കാൽപനികനായിരുന്നു ചങ്ങമ്പുഴ; കലാപകാരിയും. ചങ്ങമ്പുഴ ഒരേസമയം കാൽപനികനും കലാപകാരിയുമായതിനു പിന്നിലെ തത്വചിന്ത എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ വേണ്ടതു പുനർവായന. ചങ്ങമ്പുഴയെ വീണ്ടും വായിക്കുകയാണു കെ.പി.നന്ദകുമാർ. ഒപ്പം ഗന്ധർവഗായകനായ ആ കവിക്കു മുമ്പും ശേഷവുമുള്ള മലയാള കാവ്യചരിത്രവും.
കവികളേറെയുണ്ടെങ്കിലും നിരൂപകർക്കും വ്യാഖ്യാതാക്കൾക്കും പൂർണമായി പിടികൊടുക്കാതിരുന്ന ചങ്ങമ്പുഴ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കവിയാണ്;കവിതയെ സ്നേഹിക്കുന്ന മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനും. പ്രിയം കൂടുന്നതനുസരിച്ച് ഇഷ്ടകവിയെ ഇഷ്ടനിറങ്ങളിൽ വരയ്ക്കാൻ ശ്രമിക്കുന്നതു സ്വാഭാവികം. നിറങ്ങൾ കൂടിക്കലർന്ന കാനനഛായയിൽ നഷ്ടമായി യഥാർഥ വ്യക്തിത്വം. ആത്മാർഥതയുടെ മരതകക്കാട്ടിൽ കാണാതെപോയി കവി ഉയർത്തിപ്പിടിച്ച മാറ്റത്തിന്റെ ദീപശിഖ. മലരൊളി തിരളുന്ന മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി എഴുതിയ വാക്കുകളിലുണ്ടായിരുന്ന കത്തിയടങ്ങാത്ത കനലുകളെ ഊതിയുണർത്തുകയാണു നന്ദകുമാർ പുനർവായനയിലൂടെ. കാലത്തിന്റെ പശ്ഛാത്തലത്തിൽ ചങ്ങമ്പുഴയുടെ കവിതയും അദ്ദേഹം തിരികൊളുത്തിയ കലാപത്തിന്റെ തിരുശേഷിപ്പുകളും കണ്ടെടുക്കുന്നു മൗലിക നിരീക്ഷണങ്ങളാൽ സമ്പന്നമായ നിരൂപണ പുസ്തകത്തിലൂടെ. ചങ്ങമ്പുഴയിലെ കാൽപനികനെന്ന ബാഹ്യാവരണത്തോളമെത്തുകയും പ്രക്ഷോഭകാരി എന്ന ആന്തരികതയോളം ചെന്നെത്താൻ കഴിയാതെ പോകുകയും ചെയ്ത മലയാള കാവ്യവിമർശനത്തെ ഗതകാല പാപങ്ങളിൽനിന്നു വിമുക്തമാക്കാനുള്ള പരിശ്രമം.
ജീവിതത്തിനു വേരുകൾ നഷ്ടപ്പെടുന്ന തികച്ചും പഴഞ്ചനായ ‘പുതിയയുഗത്തിൽ ’ കാൽപനികത എന്ന മനോഭാവം തിരിച്ചുവരാനൊരുങ്ങുകയാണെന്നു സമർഥിക്കുന്നു ഗ്രന്ഥകാരൻ. ജീവിതത്തെ അതിന്റെ തനിമയിൽ ഇഷ്ടപ്പെടുകയും കെട്ടിമാറാപ്പുകളെ ദാക്ഷിണ്യമില്ലാതെ തിരസ്കരിക്കുകയും ചെയ്യും മലയാളത്തിൽ ഇനി ശക്തിപ്പെടാൻപോകുന്ന കാൽപനികതയുടെ രണ്ടാം തലമുറയുടെ അടയാളവാക്യങ്ങൾ. അതു കേവലമായ കാൽപനികതയ്ക്കു പകരം വസ്തുനിഷ്ഠമായ കാൽപനികതയായിരിക്കും. കാൽപനികത വസ്തുനിഷ്ഠമാകുമ്പോൾ വിമർശനാത്മക യാഥാർഥ്യത്തിന്റെ ഭാവം കൈവരും. പ്രക്ഷോഭം, കലാപം, വിപ്ലവം ഇവയൊക്കെ പുതിയ കാൽപനികതയുടെ ലക്ഷണങ്ങളായിരിക്കും. മുന്നൊരുക്കമെന്ന നിലയിൽ ചങ്ങമ്പുഴയുടെ പ്രക്ഷോഭകവിതകൾ നന്ദകുമാർ വീണ്ടും വായിക്കുന്നു. കലാപമായിരുന്നു, വിലാപമായിരുന്നില്ല ചങ്ങമ്പുഴക്കവിതകളുടെ ജീവശാസ്ത്രമെന്ന തിരിച്ചറിവിലേക്കു വായനക്കാരെ നയിക്കുന്നു. ശൈലീപരമായി കാൽപനികതയുടെ ഗോത്രസ്വഭാവം പ്രകടിപ്പിക്കുമ്പോഴും ഒരു ഭാവുകത്വപരിണാമത്തിനായുള്ള ഊർജ്ജം സർഗാത്മകതയിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്നു ചങ്ങമ്പുഴ. അതുകൊണ്ടു കാൽപനികതയിലെ രണ്ടാം തലമുറക്കവികളെ ചങ്ങമ്പുഴയുടെ തലമുറ എന്നു രേഖപ്പെടുത്തുന്നതായിരിക്കും ശരി. അവർ മലയാള കവിതയിലെ ഒരു പരിണാമചരിത്രത്തിലെ പ്രത്യേകകാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. അവർ ലക്ഷ്യംവച്ചതു കാൽപനികതയുടെ നവീകരണം.
കരയുന്ന കവിതയ്ക്കു പിന്നിലെ കരിയുന്ന കാവ്യമനസ്സിനെ കണ്ടെത്തേണ്ടതു നിയോഗമായി ഇവിടെ നിരൂപകൻ കാണുന്നു. വിമർശനത്തിന്റെ രീതിശാസ്ത്രവും സൗന്ദര്യശാസ്ത്രവും മാറിമറിഞ്ഞിട്ടും ചില നിരൂപകർ ഇപ്പോഴും ചങ്ങമ്പുഴ കൃതികളെ ലളിതകോമള പദാവലികളാൽ ചമച്ച ശൃംഗാരങ്ങളായി മാത്രമേ പരിഗണിക്കുന്നുള്ളൂ. ജീവിതത്തിന്റെ മഹാവിപിനങ്ങളിലേക്ക് ഇറങ്ങിനിൽക്കുകയും ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ അളയിട്ടിരിക്കുന്ന ചലനാത്മകമായ സാമൂഹികജീവിതം തന്റെ സർഗാത്മകതയുടെ സഞ്ചാരപഥമായി തിരഞ്ഞെടുക്കുകയും ചെയ്ത മഹാകവിയായിരുന്നു ചങ്ങമ്പുഴ. അദ്ദേഹത്തെ ശൃംഗാരി മാത്രമായിക്കണ്ട പഴയ തലമുറയിലെ വിമർശകപ്രതിഭകളോട് കണക്കുചോദിക്കുകയാണ് നന്ദകുമാർ. ചങ്ങമ്പുഴ എന്ന ആജീവനാന്തം പടയാളിയായിരുന്ന കവിയുടെ തേജസ്സ് വീണ്ടെടുക്കുകയും ചെയ്യുന്നു.
Read More Articles on Malayalam Literature & Books to Read in Malayalam