സാമുവൽ ബെക്കറ്റിന്റെ "ദൈവത്തെ കാത്ത്" എന്ന നാടകത്തെ കുറിച്ച് കോളജ് ക്ലാസ്സുകളിൽ മെയിൻ പഠിപ്പിക്കുന്ന അധ്യാപകൻ പറഞ്ഞു തരാൻ ബുദ്ധിമുട്ടുമ്പോൾ മുന്നിൽ അതിനു മുൻപ് കണ്ട റിയലിസ്റ്റിക് നാടകങ്ങളുടെ പ്രതിഛായകൾ ആ കാത്തിരിപ്പിൽ തകർന്നടിഞ്ഞു പോകുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു. കൃത്യമായി ആശയങ്ങൾ പറഞ്ഞു വയ്ക്കുന്ന രംഗപടങ്ങൾ 'ദൈവത്തെ കാത്തി'ലെത്തുമ്പോൾ ശൂന്യമായി തീരുന്നത് അതിശയത്തോടെ മാത്രമാണ് മനസ്സിലാക്കിയെടുത്തത്. അതെ അനുഭവം വീണ്ടുമെത്തുന്നത് ജോയ് മാത്യുവിന്റെ "രക്ത തബല" യുടെ വായനാശേഷമാണ്. എൺപതുകളുടെ തുടക്കത്തിൽ തുടങ്ങിയ വിപ്ലവ വീര്യമുള്ള രചനകളുടെ ഭാഗമായി തന്നെയാണ് രണ്ടായിരത്തിൽ ജോയ് മാത്യുവിൽ നിന്നും "രക്ത തബല" എന്ന നാടകവും പുറത്തിറങ്ങുന്നത്. കോഴിക്കോടൻ സായാഹ്നങ്ങൾ നൽകിയ ചോര ചുവപ്പുള്ള സൗഹൃദങ്ങളുടെ ദീപ്തിയിൽ എഴുതി പോയ നാടകം. അന്ന് പുസ്തക പ്രസാധകൻ കൂടിയായിരുന്നു ജോയ് മാത്യു, രക്ത തബല പുസ്തകമാക്കാൻ ഒരുമ്പെടുമ്പോഴേക്കും "ബോധി" എന്ന സ്വന്തം പ്രസാധക സ്ഥാപനം ഒരു പെരുമഴയിൽ കുത്തിയൊലിച്ചുപോയ അനുഭവം ആമുഖത്തിൽ നാടകകൃത്ത് പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരുപാട് നഷ്ടങ്ങളുടെയും ചിതറിപ്പോയ ചിന്തകളുടെയും നടുവിൽ നിന്നേ അല്ലെങ്കിലും രക്ത തബല പോലെ ഒരു അബ്‌സേർഡ് എഴുത്ത് ഏതൊരാളിൽ നിന്നും ഉയിര് മുളച്ചെത്തുകയുള്ളൂ.
മൂന്നു കഥാപാത്രങ്ങളാണ് രക്ത തബല എന്ന നാടകത്തിലുള്ളത്. "ഞാൻ" എന്ന വക്താവ്, അയാൾ എന്ന കാര്യകർത്താവ്, "അവൾ" എന്ന ജീവിതം. ഈ നാടകത്തെ കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാര്യ/കാമുകി എന്ന ഒരുവൾ കഥയ്ക്ക് കാരണമാക്കപ്പെട്ടവളായി തുടക്കത്തിന് മുൻപ് തന്നെ ഒടുങ്ങി പോയിരിക്കുന്നു. ഞാൻ എന്ന കഥാപാത്രമാണ് നാടകത്തെ വർണിക്കുന്നതും നാടകത്തിനാവശ്യമായ രംഗപടം ഒരുക്കുന്നതും. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ തന്നെ താനൊരുക്കിയിട്ട രംഗസംവിധാനങ്ങൾ ആകെ നശിപ്പിക്കുന്നുണ്ട്. സ്വയം തകർത്തു കളയുന്ന ജീവിതത്തിലേയ്ക്ക് വീണ്ടും ആസക്തിയുടെയും മോഹത്തിന്റെയും അടുക്കി പറക്കലുകൾ നടത്താനാണ് "അവൾ" എന്ന കഥാപാത്രം നാടകത്തിന്റെ മുക്കാൽ ഭാഗത്ത് വച്ച് രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് തോന്നും.
കടലെടുത്തു പോയ എത്രയോ സ്വപ്നങ്ങളുണ്ടാകാം! അത്തരമൊരു സ്വപ്നത്തിന്റെ ആവിഷ്കാരമാണ് രക്ത തബല. എൺപതുകളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഇടയിലെ ജീവിതം ആസ്വദിച്ച് കണ്ട ഒരാൾക്ക് അതെ വിപ്ലവ ആശയങ്ങൾ നശിക്കപ്പെടുന്നതിന്റെ ആശങ്കകളിൽ എന്തൊക്കെ സംഭവിക്കപ്പെടാം?
"പ്രസ്ഥാനം പിളർന്നപ്പോൾ വിപ്ലവം തലയ്ക്കു പിടിച്ചവർ പലവഴിയ്ക്ക് ചിതറിപ്പോയി. ചിലർ ആത്മഹത്യയിൽ അഭയം പ്രാപിച്ചു, ചിലർ സ്വന്തം ജീവിതത്തിലേയ്ക്ക് ഒളിച്ചു കടന്നു, ചിലർ മൗനികളും വിഷാദ രോഗികളുമായി തീർന്നു"- ജോയ് മാത്യു, കാലത്തെ വാക്കുകളിൽ പറഞ്ഞു വയ്ക്കുമ്പോൾ അത്തരത്തിൽ ഒളിച്ചോടപ്പെട്ട ഒരാളുടെ ആത്മസംഘർഷങ്ങൾ അദ്ദേഹം രക്ത തബലയിൽ കുറിച്ചിടുകയും ചെയ്യുന്നു.
നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിലാണ് "ഞാൻ" എന്ന കഥാപാത്രം. അയാളുടെ കാമുകിയായിരുന്നവളുടെ മരണം സൃഷ്ടിച്ച, ഉറ്റ സുഹൃത്തായിരുന്നവന്റെ ജയിൽവാസവും കൊലപാതകവും സൃഷ്ടിച്ച ഏകാന്തതയുടെ തടവ് ഇനിയും അനുഭവിക്കാനാകാതെ അയാൾ കാത്തിരുന്നത് "അയാൾ" എന്ന കഥാപാത്രത്തിന്റെ തിരിച്ചു വരവിനു വേണ്ടിയായിരുന്നു. "ഞാൻ" പറയുന്ന കഥ വിശ്വസിക്കുകയോ വിശ്വസിക്കാതെയിരിക്കുകയോ ചെയ്യാനുള്ള അവകാശം കേൾവിക്കാരനും കാഴ്ചക്കാരനുമുണ്ട്, പക്ഷെ ജയിലിൽ നിന്നും "ഞാൻ" എന്ന കഥാപാത്രത്തെ കൊല്ലാൻ വരുന്ന അയാൾ എന്ന ആൾ പറയുന്ന സത്യസന്ധമായ ഇടപെടലിൽ നമുക്ക് പലതും കണ്ടെത്താം. ഊഹങ്ങൾക്കും അപ്പുറമുള്ള സത്യങ്ങൾ. തുറന്നു പറഞ്ഞു പഴയ ഓർമ്മകളെ അവതരിപ്പിക്കാൻ "ഞാൻ" തയ്യാറാകുന്നില്ലെങ്കിൽ പോലും അയാൾക്ക് ആ പഴയ ഓർമ്മകളിൽ നിന്നും ഇക്കഴിഞ്ഞ പതിനാലു വർഷങ്ങളും രക്ഷപെടൽ ഉണ്ടായിട്ടേയില്ല. രൂപകങ്ങൾ അതിന്റെ എല്ലാ വിധ ഭംഗികളോടും കൂടി രക്ത തബലയെ പുഷ്ടമാക്കുന്നു. "ഞാൻ" നെ കത്തി കൊണ്ട് കൊല്ലാൻ വരുന്ന "അയാൾ" സ്വന്തം ധീരത പ്രദർശിപ്പിക്കാൻ നെഞ്ചിൽ കുത്തി ചോര ചീറ്റാൻ ശ്രമിക്കുന്നുണ്ട്, ആ ഹൃദയ രക്തം അയാൾ നിറച്ച് വയ്ക്കുന്നത് "ഞാൻ" ന്റെ തബലയുടെ കുറ്റിയിലേക്കാണ്. ഹൃദയ രക്തം നിറച്ചു വയ്ക്കപ്പെട്ട തബല എത്രയോ ഹൃദയങ്ങൾ രക്തം കൊടുത്ത് വളർത്തിയെടുത്ത ആ പഴയ കലാ-കാവ്യ കാലങ്ങളെ നാടകകൃത്തിനു ഓർമ്മിപ്പിച്ചു കൊടുത്തിട്ടുണ്ടാകാം. എത്രയും വേഗം എന്നെ ഒന്ന് കൊന്നു തരൂ... ഈ തടവിൽ നിന്നും മോചിപ്പിക്കൂ....- ഞാൻ, അയാളോട് പറയുന്നു. എന്നാൽ അത്ര പെട്ടെന്ന് ഒരു കൊലപാതകത്തിന് അയാൾക്ക് താൽപ്പര്യമില്ല, കൊലപാതകത്തിന് മുൻപ് വിചാരണകൾ നടക്കണം. പക്ഷെ അവർക്കിടയിലേക്ക് കടന്നു വരുന്ന അവൾ തിരിച്ചറിയുന്നുണ്ട്, വിചാരണയ്‌ക്കൊടുവിൽ അയാൾ "ഞാൻ" എന്ന കഥാപാത്രത്തെ സ്നേഹത്തിന്റെ ആനുകൂല്യത്തിൽ വിട്ടയക്കുമെന്ന്. കാരണം അയാളുടെ കണ്ണിൽ തെറ്റ് ചെയ്തവൾ ആനിമിഷം തന്നെ ശിക്ഷിക്കപ്പെട്ടു. ഇനിയും ബാക്കിയുള്ളത് ഏകാന്ത തടവിന് വിധിക്കപ്പെട്ട വെറുമൊരു മനുഷ്യൻ മാത്രമാണ്. വർഷങ്ങളായി തന്റെ പ്രിയപ്പെട്ട തബലകളിൽ വിരലോടിക്കാത്ത വെറുമൊരു മനുഷ്യൻ.
എണ്ണിയാലൊടുങ്ങാത്ത തബലകളുണ്ട് "ഞാൻ" ന്റെ മുറിയിൽ. അയാൾ ഒരു കലാകാരനായിരുന്നു. അയാളുടെ തബലയിൽ ചലിക്കുന്ന വിരലുകളോട് അയാൾക്കും അയാളുടെ ഭാര്യയ്ക്കും അടങ്ങാത്ത പ്രണയമുണ്ടായിരുന്നു. ആ പ്രണയത്തിൽ അയാളുടെ ഭാര്യ "ഞാൻ" ന്റെ കാമുകിയാവുകയും അയാൾ അവരെ വേഴ്ചയ്ക്കിടയിൽ കാണുകയും ചെയ്യുന്നതോടെ കലാപകാരിയായി മാറിയ അയാൾ ഭാര്യയെ/ ഞാൻ ന്റെ കാമുകിയെ കുത്തി കൊല്ലുന്നു. ജീവിത ആസക്തികളുമായി പ്രണയത്തിലകപ്പെട്ടു പോയ ഒരു വിപ്ലവകാരിയ്ക്ക് ജീവിതത്തിലേയ്ക്ക് നടന്നു കയറുമ്പോൾ പാതിവഴിയിലെവിടെയോ നഷ്ടപ്പെട്ടു പോകുന്ന ജീവിത മോഹങ്ങൾ. ആ തിരിച്ചറിവ് നേടുന്നതോടെ പിന്തിരിഞ്ഞു നടത്തം പോലും ആവതില്ലാത്ത അയാൾ ആത്മാവിൽ ഏകാകിയായി പിന്നീടുള്ള ജീവിതം എരിച്ച് തീർക്കുന്നു. പുറമേയ്ക്ക് അയാൾ സൗഭാഗ്യവാനാണ്, കലാകാരനാണ്, പല തരത്തിലുള്ള തബലകൾ സൂക്ഷിക്കുന്നവനാണ്. പക്ഷെ അടിസ്ഥാനപരമായി കലാപകാരിയായ അയാൾ ആ ധീരത സൂക്ഷിച്ചു വയ്ക്കുന്നത് കൃത്യമായ സമയത്തിനായാണ്. ആത്മഹത്യ ചെയ്യാൻ അയാൾക്കാവില്ല, കാരണം കലാപകാരി ധീരനാണെന്നു അയാൾ വിശ്വസിക്കുന്നു. വേദനിച്ചുള്ള മരണം തന്നെയാണ് ഒളിച്ചോട്ടത്തിനുള്ള ശിക്ഷ എന്നയാൾ കണ്ടെത്തുന്നു. പക്ഷെ മരണമെത്തുമ്പോൾ വീണ്ടും മുന്നിൽ വന്നെത്തുന്ന ജീവിതാസക്തിയോടു അയാൾക്ക് കലഹിക്കാനാകുന്നില്ല. അയാളെ വിട്ടൊഴിഞ്ഞ് മരണം വീണ്ടും യാത്ര തുടരുമ്പോൾ ആസക്തി വീണ്ടും തന്നെയൊരിക്കൽ ഒഴിഞ്ഞു പോകുമെന്നും വീണ്ടും ഏകാന്തത തന്നെ കീഴ്പ്പെടുത്തുമെന്നും അയാൾക്കറിയാമായിരുന്നു. അത് തന്നെയാവില്ലേ കാലം "ഞാൻ" എന്ന കഥാപാത്രത്തിന് നൽകുന്ന ഏറ്റവും വലിയ ശിക്ഷ?
പല രൂപകങ്ങളുണ്ട് "രക്ത തബല"യ്ക്ക്. ആന്തരികമായ ഈ ഒരു സത്യത്തിൽ കഥയുടെ ജീവസ്സ് കുരുങ്ങി നിൽക്കുമ്പോഴും പുറമേയ്ക്ക് ജോയ് മാത്യു ഉപയോഗിക്കുന്ന വാക്കുകൾ കൊണ്ടുള്ള രൂപകങ്ങൾ എടുത്ത് പറയണം. ഹൃദയരക്തം പേറുന്ന തബല കുറ്റിയും അളിഞ്ഞ ശവങ്ങളും അവസാനിക്കാതെ പെയ്യുന്ന മഴയും ഏതു കാലാവസ്ഥയിലും അതിവേഗം പായുന്ന ബൈക്കും നശിപ്പിക്കപ്പെട്ട രംഗ സംവിധാനങ്ങളുമെല്ലാം രൂപകങ്ങളായി നാടകത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. സ്ത്രൈണപക്ഷ വായനയിൽ നോക്കിയാൽ പിന്നെയും എഴുതാപ്പുറങ്ങൾ കണ്ടെടുക്കാനാകും. സദാചാര കണ്ണോടെ നോക്കുന്ന ഭർത്താവിന്റെ മുന്നിൽ ഭാര്യ മാത്രം കുറ്റക്കാരിയാകുന്ന ഇരട്ടത്താപ്പ് പക്ഷെ ആർക്കും ചോദ്യം ചെയ്യാനാകില്ല, കാരണം പരസ്പര വിശ്വാസത്തിൽ ഊന്നി മുന്നോട്ടു പോകുന്ന ദാമ്പത്യബന്ധത്തിൽ അത് തകർന്നു കഴിഞ്ഞാൽ ഭർത്താവ് വില്ലൻ വേഷം എടുത്തണിയാറുണ്ട്. പക്ഷെ തെറ്റ് ചെയ്യുന്നവർക്കിടയിൽ ശിക്ഷിക്കപ്പെടുന്നത് സ്ത്രീ മാത്രമാണ്. കാമുകനും കാമുകിയും വേഴ്ച നടത്തുമ്പോൾ കൊല്ലപ്പെടുന്നത് അവൾ മാത്രമാണ്. കാമുകൻ കൊല്ലപ്പെടുന്നില്ലെങ്കിൽ പോലും മരണത്തിനു തുല്യമായ ഏകാന്തത അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ പോലും സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യന്റെ അവസ്ഥകൾ ഏറ്റവും അബ്‌സേഡ് ആയ തരത്തിൽ അവതരിപ്പിക്കുകയാണ് രക്ത തബല. നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ ജീവിതം തന്നെ ഒരുപക്ഷെ രക്തം നിറച്ച പേനയാൽ കുറിയ്ക്കപ്പെടുന്നു.
Read More Articles on Malayalam Literature & Books to Read in Malayalam