തനി നാടനാണ് സുനിൽ ചെറിയകുടി. ലാസ്റ്റ് സ്റ്റേഷൻ എന്ന ആദ്യ ചെറുകഥാസമാഹാരത്തിൽ തന്നെയുണ്ട് ആ നാടന്റെ നിഷ്കളങ്കത്വവും പ്രവാസിയുടെ ആകുലതകളും. പുസ്തകത്തിന്റെ ആദ്യ വായനയിൽ നിന്നും അവസാനത്തിലേക്കെത്തുമ്പോൾ ഒന്നിൽ പോലും ആദ്യത്തെ കഥ തന്ന അനുഭവത്തിൽ നിന്നുമൊരു പിന്നോട്ടു പോക്കില്ല. ബന്ധങ്ങളും നാടും ചില ഓർമകളും ഒക്കെ അക്ഷരങ്ങളായി നിറഞ്ഞ അനുഭവക്കുറിപ്പ് പോലെയൊരു കഥാസമാഹാരം വേണമെങ്കിൽ ലാസ്റ്റ് സ്റ്റേഷൻ വായിക്കാം.
വർഷങ്ങൾക്കു മുൻപ് ന്യൂസിലാൻഡിലേക്ക് കുടിയേറിയ എഴുത്തുകാരനാണ് സുനിൽ ചെറിയ കുടി. ഒരുപക്ഷേ പ്രവാസം തന്നെയാവാം സുനിലിലെ എഴുത്തുകാരനെ ഉണർത്തിയത്. കൈമോശം വരുന്ന എന്തെങ്കിലും അനുഭവങ്ങളോ ഓർമകളോ ആണല്ലോ ക്രിയാത്മകമായ എഴുത്തുകളുടെ പിന്നിലെ ആണിക്കല്ല്. എത്രയോ ജന്മങ്ങൾ പിന്നോക്കം പോകണം ഒന്ന് നാട്ടിൽ പോയി മടങ്ങി വരണമെങ്കിൽ, എന്ന് ഓരോ പ്രവാസിയുമോർക്കുന്നുണ്ടാകണം, കാരണം എപ്പോഴും നാടിന്റെ, മണ്ണിന്റെ, മഴയുടെ ഒക്കെ ഗന്ധം ചുമന്നു നടക്കുന്നുണ്ടെങ്കിലും ജീവിത മാറാപ്പുകളുടെ ഭാരം കൊണ്ടു തളർന്ന പ്രവാസിക്ക് നാട്ടിലെ ആ സ്ഥിരതയിലേക്ക് അത്രയെളുപ്പം എത്തിച്ചേരാനാകില്ല. ആ വിങ്ങൽ ആദ്യത്തെ കഥയായ ബാലന്റെ ഗ്രാമത്തിലുണ്ട്.
സ്വൽപം നീണ്ട ഒരു കഥയാണ് "ബാലന്റെ ഗ്രാമം", ബാലൻ എന്ന പ്രവാസിയും അദ്ദേഹത്തിന്റെ ഭാര്യയും നാട്ടിലേക്ക് വർഷങ്ങൾക്കു ശേഷം വരുന്നതും, ഓർമകൾ ചിതലരിച്ചു കിടന്ന പഴയ തറവാട് വിൽക്കാൻ ബാലന്റെ ഹൃദയം അയാളോട് പറയുന്നതുമൊക്കെയാണ് ഈ കഥ. ഒരിക്കലും അയാൾക്ക് വിൽക്കാനാകാത്ത ഓർമകൾ നിറഞ്ഞ തറവാടും അതിന്റെ പറമ്പും ഒരിക്കലും അയാളെ വെറുതെ വിടില്ലെന്നറിയാമെങ്കിലും ഉള്ളിൽ ഊറിക്കൂടിയ തോന്നലുകളുടെ പുറത്ത് ബാലൻ സ്വന്തം ആഗ്രഹത്തിൽ ഉറച്ചു തന്നെ നിൽക്കുന്നു. പക്ഷേ, പിന്നോക്കം വലിക്കുന്ന ഭാര്യയും അയാളുടെ ദുസ്വപ്നങ്ങളും, ഒടുവിൽ ബാലനെ തറവാട്ടിലെ വേരുകളിൽ കുടുക്കിയിടുന്നു. ഏതൊരു മനുഷ്യനുമുണ്ട് വേരുകളിലേക്ക് തിരിച്ചു പോകാനൊരു സമയം, അതാകുമ്പോൾ മടക്കമുണ്ടായേ പറ്റൂ. ആ സമയത്തിലേക്ക് തല നീട്ടി കാത്തിരിക്കാനാണ് ബാലന്റെ ഭാര്യ അയാളോട് പറയുന്നത്. ഏറ്റവുമൊടുവിൽ ഭാരമില്ലാത്ത എരിക്കിൻ പൂവ് പോലെ ബാലന്റെ ഹൃദയവും ലഘുവായി തീർന്നു.
സ്പന്ദനങ്ങൾ എന്ന കഥ മുപ്പത്തിനാലു വയസ്സുള്ള ഒരു യുവാവിന്റെ ആകുലതകളുടേതാണ്. പ്രായത്തിന്റെ അപ്പുറം നിൽക്കുന്ന പൊണ്ണത്തടി കുറയ്ക്കാൻ വേണ്ടിയാണു അയാൾ കഷ്ടപ്പെട്ട് രാവിലെ നടത്തം ആരംഭിക്കുന്നത്. ആദ്യമുണ്ടായ ബുദ്ധിമുട്ടുകൾ മെല്ലെ കുറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഇത്രനാൾ തൊട്ട് അയൽവക്കത്തു താമസിച്ചിരുന്ന കാതറിൻ മുത്തശ്ശിയേയും അവരുടെ ഓമന ഓസ്കാർ എന്ന പൂച്ചയേയും പരിചയപ്പെടാതിരുന്ന അയാൾ രാവിലെയുള്ള നടത്തത്തിൽ അവരെ കണ്ടു മുട്ടുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ അയാൾ ഇടപെട്ടു തുടങ്ങുന്നു. വളരെ മനോഹരമായ ഒരു ഇടപെടലാണത്. കാതറീന്റെ വിദേശത്തുള്ള മകന്റെ നഷ്ടത്തിൽ തീവ്ര സങ്കടത്തിലുരുകുന്ന കാതറീനെ അയാൾ ഒരവസരത്തിൽ നെഞ്ചോടു ചേർത്തു നിർത്തുന്നുണ്ട്. നന്മയുടെയും സ്നേഹത്തിന്റെയും മനുഷ്യനായി എഴുത്തുകാരൻ മാറുന്നു. ഓരോ കഥയിലും ഇത്തരം കഥാപാത്രങ്ങളെ തന്നെയാണ് സുനിലിനു പരിചയപ്പെടുത്താനുള്ളത്. ഒരുപക്ഷേ എഴുത്തുകാരൻ കണ്ട കാഴ്ചകളും അനുഭവിച്ച കഥകളും തന്നെയാകാം, അക്ഷരങ്ങളായി ഊർന്നു വീഴുന്നത്. നഷ്ടപ്പെടുന്നവർക്ക് താങ്ങായി നിൽക്കുക എന്നതാണ് ഏറ്റവും പ്രയാസം, പക്ഷേ അതാണ് ഏറ്റവും അത്യാവശ്യവും. ആ വൈകാരികത ജൈസൺ എന്ന ഈ കഥയിലെ നായകന് നന്നായി അറിയാം.
ലാസ്റ്റ് സ്റ്റേഷൻ എന്ന കഥ ട്രെയിനുമായി പ്രണയത്തിലാകുന്ന ഒരു യാത്രക്കാരിയുടേതാണ്. വളരെ യാദൃശ്ചികമായി അയാൾ കണ്ടതാണ് ലേശം തടിച്ച ആ സ്ത്രീയെ, പിന്നീട് കാണുമ്പോഴൊക്കെ അതെ സീറ്റിൽ അവർ ഉണ്ടായിരുന്നു, കൗതുകം പിന്നീട് ആകുലതയായപ്പോഴാകണം അവർ സംസാരിച്ചു തുടങ്ങിയത്. ആ സ്ത്രീ അവർ സഞ്ചരിക്കുന്ന ട്രെയിനുമായി അഗാധമായി പ്രണയത്തിലായിരുന്നു. എന്തുകൊണ്ടാകണം ഒരു വ്യക്തി നിശ്ചേഷ്ടമായ ഒരു വസ്തുവുമായി പ്രണയത്തിലായി പോകുന്നത്! വല്ലാത്ത അരക്ഷിതാവസ്ഥയുടെ ബാക്കിപത്രം മാത്രമായിരിക്കുമത്. ജീവനില്ലാത്ത എന്നാൽ സ്ഥിരം ജീവിതവുമായി തൊട്ടു കിടക്കുന്ന ഒന്നിനോടുള്ള കനത്ത ഭ്രമം. നമ്മുടെ കഥാനായകൻ ആ സ്ത്രീയുടെ ഈ മാനസിക അവസ്ഥയിൽ ആകുലനാണ്, അയാൾക്ക് അവളോട് മറ്റൊരത്തിൽ പ്രണയത്തിന്റെ ചില വേലിയേറ്റങ്ങളും ഉണ്ടായി വരുന്നുണ്ട്. എന്നാൽ പെട്ടെന്നൊരു ദിവസം മുതൽ അപ്രത്യക്ഷയാകുന്ന ആ പെൺകുട്ടി പിന്നീട് അയാളിൽ ഒരു നോവായി തീരുകയാണ്. അവൾ പോകുന്ന വഴികളിലെല്ലാം അയാൾ കാത്തു നിൽക്കുന്നുണ്ട്, പക്ഷേ ഒരു ഗാനം പാടി തീരും പോലെ അവൾ അയാളിൽ നിന്നു തീർന്നു പോവുകയാണ്. ചില ബന്ധങ്ങൾ അങ്ങനെ തന്നെയാണ് ഒരു പാട്ടു പോലെ, മനോഹരമായി കൂടെയുണ്ടാവുകയും തീരുമ്പോൾ ഉള്ളിൽ ഒരു നോവ് അവശേഷിപ്പിച്ച് തീർന്നു പോവുകയും ചെയ്യും, എന്നാലും ആ കേട്ടതിന്റെ മുഴക്കങ്ങൾ ഉള്ളിൽ ആവർത്തിച്ചു കൊണ്ടേയിരിക്കും.
"അമ്മ" എന്ന കഥ നൽകുന്ന ഒരു നിഷ്കളങ്കത്തമുണ്ട്. വെയിൽ വന്നടിച്ചിട്ടും ജോലി ക്ഷീണം കാരണം കിടന്നുറങ്ങുന്ന ഭാര്യയെ വിളിച്ചുണർത്താതെ എഴുന്നേൽക്കുന്ന മകനെ ചേർത്തു പിടിച്ചു യാത്രയാക്കുന്നത് അയാളുടെ അമ്മയാണ്. അല്ലെങ്കിലും ഈ അമ്മമാരെല്ലാം ഇങ്ങനെ തന്നെ എന്ന ഒറ്റ വാചകത്തിൽ ഈ സ്നേഹത്തെ ഒതുക്കി നിർത്താൻ എളുപ്പമാണ് പക്ഷേ അങ്ങനെ ഒറ്റ വാചകത്തിൽ ഒതുങ്ങുന്ന ഒന്നാണോ അമ്മത്തം? സുനിൽ ചെറിയകുടി എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ അമ്മയെ വല്ലാതെ നഷ്ടപ്പെടുത്തുന്നുണ്ടെന്ന് തോന്നിപ്പോകും ആ വായനയിൽ, ഒരുപക്ഷേ പ്രവാസി ആയതുകൊണ്ടായിരിക്കാം, അമ്മയോടും നാടിനോടും ഒക്കെ വല്ലാത്ത ഒരു ആത്മബന്ധം എഴുത്തുകാരൻ പ്രകടിപ്പിക്കുന്നത്. ദോശക്കല്ലിൽ മാവ് കോരിയൊഴിക്കുമ്പോഴുള്ള സീൽക്കാരം അമ്മയെ ഓർമിപ്പിക്കുന്ന ഒരനുഭവമാണ് ആർക്കും. 'അമ്മ ചുട്ടെടുക്കുന്ന ദോശയുടെ കൊതിപ്പിക്കുന്ന ഗന്ധവും അതെ. അങ്ങനെ എത്രയെത്ര മനോഹരമായ 'അമ്മ ചിത്രങ്ങളാണ് ഈ ചെറുകഥയിലുള്ളത്!
വളരെ തെളിഞ്ഞ് ഒഴുകുന്ന പുഴ പോലെ ഉള്ള ഒരു എഴുത്താണ് സുനിൽ ചെറിയകുടിയുടേത്. "നന്മ, സ്നേഹം, സഹാനുഭൂതി, മനുഷ്യത്വം, തുടങ്ങിയ ലോല വികാരങ്ങൾ സ്വജീവിതത്തിലൂടെ കാണിച്ചു തന്ന, എനിക്കു മാതൃകയായ പെറ്റമ്മയ്ക്കും സ്നേഹിക്കാൻ മാത്രമറിഞ്ഞു മറഞ്ഞു പോയ ഞാൻ 'അമ്മ എന്ന് വിളിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മാമയ്ക്കും' സമർപ്പണം ചെയ്തുകൊണ്ടാണ് പുസ്തകം തുടങ്ങുന്നതു തന്നെ. ആ അമ്മത്തത്തിന്റെ നന്മയും വിശുദ്ധിയും അതുകൊണ്ടാകണം ഈ കഥകളിൽ ഉടനീളമുണ്ട്. ആകെ ഒൻപത് കഥകളാണ് "ലാസ്റ്റ് സ്റ്റേഷൻ" എന്ന ഈ സമാഹാരത്തിലുള്ളത്. അധികം വളച്ചൊടിക്കാതെ നേരെ ചൊവ്വേ ഉള്ള മലയാളത്തിലാണ് സുനിൽ കഥകളെഴുതിയിരിക്കുന്നത്. എഴുത്തുകാരന്റെ നല്ല മലയാളം അദ്ദേഹത്തിന്റെ സ്വന്തം നാടിനോടുള്ള ആദരവായി തന്നെ കണക്കെടുക്കേണ്ടതായുണ്ട്. ഇതിലെ മിക്ക കഥകളും ഒരു പ്രവാസി ആയി നിന്നുകൊണ്ട് സുനിൽ പറയുന്ന കഥകളാണ്. ഓരോ കഥകളും അദ്ദേഹത്തിന്റെ മനസ്സിലെ സ്നേഹത്തിന്റെ ഗന്ധം പേറുന്നവയാണ്, അതു കൊണ്ടുതന്നെ ഈ കഥകൾ അത്രമേൽ നിഷ്കളങ്കവുമാണ്.