അയാളൊരു സിഐഎ ഏജന്റാണെന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കന്മാർ പലരെയും കുറ്റപ്പെടുത്തി പറയാറുണ്ട്. പാർട്ടിക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ പറയുകയോ എഴുതുകയോ ചെയ്താൽ അയാൾ സിഐഎ ഏജന്റായി തീരും. മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ പവനൻ എന്ന പി.വി.നാരായണൻനായർ സിഐഎ ഏജന്റായിരുന്നോ?
കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പവനൻ എങ്ങനെ സിഐഎ ഏജന്റായി എന്നതിനെക്കുറിച്ചറിയാൻ എഴുത്തുകാർക്കൊക്കെ താൽപര്യമുണ്ടാകും. കാര്യത്തിലേക്കുകടക്കാം.
‘‘ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനിടയിലാണ് പവനൻ സോവിയറ്റ് ഇൻഫർമേഷൻ സെന്ററിലേക്കു നിയോഗിക്കപ്പെടുന്നത്. പത്രപ്രവർത്തന സമാനമായ ജോലി തന്നെ അവിടെയും കിട്ടി. പാർട്ടി പത്രത്തിലെ പണി പോലെയല്ല, കൃത്യമായി ശമ്പളം കിട്ടും എന്നതാവാം പ്രധാന വ്യത്യാസം. സോവിയറ്റ് എന്ന സ്വർഗത്തിലെ ആനന്ദദായകമായ ജീവിതത്തെയും അഭൂതപൂർവ്വമായ വികസനത്തെയും അസൂയാവഹമായ ശാസ്ത്രപുരോഗതിയെയും സ്വർഗതുല്യമായ ജനജീവിത സൗകര്യങ്ങളെയുംകുറിച്ചുള്ള പവൻമാർക്ക് ലേഖനങ്ങൾ മലയാളത്തിലേക്കു തർജമ ചെയ്ത് പത്രങ്ങൾക്കു കൊടുക്കുകയാണ് പ്രധാന ജോലി. കൂട്ടത്തിൽ, അമേരിക്ക എന്ന ദുഷ്ടമുതലാളിത്ത രാജ്യത്തിന്റെ ക്രൂരപ്രവർത്തനങ്ങളെക്കും അവിടുത്തെ ജനം അനുഭവിക്കുന്ന നരകതുല്യമായ ജീവിതയാതനകളെക്കുറിച്ചുമെല്ലാം ലേഖനം തയാറാക്കി പരമാവധി ജനങ്ങളിൽ എത്തിക്കുകയും വേണമായിരുന്നു.
ഇങ്ങനെയെല്ലാമുള്ള സഖാവ് പവനനോട് മറ്റൊരു സഖാവ് കൂടിയായ ചലച്ചിത്ര സംവിധായകൻ രാമു കാര്യാട്ട് ഒരു കാര്യം പറയുന്നു. 1970–75 കാലത്തെന്നോ ആണു സംഭവം. ഒരു സുഹൃത്തിനു പവനനെ കാണണം. ഇങ്ങോട്ടു വന്നുകാണില്ല. അശോക ഹോട്ടലിലെമുറിയിൽ ചെന്നുകാണണം. കാര്യമെന്താണെന്നൊന്നും പറയുന്നില്ല രാമു. ചില്ലറ സംശയങ്ങൾ തോന്നിയെങ്കിലും പവനൻ മടിച്ചു പിന്മാറിയില്ല. പറഞ്ഞ ദിവസം കൃത്യമായിചെന്നു ആളൊരു മലയാളിയാണ്. കാര്യമെന്തെങ്കിലും പറയും മുൻപ് വിദ്വാൻ സ്കോച്ച് വിസ്കിയുടെ ഒരു ഫുൾ ബോട്ടിലാണ് പുറത്തെടുത്തത്. സംഭാഷണം മണിക്കൂറുകൾ നീണ്ടതോടെ പവനനും കഴിച്ചു മൂന്നുസ്മോൾ. മറ്റേയാൾ മൂന്നുമണിക്കൂറിനകം മൂന്ന് ലാർജ് തന്നെ അകത്താക്കിയിരുന്നു. പിന്നെ അയാൾ പവനനെ വേറെയൊരു ഹോട്ടലിലേക്കു കൊണ്ടുപോയി. അവിടെ നിശാനൃത്തമാണു നടക്കുന്നത്. അൽപവസ്ത്ര–വിവസ്ത്ര അവസ്ഥകളിൽ സുന്ദരിമാർ വന്ന് ആടി. അവിടെയും മദ്യപാനമുണ്ടായി.
സോവിയറ്റ് യൂണിയനിൽ ആയിടെ പോയിവന്ന ആളായതുകൊണ്ട് പവനനോട് അവിടുത്തെ കാര്യങ്ങൾ മാത്രമാണ് അദ്ദേഹംചോദിച്ചുകൊണ്ടിരുന്നത്. അഞ്ചാറു പെഗ്ഗടിച്ചിട്ടും കാര്യങ്ങൾ കൺട്രോൾ വിടാതെ അയാൾ ചോദിച്ചുകൊണ്ടിരുന്നത് പവനൻ മതിപ്പോടെ ഓർത്തു. അയാൾക്കു പവനനോടും വലിയ മതിപ്പുണ്ടായി. മൂന്ന് അടിച്ചാൽ പലരും മണി മണി പോലെ കാര്യങ്ങൾതുറന്നുപറയും. പവനൻ അയാൾ ആഗ്രഹിച്ചതുപോലെ കാര്യങ്ങളൊന്നും പറയുന്നുമില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതേമുറിയിൽ സന്ധിപ്പേൻ എന്നുറപ്പു നൽകി അവർ പിരിഞ്ഞു. പിരിയും മുൻപ് ആ കക്ഷി ഒരു കടുംകൈ ചെയ്തു. ഒരുകവർ പവനന്റെ പോക്കറ്റിലേക്ക് തള്ളിയതും ടാക്സിയുടെ ഡോർ തള്ളിയടച്ചതും ഏതാണ്ട് ഒപ്പമായിരുന്നു.
സംഭവം സിഐഎ തന്നെ. പവനനു ബോധ്യപ്പെട്ടു. ഇതിനകം അനേകമനേകം ലേഖനങ്ങൾ സിഐഎക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും സാധനത്തെനേരിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. ഇനി വൈകിക്കൂടാ. പവനൻ ഇൻഫർമേഷൻ ഓഫിസിലെ അധികൃതരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവർ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്തു. സിഐഎ യുമായുള്ള ബന്ധം തുടരാനായിരുന്നു മറുപടി. മൂന്നുമാസം ആ ബന്ധം തുടർന്നു. ചിലപ്പോൾ അമേരിക്കയുടെ പഴയകാല രഹസ്യരേഖകൾ ഇന്നാരെങ്കിലും ആർക്കൈവിൽ നിന്നെടുത്താൽ പവനനെ ഒരു സിഐഎ ഏജന്റായി രേഖപ്പെടുത്തിയതു കണ്ടേക്കാം, ഉറപ്പില്ല.
പത്രലോകത്ത് ഇതുപോലെ രസകരമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം വായനക്കാരുടെ ആകാംക്ഷയെ വെല്ലുവിളിക്കുന്ന വിധത്തിലാണ് പ്രശസ്ത പത്രപ്രവർത്തകനായ എൻ.പി. രാജേന്ദ്രൻ ‘ പത്രകഥൾ, കഥയില്ലായ്മകൾ ’എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.
ഐക്യകേരളത്തിലെ ആദ്യത്തെ തൂക്കിക്കൊല കാണാൻ എന്തുകൊണ്ട് ആ പത്രപ്രവർത്തകൻ പോയില്ല?
സർ സിപിയെ വെട്ടിക്കൊല്ലാൻ പുറപ്പെട്ടയാൾ എങ്ങനെ പത്രപ്രവർത്തകനായി?
അടിയന്തരാവസ്ഥക്കാലത്ത് പത്രലോകത്ത് സംഭവിച്ചതെന്ത്?
ഭീകരർ റാഞ്ചിയ വിമാനത്തിലെ പത്രപ്രവർത്തകന് എന്തുസംഭവിച്ചു?
കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളിൽ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽസംഭവിച്ച കൗതുകങ്ങളാണ് എൻപിആർ ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
മലയാള സാഹിത്യചരിത്രത്തിലെ വലിയ സംഭവമായിരുന്നല്ലോ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന സുകുമാർ അഴീക്കോടിന്റെ പുസ്തകം. ജി അന്ന് പ്രശസ്തിയുടെ ഉന്നതിയിൽ നിൽപ്പായിരുന്നു.‘മഹാകവിത്രയം എന്ന മണ്ഡലത്തിനപ്പുറത്ത് കാവ്യാംബരവീഥിയിൽ ഒറ്റത്താരക പോലെ കുറുപ്പ് അന്നു പ്രശോഭിച്ചിരുന്നു എന്നാണ് അഴീക്കോടു തന്നെ അതിനെക്കുറിച്ചെഴുതിയത്.
ആ കൃതിയുടെ രചനയെയും അതുണ്ടാക്കിയ പ്രകമ്പനത്തെയും പറ്റി ഒരു നീണ്ട അധ്യായം തന്നെയുണ്ട് അഴീക്കോടിന്റെ ആത്മകഥയിൽ. ‘ശങ്കരക്കുറുപ്പ് വധ’ത്തിനു പിന്നിലെ ഗൂഢാലോചനകൂടി വിവരിക്കുന്നുണ്ട് അഴീക്കോട് ആത്മകഥയിൽ. പ്രശസ്ത നിരൂപകൻ കുട്ടിക്കൃഷ്ണമാരാരുടെ പ്രോത്സാഹനത്തോടുകൂടിയാണ് അഴീക്കോട് ഈ വിമർശനം എഴുതിത്തുടങ്ങിയത്. ജിയുടെ ഔന്നത്യത്തിനു മുന്നിൽ താനൊരു ശിശു മാത്രമല്ലേ എന്ന ചിന്ത അദ്ദേഹത്തെ ഇടയ്ക്കെല്ലാം ദുർബലപ്പെടുത്തിയിരിക്കണം. ഷഷ്ടിപൂർത്തി പിന്നിട്ട ആളാണ് ജി. പ്രായത്തിൽ കാൽനൂറ്റാണ്ട് പിറകിലാണ് അഴീക്കോട്. വർഷങ്ങളെടുത്തു ആ വിമർശന ഗ്രന്ഥം പൂർണരൂപത്തിലാക്കാൻ. പുസ്തകത്തിനു പേരിട്ടിരുന്നില്ല. മാരാരാണ് ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന പേരിട്ടത്.
മാതൃഭൂമിയിലാണ് അഴീക്കോട് തന്റെ ശങ്കരക്കുറുപ്പ് വിമർശനത്തിനു തുടക്കംകുറിക്കുന്നത്. ജിയുടെ സംഗീതസാഗരം എന്ന കവിത സി.ആർ.ദാസിന്റെ സാഗർസംഗീത് എന്ന കവിതയുടെ അനുകരണമാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. അനുകരണമൊന്നുമല്ല, മോഷണം തന്നെയാണ് എന്നുവാദിച്ചു സ്ഥാപിക്കുന്നതായിരുന്നു അഴീക്കോടിന്റെ ലേഖനം. ആ ലക്കം പ്രസിദ്ധീകരിച്ചതോടെ മഹാകവി പിണങ്ങി. ഈ വിമർശനങ്ങളുടെ വികസിത രൂപമാണ് പിന്നീടു പുസ്തകമായത്. എന്നാൽ അഴീക്കോടിനായി വിധി മറ്റൊന്നു കാത്തുവച്ചിരുന്നു.
വിമർശകനും സാഹിത്യസാംസ്കാരിക നായകനുമായി കത്തിനിൽക്കുന്ന കാലത്താണ് അഴീക്കോട് കഠിനമായി വിമർശിക്കപ്പെടുന്ന ലേഖനപരമ്പര പ്രസിദ്ധീകരിക്കപ്പെടുന്നത്. അതും അഴീക്കോട് ജിയെ വിമർശിച്ച മാതൃഭൂമിയിൽ തന്നെ. മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന ടി. വേണുഗോപാൽ ആയിരുന്നു എഴുതിയത്. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ തന്നെ അന്തസ്സാരശൂന്യമാണ്, നിരൂപണം അതിലേറെ അന്തസ്സാരശൂന്യമാണ്എന്നു വാദിക്കുന്നതായിരുന്നു ലേഖനപരമ്പര. അഴീക്കോട് ഏറെ ക്ഷോഭിക്കുകയും ഇനി മാതൃഭൂമിയിൽ ലേഖനമെഴുതില്ല എന്നെല്ലാം പറഞ്ഞെങ്കിലും വൈകാതെ അതെല്ലാം മറന്നു…
പത്രലോകത്തെ ഇത്തരം രസകരമായ അനുഭവങ്ങളാണ് എൻ.പി. രാജേന്ദ്രൻ 29 ലേഖനങ്ങളിലൂടെ പറയുന്നത്.
Books In Malayalam Literature, Malayalam Literature News, Malayalam Book Review