Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റിയെഴുതാം സഖാവേ, നമ്മുടെ ക്രൂരകഥ !

ഗോർക്കിയെക്കൊണ്ടു പൊറുതിമുട്ടിയ ലെനിനെക്കുറിച്ചൊരു കവിത എഴുതിയിട്ടുണ്ട് കെ.ജി.ശങ്കരപ്പിള്ള. അവരെ വിടൂ, ഇവരെ വീടൂ എന്നു നിരന്തരം ആവശ്യമുന്നയിച്ച് ഒരു വാക്കിനും ഒരൊപ്പിനും വേണ്ടി ഓടിയോടി വരുന്ന ഗോർക്കി. ശത്രുവിന്റെ ശവശരീരത്തിന് തീരാസുഗന്ധം തോന്നുന്ന മൂക്കു പോരാ അധികാരം നിലനിർത്താൻ എന്ന് ഓർമിപ്പിക്കുന്ന ഗോർക്കി.

തർക്കിക്കുമ്പോൾ നേരിന്റെ പെരുക്കമാവുന്നുണ്ട് ഗോർക്കി. ക്ഷോഭിക്കുമ്പോൾ പ്രളയം. ജീവനേതും പ്രിയമാണു ഗോർക്കിക്ക്. പാർട്ടിയോ വർഗമോ നോട്ടമില്ല. ജൈവനീതിയെക്കുറിച്ച് ഗോർക്കിയുടെ വാക്കുകൾ ലെനിന് അനാവശ്യം. ആവിഷ്ക്കാര സ്വാതന്ത്ര്യവാദം വർഗ്ഗവിരുദ്ധം. 

സൈബീരിയയിൽ നരകിച്ചൊടുങ്ങാതെ സ്വന്തം ജീവൻ രക്ഷിക്കാൻ ലെനിൻ ഗോർക്കിയെ ആഹ്വാനം ചെയ്യുന്നു.നഷ്കളങ്കമായ കഥകളെഴുതി ലോകത്തെ ആനന്ദിപ്പിക്കാനും.

എതിർമൊഴി കൊന്നൊടുക്കുന്നതു ഭീകരതയുടെ മതമാണെന്ന് ഗോർക്കി ലെനിനോടു പറയുന്നു. അവരിൽനിന്നു രക്ഷപ്പെടുന്നതാണ്, കഥയെഴുത്തല്ല തന്റെ പുതിയ കർമ്മമെന്നും അദ്ദേഹം വ്ളാദിമറിനെ ഓർമിപ്പിക്കുന്നു. അന്യോന്യം സംശയിച്ചും ഭയന്നും, ജീവിച്ചിരിക്കുന്നിടം നരകമാക്കരുതെന്നും അദ്ദേഹം അപേക്ഷിക്കുന്നു. സ്തുതിവാക്കിലാടുന്ന വാല് തനിക്കു വേണ്ട. എതിർവാക്കിലാളുന്ന നീതിയാണു വേണ്ടത്. കലയാണ് ആവശ്യം. 

ആര് മാറ്റിയെഴുതും നമ്മുടെ ക്രൂരകഥ ?

ആ മാറ്റിയെഴുത്തിലും നല്ല 

ക്ഷയമുക്തിയില്ല സഖാവേ.

ലെനിൻ മാറ്റിയെഴുതിയില്ല. അദ്ദേഹത്തിനുശേഷം വന്ന സഖാക്കളും അതിനു തയ്യാറായില്ല. അവരൊക്കെയും ഗോർക്കിമാരെക്കൊണ്ടു പൊറുതിമുട്ടി. സൈബീരിയയിൽ ജനത്തിരക്കു കൂടി. 

കാലം ഇന്ന് ഏറെ മാറിയിരിക്കുന്നു. മാറ്റം എരിചട്ടിയിൽനിന്നു വറചട്ടിയിലേക്കാണെന്നു മാത്രം. പുതിയ മനുഷ്യനെക്കുറിച്ചു കെജിഎസ് എഴുതുന്നു. 

വിജയത്തിൽ മതിവരാത്ത വിജയി. 

സ്വന്തം പാദത്തേക്കാളവനിഷ്ടം

അന്യന്റെ കുളമ്പ്.

അമ്മയേക്കാൾ 

ഗോമാതാ.

കുടിവെള്ളത്തേക്കാൾ

കോള.

നാടിനേക്കാൾ

മറുനാട്.

രാഷ്ട്രീയത്തേക്കാൾ

മതം.

മതത്തേക്കാൾ

വർഗീയത.

ഭാര്യയേക്കാൾ മറ്റൊരുവൾ.

അടുത്തിരിക്കുമ്പോഴും അകലം പുതച്ച് കടുത്തിരിക്കുന്ന ആ മനസ്സുകൾക്കുവേണ്ടി കെജിഎസ് സമർപ്പിക്കുന്നു: ഞാനെന്റെ എതിർകക്ഷി. പുതിയ കാവ്യസമാഹാരം.

നീതി പലജൻമം ദൂരെയായിരിക്കുന്ന ഒരു കാലത്തിരുന്നു കുറിക്കുന്ന കവിതകൾ. എഴുതിക്കഴിഞ്ഞാൽ കവിത പുറത്ത്. കവി അകത്ത്. എന്നിട്ടും എഴുതാതിരിക്കാനാവുന്നില്ല കവിക്ക്. എഴുതുമ്പോഴതു നീതിക്കുവേണ്ടിയുള്ള നിലവിളിയാകുന്നു. എതിർപ്പിന്റെ ശബ്ദമാകുന്നു. സംവാദത്തിനുള്ള ക്ഷണമാകുന്നു.

വാദിച്ച് വാദിച്ച്

സൗഹൃദം ശത്രുതയാക്കാത്ത

സംഭാഷണം സംഹാരമാക്കാത്ത

നേര് നുണയാക്കാത്ത

നീതി അനീതിയാക്കാത്ത

മതം വർഗീയതയാക്കാത്ത

സുബോധത്തിനുവേണ്ടിയുള്ള ഉണർത്തുപാട്ടുകൾ. 

ആദ്യകവിതകൾ മുതലേ ഒരു ബദൽ കാവ്യസംസ്കാരം രൂപപ്പെടുത്തിയ കവിയുടെ പുതിയ കവിതകളും ആ ശക്തമായ പാരമ്പര്യത്തെ തുടർന്നുകൊണ്ടുപോകാൻ പ്രാപ്തിയുള്ളവയാണ്. വാക്കുകൾ ഇവിടെ നാണിച്ചും ലജ്ജിച്ചും നിൽക്കുന്നില്ല. മാരകസ്ഫോടക ശേഷിയുള്ള ആയുധങ്ങളാകുന്നു. അലസ നിദ്രയ്ക്കുള്ള ഉണർത്തുപാട്ടല്ല ഈ കവിതകളുടെ സംഗീതം. ഉറക്കത്തിൽനിന്നെഴുന്നേൽപിക്കുന്ന, ആയുധമണിയിക്കുന്ന, പോരാടാൻ ശേഷി വർധിപ്പിക്കുന്ന നിരോധിച്ചിട്ടില്ലാത്ത ഉത്തേജകം. മനുഷ്യനാണിവിടെ വാദി. ഭരണകൂടവും ജാതിയും മതവും വർഗീതയയുമാണ് എതിർകക്ഷികൾ. സാക്ഷികൾ വായനക്കാരും. പ്രതിക്കൂട്ടിൽനിന്നു മനസാക്ഷിയെ മോചിപ്പിക്കാനുള്ള വാദമുഖങ്ങൾ നിരത്തുകയാണ് കവി. ഒരു ന്യായാധിപനും തള്ളിക്കളയാനാവാത്ത നീതിയിലധിഷ്ഠിതമായ വാദങ്ങൾ.

ഒരു പാഴ്ക്കണ്ണീരിൻ

നനവല്ല ജൻമം,

ഒരു പൊയ്ഭജനതൻ 

കനിയല്ല മുക്തി,

പൊരുതും

ദ്വന്ദങ്ങൾ 

ചൊരിയുന്ന ചോര

നുണയുവാനെത്തും 

നരിയല്ല യുക്തി. 

കാഴ്ചയുടെ ആഴത്തിലെ പ്രവചനസ്വരം ശ്രവിക്കാൻ വായിക്കുക ഞാനെന്റെ എതിർകക്ഷി. 

Read More Articles on Malayalam Literature & Books to Read in Malayalam