ഓരോ സ്ത്രീയും വായിച്ചിരിക്കണം ഈ പുസ്തകം

കല്ല്യാണം കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം മുതല്‍ രാവിലെ എണീറ്റ് ഭര്‍ത്താവിന് ചായ കൊടുക്കണം, മുടി കെട്ടേണ്ടത് അദ്ദേഹത്തിന് ഇഷ്ടമുള്ളപോലെ, ടീ ഷര്‍ട്ട് ഇടരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത്....ഇങ്ങനെ നീളും കാര്യങ്ങള്‍. വിവാഹമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ പലപ്പോഴും യാതനകളുടേതും അടിച്ചമര്‍ത്തപ്പെടലുകളുടേതും ആയി മാറുന്നു. ഈ ഓര്‍മപ്പെടുത്തലാണ്, അതിനെതിരെയുള്ള പോരാട്ടമാണ് മീന കന്ദസാമിയുടെ വെന്‍ ഐ ഹിറ്റ് യു: ഓര്‍, എ പോര്‍ട്രയ്റ്റ് ഓഫ് ദി റൈറ്റര്‍ ആസ് എ യംഗ് വൈഫ് (When I Hit You: Or, A Portrait of the Writer as a Young Wife) എന്ന പുസ്തകം.

സമത്വത്തിലധിഷ്ഠിതമായി തുടരേണ്ട ദാമ്പത്യ ജീവിതം എന്ന സംവിധാനം പുരുഷകേന്ദ്രീകൃതം മാത്രമാകുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയായ മീന കന്ദസാമി വരച്ചിടുന്നത്. 

ചെറിയ പ്രായത്തില്‍ തന്നെ കല്ല്യാണം കഴിക്കേണ്ടി വന്ന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് ജീവിക്കേണ്ടി വന്ന അവസ്ഥയാണ് മീന പുസ്തകത്തില്‍ വിവരിക്കുന്നത്. തന്റെ വ്യക്തിത്വം നിഴലിക്കുന്ന എല്ലാത്തിനെയും കൊന്നുകളയേണ്ട അവസ്ഥയായിരുന്നു ആ കാലത്തെന്ന് അവര്‍ പറയുന്നു. കൊള്ളയടിക്കപ്പെട്ട ശേഷമുള്ള ഒരു വീടു പോലെയെന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. 

എല്ലാം അവനെ സംതൃപ്തിപ്പെടുത്താന്‍ മാത്രം. എല്ലാ ചിന്തകളും അടിയറവ് വെക്കേണ്ട അവസ്ഥ. സ്വന്തമായി ഒന്നും ചെയ്യാതിരിക്കാന്‍ സാധിക്കാത്ത കുരുക്ക്-മീന പുസ്തകത്തില്‍ പറയുന്നു. പ്ലെയ്ന്‍ മാസ്‌ക് ഓണ്‍ എ പ്രെറ്റി ഫെയ്‌സ് എന്നാണ് മീന പുസ്തകത്തില്‍ ഒരിടത്ത് ഇതിനെ വിശേഷിപ്പിക്കുന്നത്. കല്ല്യാണം മീനയ്ക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസം നേടാനുള്ള ഒരു ക്യാംപ് ആയിരുന്നു. അവിടെ നിന്ന് തളരാതെ അവള്‍ ജീവിതത്തിന്റെ സത്യം പഠിച്ചു. അസമത്വത്തിനെതിരെ പോരാടനുള്ള ആര്‍ജ്ജവം നേടി. 

കേന്ദ്ര കഥാപാത്രമായ നറേറ്റര്‍ക്ക് പേര് നല്‍കുന്നില്ലെങ്കിലും അത് എഴുത്തുകാരി തന്നെയെന്നത് പ്രകടമാണ്. രാഷ്ട്രീയ ആദര്‍ശങ്ങളിലും കവിതയിലും നല്ല ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനത്തിലുമെല്ലാം ആകൃഷ്ടയായാണ് കഥാനായിക യൂണിവേഴ്‌സിറ്റി പ്രൊഫസറായ നായകനിലേക്ക് അടുക്കുന്നത്. തങ്ങള്‍ക്ക് ഒരുമിച്ച് ഒരു പുതിയ ലോകം സൃഷ്ടിക്കാമെന്ന് അവള്‍ കരുതി. 

എന്നാല്‍ സമത്വസുന്ദര ലോകം സ്വപ്‌നം കണ്ട അവള്‍ ജീവിതം തുടങ്ങിയപ്പോള്‍ അനുഭവിച്ചത് തന്റെ ഉടമസ്ഥതാ അവകാശം ലഭിച്ച ഭര്‍ത്താവിനെയാണ്. എല്ലാം അനുസരിക്കുന്ന 'ഒബീഡിയന്റ് വൈഫ്' ആയി തന്നെ അയാള്‍ മാറ്റുകയാണെന്ന സത്യം വൈകാതെ അവള്‍ തിരിച്ചറിഞ്ഞു. 

ബിംബവല്‍ക്കരിക്കപ്പെട്ട നമ്മുടെ പരമ്പരാഗത ഭാര്യാ സങ്കല്‍പ്പം തന്നെ. എന്നാല്‍ എഴുത്തുകാരിയാകനുള്ള തന്റെ ഉള്ളിലെ അടങ്ങാത്ത തൃഷ്ണ അസമത്വത്തിനെതിരെ പോരാടാന്‍ അവളെ പ്രാപ്തയാക്കുന്നു. അവള്‍ പ്രതിരോധിക്കുമ്പോള്‍ ഗാര്‍ഹിക പീഡനത്തിലേക്കും വിവാഹമെന്ന ഉടമ്പടി വാഗ്ദാനം ചെയ്യുന്ന ലൈംഗിക അതിക്രമത്തിലേക്കുമെല്ലാം അത് നീളുന്നു. അക്ഷരങ്ങളാണ് അവിടെ സ്വതന്ത്രയാകാനുള്ള പോരാട്ടത്തിന് അവള്‍ക്ക് ചിറകുകള്‍ നല്‍കിയത്. 

സാധാരണക്കാരായ ഓരോ സ്ത്രീയുടെയും പ്രതീകമാണ് മീന കന്ദസാമി ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. അടിമത്വത്തിന്റെ ചങ്ങലകളില്‍ ചിന്തയും പ്രണയവും അഭിപ്രായ സ്വാതന്ത്ര്യവും അടിയറവെച്ചു ഒതുങ്ങി ജീവിക്കുന്ന ശീലാവതിയായ ഭാര്യ. ആ ചങ്ങല പൊട്ടിച്ചെറിയാനുള്ള അഹ്വാനമാണ് ഈ പുസ്തകം നല്‍കുന്നത്.