Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് സ്വർഗം ശപിച്ചവർക്കുള്ള ഭൂമിയോ?

എഴുത്തോ കഴുത്തോ വലുതെന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. എല്ലാക്കാലത്തെയും എഴുത്തുകാർ നേരിട്ട ചോദ്യം. കഴുത്ത് സംരക്ഷിച്ചുകൊണ്ട് എഴുത്തിന്റെ സുഖത്തിൽ അഭിരമിച്ചവരാണേറെ. അലട്ടുന്ന ചോദ്യങ്ങളെ സൗകര്യപൂർവം മറന്ന് ഏകാന്തചിന്തകളുടെ സുഖാലസ്യത്തിൽ മുഴുകിയവർ. പുറത്തൊരു സമൂഹമുണ്ടെന്നും അവിടെ നീറുന്ന പ്രശ്നങ്ങളുണ്ടെന്നും കണ്ടിട്ടും കാണാതെപോയവർ. സമൂഹത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതു തങ്ങളുടെ ചുമതലയല്ലെന്ന് ഉറച്ചുവിശ്വസിച്ചവർ. അവർക്കു വേദനകളും അസ്വസ്ഥതകളും ഇല്ലെന്നല്ല. സാധാരണ മനുഷ്യരുടെ ജീവൽപ്രശ്നങ്ങളുമായി ഏകാന്തപഥികരുടെ കൽപിതദുഃഖങ്ങൾക്കു ബന്ധമില്ലെന്നു മാത്രം.

കഴുത്ത് പോയാലും എഴുതേണ്ടത് എഴുതുകതന്നെചെയ്യുമെന്ന നിശ്ഛയദാർഡ്യം പ്രകടമാക്കിയ വളരെകുറച്ച് എഴുത്തുകാരുണ്ട്. കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ ദുരിതങ്ങളെ സമൂഹമനസാക്ഷിക്കു മുന്നിലെത്തിക്കുന്നതു ദൗത്യമായി കരുതിയവർ. ഭീഷണികളും അപകടങ്ങളും പതിയിരിക്കുന്ന വഴിയിലൂടെ സധൈര്യം നടന്നുപോകുന്നവർ. അക്ഷരങ്ങൾ അവർക്ക് ആയുധം. ഇരുതലമൂർച്ചയുള്ള മാരകായുധങ്ങൾ. മനുഷ്യൻ മനുഷ്യനുമേൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെ അവർ തുറന്നുകാണിച്ചു. പോരാട്ടത്തിന്റെ അഗ്നി വാക്കുകളിലേക്ക് ആവാഹിച്ചു. എഴുത്തിനെ സമരായുധമാക്കി.

അധുനിക മലയാള സാഹിത്യത്തിൽ എഴുത്തിന്റെ പോർമുഖം തുറന്ന് വാക്കുകളെ തിൻമകൾക്കെതിരായ പോരാട്ടത്തിന്റെ ആയുധമാക്കിയവരിൽ പ്രമുഖനാണ് അംബികാസുതൻ മാങ്ങാട്. ‘മരക്കാപ്പിലെ തെയ്യങ്ങൾ’ എന്ന ആദ്യനോവലിലൂടെ കുന്നുകളും മലകളും നിറഞ്ഞ ഉത്തരദേശത്തിന്റെ പ്രകൃതിയെ കാർന്നുതിന്നുന്ന ഛിദ്രശക്തികൾക്കെതിരെ തൂലിക ചലിപ്പിച്ച അംബികാസുതൻ ‘എൻമകജെ’ എന്ന നോവലിലൂടെ നിറവേറ്റിയത് ഒരു ചരിത്രദൗത്യം. ലാഭക്കൊതിയും അത്യാഗ്രഹവും മൂത്ത മനുഷ്യന്റെ അന്ധമായ ഇടപെൽമൂലമുണ്ടാകുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ കരളുരുക്കുന്ന കാഴ്ചയാണ് 2009–ൽ പുറത്തുവന്ന എൻമകജെ.

എൻഡോസൾഫാൻ എന്ന മാരകകീടനാശിനി കാർന്നുതിന്ന ഒരു നാടിന്റെ വഴികളിലൂടെ നടത്തിയ യാത്ര. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമത്തിന്റെ യാഥാർഥ്യം പുറംലോകത്തെ അറിയിച്ച കൃതി. ഒരു നോവലിന്റെ സൗന്ദര്യസങ്കൽപങ്ങളെല്ലാം ഒത്തിണങ്ങിയിരിക്കുമ്പോൾതന്നെ യാഥാർഥ്യത്തിനുനേരെ പിടിച്ച കണ്ണാടിയായ നോവൽ. എൻഡോസൾഫാന്റെ ക്രൂരതകൾ അനുഭവിച്ച ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവലിന് ഇപ്പോൾ ഇംഗ്ളിഷ് പരിഭാഷ വന്നിരിക്കുന്നു:സ്വർഗ. 

കേരളത്തിന്റെ വടക്കേയറ്റത്തുള്ള മനോഹര ഗ്രാമങ്ങളെ നിലയ്ക്കാത്ത നിലവിളിയുടെ ദുരിതഭൂമിയാക്കിയ വിഷമഴയുടെ കിരാത ചരിത്രം ഇനി വിശാലമായ ലോകത്തിന്റെ മുന്നിലേക്കും. ഒരു പുസ്തകമെന്നതിനേക്കാൾ തീരാത്ത ദുരന്തങ്ങളിൽ കരയുന്ന ഒരു മനുഷ്യനെ ആശ്വസിപ്പിക്കുന്നതുപോലെയോ, കണ്ണും കയ്യും കാലുമില്ലാതെ ജനിച്ച ഒരു കുട്ടിയെ ദത്തെടുക്കുന്നതുപോലെയോ മാനുഷികമായ ഒരു പ്രവൃത്തിയായാണ് എൻമകജെയുടെ വായന. വായിച്ചുതീർത്താലും മനസ്സിൽ മുറിവേൽപിക്കുന്ന, കടമകളെയും കർത്തവ്യങ്ങളെയും കുറിച്ച് ഓർമിപ്പിക്കുന്ന പൊള്ളുന്ന ഒരു കനൽക്കഷണം. എൻമകജെ വായിക്കുകയെന്നാൽ അസ്വസ്ഥതകളും തീരാവേദനകളും ഏറ്റുവാങ്ങുകയെന്നാണർഥം. അത് ഈ കാലഘട്ടം ഓരോ മലയാളിയിൽനിന്നും ആവശ്യപ്പെടുന്ന പവിത്രകർമം കൂടിയാണ്.

എൻമകജെ ഒരു സങ്കൽപഗ്രാമമല്ല. കാസർകോട്ടു നിന്ന് ബസ് കയറിയെത്തുന്ന സ്ഥലം. നിറഞ്ഞ പച്ചപ്പിലൂടെ ബസ് ഓടിക്കൊണ്ടിരിക്കും. കുന്നുകളും കാടുകളും തോടുകളും പ്രത്യക്ഷപ്പെടും. ഒരു നാൽക്കവലയിലെത്തും. ഒരു ചെക്പോസ്റ്റുണ്ട് അവിടെ. റോഡിൽ പച്ചനിറമുള്ള വലിയ ബോർഡ്. വെളുത്ത അക്ഷരങ്ങൾ:എൻമകജെയിലേക്ക് സ്വാഗതം.

എൻമകജെയിലേക്കു കടക്കുന്നു. കുന്നുകളും പുഴകളും ചാലുകളും നിറ‍‍‍ഞ്ഞ നാട്. വയലുകളിൽനിന്ന് എപ്പോഴും വെളുത്ത കൊറ്റികൾ പറന്നുപൊങ്ങുന്ന നാട്. കുത്തനെയൊരു മലയിറക്കം കഴിഞ്ഞ് ബസ് സമനിരപ്പിൽ നിൽക്കുമ്പോൾ ബസിലെ കിളി വിളിച്ചുപറയും:സ്വർഗ്ഗ ആയി...സ്വർഗ്ഗ ആയി...

ഒരു നാടിന്റെ പേരാണു സ്വർഗ്ഗ.ഭൂമിയിലെ യഥാർഥ സ്വർഗം. 

മനുഷ്യരില്ലാത്ത എവിടെയെങ്കിലും പോയി ജീവിക്കാനുറച്ച ഒരു പുരുഷനും സ്ത്രീയും യാദൃഛികമായി എത്തിപ്പെടുന്നു എൻമകജെയിലും തുടർന്നു സ്വർഗ്ഗയിലും. മരങ്ങളെ വളർത്തിയും മൃഗങ്ങളെ ശുശ്രൂഷിച്ചും ജീവിക്കാനാണവരുടെ വരവ്. മനുഷ്യരുടെ ക്രൂരതകൾ അനുഭവിച്ച് മടുത്ത് മനുഷ്യവാസം ഇല്ലാത്ത സ്ഥലം തേടിവന്നവർ. പേരുകൾ ഉപേക്ഷിച്ച് കഴിഞ്ഞകാലം പിന്നിലുപേക്ഷിച്ച് കാടിന്റെയും ഗുഹയുടെയും ഇരുട്ടും തണുപ്പും തേടിവന്നവർ. ലക്ഷ്യം അവരിൽനിന്ന് അകന്നുപോകുന്നതിന്റെ ചരിത്രമാണ് എൻമകജെ. എൻഡോസൾഫാൻ എന്ന വിഷത്തിന്റെ ഇരകളായിത്തീർന്ന ഒരുകൂട്ടം കു‍‍ഞ്ഞുങ്ങളെയും മൃഗങ്ങളെയും സസ്യലതാദികളെയും നശിച്ചവസാനിച്ച തേനീച്ചകളെയും ചിത്രശലഭത്തെയും വെള്ളത്തെയും മണ്ണിനെയുമാണ് അവർ അഭിമുഖീകരിക്കുന്നത്.

വേഷങ്ങൾപോലും ഊരിയെറിഞ്ഞ് കാട്ടുമനുഷ്യരാകാൻ വന്നവർ വേഷം ധരിച്ച് ശുഭ്രവേഷത്തിനുള്ളിൽ ചതിയും വഞ്ചനയും ഒളിപ്പിച്ചുവച്ചവർക്കെതിരെ പോരാടാൻ ഇറങ്ങുന്നു. സ്ത്രീ ദേവയാനിയും പുരുഷൻ നീലകണ്ഠനുമാകുന്നു.ഒരു ജനതയുടെ കാണപ്പെട്ട ദേവിയാകുന്ന ദേവയാനി. കാമുകനാൽ വഞ്ചിക്കപ്പെട്ട്, കൗമാരക്കാരുടെ മാംസദാഹത്തിന് ഇരയായി ചോരവാർന്ന് മരണത്തിനടുത്തെത്തി രക്ഷപ്പെട്ട ദേവയാനിയുടെ ദേവിയിലേക്കുള്ള പരിണാമം. വേദമന്ത്രങ്ങൾ ഉരുവിട്ടും ഹോമപ്പുക ശ്വസിച്ചും ജീവിക്കാമായിരുന്ന ഭക്തിയുടെ തടവറിയിൽനിന്നു രക്ഷപ്പെട്ടെത്തി പത്രപ്രവർത്തനത്തിലും പിന്നീട് അഗതിശുശ്രൂഷയിലും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തിയ പുരുഷൻ. നാടിനെ നശിപ്പിക്കുന്ന വിഷം കുടിച്ചിറക്കാൻ തുനിഞ്ഞ് കഴുത്തിൽ വിഷസഞ്ചിയുമായി ജീവിക്കുന്ന നീലകണ്ഠൻ. അവരുടെ പോരാട്ടം കഥയല്ല. ജീവിതമാണ്. ഇന്നും തുടരുന്ന ജീവിതം.

രണ്ടായിരത്തിനുമുൻപുള്ള സ്വർഗ്ഗയുടെ ചരിത്രമാണ് എൻമകജെ. ഇക്കഴിഞ്ഞ ഒന്നരദശകത്തിനിടെ എൻഡോസൾഫാൻ നിരോധിക്കപ്പെടാൻ കാരണമായ ജനകീയ മുന്നേറ്റത്തിൽ നിർണായക സ്ഥാനമുണ്ട് ഈ പുസ്തകത്തിനും. മാധ്യമപ്രവർത്തകരും മനുഷ്യസ്നേഹികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ സമരമുഖത്തേക്കാനയിച്ച അപൂർവ പുസ്തകം.