനാണു കമല ആസിഡ് നാക്കിൽ ഇറ്റിച്ചത് ?

പല സ്ത്രീകളും മഹാത്ഭുതങ്ങളാണ്. അതേ കമലയും അസാധാരണമായ ഒരു അത്ഭുതം തന്നെ. വേദനിപ്പിക്കുമ്പോഴും മനസ്സിന്റെ ഇഷ്ടം നേടുന്ന, തിളങ്ങുന്ന പട്ടുസാരിയിലും വലിയ വട്ടപ്പൊട്ടിലും സുന്ദരിയാകുന്ന കമല.അതുപോലെതന്നെ ഷാലിയും. വളർത്തമ്മ സിഗരറ്റ് വലിക്കരുതെന്ന് പറയുമ്പോൾ പുറമെ ദേഷ്യം ഭാവിക്കുമെങ്കിലും ഓടിച്ചെന്ന് ഉമ്മ കൊടുക്കാൻ മോഹിക്കുന്ന യൗവ്വനത്തുടിപ്പിന്റെ, വിലക്കപ്പെട്ട പ്രണയസമുദ്രത്തെ ആത്മാവിൽ പേറുന്ന ഷാലി. കൊല്ലാനും തയ്യാറായി നിന്ന ഒരു പുരുഷന്റെ മുമ്പിൽ ഒരിക്കൽ പൂർണനഗ്നയായി നിന്ന് അയാളെ നിസ്സഹായനാക്കിയ സ്ത്രീശക്തിയുടെ തേജസ്സ്. 

ആസിഡിലെ എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട് വ്യക്തിത്വം. എല്ലാവരും അവരുടെ വേദനകളാലും തകർച്ചകളാലും വായനക്കാരുടെ ഹൃദയത്തിൽ കൂടുകൂട്ടുന്നു. വായനയെത്തന്നെ വേദനിപ്പിക്കുന്ന അനുഭവമാക്കുന്ന അപൂർവം പുസ്തകങ്ങളിലൊന്ന്. പതിവു മലയാള നോവലുകളിൽനിന്ന് ആസിഡ് വേറിട്ടുനിൽക്കുന്നു. തീർത്തും പുതിയകാലത്തിന്റെ എഴുത്തും ആവിഷ്കാരത്തിലെ ധീരതയും എടുത്തുപറയണം. വളരെക്കാലത്തിനുശേഷമാണ് സ്ഫോടനശേഷിയുള്ള ഒരു വിഷയത്തെ ഗൗരവത്തോടെയും ആത്മാർഥതയോടെയും സമീപിക്കുന്ന ഒരു നോവൽ മലയാളത്തിനു ലഭിക്കുന്നത്. ആസിഡ് വായിക്കപ്പെടണം. അംഗീകരിക്കപ്പെടണം.ഇന്നത്തെ കാലത്തിന്റെ മാത്രമല്ല; വരുംകാലത്തിന്റേതുമാണ് ഈ പൊള്ളുന്ന വിഷലായനി.