Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത വിജയം വേണോ, ശരിയായ ചോദ്യങ്ങള്‍ ചോദിക്കൂ!

വെയ്റ്റ്, വാട്ട്? പിന്നെ ജീവിതത്തിലെ ചില അവശ്യ ചോദ്യങ്ങളും (വെയ്റ്റ് വാട്ട്? ആന്‍ഡ് ലൈഫ്‌സ് അതര്‍ എസ്സന്‍ഷ്യല്‍ ക്വസ്റ്റിന്‍സ്).. ജെയിംസ് ഇ റയാന്റെ ഈ പുസ്തകം ശ്രദ്ധേയമാകുന്നത് ജീവിതവിജയത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര അവസാനിക്കാതെ ഇരിക്കുമ്പോഴാണ്. 

ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഹാര്‍വാര്‍ഡ്‌സ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എജുക്കേഷന്റെ ഡീന്‍ ആണ് ജെയിംസ്. അതുകൊണ്ടുതന്നെ അക്കാഡമിക് തലവും പ്രായോഗികതലവും ഇടകലര്‍ത്തി ജീവിതവിജയത്തിന് ഉതകും വിധമുള്ള കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കും ഇതിലൂടെ.

യഥാര്‍ത്ഥ അറിവ് എങ്ങനെ ലഭിക്കും. വളരെ പ്രസക്തവും എപ്പോഴും എല്ലാവരെയും കുഴയ്ക്കുന്നതുമായ ചോദ്യമാണത്. ക്ലാസ് മുറികളില്‍ ചെന്നിരുന്ന് അധ്യാപകന്‍ പറയുന്നത് മാത്രം കേട്ട് അത് അതേപടി വിശ്വസിച്ച് പുറത്തിറങ്ങിയാല്‍ അറിവ് നേടാന്‍ സാധിക്കുമോ. പലരും അതാണ് അറിവ് നേടല്‍ എന്ന മിഥ്യാധാരണയിലാണ് ഇപ്പോഴും ജീവിക്കുന്നത്. എന്നാല്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ അറിവ്, ബുദ്ധി, വൈഭവം ആര്‍ജ്ജിക്കാന്‍ സാധിക്കൂവെന്നാണ് ആത്യന്തികമായി ജെയിംസ് തന്റെ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്. 

നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരു കലയാണ്. ആ കല സ്വായത്തമാക്കുകയാണ് വേണ്ടത്. അപ്പോള്‍ അറിവ് സ്വാഭാവികമായി ആര്‍ജ്ജിക്കാന്‍ സാധിക്കും. 

ബിസിനസ് ബോര്‍ഡ് റൂമുകളിലാണെങ്കിലും ക്ലാസ് റൂമിലാണെങ്കിലും നമ്മള്‍ ഓരോരുത്തരും ഏറ്റവും കൂടുതല്‍ സമയവും ഊര്‍ജ്ജവും പാഴാക്കുന്നത് ശരിയായ ഒരു ഉത്തരം, ഒരു പരിഹാരം പ്രശ്‌നങ്ങള്‍ക്ക് ലഭിക്കുന്നതിനാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ചോദ്യങ്ങളാണ് ഉത്തരങ്ങളെക്കാളും പ്രാധാന്യം അര്‍ഹിക്കുന്നത്. 

തെറ്റായ ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റായ ഉത്തരം മാത്രമേ ലഭിക്കൂ. നല്ല ചോദ്യങ്ങള്‍ നല്ല ഉത്തരങ്ങളിലേക്കും നല്ല സംസ്‌കാരങ്ങളിലേക്കും ജനങ്ങളുടെ ഇടയിലുള്ള നല്ല ബന്ധത്തിലേക്കും നയിക്കുന്നതായി ജെയിംസ് പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ദി ആര്‍ട്ട് ഓഫ് ആസ്‌കിങ് ആന്‍ഡ് ആന്‍സറിങ് ഗുഡ് ക്വസ്റ്റിന്‍സ്-നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെയും നല്ല ഉത്തരങ്ങള്‍ നല്‍കുന്നതിന്റെയും കലയെക്കുറിച്ചാണ് ഈ പുസ്തകത്തിലുടനീളം ജെയിംസ് പറയുന്നത്. 

രാഷ്ട്രീയം, ചരിത്രം, സംസ്‌കാരം, സാമൂഹ്യ വ്യവസ്ഥ തുടങ്ങി നിരവധി മേഖലകളുമായി ഇതിനെ ബന്ധപ്പെടുത്താന്‍ ലേഖകന് സാധിച്ചിട്ടുണ്ട്. ആമസോണില്‍ ലഭ്യമായ പുസ്തകം ഇതിനോടകം തന്നെ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു. 399 രൂപയാണ് വില.